| |
 |
|
The Holy Quran Recitation of its entirety for the Sheikh: Saad Al Ghamdi
(TO_DOWNLOAD____Simply_Right_click_the_File_Name_Below____Save_Target_As)
 |
|
അധ്യായം 41
|
|
അവതരണം മക്കയില്‍. 6 ഖണ്ഡിക, 54 സൂക്തം
|
|
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-4 ഹാമീം. ഇത് പരമദയാലുവായ കരുണാവാരിധിയില്‍നിന്ന് അവതരിക്കുന്നതാകുന്നു. സൂക്തങ്ങളെല്ലാം സ്പഷ്ടമായി വിശദീകരിക്കപ്പെട്ട വേദം; അറബി ഭാഷയിലുള്ള ഖുര്‍ആന്‍. അറിവുള്ള ജനത്തിന് സുവിശേഷവും താക്കീതുമായിട്ടുള്ളത്.
4-5 പക്ഷേ, അധികജനവും അതിനെ അവഗണിച്ചിരിക്കുന്നു. അവര്‍ കേള്‍ക്കുന്നേയില്ല. അവര്‍ പറയുന്നു: നീ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശത്തിനുനേരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അടച്ചുമൂടപ്പെട്ടിരിക്കുന്നു. കാതുകള്‍ ബധിരവുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറ വീണിരിക്കുന്നു. നീ നിന്റെ പണി ചെയ്യുക. ഞങ്ങളുടെ പണി ഞങ്ങളും ചെയ്തുകൊള്ളാം.
6-8 പ്രവാചകന്‍ പറയുക: ഞാന്‍ നിങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് ദിവ്യബോധനം വഴി ഞാന്‍ അറിയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവന്റെ ദിശയില്‍ ചൊവ്വായി നിലകൊള്ളുവിന്‍. അവനോട് മാപ്പു തേടുവിന്‍. സകാത്ത് കൊടുക്കാതിരിക്കുകയും പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന ബഹുദൈവ വിശ്വാസികള്‍ക്കല്ലോ മഹാനാശം. എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരോ, അവര്‍ക്കായി അവസാനിക്കാത്ത പ്രതിഫലമുണ്ട്, തീര്‍ച്ച. |
| |
|
9-12 പ്രവാചകന്‍ അവരോടു പറയുക: രണ്ടു നാളുകളിലായി ഭൂമിയെ സൃഷ്ടിച്ചവനായ ദൈവത്തെ നിഷേധിക്കുകയും ഇതരന്മാരെ അവന് തുല്യരായി കല്‍പിക്കുകയുമാണോ നിങ്ങള്‍? അവനാകട്ടെ, സര്‍വലോകങ്ങളുടെയും നാഥനാകുന്നു. അവന്‍ (ഭൂമിക്ക് ഉണ്മ നല്‍കിയ ശേഷം) അതില്‍ മീതെനിന്ന് പര്‍വതങ്ങളുറപ്പിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചു. ചോദിക്കുന്നവര്‍ക്കൊക്കെയും1 അവരവരുടെ ആവശ്യത്തിനും താല്‍പര്യത്തിനും അനുസൃതമായ ആഹാരവിഭവങ്ങള്‍ അതിനകത്ത് ഒരുക്കിവെക്കുകയും ചെയ്തു. ഇതൊക്കെയും നാലു നാളുകളിലായി നടന്നു. പിന്നെ അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു.2 ആ ഘട്ടത്തില്‍ അത് പുകമയമായിരുന്നു. ആകാശത്തോടും ഭൂമിയോടും അവന്‍ പറഞ്ഞു: 'ഉണ്ടായിവരുവിന്‍; നിങ്ങള്‍ ഇച്ഛിച്ചാലും ഇല്ലെങ്കിലും.' അവ രണ്ടും പറഞ്ഞു: 'ഞങ്ങളിതാ ആജ്ഞാനുവര്‍ത്തികളായി വന്നിരിക്കുന്നു.' അപ്പോള്‍ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കുകയും ഓരോ ആകാശത്തെയും അതിന്റെ നിയമങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തു. അടുത്ത ആകാശത്തെ നാം ദീപാലംകൃതമാക്കി. തികച്ചും സുരക്ഷിതവുമാക്കി. ഇതൊക്കെയും സര്‍വജ്ഞനും അജയ്യനുമായ ഒരുവന്റെ സംവിധാനമാകുന്നു.
13-14 ഇനിയും അവര്‍ അവഗണിക്കുന്നുവെങ്കില്‍ പറഞ്ഞേക്കുക: ആദുവര്‍ഗത്തിനും സമൂദു വര്‍ഗത്തിനും സംഭവിച്ചതുപോലെ, പെട്ടെന്നു വന്നുപതിക്കുന്ന ഒരു ശിക്ഷയെക്കുറിച്ച് ഞാന്‍ താക്കീതു ചെയ്യുന്നു. ദൈവദൂതന്മാര്‍ മുന്നിലും പിന്നിലും എല്ലാ ഭാഗത്തൂടെയും അവരെ സമീപിക്കുകയും, നിങ്ങള്‍ അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും ഇബാദത്ത് ചെയ്തുകൂടാ എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍, അവര്‍ പറഞ്ഞു: 'ഞങ്ങളുടെ റബ്ബ് ഉദ്ദേശിക്കുന്നുണ്െടങ്കില്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഈ സന്ദേശം ഞങ്ങള്‍ അംഗീകരിക്കുന്നില്ല.'
15-16 ആദു വര്‍ഗത്തിന്റെ അവസ്ഥയെന്തായിരുന്നുവെന്നോ, അവര്‍ ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. അവര്‍ ഘോഷിച്ചു: 'ഞങ്ങളേക്കാള്‍ കരുത്തേറിയവരാരുണ്ട്?' അവരെ സൃഷ്ടിച്ച അല്ലാഹുവാണ് അവരേക്കാള്‍ ശക്തനെന്ന് അവര്‍ക്കു മനസ്സിലായില്ല. അവര്‍ നമ്മുടെ സൂക്തങ്ങളെ നിഷേധിച്ചുകൊണ്േടയിരുന്നു. ഒടുവില്‍ നാം ഏതാനും ദുര്‍ദിനങ്ങളില്‍ അവര്‍ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു-- ഐഹികജീവിതത്തില്‍തന്നെ അവരെ അപമാനകരമായ ശിക്ഷ രുചിപ്പിക്കാന്‍. പാരത്രിക ശിക്ഷയോ, ഇതിലുമധികം അപമാനകരമാകുന്നു. അവിടെ ആരാലും അവര്‍ സഹായിക്കപ്പെടുകയില്ല. |
| |
|
17-18 എന്നാല്‍ സമൂദിന്റെ സ്ഥിതിയോ, അവര്‍ക്ക് നാം സന്മാര്‍ഗം കാണിച്ചുകൊടുത്തതായിരുന്നു; പക്ഷേ, സന്മാര്‍ഗം കാണുന്നതിനു പകരം അന്ധരായിരിക്കാനാണവരിഷ്ടപ്പെട്ടത്.
ഒടുവില്‍ സ്വന്തം ദുഷ്ചെയ്തികളുടെ ഫലമായി, അവരുടെ മേല്‍ നികൃഷ്ടമായ ശിക്ഷ വന്നുപതിച്ചു. വിശ്വാസം കൈക്കൊള്ളുകയും ദുര്‍മാര്‍ഗത്തില്‍നിന്നും ദുഷ്കര്‍മത്തില്‍നിന്നും മുക്തരാവുകയും ചെയ്തവരെ രക്ഷപ്പെടുത്തുകയും ചെയ്തു.
19-25 അല്ലാഹുവിന്റെ ഈ ശത്രുക്കള്‍ നരകത്തിലേക്ക് പോകാന്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭമൊന്ന് ഓര്‍ത്തുനോക്കുക.3 അവരില്‍ മുന്‍ഗാമികള്‍, പിന്‍ഗാമികള്‍ എത്തിച്ചേരുന്നതുവരെ തടഞ്ഞുനിര്‍ത്തപ്പെടുന്നു.4 അങ്ങനെ എല്ലാവരും അവിടെ എത്തിച്ചേര്‍ന്നാലോ, ഇഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്താണെന്നതിന് അവരുടെ കണ്ണുകളും കാതുകളും ശരീരചര്‍മങ്ങളും അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നു. സ്വചര്‍മങ്ങളോടവര്‍ ചോദിക്കും: 'നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞതെന്ത്?!' അവ ഉത്തരം കൊടുക്കും: 'സകല വസ്തുക്കള്‍ക്കും സംസാരശേഷിയേകിയ അല്ലാഹു ഞങ്ങള്‍ക്കും സംസാരശേഷിയേകി.' അവന്‍ നിങ്ങളെ ആദ്യവട്ടം സൃഷ്ടിച്ചു. ഇനി അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നു. രഹസ്യമായി പാപങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍, സ്വന്തം കണ്ണുകളും കാതുകളും ചര്‍മങ്ങളും ഒരിക്കല്‍ അതിനെതിരെ സാക്ഷിപറയുമെന്ന വിചാരമേ നിങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത കര്‍മങ്ങളില്‍ മിക്കതും അല്ലാഹു അറിയുന്നില്ല എന്നായിരുന്നുവല്ലോ വിചാരം. സ്വന്തം വിധാതാവിനെക്കുറിച്ച് പുലര്‍ത്തിയ ഈ വിചാരംതന്നെയാണ് നിങ്ങളെ നാശത്തിലാഴ്ത്തിയത്. അതിനാല്‍ത്തന്നെ നിങ്ങള്‍ മഹാനഷ്ടത്തിലകപ്പെടുകയും ചെയ്തു. ഈ അവസ്ഥയില്‍ അവര്‍ ക്ഷമിച്ചാലും (ഇല്ലെങ്കിലും) നരകം മാത്രമാകുന്നു, അവരുടെ സങ്കേതം. തിരിച്ചുപോരാനവസരം തേടുന്നുവെങ്കില്‍, അതിനവര്‍ക്കവസരം നല്‍കപ്പെടുകയില്ല. മുന്നിലും പിന്നിലുമുള്ളതൊക്കെയും അവര്‍ക്ക് ഭൂഷണമായിക്കാണിക്കുന്ന ചില സഖാക്കള്‍ക്കു നാം അവരില്‍ സ്വാധീനം കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെ, അവര്‍ക്ക് മുമ്പ് കടന്നുപോയ ജിന്നുസമൂഹങ്ങള്‍ക്കും മര്‍ത്ത്യസമൂഹങ്ങള്‍ക്കും ബാധകമായ അതേ ശിക്ഷാവിധി തന്നെ അവര്‍ക്കും ബാധകമായി. നിശ്ചയം, അവര്‍ മഹാനഷ്ടത്തില്‍ കഴിയേണ്ടവരായിരുന്നു. |
| |
|
26-29 ഈ സത്യനിഷേധികള്‍ പറയുന്നു: 'ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.' ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്. ഇതത്രെ, നമ്മുടെ സൂക്തങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്നതിനുള്ള ശിക്ഷ--അവിടെ സത്യനിഷേധികള്‍ വിലപിക്കും: നാഥാ, ഞങ്ങളെ വഴിതെറ്റിച്ച ജിന്നുകളെയും മനുഷ്യരെയും ഞങ്ങള്‍ക്കൊന്നു കാണിച്ചുതരേണമേ, ഞങ്ങളവരെ കാല്‍ക്കീഴിലിട്ട് ചവിട്ടിമെതിക്കട്ടെ--അവര്‍ ഏറ്റം നിന്ദിതരും നികൃഷ്ടരുമായിത്തീരുന്നതിന്.
30-32 ഞങ്ങളുടെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് അതില്‍ അടിയുറച്ച് നിലകൊള്ളുകയും5 ചെയ്യുന്നവരുണ്ടല്ലോ, നിശ്ചയമായും അവരുടെമേല്‍ മലക്കുകളിറങ്ങുന്നുണ്ട്. അവര്‍, അവരോട് പറയുന്നു: ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ സുവാര്‍ത്തയാല്‍ സന്തുഷ്ടരായിക്കൊള്ളുക. ഞങ്ങള്‍ ഈ ഐഹികജീവിതത്തിലും പരലോകത്തിലും നിങ്ങളുടെ മിത്രങ്ങളാകുന്നു. അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും. ഏറ്റം പൊറുക്കുന്നവനും അളവറ്റ ദയാപരനുമായ ആ മഹശ്ശക്തിയില്‍നിന്നുള്ള ആതിഥ്യമത്രെ അത്. |
| |
|
33 അല്ലാഹുവിങ്കലേക്കു പ്രബോധനം ചെയ്യുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും, ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാകുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തവന്റെ വചനത്തേക്കാള്‍ ഉല്‍കൃഷ്ടമായ വചനം ആരുടേത്?
34-36 പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല. നിനക്ക് പൈശാചികമായ വല്ല പ്രേരണയും അനുഭവപ്പെട്ടാല്‍, അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക.6 അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
37-38 രാപ്പകലുകളും സൂര്യ-ചന്ദ്രാദികളുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിങ്ങള്‍ സൂര്യന്നും ചന്ദ്രന്നും പ്രണാമം ചെയ്യരുത്. പ്രത്യുത, അവയെ സൃഷ്ടിച്ച ദൈവത്തിനു പ്രണാമം ചെയ്യുക--വാസ്തവത്തില്‍ നിങ്ങള്‍ അവന്ന് ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍. പക്ഷേ, ജനം അവരുടെ അനാചാരങ്ങളില്‍ ഗര്‍വിഷ്ഠരായി ശഠിച്ചുനില്‍ക്കുകയാണെങ്കില്‍, സാരമില്ല; നിന്റെ റബ്ബിങ്കല്‍ സാമീപ്യം നേടിയ മലക്കുകള്‍ രാപ്പകല്‍ അവനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ അശേഷം മുഷിയുന്നില്ല.
39 അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇതാകുന്നു, എന്തെന്നാല്‍, ഭൂമി ചൈതന്യമറ്റുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിച്ചാലോ, പെട്ടെന്നതാ അത് തുടികൊള്ളുകയും വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ നിര്‍ജീവ ഭൂമിയെ സജീവമാക്കിയതാരോ, അവന്‍ മരിച്ച മനുഷ്യരെ ജീവിപ്പിക്കുന്നവനാകുന്നു. അവന്‍ സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ. |
| |
|
40-42 നമ്മുടെ സൂക്തങ്ങളില്‍ ദുരര്‍ഥമാരോപിക്കുന്നവരുണ്ടല്ലോ, അവര്‍ നമ്മില്‍നിന്ന്
മറഞ്ഞുപോകുന്നൊന്നുമില്ല. സ്വയം ചിന്തിച്ചുനോക്കുക, നരകത്തിലെറിയപ്പെടുന്ന മനുഷ്യനാണോ ഉത്തമന്‍, അതല്ല പുനരുത്ഥാന നാളില്‍ നിര്‍ഭയനായി ഹാജരാകുന്നവനോ? നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുവിന്‍. ചെയ്യുന്നതൊക്കെയും അല്ലാഹു കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഉദ്ബോധന സന്ദേശം വന്നുകിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ജനമത്രെ ഇത്. നിശ്ചയം, ഇതൊരു പ്രൌഢഗംഭീരമായ വേദമാകുന്നു. മുന്നിലൂടെയും പിന്നിലൂടെയും അതില്‍ അസത്യം വരാവതല്ല.7 അഭിജ്ഞനും സ്തുത്യനുമായ ഒരുവനില്‍നിന്ന് അവതരിച്ചതത്രെ ഇത്.
43 പ്രവാചകാ, നിനക്ക് മുമ്പ് കഴിഞ്ഞുപോയ ദൈവദൂതന്മാരോട് പറയാത്ത യാതൊന്നും നിന്നോട് പറയുന്നില്ല. നിസ്സംശയം, നിന്റെ റബ്ബ് വളരെ മാപ്പരുളുന്നവനാകുന്നു; അതോടൊപ്പം നോവുന്ന ശിക്ഷ നല്‍കുന്നവനുമാകുന്നു.
44-45 നാം ഇതിനെ അറബിയല്ലാത്ത ഖുര്‍ആന്‍ ആക്കി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഈ ജനം പറയുമായിരുന്നു: 'അതിലെ സൂക്തങ്ങള്‍ നല്ലവണ്ണം വിശദീകരിക്കപ്പെടാത്തതെന്ത്? എന്തൊരത്ഭുതം! വചനം അനറബിയില്‍, അഭിസംബോധിതര്‍ അറബികളും!!'8 ഇവരോട് പറയുക: സത്യവിശ്വാസികള്‍ക്കാണെങ്കില്‍, ഈ ഖുര്‍ആന്‍ സന്മാര്‍ഗദര്‍ശനവും രോഗശാന്തിയുമാകുന്നു. എന്നാല്‍ വിശ്വസിക്കാത്തവര്‍ക്കോ, ഇത് കാതുകള്‍ക്ക് അടപ്പും കണ്ണുകള്‍ക്ക് അന്ധതയുമാകുന്നു. അതിവിദൂരതയില്‍നിന്ന് വിളിക്കപ്പെടുന്നവരുടേതുപോലെയാണവരുടെ അവസ്ഥ. ഇതിനു മുമ്പ് മൂസാക്ക് നാം വേദം നല്‍കിയിരുന്നു. അപ്പോഴും ഇതേ ഭിന്നിപ്പുകളുണ്ടായിട്ടുണ്ട്. നിന്റെ റബ്ബ് ആദ്യമേ, ഒരു കാര്യം തീരുമാനിച്ചിട്ടില്ലായിരുന്നുവെങ്കില്‍, ഈ ഭിന്നിപ്പുകാര്‍ക്കിടയില്‍ തീരുമാനം കല്‍പിച്ചുകഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഈ ജനം അതേപ്പറ്റി സങ്കീര്‍ണമായ സന്ദേഹത്തിലകപ്പെട്ടിരിക്കുന്നു എന്നതാകുന്നു സംഗതി. |
| |
|
46 ഒരുവന്‍ സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നുവെങ്കില്‍, അത് അവന്റെതന്നെ നന്മക്കുവേണ്ടിയാകുന്നു. തിന്മ ചെയ്താലോ, അതിന്റെ ദുഷ്ഫലവും അവനുതന്നെ. നിശ്ചയം, നിന്റെ നാഥന്‍ ദാസന്മാരെ പീഡിപ്പിക്കുന്നവനല്ല.
47-48 ആ നിമിഷം9 സംബന്ധിച്ച അറിവ് അല്ലാഹുവിങ്കലേക്കുമാത്രം മടങ്ങുന്നു. കൂമ്പുകളില്‍ വിരിഞ്ഞുവരുന്ന കനികളെക്കുറിച്ചൊക്കെയും അവന്‍ അറിയുന്നു. ഏതു സ്ത്രീ ഗര്‍ഭം ധരിച്ചുവെന്നും ആര് പ്രസവിച്ചുവെന്നും അവന്‍ അറിയുന്നു. പിന്നെ ഈ ജനത്തോട്, എന്റെ പങ്കാളികളെവിടെ? എന്ന് വിളിച്ചു ചോദിക്കുംനാളില്‍ ഇവര്‍ പറയും: 'ഇന്നു ഞങ്ങളിലാരുംഅതിനു സാക്ഷികളാകുന്നതല്ലെന്നു ഞങ്ങള്‍ നിന്നോട് ബോധിപ്പിച്ചു കഴിഞ്ഞുവല്ലോ.'
ഈ ജനം പ്രാര്‍ഥിച്ചിരുന്ന ദൈവങ്ങളൊക്കെയും അന്നേരം ഇവരില്‍നിന്ന് വഴിമാറിപ്പോവുകയും തങ്ങള്‍ക്ക് ഇനി യാതൊരു രക്ഷാസങ്കേതവുമില്ലെന്ന് ഇവര്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
49-50 ഗുണം തേടുന്നതില്‍ മനുഷ്യനൊരിക്കലും മടുക്കുന്നില്ല. വല്ല ദോഷവും ബാധിച്ചാലോ, അവന്‍ നിരാശനും മനസ്സിടിഞ്ഞവനുമായിത്തീരുന്നു. എന്നാല്‍ ദുരവസ്ഥ കടന്നുപോയശേഷം അവനെ നമ്മുടെ കാരുണ്യം രുചിപ്പിച്ചാലോ, അവന്‍ പറയുന്നു: 'ഇത് ഞാന്‍ അര്‍ഹിക്കുന്നതുതന്നെയാണ്. മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നത് സംഭവിക്കാനുള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. ഇനി റബ്ബിങ്കലേക്ക് തിരിച്ചയക്കപ്പെടുക എന്നതു സംഭവിച്ചാല്‍ത്തന്നെ, അവന്റെയടുക്കലും എനിക്കുള്ളത് നല്ല സൌഭാഗ്യം തന്നെയായിരിക്കും.' എന്നാല്‍ സത്യനിഷേധികളായവര്‍ക്ക് അവര്‍ എന്ത് പ്രവര്‍ത്തിച്ചിട്ടാണ് വന്നിട്ടുള്ളതെന്ന് തീര്‍ച്ചയായും നാം വിവരിച്ചുകൊടുക്കുന്നതാകുന്നു. അവരെ അതിപരുഷമായ ശിക്ഷയനുഭവിപ്പിക്കുകയും ചെയ്യും. |
| |
|
51 മനുഷ്യന് നാം ഔദാര്യം ചെയ്യുമ്പോള്‍ അവന്‍ നമ്മെ അവഗണിക്കുന്നു, നിഗളിച്ചു നടക്കുന്നു. ഒരു ദോഷം പറ്റിയാലോ അവന്‍ നീണ്ട പ്രാര്‍ഥനയിലേര്‍പ്പെടുകയായി.
52 പ്രവാചകന്‍ അവരോട് ചോദിക്കുക: നിങ്ങളൊരിക്കലും ചിന്തിച്ചിട്ടില്ലയോ? എന്തെന്നാല്‍, ഈ ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ ദൈവത്തിങ്കല്‍ നിന്നുതന്നെയുള്ളതാണ്; എന്നിട്ട് നിങ്ങളിതിനെ നിഷേധിച്ചുകൊണ്ടിരിക്കുന്നു. എങ്കില്‍ ഇതിനെ എതിര്‍ക്കുന്നതില്‍ ബഹുദൂരം പോയിക്കഴിഞ്ഞവനേക്കാള്‍ വഴിപിഴച്ച മനുഷ്യനാരാണുണ്ടാവുക?
53-54 അടുത്തുതന്നെ, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ദിഗന്തങ്ങളില്‍ നാമവര്‍ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്; അവരുടെ ആത്മാക്കളിലും--ഈ ഖുര്‍ആന്‍ തികച്ചും സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്നതുവരെ. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു എന്ന കാര്യം മതിയാകുന്നില്ലയോ? അറിയുക! ഈ ജനം അവരുടെ നാഥനുമായുള്ള കൂടിക്കാഴ്ചയില്‍ സംശയാലുക്കളാകുന്നു. കേള്‍ക്കുവിന്‍! അവന്‍ സകല സംഗതികളെയും വലയം ചെയ്തവനാകുന്നു.10 |
| |
1. ആഹാരം തേടുന്ന എല്ലാ സൃഷ്ടികള്‍ക്കും വേണ്ടി എന്നര്‍ഥം.
2. ഭൂമിയെ സൃഷ്ടിക്കുകയും അതില്‍ ജനവാസത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്ത ശേഷമാണ് അവന്‍ ആകാശത്തെ നിര്‍മിച്ചതെന്നല്ല അര്‍ഥം. ഇവിടെ 'പിന്നെ' എന്ന പദം സമയക്രമത്തിനല്ല, പ്രതിപാദനക്രമത്തിനാണ് ഉപയോഗിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള വാക്യത്തില്‍നിന്ന് അക്കാര്യം സ്പഷ്ടമാകുന്നുണ്ട്.
3. അല്ലാഹുവിന്റെ കോടതിയില്‍ ഹാജരാകുന്നതിനു വേണ്ടി അവര്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് പറയുകയാണ് യഥാര്‍ഥ ആശയം. എങ്കിലും നരകത്തിലേക്ക് പോകാന്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നാണ് ഇവിടെ പറഞ്ഞത്. കാരണം നരകത്തിലേക്ക് പോവുക എന്നതാണല്ലോ അവരുടെ അന്തിമ പരിണതി.
4. അതായത്, ഓരോ വംശത്തെയും തലമുറയെയും വിചാരണചെയ്ത് ഒന്നിനു പിറകേ മറ്റൊന്നിന്റെ തീരുമാനമെടുക്കുക എന്നതല്ല ഉണ്ടാവുക; പ്രത്യുത മുന്‍ഗാമികളും പിന്‍ഗാമികളുമായ എല്ലാ വംശങ്ങളും ഒരേ സമയത്ത് ഒരുമിച്ചുകൂട്ടപ്പെടുകയും ഒന്നായി വിചാരണ ചെയ്യപ്പെടുകയുമായിരിക്കും. എന്തുകൊണ്െടന്നാല്‍ ഓരോ വംശവും നല്ലതോ ചീത്തയോ ആകുന്നതില്‍, അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയ തലമുറകള്‍ ഉപേക്ഷിച്ചുപോയ മത-ധാര്‍മിക പൈതൃകങ്ങള്‍ക്ക് പങ്കുണ്ട്.
5. അതായത്, അല്ലാഹു തങ്ങളുടെ നാഥനാണെന്ന് കേവലം യാദൃച്ഛികമായി പറഞ്ഞുപോവുകയല്ല, അല്ലാഹു തങ്ങളുടെ റബ്ബാണെന്ന് പറയുകയും അതോടൊപ്പം മറ്റുള്ളവരെയും തങ്ങളുടെ റബ്ബാക്കുകയും ചെയ്യുക എന്ന അബദ്ധത്തില്‍ പെടുകയുമല്ല; മറിച്ച് ഒരിക്കല്‍ ഈ ആദര്‍ശം സ്വീകരിച്ചശേഷം ജീവിതകാലം മുഴുവന്‍ അതില്‍ നിലകൊള്ളുകയും അതിനെതിരായതൊന്നും അംഗീകരിക്കാതിരിക്കുകയും അതിനോടൊപ്പം തെറ്റായ ആദര്‍ശങ്ങളെ കൂട്ടിക്കലര്‍ത്താതിരിക്കുകയും തങ്ങളുടെ പ്രായോഗിക ജീവിതത്തിലൂടെ ഏകദൈവാദര്‍ശത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.
6. പൈശാചിക പ്രകോപനമെന്നതു കൊണ്ടുദ്ദേശ്യം കോപിക്കുക എന്നാണ്. ഒരാള്‍ക്ക് തന്നെ ശകാരിക്കുകയും ദുഷിക്കുകയും ചെയ്യുന്നവരോട് കോപം തോന്നുന്നതായും അവര്‍ക്ക് അവരുടെ ഭാഷയില്‍ ത്തന്നെ മറുപടി കൊടുക്കാന്‍ മനസ്സ് സന്നദ്ധമായിക്കൊണ്ടിരിക്കുന്നതായും അനുഭവപ്പെടുമ്പോള്‍ ഉടനെ അയാള്‍ മനസ്സിലാക്കണം, ചെകുത്താന്‍ തന്നെ തന്റെ മാന്യതയില്ലാത്ത പ്രതിയോഗികളുടെ നിലവാരത്തിലേക്ക് ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയാണെന്ന്.
7. മുന്നിലൂടെ വരാവതല്ല എന്നതിന്റെ താല്‍പര്യമിതാണ്: ഒരാള്‍ ഖുര്‍ആനെ നേരിട്ടാക്രമിച്ചുകൊണ്ട് അതിലെ ഏതെങ്കിലും ഒരു കാര്യം അബദ്ധമാണെന്നോ ഏതെങ്കിലുമൊരു അധ്യാപനം അസാധുവാണെന്നോ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍, അയാള്‍ക്കതില്‍ വിജയിക്കാനാവില്ല. പിന്നിലൂടെ വരാവതല്ല എന്നതിന്റെ താല്‍പര്യം ഇപ്രകാരമാകുന്നു: ഖുര്‍ആന്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധമായി, പുനരുത്ഥാനം വരെ, ഒരിക്കലും യാതൊരു യാഥാര്‍ഥ്യവും വെളിപ്പെടുക സംഭവ്യമല്ല. ഖുര്‍ആന്‍ വിവരിച്ച വിജ്ഞാനത്തെ നിഷേധിക്കുന്നതായി ഒരു യഥാര്‍ഥ ശാസ്ത്രവും ഉണ്ടാകുന്നതല്ല. വിശ്വാസം, ധര്‍മം, നിയമം, സംസ്കാരം, നാഗരികത, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ ഖുര്‍ആന്‍ മനുഷ്യനു നല്‍കിയ മാര്‍ഗദര്‍ശനം തെറ്റാണെന്നു സ്ഥാപിക്കുന്ന അനുഭവങ്ങളോ സാക്ഷ്യങ്ങളോ ഒരിക്കലും കാണപ്പെടുന്നതുമല്ല.
8. പ്രവാചകനെതിരില്‍ അവരനുവര്‍ത്തിച്ചിരുന്ന ധിക്കാരത്തിന്റെ ഒരു മാതൃകയാണിത്. നിഷേധികള്‍ പറഞ്ഞിരുന്നു: 'മുഹമ്മദ് അറബിയാണല്ലോ. ഇയാള്‍ അറബിയില്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുവെങ്കില്‍, അത് ഇയാള്‍ സ്വയം ചമക്കുകയല്ലെന്നും അല്ലാഹു അയച്ചുകൊടുക്കുന്നതാണെന്നും എങ്ങനെ വിശ്വസിക്കാം? ഇയാള്‍ക്കറിയാത്ത പേര്‍ഷ്യന്‍ ഭാഷയിലോ റോമന്‍ ഭാഷയിലോ യവന ഭാഷയിലോ അദ്ദേഹം പെട്ടെന്ന് നീണ്ട പ്രസംഗം തുടങ്ങുകയാണെങ്കില്‍ അത് ദൈവം അവതരിപ്പിച്ചതാണെന്ന് കരുതാമായിരുന്നു.' അതേക്കുറിച്ച് അല്ലാഹു പറയുകയാണ്: അവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന സ്വന്തം ഭാഷയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്തപ്പോള്‍, ഒരു അറബി മുഖേന അറബി ഭാഷയില്‍ വചനമവതരിപ്പിച്ചതെന്തുകൊണ്ട് എന്ന് വിമര്‍ശനമുന്നയിക്കുന്നുണ്ടല്ലോ. എന്നാല്‍, ഇത് മറ്റൊരു ഭാഷയില്‍ അവതരിപ്പിച്ചുകൊടുക്കുകയാണെങ്കില്‍ ഇതേ ആളുകള്‍ അതിനെയും വിമര്‍ശിച്ചുകൊണ്ടു പറയും: ഇത് വളരെ വിശേഷം തന്നെ! അറബി സമുദായത്തിന് ഒരു അറബി ദൈവദൂതനായി അയക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിനവതീര്‍ണമായ ദൈവിക വചനങ്ങളോ ദൈവദൂതന്നും അദ്ദേഹത്തിന്റെ സമുദായത്തിനും തിരിയാത്ത ഭാഷയിലും.
9. പുനരുത്ഥാനമാണുദ്ദേശ്യം.
10. യാതൊരു വസ്തുവും അവന്റെ പിടുത്തത്തിനപ്പുറമല്ല, അവന്റെ ജ്ഞാനത്തിനതീതവുമല്ല. |
| |
| |
|
|
|