..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഖുര്‍ആന്‍ ഭാഷ്യം

അധ്യായം 65

അത്ത്വലാഖ്

അവതരണം മദീനയില്‍. 2 ഖണ്ഡിക, 12 സൂക്തം


 

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-2- അല്ലയോ പ്രവാചകാ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുമ്പോള്‍, അവരുടെ ഇദ്ദയില്‍ ചെയ്യുക.1 ഇദ്ദകാലം കൃത്യമായി കണക്കാക്കുവീന്‍. നിങ്ങളുടെ നാഥനായ
അല്ലാഹുവിനെ പേടിക്കുക.2(ഇദ്ദാവേളയില്‍) അവരെ അവരുടെ വീടുകളില്‍നിന്ന് പുറത്താക്കരുത്. അവര്‍ സ്വയം പുറത്തുപോകയുമരുത്.3 അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടെങ്കിലല്ലാതെ.4 ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. വല്ലവനും അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നുവെങ്കില്‍, നിശ്ചയം അവന്‍ തന്നോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കറിയില്ല; ഒരുപക്ഷേ അല്ലാഹു അതിനുശേഷം (യോജിപ്പിനുള്ള) വല്ല മാര്‍ഗവുമുണ്ടാക്കിയേക്കാം. ഇനി അവരുടെ (ഇദ്ദയുടെ) കാലാവധി അവസാനിച്ചാലോ, അവരെ മാന്യമായി (ദാമ്പത്യത്തില്‍) പിടിച്ചുനിര്‍ത്തുകയോ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യേണ്ടതാകുന്നു. നിങ്ങളില്‍ നീതിമാന്മാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും വേണം.5 (സാക്ഷികളാകുന്നവരേ) അല്ലാഹുവിനുവേണ്ടി ശരിയാംവണ്ണം സാക്ഷ്യം നിര്‍വഹിക്കുവിന്‍.

 

-2-3 ഈ സംഗതികള്‍ നിങ്ങളോട് ഉപദേശിക്കപ്പെടുന്നു; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള ഓരോ മനുഷ്യനോടും.6 ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന് വിഷമങ്ങളില്‍നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കിക്കൊടുക്കും. ഊഹിക്കപോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവന് വിഭവമരുളുകയും ചെയ്യും. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് അവന്‍തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. സകല കാര്യത്തിനും അല്ലാഹു ഒരു കണക്ക് നിശ്ചയിച്ചുവെച്ചിട്ടുണ്ട്.
4-5 സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചുകഴിഞ്ഞവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായെങ്കില്‍, (അറിഞ്ഞിരിക്കുവിന്‍) അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു. ഇനിയും ഋതുമതികളായിട്ടില്ലാത്തവരുടെ വിധിയും ഇതുതന്നെ.7 ഗര്‍ഭിണികളുടെ ഇദ്ദ തീരുന്നത് അവരുടെ ഗര്‍ഭമൊഴിയുന്നതോടുകൂടിയാകുന്നു.8 അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുന്നവരുടെ കാര്യത്തില്‍ അവന്‍ ആശ്വാസമുണ്ടാക്കിക്കൊടുക്കും. ഇത് അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചിട്ടുള്ള വിധിയാകുന്നു. അല്ലാഹുവിനോട് ഭക്തി കാണിക്കുന്നവന് അല്ലാഹു പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നതും മഹത്തായ പ്രതിഫലമരുളുന്നതുമാകുന്നു.
6- (ഇദ്ദാവേളയില്‍)വിവാഹമുക്തകളെ നിങ്ങള്‍ പാര്‍ക്കുന്നിടത്തുതന്നെ പാര്‍പ്പിക്കേണം; നിങ്ങള്‍ക്ക് സൌകര്യപ്പെടുന്നതനുസരിച്ച്. അവരെ ഞെരുക്കുന്നതിനുവേണ്ടി പീഡിപ്പിക്കാന്‍ പാടില്ല.
-6-7 ഗര്‍ഭിണികളാണെങ്കില്‍ ഗര്‍ഭമൊഴിയുന്നതുവരെ ചെലവിന് കൊടുക്കേണ്ടതാകുന്നു. പിന്നെ നിങ്ങള്‍ക്കു വേണ്ടി അവര്‍ (ശിശുക്കള്‍ക്ക്) മുലയൂട്ടുന്നുണ്െടങ്കില്‍ അതിന് വേതനവും നല്‍കണം.(വേതനത്തിന്റെ കാര്യം) പരസ്പരം കൂടിയാലോചിച്ച് നല്ല നിലയില്‍ തീരുമാനിച്ചുകൊള്ളുക. പക്ഷേ, (വേതനം നിശ്ചയിക്കുന്നതില്‍) ഇരുകൂട്ടരും ഞെരുങ്ങുകയാണെങ്കില്‍ ശിശുവിന് മറ്റൊരു സ്ത്രീ മുലയൂട്ടട്ടെ. ക്ഷേമമുള്ളവന്‍ തന്റെ ക്ഷേമമനുസരിച്ച് ചെലവ് ചെയ്യണം. ധനശേഷികുറഞ്ഞവന്‍, അല്ലാഹു തനിക്കേകിയിട്ടുള്ളതെന്തോ അതില്‍നിന്ന് ചെലവഴിക്കട്ടെ. അല്ലാഹു ഒരു മനുഷ്യനോടും, അയാള്‍ക്ക് നല്‍കിയിട്ടുള്ളതിലുപരി നിര്‍ബന്ധിക്കുന്നതല്ല. ഞെരുക്കത്തിനു പിമ്പെ അല്ലാഹു സമൃദ്ധിയേകിയെന്നും വരാം.

 

8-11 9തങ്ങളുടെ റബ്ബിന്റെയും അവന്റെ ദൂതന്മാരുടെയും കല്‍പന ധിക്കരിച്ചുകളഞ്ഞ എത്രയെത്ര നാടുകള്‍! നാമവയെ കര്‍ക്കശമായി വിചാരണ ചെയ്തു; കഠിനമായി ശിക്ഷിച്ചു. അങ്ങനെ അവ സ്വകര്‍മങ്ങളുടെ ദുഷ്ഫലമനുഭവിച്ചു. അവരുടെ പര്യവസാനം നഷ്ടാല്‍നഷ്ടതരമായി! അല്ലാഹു (പരത്തില്‍) അവര്‍ക്കായി കൊടൂരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതിനാല്‍
അല്ലാഹുവിനെ ഭയപ്പെടുവിന്‍. ഓ, വിശ്വാസികളായ ബുദ്ധിമാന്മാരേ, അല്ലാഹു നിങ്ങളിലേക്ക് ഒരു ഉദ്ബോധനം ഇറക്കിയിരിക്കുകയാണ്; നിങ്ങളെ അല്ലാഹുവിന്റെ സുവ്യക്തമായ സന്മാര്‍ഗസൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ദൂതനെ10--വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അദ്ദേഹം അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുവാന്‍. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നുവോ, അവനെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതാകുന്നു. അവര്‍ അതില്‍ നിത്യവാസം ചെയ്യും. ഇങ്ങനെയുള്ളവനു വേണ്ടി അല്ലാഹു വിശിഷ്ടമായ വിഭവങ്ങളൊരുക്കിയിട്ടുണ്ട്.
12 സപ്തവാനങ്ങളെ സൃഷ്ടിച്ചവനാരോ, അവനത്രെ അല്ലാഹു. ഭൂമിയിലും അവയെപ്പോലുള്ളത് സൃഷ്ടിച്ചവന്‍.11 അവക്കിടയില്‍ ശാസനമിറങ്ങിക്കൊണ്ടിരിക്കുന്നു. (ഈ വൃത്താന്തം നിങ്ങളോട് പറയുന്നത്, അതുവഴി) അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനെന്നും അല്ലാഹുവിന്റെ ജ്ഞാനം സകല കാര്യങ്ങളെയും വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങള്‍ അറിയേണ്ടതിനാകുന്നു.

 

1. ഇദ്ദയില്‍ ത്വലാഖ് ചൊല്ലുക എന്നതിന് രണ്ട് ആശയങ്ങളുണ്ട്. രണ്ടും ഇവിടെ ഉദ്ദേശ്യമാണ്. ഒന്ന്, സ്ത്രീകളെ അവരുടെ ആര്‍ത്തവ വേളയില്‍ ത്വലാഖ് ചൊല്ലരുത്, അവര്‍ക്ക് ഇദ്ദ തുടങ്ങാവുന്ന അവസരത്തില്‍ ത്വലാഖ് ചൊല്ലുക. രണ്ട്, ഇദ്ദാവേളയില്‍ വിവാഹബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ട് ത്വലാഖ് ചൊല്ലുക. ഈ അവസരം ഒട്ടും അവശേഷിക്കാത്ത വിധത്തില്‍ ത്വലാഖ് ചൊല്ലരുത്. ഈ വിധിക്ക് ഹദീസുകളില്‍നിന്ന് ലഭിക്കുന്ന വിശദീകരണമനുസരിച്ച് വിവാഹമോചനത്തിന്റെ ചട്ടം ഇപ്രകാരമാണ്: ആര്‍ത്തവ വേളയില്‍ ത്വലാഖ് പാടില്ല. ദമ്പതികള്‍ തമ്മില്‍ സംസര്‍ഗമുണ്ടായിട്ടില്ലാത്ത ശുദ്ധിവേളയില്‍, അല്ലെങ്കില്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിവുള്ളപ്പോള്‍ മാത്രമേ ത്വലാഖ് ചൊല്ലാവൂ. മൂന്ന് ത്വലാഖുകളും ഒരേസമയത്ത് ഒന്നിച്ച് ചൊല്ലാനും പാടില്ല.
2. അതായത്, ത്വലാഖ് എന്ന ഗുരുതരമായ സംഗതി ചെയ്തശേഷം അതെപ്പോള്‍ ചെയ്തുവെന്നും എപ്പോള്‍ ഇദ്ദ തുടങ്ങിയെന്നും എപ്പോള്‍ അവസാനിക്കുമെന്നും ഓര്‍ക്കുകപോലും ചെയ്യാതെ, ത്വലാഖിനെ കളിയായി കരുതരുത്. ത്വലാഖ് ചൊല്ലിയാല്‍ അതിന്റെ നാളും തീയതിയും ഓര്‍ത്തിരിക്കണം. ത്വലാഖ് നടക്കുമ്പോള്‍ സ്ത്രീ ആര്‍ത്തവ മുക്തയായിരുന്നുവോ അല്ലേ എന്നും ഓര്‍മവേണം.
3. പുരുഷന്‍ കോപം കൊണ്ട് പെണ്ണിനെ വീട്ടില്‍നിന്ന് പുറത്താക്കരുത്, പെണ്ണ് സ്വയം വാശിപിടിച്ച് വീടുവിട്ട് പോവുകയുമരുത് എന്നര്‍ഥം. ഇദ്ദവരെ പാര്‍പ്പിടം അവളുടേതാണ്. രണ്ടു പേരും അവിടെത്തന്നെ പാര്‍ക്കണം. അവര്‍ക്കിടയില്‍ യോജിപ്പിനുള്ള വല്ല രൂപവും തെളിയുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നതിന് രണ്ടു പേരും ഒരേ വീട്ടില്‍ത്തന്നെ മൂന്നു മാസക്കാലം അല്ലെങ്കില്‍ മൂന്നു മാസമുറകളോളം, ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ, പാര്‍ക്കുകവഴി അതിനുള്ള പല സന്ദര്‍ഭങ്ങളും ഉണ്ടാകുമല്ലോ.
4. അവിഹിതബന്ധങ്ങളിലേര്‍പ്പെടുകയോ ഇദ്ദാ വേളയില്‍ ശണ്ഠകൂടുകയോ അസഭ്യം പറഞ്ഞുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്െടങ്കില്‍ അവളെ വീട്ടില്‍നിന്ന് ഒഴിവാക്കാമെന്നര്‍ഥം.
5. ത്വലാഖിനും തിരിച്ചെടുക്കലിനും സാക്ഷികളുണ്ടാവണമെന്നാണ് ഇതിന്റെ സാരം.
6. മുകളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഉപദേശ സ്വഭാവത്തിലുള്ളതാണ്; നിയമശാസനയുടെ സ്വഭാവത്തിലുള്ളതല്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഇപ്പറഞ്ഞതിനു വിരുദ്ധമായി ഒരാള്‍ ഇദ്ദ ഗണിക്കാതെയും ന്യായമായ കാരണം കൂടാതെയും സ്ത്രീയെ വീട്ടില്‍നിന്നും പറഞ്ഞയക്കുകയും ഇദ്ദാന്ത്യത്തില്‍ അവളെ പീഡിപ്പിക്കാന്‍ വേണ്ടി തിരിച്ചെടുക്കുകയോ, പറഞ്ഞയക്കുകയാണെങ്കില്‍ മോശമായ രീതിയില്‍ അയക്കുകയോ, പിരിച്ചയക്കലിനും തിരിച്ചെടുക്കലിനുമൊന്നും സാക്ഷികളില്ലാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് ത്വലാഖിന്റെയോ തിരിച്ചെടുക്കലിന്റെയോ പിരിച്ചയക്കലിന്റെയോ നിയമപരമായ അനന്തരഫലങ്ങളില്‍ യാതൊരു വ്യത്യാസവും സൃഷ്ടിക്കുകയില്ല. അല്ലാഹുവിന്റെ
ഉപദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഹൃദയത്തില്‍ അല്ലാഹുവിലും പരലോകത്തിലും ശരിയായ ഈമാനില്ല എന്നതിന്റെ ലക്ഷണമാണെന്നു മാത്രം. അതുകൊണ്ടാണയാള്‍ ഒരു നിഷ്കളങ്കനായ സത്യവിശ്വാസി സ്വീകരിച്ചുകൂടാത്ത ഈ നടപടി സ്വീകരിച്ചത്.
7. അതായത്, മാസമുറ ഇല്ലാതിരിക്കുന്നത് പ്രായക്കുറവ് മൂലമാവട്ടെ, ചിലര്‍ക്കുണ്ടാകാറുള്ളതുപോലെ, മാസമുറ തുടങ്ങാന്‍ വളരെ താമസമെടുക്കുന്നതുകൊണ്ടാവട്ടെ, അപൂര്‍വം ചിലര്‍ക്ക് ജീവിതത്തിലൊരിക്കലും ആര്‍ത്തവമുണ്ടാകാതെ വരുന്നതുകൊണ്ടാവട്ടെ, അത്തരം സ്ത്രീകളുടെയെല്ലാം ഇദ്ദാകാലം ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാകാലം തന്നെ. അഥവാ ത്വലാഖ് നടന്ന സമയം മുതല്‍ മൂന്നു മാസം വരെയാണ്.
8. ഭര്‍ത്താവ് മരിച്ച ഉടനെ ഭാര്യയുടെ പ്രസവം നടന്നാലും ശരി, പ്രസവത്തിന് നാലു മാസം പത്തു ദിവസത്തിലധികം കാലം വേണ്ടിവന്നാലും ശരി, പ്രസവം നടക്കുന്നതോടെ സ്ത്രീ ഇദ്ദയില്‍നിന്ന് മുക്തയാവുന്നു.
9. ഇനി, അല്ലാഹു അവന്റെ ദൂതനിലൂടെയും വേദത്തിലൂടെയും നല്‍കിയ വിധികള്‍ ധിക്കരിക്കുന്ന പക്ഷം ഇഹത്തിലും പരത്തിലും അതിന്റെ പരിണതിയെന്തായിരിക്കുമെന്നും, അനുസരിക്കുകയാണെങ്കില്‍ അതിന്റെ സദ്ഫലമെന്തായിരിക്കുമെന്നും മുസ്ലിംകളെ ഉണര്‍ത്തുകയാണ്.
10. ഉദ്ബോധനം കൊണ്ടുദ്ദേശ്യം ഖുര്‍ആനും ദൂതന്‍ കൊണ്ടുദ്ദേശ്യം മുഹമ്മദ് നബിയുമാണെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഉദ്ബോധനം കൊണ്ടുദ്ദേശ്യം റസൂല്‍(സ) തന്നെയാണ്; അഥവാ അവിടുത്തെ വ്യക്തിത്വം മുഴുവന്‍ ഉദ്ബോധനമാണ് എന്നത്രെ മറ്റു ചിലര്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ വീക്ഷണത്തില്‍ ഈ രണ്ടാമത്തെ വ്യാഖ്യാനമാണ് കൂടുതല്‍ സാധുവായത്.
11. അവയെപ്പോലുള്ളത് എന്നതിന്റെ താല്‍പര്യം എത്ര ആകാശങ്ങളെ സൃഷ്ടിച്ചുവോ അത്രതന്നെ ഭൂമികളെയും സൃഷ്ടിച്ചു എന്നല്ല; വിവിധ ആകാശങ്ങളെ സൃഷ്ടിച്ച പോലെ വിവിധ ഭൂമികളെയും സൃഷ്ടിച്ചു എന്നാണ്. ഭൂമിയുടെ ഇനങ്ങള്‍ എന്നതുകൊണ്ടുദ്ദേശ്യം, മനുഷ്യന്‍ വസിക്കുന്ന ഈ ഭൂമി എപ്രകാരം അതിലെ വസ്തുക്കള്‍ക്ക് വിരിപ്പും പാര്‍പ്പിടവുമായിരിക്കുന്നുവോ അതേപ്രകാരം അതതുകളിലെ നിവാസികള്‍ക്ക് വിരിപ്പും പാര്‍പ്പിടവുമായിട്ടുള്ള മറ്റു ഭൂമികളെയും അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുണ്ട് എന്നാണ്. ആകാശത്തില്‍ കാണപ്പെടുന്ന കണക്കറ്റ നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം കേവലം ശൂന്യമായിക്കിടക്കുകയല്ല. അവയിലും ഭൂമിയെപ്പോലെ ധാരാളം ലോകങ്ങളുണ്ട്.

 
 
 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.