..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

ഖുര്‍ആന്‍ ഭാഷ്യം

അധ്യായം 3

ആലുഇംറാന്‍

അവതരണം മദീനയില്‍. 20 ഖണ്ഡിക, 200 സൂക്തം

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

1-2 അലിഫ്-ലാം-മീം. അല്ലാഹു, അവനല്ലാതെ ദൈവമില്ലതന്നെ. അഖില പ്രപഞ്ചത്തെയും അടക്കി ഭരിക്കുന്നവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാകുന്നു, അവന്‍.
3-4 പ്രവാചകാ, അവനാകുന്നു, സത്യമുള്‍ക്കൊണ്ടതും മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതുമായ ഈ വേദം നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതിനുമുമ്പ് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവന്‍ തൌറാത്തും ഇഞ്ചീലും അവതരിപ്പിച്ചിട്ടുണട. (സത്യാസത്യങ്ങളെ മാറ്റുരച്ചു വേര്‍തിരിക്കുന്ന) ഫുര്‍ഖാനും അവതരിപ്പിച്ചു. ഇനി ആരെങ്കിലും ദൈവികസൂക്തങ്ങളെ തള്ളിക്കളയുകയാണെങ്കില്‍ അവര്‍ക്ക് കഠിനശിക്ഷ ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു അപാരമായ ശക്തിയുടയവനും ദുഷ്ടരോട് പ്രതികാരം ചെയ്യുന്നവനുമത്രെ.

 

5-9 ഭൂലോകത്തിലോ ആകാശലോകത്തിലോ യാതൊന്നും അല്ലാഹുവിനു മറഞ്ഞുപോകുന്നില്ല. അവനാകുന്നു മാതാക്കളുടെ ഉദരങ്ങളില്‍ താനിച്ഛിക്കുംപടി നിങ്ങള്‍ക്ക് രൂപംനല്‍കുന്നത്. ആ അജയ്യനായ യുക്തിമാനല്ലാതെ വേറെ ദൈവമേതുമില്ല. പ്രവാചകാ, അവനാകുന്നു നിനക്ക് ഈ വേദം അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഇതില്‍ രണ്ടുതരം സൂക്തങ്ങളുണട: ഒന്ന്, മുഹ്കമാത്ത്.1 അതാണ് വേദത്തിന്റെ മൂലഘടകം. രണട, മുതശാബിഹാത്ത്.2 മനസ്സുകളില്‍ കോട്ടമുള്ളവര്‍ എപ്പോഴും കുഴപ്പമാഗ്രഹിച്ചുകൊണടമുതശാബിഹാത്തുകളുടെ പിമ്പെ നടന്ന് അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. മുതശാബിഹാത്തുകളുടെ സാക്ഷാല്‍ ആശയമാകട്ടെ അല്ലാഹുവല്ലാതാരുമറിയുന്നില്ല. നേരെമറിച്ച് ജ്ഞാനത്തില്‍ പക്വതപ്രാപിച്ചവരോ, പറയുന്നു: 'ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു; ഇതെല്ലാം ഞങ്ങളുടെ റബ്ബിങ്കല്‍നിന്നുതന്നെയുള്ളതാകുന്നു.'3 ഏതു കാര്യത്തില്‍നിന്നും ശരിയായ പാഠം പഠിക്കുന്നത് ബുദ്ധിമാന്മാര്‍ മാത്രമായിരിക്കും. അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: 'നാഥാ, നീ ഞങ്ങളെ സന്മാര്‍ഗത്തിലേക്കു നയിച്ചല്ലോ; ഇനി ഞങ്ങളുടെ മനസ്സുകളെ വക്രമാക്കരുതേ! നിന്റെ ഔദാര്യത്തിന്റെ ഖജനാവില്‍നിന്ന് ഞങ്ങള്‍ക്കു കാരുണ്യം ചൊരിയേണമേ! നീ തന്നെയാണല്ലോ സാക്ഷാല്‍ അത്യുദാരന്‍! നാഥാ, നീ സകല ജനത്തെയും ഒരുനാള്‍ സമ്മേളിപ്പിക്കുന്നവനാണല്ലോ, അതു സംഭവിക്കുമെന്നതില്‍ സന്ദേഹമേതുമില്ല. നീ ഒരിക്കലും വാഗ്ദത്തം ലംഘിക്കുകയില്ലതന്നെ.'

 

1. സ്പഷ്ടമായ ഭാഷയിലുള്ളതും, ആശയങ്ങള്‍ അനായാസം വ്യക്തമായി മനസ്സിലാക്കാവുന്നതുമായ സൂക്തങ്ങളെയാണ് 'മുഹ്കമാത്ത്' എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത്. ഇത്തരം സൂക്തങ്ങളാണ് ഗ്രന്ഥത്തിന്റെ മൂലഘടകം. ഖുര്‍ആന്‍ ഏതൊരു ലക്ഷ്യത്തിനുവേണ്ടി അവതരിച്ചുവോ ആ ലക്ഷ്യം ഈ സൂക്തങ്ങള്‍ നിറവേറ്റുന്നു. അത് ലോകത്തെ ഇസ്ലാമിലേക്കു പ്രബോധനം ചെയ്യുന്നു. അതില്‍ നീതിസാരങ്ങളും തത്വോപദേശങ്ങളുമുണട. അത് പിഴച്ച മാര്‍ഗങ്ങളെ ഖണ്ഡിക്കുകയും സന്മാര്‍ഗം വ്യക്തമാക്കുകയും ചെയ്യുന്നു. ദീനിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ വിശദീകരിക്കുന്നു. വിശ്വാസപ്രമാണങ്ങള്‍, ആരാധനകള്‍, സാംസ്കാരിക മര്യാദകള്‍, ബാധ്യതകള്‍, വിധിവിലക്കുകള്‍ തുടങ്ങിയവ പഠിപ്പിക്കുകയും ചെയ്യുന്നു.
2. ആശയനിര്‍ണയത്തില്‍ സന്ദേഹത്തിനിടമുള്ള സൂക്തങ്ങളാണ്, 'മുതശാബിഹാത്ത്.' അതിഭൌതികയാഥാര്‍ഥ്യങ്ങളെ സംബന്ധിച്ചു നന്നെച്ചുരുങ്ങിയത്, അനിവാര്യമായ അറിവുകളെങ്കിലും നല്‍കാതെ മനുഷ്യജീവിതത്തിന് സമഗ്രമായ ഒരു സരണി നിര്‍ദേശിക്കുക സാധ്യമല്ലെന്ന് സ്പഷ്ടമാണല്ലോ. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ സംഗതികളെ, ഇന്ദ്രിയഗോചരമായ സംഗതികളെ കുറിക്കുന്നതിനുവേണ്ടി ആവിഷ്കരിക്കപ്പെട്ട മാനുഷികഭാഷയിലെ പദങ്ങളിലൂടെ പ്രകടിപ്പിക്കുക സാധ്യമല്ലെന്നതും വ്യക്തമാണ്. അപ്പോള്‍ ഇത്തരം വിഷയങ്ങള്‍ മനുഷ്യഭാഷയില്‍ ഇന്ദ്രിയാധീനമായ വിഷയങ്ങളില്‍ ഉദ്ദിഷ്ടവിഷയങ്ങളോട് അടുത്ത സാദൃശ്യമുള്ളവയെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളിലൂടെയും പ്രതിപാദനശൈലിയിലൂടെയും വിശദീകരിക്കപ്പെടുകയേ നിര്‍വാഹമുള്ളൂ. അതിനാല്‍ ആ യാഥാര്‍ഥ്യങ്ങളെ വിശദീകരിക്കുന്നതിന് ഖുര്‍ആനില്‍ അത്തരമൊരു ഭാഷ ഉപയോഗിക്കപ്പെട്ടിരിക്കയാണ്. ഈ സവിശേഷ ഭാഷയിലുള്ള സൂക്തങ്ങളാണ് 'മുതശാബിഹാത്ത്.'
3. ഇവിടെ, മുതശാബിഹാത്തുകളുടെ അര്‍ഥമറിയാത്ത ആളുകള്‍ക്ക് എങ്ങനെയാണ് അതില്‍ വിശ്വാസം വരിക എന്നു സന്ദേഹിച്ചേക്കാം. മുഹ്കമാത്ത് ആയ സൂക്തങ്ങള്‍ പഠിക്കുന്നതോടെത്തന്നെ സാമാന്യബുദ്ധിയായ ഒരാള്‍ക്ക് ഖുര്‍ആന്‍ ദൈവികവചനമാണ് എന്ന് ബോധ്യപ്പെടുന്നു എന്നതത്രെ യാഥാര്‍ഥ്യം. സദൃശവാക്യങ്ങളുടെ വ്യാഖ്യാനത്തിലൂടെയല്ല അതുണ്ടാകുന്നത്. മുഹ്കമാത്തുകളുടെ പഠനത്തിലൂടെ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നു ബോധ്യപ്പെടുന്നവരുടെ ഹൃദയത്തില്‍ പിന്നെ മുതശാബിഹാത്തുകള്‍ ഒരു സംശയവും ഉണ്ടാക്കുകയില്ല.

 

10-13 സത്യനിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിനെതിരില്‍ അവര്‍ക്ക് ഒരുപകാരവും ചെയ്യാന്‍ പോകുന്നില്ല. നിശ്ചയം, അവര്‍ നരകത്തിന്റെ ഇന്ധനമായിത്തീരുന്നതാകുന്നു. ഫറവോന്‍ പ്രഭൃതികളുടെയും അവര്‍ക്കുമുമ്പുണ്ടായിരുന്ന സത്യനിഷേധികളുടെയും ഗതിതന്നെയാണവര്‍ക്കുമുള്ളത്. അവര്‍ നമ്മുടെ സൂക്തങ്ങളെ കളവാക്കി. ഫലമോ, പാപകൃത്യങ്ങളുടെ പേരില്‍ അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു എന്നതത്രേ സത്യം. പ്രവാചകാ, നിന്റെ സന്ദേശം കൈക്കൊള്ളാന്‍ കൂട്ടാക്കാത്തവരോടു പറയുക: 'നിങ്ങള്‍ ഉടനെ പരാജയപ്പെടും. നരകവായിലേക്കു തെളിക്കപ്പെടുകയും ചെയ്യും. നരകം എത്ര ദുഷിച്ച സങ്കേതം!' (ബദ്റില്‍) പരസ്പരം ഏറ്റുമുട്ടിയ ആ രണ്ടു കൂട്ടങ്ങളില്‍ നിങ്ങള്‍ക്കു ഗുണപാഠമുണ്ടായിരുന്നു. ഒരുകൂട്ടം ദൈവികസരണിയില്‍ പൊരുതുകയായിരുന്നു. മറ്റേത് നിഷേധിക്കൂട്ടമായിരുന്നു. നിഷേധിക്കൂട്ടം വിശ്വാസികളുടെ രണ്ടിരട്ടിയുള്ളതായി, നോക്കുന്നവരൊക്കെ കാണുന്നുണ്ടായിരുന്നു.4 പക്ഷേ, അല്ലാഹു അവന്റെ വിജയവും സഹായവും അവനിച്ഛിക്കുന്നവര്‍ക്കരുളുന്നു (എന്നത്രേ അനന്തരഫലം തെളിയിച്ചത്). ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മഹത്തായ പാഠമുണട.
14-17 സ്ത്രീകള്‍, സന്താനങ്ങള്‍, കനകത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള മോഹം മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അതൊക്കെയും ഏതാനും നാളത്തെ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു. വാസ്തവത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായ പാര്‍പ്പിടം അല്ലാഹുവിങ്കലത്രെ. പറയുക: 'ഇതിനെക്കാള്‍ ഉത്തമമായതെന്തെന്നു ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? ഭക്തിയുടെ പാത സ്വീകരിക്കുന്നവര്‍ക്ക് അവരുടെ നാഥങ്കല്‍ ആരാമങ്ങളുണട. അതിനു കീഴെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവര്‍ക്കവിടെ ശാശ്വതജീവിതം ലഭിക്കുന്നതാകുന്നു. പരിശുദ്ധകളായ തരുണികള്‍ അവര്‍ക്കു സഹധര്‍മിണിമാരായിട്ടുണ്ടായിരിക്കും. അവര്‍ അല്ലാഹുവിന്റെ പ്രീതിയാല്‍ ധന്യരാകും. അല്ലാഹു അവന്റെ ദാസന്മാരുടെ നടപടികളെ ആഴത്തില്‍ വീക്ഷിക്കുന്നവനല്ലോ.' ഭക്തന്മാര്‍ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാകുന്നു: 'നാഥാ, നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, നരകത്തില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ!' അവര്‍ ക്ഷമാശീലരാകുന്നു, സത്യസന്ധരാകുന്നു, അനുസരണമുള്ളവരാകുന്നു, ഉദാരമതികളാകുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോടു പാപമോചനം തേടുന്നവരുമാകുന്നു.
18-20 അവനല്ലാതെ ദൈവമില്ലെന്ന് അല്ലാഹു സ്വയം സാക്ഷ്യംവഹിച്ചിരിക്കുന്നു. അജയ്യനും അഭിജ്ഞനുമായ അവനല്ലാതെ സത്യത്തില്‍ ഒരു ദൈവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യം വഹിച്ചിരിക്കുന്നു. അല്ലാഹുവിങ്കല്‍ ദീന്‍ ഇസ്ലാം മാത്രമാകുന്നു. വേദം ലഭിച്ചവര്‍ ഈ ദീനില്‍നിന്നും വ്യതിചലിച്ച് ഭിന്നമാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ കാരണം, തങ്ങള്‍ക്കു ജ്ഞാനം അവതരിച്ചുകിട്ടിയിട്ടും അവര്‍ പരസ്പരം പോരിനൊരുമ്പെട്ടതുമാത്രമാകുന്നു. അല്ലാഹുവിന്റെ വിധിവിലക്കുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യുവാന്‍ അല്ലാഹുവിന് ഏറെ സമയമൊന്നും വേണ്ടതന്നെ. ഇനി നിന്നോടവര്‍ തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: 'ഞാനും എന്റെ അനുയായികളും ദൈവസമക്ഷം സര്‍വം സമര്‍പ്പിച്ചിരിക്കുന്നു.' എന്നിട്ട് വേദക്കാരോടും വേദക്കാരല്ലാത്തവരോടും ചോദിക്കുക: 'നിങ്ങളും അവനോട് അനുസരണവും അടിമത്തവും സ്വീകരിച്ചുവോ?' സ്വീകരിച്ചുവെങ്കില്‍ അവര്‍ സന്മാര്‍ഗം പ്രാപിച്ചു. പുറംതിരിഞ്ഞുകളയുന്നുവെങ്കിലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുക്കാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ.
21-22 അല്ലാഹുവിന്റെ വിധിവിലക്കുകളും സദുപദേശങ്ങളും നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊന്നുകളയുകയും ജനങ്ങളില്‍നിന്നുയര്‍ന്നെണീറ്റ ന്യായ പ്രബോധകരെ വധിക്കുകയും ചെയ്തവരുണ്ടല്ലോ, അവരെ നോവുന്ന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക. അവര്‍ ഇഹത്തിലും പരത്തിലും കര്‍മങ്ങള്‍ പാഴായിപ്പോയവരല്ലോ. അവരെ തുണക്കാനാരുമേയില്ല.

 

4. യഥാര്‍ഥത്തിലുള്ള അന്തരം മൂന്നിരട്ടിയായിരുന്നു. എന്നാല്‍ നിഷേധികളുടെ സൈന്യം മുസ്ലിംകളുടെ രണ്ടിരട്ടിയെങ്കിലുമുണ്ടെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍പോലും ബോധ്യമാകുമായിരുന്നു.

 

23-25 വേദവിജ്ഞാനത്തില്‍നിന്ന് വിഹിതം ലഭിച്ചിട്ടുള്ളവരുടെ അവസ്ഥ നീ കണ്ടില്ലയോ? തങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നതിനുവേണ്ടി ദൈവികഗ്രന്ഥത്തിലേക്കു ക്ഷണിക്കപ്പെടുമ്പോള്‍, അവരില്‍ ഒരു വിഭാഗം ആ തീരുമാനത്തിനു വരാതെ അവഗണനയോടെ പിന്തിരിഞ്ഞുപോകുന്നു. ഈ നിലപാടിനു കാരണം അവര്‍ ഇവ്വിധം വാദിക്കുന്നതത്രെ: 'നരകത്തീ ഞങ്ങളെ തൊടുകയില്ല. അഥവാ തൊട്ടാല്‍ തന്നെ ഏതാനും നാളത്തേക്കുമാത്രം.' അവര്‍ സ്വയം ചമച്ച വിശ്വാസപ്രമാണങ്ങള്‍ ദീന്‍കാര്യത്തില്‍ വമ്പിച്ച വ്യാമോഹങ്ങളിലല്ലോ അവരെ അകപ്പെടുത്തിയിട്ടുള്ളത്. നിസ്സംശയം, വരാനിരിക്കുന്ന ആ ഭയങ്കരനാളില്‍ നാം അവരെ ഒരുമിച്ചുകൂട്ടുമ്പോള്‍ എന്തായിരിക്കും അവസ്ഥ! അന്നാളില്‍ ഓരോ മനുഷ്യനും അവന്റെ കര്‍മഫലം പൂര്‍ണരൂപത്തില്‍ നല്‍കപ്പെടുന്നതാകുന്നു. ആരുടെ നേരെയും അനീതിയുണ്ടായിരിക്കുന്നതല്ല.
26-27 പറയുക: 'സമസ്താധികാരങ്ങളുടെയും ഉടയവനായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് ആധിപത്യം നല്‍കുന്നു. നീ ഇച്ഛിക്കുന്നവരില്‍നിന്ന് അത് നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് പ്രതാപമേകുന്നു. നീ ഇച്ഛിക്കുന്നവരെ നിന്ദിതരാക്കുന്നു. സൌഭാഗ്യങ്ങളഖിലം നിന്റെ ഹസ്തത്തിലത്രെ. നിസ്സംശയം, നീ സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു. നീ രാവിനെ പകലിനോടു ചേര്‍ക്കുന്നു; പകലിനെ രാവിനോടും. നിര്‍ജീവമായതില്‍നിന്നു ജീവനുള്ളതിനെ ഉളവാക്കുന്നു; ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും ഉളവാക്കുന്നു. നീ ഇച്ഛിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു.'
28-29 വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. പക്ഷേ, ആ നിലപാട് അവരുടെ അക്രമത്തില്‍നിന്നു രക്ഷ നേടുന്നതിനുവേണ്ടി താല്‍ക്കാലികമായി കൈക്കൊണ്ടതാണെങ്കില്‍ മാപ്പാക്കപ്പെടുന്നതാകുന്നു.5 എന്നാല്‍ അല്ലാഹു അവനെക്കുറിച്ചുതന്നെ നിങ്ങളെ ഭയപ്പെടുത്തുന്നു. അവങ്കലേക്കല്ലോ നിങ്ങളുടെ തിരിച്ചുപോക്ക്.6 പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: 'നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്--നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവെച്ചാലും--അല്ലാഹു അറിയുന്നുണട. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.'

 

5. ഒരു വിശ്വാസി ഇസ്ലാമിന്റെ ശത്രുക്കളുടെ വലയത്തിലകപ്പെടുകയും അവരുടെ ദ്രോഹം ഭയപ്പെടുകയും ചെയ്താല്‍, അയാള്‍ക്ക് തന്റെ വിശ്വാസം മറച്ചുവെച്ച്, പ്രത്യക്ഷത്തില്‍ അവിശ്വാസികളിലൊരുവനെപ്പോലെ വര്‍ത്തിക്കാവുന്നതാകുന്നു. താന്‍ മുസ്ലിമാണെന്നു വെളിപ്പെട്ടാല്‍ ജീവന്‍ അപകടത്തിലാകുമെന്നു കാണുന്ന സാഹചര്യത്തില്‍ അയാള്‍ക്ക് അവിശ്വാസികളിലൊരുവനായി അഭിനയിക്കാവുന്നതുമാണ്. പിടിച്ചുനില്‍ക്കാനാവാത്ത സന്ദിഗ്ധ ഘട്ടങ്ങളില്‍ കുഫ്റിന്റെ വചനങ്ങളുരുവിടുന്നതില്‍പോലും അയാള്‍ക്ക് ഇളവുണട.
6. ഇസ്ലാമികദൌത്യത്തിന്റെയോ ഇസ്ലാമികസമൂഹത്തിന്റെയോ താല്‍പര്യത്തിനു ഹാനികരമാകാത്തേടത്തോളം ഏത് ആത്മരക്ഷാതന്ത്രവും സ്വീകരിക്കാവുന്നതാണ്. മറ്റേതെങ്കിലും മുസ്ലിമിന്റെ ജീവധനാദികള്‍ക്ക് അപായമുണ്ടാക്കാത്തേടത്തോളം അവനവന്റെ ജീവധനാദികള്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ അവലംബിക്കാവുന്നതുമാണ്. എന്നാല്‍ ഇസ്ലാമിനെതിരില്‍ കുഫ്റിനു പ്രചാരം ലഭിക്കാനും കാഫിറുകള്‍ക്ക് വിജയം ലഭിക്കാനും കാരണമായിത്തീരുന്ന ഒരു സേവനവും നിങ്ങളിലൂടെ ഒരിക്കലും സത്യനിഷേധികള്‍ക്ക് ലഭിക്കാവതല്ല.

 

30 ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍ക്കര്‍മത്തിന്റെയും ദുഷ്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു.
31-32 പ്രവാചകന്‍, ജനത്തോടു പറയുക: 'നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു.' പറയുക: 'അല്ലാഹുവിനെയും ദൈവദൂതനെയും അനുസരിക്കുവിന്‍.' ഇനി നിന്റെ ഈ സന്ദേശം അവര്‍ സ്വീകരിക്കുന്നില്ലെങ്കില്‍, നിശ്ചയം, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ അവന്‍ സ്നേഹിക്കുക സംഭവ്യമല്ലതന്നെ.
33-37 ആദമിനെയും നൂഹിനെയും ഇബ്റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും7 മുഴുവന്‍ ലോകരില്‍നിന്നും തന്റെ ദൌത്യത്തിനുവേണ്ടി സവിശേഷം തെരഞ്ഞെടുത്തിരുന്നു. അവര്‍ ഒരേ വംശപരമ്പരയില്‍പെട്ട തലമുറകളായിരുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഇംറാന്റെ സ്ത്രീ8 പ്രാര്‍ഥിച്ചത് അവന്‍ കേട്ടിരുന്നു: 'എന്റെ നാഥാ, എന്റെ ഉദരത്തിലുള്ള ശിശുവിനെ ഞാന്‍ നിനക്കു നേര്‍ന്നിരിക്കുന്നു. അതു നിന്നെ മാത്രം സേവിക്കുവാന്‍ ഉഴിഞ്ഞുവെക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുല്‍ക്കാഴ്ചയെ നീ സ്വീകരിക്കേണമേ! നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ.' പിന്നെ, ആ ശിശുവിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: 'എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞായിപ്പോയി--
അവള്‍ ജനിപ്പിച്ചതെന്തെന്ന് അല്ലാഹുവിന് നന്നായറിയാമായിരുന്നു--ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞിനെപ്പോലെയല്ലല്ലോ. ഏതായാലും ഞാന്‍ അവളെ മര്‍യം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും അവളുടെ ഭാവിസന്തതികളെയും അഭിശപ്തനായ പിശാച് ബാധിക്കുന്നതില്‍നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുന്നു.' അങ്ങനെ അവരുടെ നാഥന്‍ ആ പെണ്‍കുട്ടിയെ സസന്തോഷം സ്വീകരിക്കുകയും അവളെ ശ്രേഷ്ഠ ബാലികയാക്കി വളര്‍ത്തുകയും സകരിയ്യായെ അവളുടെ രക്ഷാധികാരിയാക്കി നിശ്ചയിക്കുകയും ചെയ്തു.

 

7. ഹ: മൂസായുടെയും ഹാറൂന്റെയും(അ) പിതാവിന്റെ നാമം ഇംറാന്‍ എന്നായിരുന്നു. ബൈബിളില്‍ അത് 'അംറാം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
8. ഇംറാന്റെ സ്ത്രീ എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ഇംറാന്റെ ഭാര്യ എന്നാണെങ്കില്‍ അത് നേരത്തെ പരാമര്‍ശിച്ച ഇംറാന്‍ ആയിരിക്കുകയില്ല. പ്രത്യുത മര്‍യമിന്റെ പിതാവായിരുന്ന മറ്റൊരു ഇംറാനാണ്. ഇംറാന്റെ സ്ത്രീ എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത് ഇംറാന്‍വംശത്തിലെ സ്ത്രീ എന്നാണെങ്കില്‍ ഹ: മര്‍യമിന്റെ മാതാവ് ഇംറാന്‍ വംശക്കാരിയായിരുന്നു എന്നാകുന്നു അര്‍ഥം.

 

-37-41 സകരിയ്യാ ഭജനഗൃഹത്തില്‍ അവളെ സന്ദര്‍ശിച്ചപ്പോഴൊക്കെ, അവളുടെ അടുക്കല്‍ അന്നപാനീയങ്ങള്‍ കാണാറുണ്ടായിരുന്നു. മര്‍യമേ, നിനക്കിതെല്ലാം എവിടെനിന്നു കിട്ടി എന്ന് അദ്ദേഹം ചോദിച്ചു. അവള്‍ പറഞ്ഞു: 'ഇതെല്ലാം അല്ലാഹുവിങ്കല്‍നിന്നാകുന്നു. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്കു കണക്കില്ലാതെ കൊടുക്കുന്നു.' ഈ അവസ്ഥ കണടസകരിയ്യാ തന്റെ നാഥനോട് കേണു: 'നാഥാ! നിന്റെ കഴിവിനാല്‍ എനിക്കു സല്‍സന്തതികളെ പ്രദാനം ചെയ്യേണമേ! നീ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവനല്ലോ.' അദ്ദേഹം ഭജനഗൃഹത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ, മലക്കുകള്‍ വിളിച്ചറിയിച്ചു: 'അല്ലാഹു നിന്നെ യഹ്യായുടെ ശുഭവാര്‍ത്തയറിയിക്കുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഉത്തരവിന്റെ9 സാക്ഷാത്കാരമായി അവന്‍ ജനിക്കും. അവനില്‍ നേതൃത്വത്തിന്റെയും മഹത്വത്തിന്റെയും ഗുണങ്ങളുണ്ടായിരിക്കും. തികഞ്ഞ ആത്മനിയന്ത്രണമുള്ളവനായിരിക്കും. പ്രവാചകനായിരിക്കും. സജ്ജനങ്ങളിലെണ്ണപ്പെടുന്നവനുമായിരിക്കും.' സകരിയ്യാ ചോദിച്ചു: 'നാഥാ, എനിക്കെങ്ങനെയാണ് കുഞ്ഞുണ്ടാവുക? ഞാന്‍ പടുവൃദ്ധനായിക്കഴിഞ്ഞുവല്ലോ. എന്റെ ഭാര്യയോ വന്ധ്യയും.' ഉത്തരം ലഭിച്ചു: 'അങ്ങനെ സംഭവിക്കുകതന്നെ ചെയ്യും.10 അല്ലാഹു എന്തിച്ഛിക്കുന്നുവോ അതു പ്രവര്‍ത്തിക്കുന്നു.' അദ്ദേഹം അപേക്ഷിച്ചു: 'എന്നാല്‍ നാഥാ, എനിക്ക് ഒരടയാളം നിശ്ചയിച്ചുതരിക.' അവന്‍ അരുളി: 'നീ മൂന്നുനാള്‍ ആംഗ്യഭാഷയിലല്ലാതെ ആളുകളോട് സംസാരിക്കാതിരിക്കുക (അല്ലെങ്കില്‍ അതിന് കഴിയാതിരിക്കുക) എന്നതാകുന്നു നിനക്കുള്ള അടയാളം. ഈ ഘട്ടത്തില്‍ നിന്റെ നാഥനെ അധികമധികം സ്മരിക്കുകയും, പ്രദോഷത്തിലും പ്രഭാതത്തിലും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക.'

 

9. അല്ലാഹുവിന്റെ ഉത്തരവ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഹ: ഈസാ(അ) ആകുന്നു. അല്ലാഹുവിന്റെ ഒരു അസാധാരണ ശാസനപ്രകാരം പ്രകൃത്യതീത രീതിയിലാണ് അദ്ദേഹം ജന്മംകൊണ്ടത്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ അദ്ദേഹം 'കലിമതുന്‍മിനല്ലാഹ്' എന്നു പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
10. താങ്കള്‍ വൃദ്ധനും ഭാര്യ വന്ധ്യയും ആയിരിക്കെത്തന്നെ അല്ലാഹു താങ്കള്‍ക്കു പുത്രലബ്ധിയുണ്ടാക്കും എന്നര്‍ഥം.

 

42-43 പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്‍യമിനോട് ഓതിയതോര്‍ക്കുക: 'അല്ലയോ മര്‍യം! അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു. തന്നെ സേവിക്കുന്നതിനുവേണ്ടി അവന്‍ നിന്നെ ലോകനാരികളില്‍ മികച്ചവളായി തെരഞ്ഞെടുത്തിരിക്കുകയാകുന്നു. മര്‍യമേ! നിന്റെ നാഥനെ വണങ്ങുക. അവനെ പ്രണമിക്കുക. അവനെ നമിക്കുന്ന ദാസന്മാരോടൊപ്പം നമിക്കുകയും ചെയ്യുക!'
44 പ്രവാചകാ, ഇവ മറഞ്ഞ വാര്‍ത്തകളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് നിനക്ക് അറിയിച്ചുതരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്രപരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍11 നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ ഉണ്ടായിരുന്നില്ല.
45-49 മലക്കുകള്‍ അവളോട് പറഞ്ഞതോര്‍ക്കുക: 'അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മസീഹ് ഈസബ്നു മര്‍യം എന്നാകും. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. ദൈവത്തിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍തന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.' ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.' മറുപടി ലഭിച്ചു: 'അവ്വിധമുണ്ടാവുകതന്നെ ചെയ്യും.12 അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.' (മലക്കുകള്‍ തുടര്‍ന്നു പറഞ്ഞു:) അല്ലാഹു അവന് വേദവും തത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിക്കും. ഇസ്രായേല്‍ വംശത്തിലേക്കു ദൈവദൂതനായി നിയോഗിക്കുകയും ചെയ്യും.'

 

11. നറുക്കിട്ടപ്പോള്‍ എന്നര്‍ഥം.
12. പുരുഷസ്പര്‍ശനമേല്‍ക്കാതെത്തന്നെ നിനക്കു കുഞ്ഞ് ജനിക്കും എന്നര്‍ഥം.

 

-49-51 (അദ്ദേഹം ഇസ്രായേല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു:) 'ഞാന്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായി വന്നവനാകുന്നു. ഞാന്‍ നിങ്ങളുടെ മുമ്പില്‍വെച്ചു കളിമണ്ണുകൊണടഒരു പക്ഷിരൂപമുണ്ടാക്കാം. എന്നിട്ട് അതില്‍ ഊതാം. അപ്പോള്‍ ദൈവഹിതത്താല്‍, അതൊരു പക്ഷിയായിത്തീരും. ദൈവഹിതത്താല്‍, ജന്മനാ അന്ധനായവന്നും പാണ്ഡുരോഗിക്കും രോഗശാന്തി നല്‍കാം. അവന്റെ ഹിതത്താല്‍, ഞാന്‍ മരിച്ചവരെ ജീവിപ്പിക്കാം. നിങ്ങള്‍ ആഹരിക്കുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ളതെന്തെന്നും ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം. ഇതില്‍ മതിയായ ദൃഷ്ടാന്തമുണ്ട്--നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. തൌറാത്തില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള ന്യായപ്രമാണങ്ങളെ സത്യപ്പെടുത്തുന്നവനുമായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു.13 അറിയുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോടു ഭക്തിയുള്ളവരായിരിക്കുവിന്‍, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ റബ്ബാകുന്നു. നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്റെ മാത്രം അടിമത്തം സ്വീകരിപ്പിന്‍, അതാകുന്നു നേരായ മാര്‍ഗം.'
52-53 ഇസ്രായേല്‍വംശം നിഷേധിക്കാനും എതിര്‍ക്കാനുമാണൊരുങ്ങുന്നതെന്നു കണ്ടപ്പോള്‍, ഈസാ ചോദിച്ചു: 'ദൈവികസരണിയില്‍ എന്നെ സഹായിക്കാനാരുണട?' ഹവാരികള്‍14
മറുപടി പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു.15 ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകള്‍ (അല്ലാഹുവിന്റെ മുമ്പില്‍ അനുസരണത്തോടെ സര്‍വാര്‍പ്പണം ചെയ്തവര്‍) ആണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും. നാഥാ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ദൈവദൂതനെ അനുഗമിക്കുവാന്‍ സന്നദ്ധരാവുകയും ചെയ്തിരിക്കുന്നു. നീ ഞങ്ങളുടെ നാമം സത്യസാക്ഷികളോടൊപ്പം രേഖപ്പെടുത്തേണമേ!'
54 പിന്നെ, ഇസ്രായേല്‍വംശം (മസീഹിനെതിരായി) ഗൂഢതന്ത്രങ്ങളിലേര്‍പ്പെട്ടു. അല്ലാഹു അവന്റേതായ ഗൂഢതന്ത്രങ്ങളും ഒരുക്കി. തന്ത്രശാലികളില്‍ ഏറ്റം മികച്ചവന്‍ അല്ലാഹു
വത്രെ.

 

13. നിങ്ങളിലെ പാമരന്മാരുടെ ഊഹാപോഹങ്ങള്‍, പണ്ഡിതന്മാരുടെ മുടിനാരിഴകീറുന്ന നിയമവിശകലനങ്ങള്‍, സന്യാസിമാരുടെ ആത്യന്തിക നിലപാടുകള്‍, അന്യസമുദായങ്ങളുടെ ആധിപത്യം എന്നിവമൂലം യഥാര്‍ഥ ദൈവികമതത്തില്‍ എന്തെല്ലാം കൃത്രിമവിലക്കുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാന്‍ ദുര്‍ബലപ്പെടുത്തും. നിങ്ങള്‍ക്കായി അല്ലാഹു യഥാര്‍ഥത്തില്‍ അനുവദിക്കുകയും നിഷിദ്ധമാക്കുകയും ചെയ്ത കാര്യങ്ങള്‍ മാത്രം നിങ്ങള്‍ക്ക് അനുവദിക്കുകയും നിഷിദ്ധമാക്കുകയും ചെയ്യും.
14. 'ഹവാരി' എന്ന പദത്തിനുമുള്ളത് ഏറക്കുറെ 'അന്‍സാര്‍' എന്ന പദത്തിന്റെ ആശയം തന്നെയാണ്.
15. അല്ലാഹുവിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ സഹായികളാകാം എന്നര്‍ഥം.

 

55-57 അല്ലാഹു ഈവിധം പ്രഖ്യാപിച്ചതോര്‍ക്കുക: (ഇത് അല്ലാഹുവിന്റെ രഹസ്യതന്ത്രം തന്നെയായിരുന്നു). അല്ലയോ ഈസാ, ഇപ്പോള്‍ ഞാന്‍ നിന്നെ മടക്കിവിളിക്കുന്നതും16 എന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. സത്യനിഷേധികളില്‍നിന്ന് (അവരുടെ സാന്നിധ്യത്തില്‍നിന്നും, വൃത്തികെട്ട ചുറ്റുപാടുകളില്‍ അവരോടൊപ്പം വസിക്കുന്നതില്‍നിന്നും) നിന്നെ ശുദ്ധീകരിക്കുന്നതുമാകുന്നു. നിന്നെ പിന്തുടര്‍ന്നവരെ അന്ത്യനാള്‍വരെ, നിന്നെ നിഷേധിച്ചവരേക്കാള്‍ ഉയര്‍ത്തിവെക്കുന്നതുമാകുന്നു. നിങ്ങളൊക്കെയും ഒടുവില്‍ എന്നിലേക്കു മടങ്ങേണ്ടതുണട. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ ഞാന്‍ അപ്പോള്‍ തീര്‍പ്പുകല്‍പിക്കും. എന്നാല്‍ സത്യനിഷേധികളായവരെ ഞാന്‍ ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അവരെ തുണക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായും നല്‍കപ്പെടും. (നന്നായറിഞ്ഞുകൊള്ളുക:) അധര്‍മികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
58-60 പ്രവാചകനെ നാം ഈ കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നത്, ദൈവിക ദൃഷ്ടാന്തങ്ങളും സാരോപദേശങ്ങളുമാകുന്നു. അല്ലാഹുവിങ്കല്‍ ഈസായുടെ ഉദാഹരണം ആദമിനെപ്പോലെയാകുന്നു. അവന്‍ അദ്ദേഹത്തെ മണ്ണില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ടതിനോടു പറഞ്ഞു, ഉണ്ടാവുക. അപ്പോഴവന്‍ ഉണ്ടായി.17 ഇതത്രെ നിന്റെ റബ്ബിങ്കല്‍നിന്നു വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൌലിക യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തില്‍ ശങ്കിക്കുന്നവരുടെ കൂട്ടത്തില്‍ നീ പെട്ടുപോകരുത്.
61-63 നിനക്ക് ഈ ജ്ഞാനോദയമുണ്ടായശേഷം ഇക്കാര്യത്തില്‍ വല്ലവരും നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: 'നിങ്ങള്‍ വരുവിന്‍, ഞങ്ങളും വരാം. നമുക്കു നമ്മുടെ കുഞ്ഞുങ്ങളേയും പെണ്ണുങ്ങളേയും കൂടി വിളിക്കാം. എന്നിട്ട് ദൈവത്തോടു പ്രാര്‍ഥിക്കാം, ആരാണോ കള്ളവാദി, അവരില്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന്.' ഇതെല്ലാം യഥാര്‍ഥ സംഭവങ്ങളാകുന്നു. അല്ലാഹുവല്ലാതൊരു ദൈവവുമില്ലെന്നതത്രെ യാഥാര്‍ഥ്യം--ആ അല്ലാഹു സര്‍വതിനെയും ജയിക്കുന്ന ശക്തനും ഈ പ്രപഞ്ചത്തെ സംവിധാനിച്ച അഭിജ്ഞനും തന്നെയാകുന്നു. ഈ വിധം പ്രാര്‍ഥിക്കാന്‍ അവര്‍ വരുന്നില്ലെങ്കില്‍ (കുഴപ്പം അവര്‍ക്കാണെന്നു വ്യക്തം). നാശകാരികളുടെ അവസ്ഥ നന്നായറിയുന്നവന്‍ തന്നെയാണല്ലാഹു.

 

16. മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത് 'മുതവഫ്ഫീക്ക' എന്ന വാക്കാണ്. എടുക്കുക, വസൂലാക്കുക എന്നൊക്കെയാണ് തവഫ്ഫായുടെ മൂലാര്‍ഥം. ജീവന്‍ പിടിച്ചെടുക്കുക എന്നത് ഈ പദത്തിന്റെ ആലങ്കാരികാര്‍ഥമാണ്; ഭാഷാര്‍ഥമല്ല.
17. അതായത് പിതാവില്ലാതുള്ള ജനനം, ഒരാള്‍ ദൈവമോ ദൈവപുത്രനോ ആണെന്നതിനു മതിയായ തെളിവാണെങ്കില്‍ അതിനെക്കാള്‍ വലിയ തെളിവിന്റെ പിന്‍ബലത്തോടെ ജന്മംകൊണ്ട ആദമിനെക്കുറിച്ചും ക്രിസ്ത്യാനികള്‍ അങ്ങനെ വിശ്വസിക്കേണ്ടിയിരുന്നു. യേശു പിതാവില്ലാതെയാണ് ജനിച്ചതെങ്കില്‍, ആദം ജനിച്ചത് പിതാവും മാതാവുമില്ലാതെയാണല്ലോ.

 

64 പ്രവാചകന്‍ പറയുക: 'അല്ലയോ വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്കു വരുവിന്‍, അതായത്, അല്ലാഹു അല്ലാത്ത ആര്‍ക്കും നാം ഇബാദത്ത് ചെയ്യാതിരിക്കുക, ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക. നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവെക്കൂടാതുള്ള റബ്ബുകളായി വരിക്കാതിരിക്കുക.' ഈ സന്ദേശം സ്വീകരിക്കാതെ പിന്തിരിയുന്നുവെങ്കില്‍ അവരോടു തുറന്നുപറയുവിന്‍: 'ഞങ്ങള്‍ മുസ്ലിംകള്‍
(അല്ലാഹുവിന്റെ മാത്രം അടിമത്തവും അനുസരണവും സ്വീകരിക്കുന്നവര്‍) ആണെന്നതിന് നിങ്ങള്‍ സാക്ഷികളായിരിക്കുവിന്‍.'
65-68 അല്ലയോ വേദവിശ്വാസികളേ, ഇബ്റാഹീമി(ന്റെ ദീനി)നെക്കുറിച്ചു നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൌറാത്തും ഇഞ്ചീലുമാകട്ടെ അദ്ദേഹത്തിനു ശേഷമാണല്ലോ അവതരിച്ചിട്ടുള്ളത്. അതുപോലും നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?! നിങ്ങള്‍ക്കറിവുള്ള കാര്യങ്ങളില്‍ വേണ്ടുവോളം നിങ്ങള്‍ തര്‍ക്കിച്ചുകഴിഞ്ഞു. ഇനി ഒരു വിവരവുമില്ലാത്ത വിഷയങ്ങളിലും തര്‍ക്കത്തിലേര്‍പ്പെടുന്നതെന്തിന്? അല്ലാഹു അറിയുന്നു; നിങ്ങളോ അറിയുന്നില്ല. ഇബ്റാഹീം ജൂതനായിരുന്നില്ല. ക്രിസ്ത്യാനിയുമായിരുന്നില്ല. എന്നാല്‍ അദ്ദേഹം നിഷ്കളങ്കനായ മുസ്ലിമായിരുന്നു.18 ഒരിക്കലും ബഹുദൈവവിശ്വാസിയായിരുന്നിട്ടില്ല. ഇബ്റാഹീമിന്റെ ഉറ്റവരായിരിക്കുവാന്‍ ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അത്, അദ്ദേഹത്തിന്റെ മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കാകുന്നു. ഇപ്പോള്‍ ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരും ഈ ബന്ധത്തിന് കൂടുതല്‍ അര്‍ഹരായിരിക്കുന്നു. അല്ലാഹു, വിശ്വാസികളുടെ തുണയും രക്ഷകനുമാകുന്നു.
69-71 (സത്യവിശ്വാസികളേ) നിങ്ങളെ എവ്വിധമെങ്കിലും വഴിപിഴപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വേദവാഹകരിലൊരുവിഭാഗം കൊതിക്കുന്നുണട. വാസ്തവത്തില്‍ അവര്‍ അവരെത്തന്നെയാകുന്നു വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. അല്ലയോ വേദവാഹകരേ, നിങ്ങള്‍ ദൈവികദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നതെന്ത്--നിങ്ങളതു കണ്ടുകൊണ്ടിരിക്കെ?19 വേദവാഹകരേ, നിങ്ങള്‍ സത്യത്തിന് മിഥ്യയുടെ വര്‍ണം നല്‍കി ആശയക്കുഴപ്പമുണ്ടാക്കുന്നതെന്തിന്? അറിഞ്ഞുകൊണടസത്യം പൂഴ്ത്തിവെക്കുകയോ?

 

18. 'ഹനീഫ്' എന്നാണ് മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. മറ്റെല്ലാ ദിശകളുമുപേക്ഷിച്ച് ഒരു പ്രത്യേക ദിശയിലേക്കു മാത്രം സഞ്ചരിക്കുന്ന വ്യക്തിയാണ് അതുകൊണ്ടുള്ള വിവക്ഷ. ഈ ആശയമുദ്ദേശിച്ചാണ് അതിനെ 'ഋജുമാനസനായ മുസ്ലിം' എന്നു തര്‍ജമ ചെയ്തിട്ടുള്ളത്.
19. 'നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ' എന്നും ഈ വാക്യം തര്‍ജമ ചെയ്യാവുന്നതാണ്. രണ്ടായാലും ആശയത്തില്‍ അന്തരമില്ല. പ്രവാചകന്റെ ജീവിതവിശുദ്ധി, അനുയായികളുടെ ജീവിതത്തില്‍ പ്രവാചകശിക്ഷണങ്ങള്‍ സൃഷ്ടിച്ച അദ്ഭുതാവഹമായ സദ്ഫലങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന മഹത്തായ വിജ്ഞാനങ്ങള്‍ എന്നിവയെല്ലാം പ്രത്യക്ഷ ദൃഷ്ടാന്തങ്ങളായിരുന്നു. പ്രവാചകന്മാരുടെ സ്ഥിതിഗതികളും ദൈവികഗ്രന്ഥങ്ങളുടെ സ്വഭാവവും അറിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ചേടത്തോളം ഈ ദൃഷ്ടാന്തങ്ങളെല്ലാം കണ്ടശേഷം മുഹമ്മദീയ പ്രവാചകത്വത്തെ സംശയിക്കുക വളരെ പ്രയാസകരമാണ്.

 

72-74 വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: 'ഈ പ്രവാചകനില്‍ വിശ്വസിച്ചവര്‍ക്ക് അവതരിച്ചിട്ടുള്ളതില്‍ രാവിലെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടര്‍ അവരുടെ വിശ്വാസത്തില്‍നിന്നു മടങ്ങിയേക്കാം.' അപ്രകാരംതന്നെ അവര്‍ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു: 'നിങ്ങളുടെ മതത്തെ അനുഗമിക്കുന്നവരല്ലാത്ത ആരുടെയും ഉപദേശം വിശ്വസിക്കരുത്.' എന്നാല്‍ പ്രവാചകന്‍ അവരോടു പറയേണം: 'അല്ലാഹു കാണിച്ചുതരുന്ന സന്മാര്‍ഗം മാത്രമാകുന്നു യഥാര്‍ഥസന്മാര്‍ഗം. ഒരിക്കല്‍ നിങ്ങള്‍ക്കു കിട്ടിയതുപോലുള്ളത് മറ്റൊരുവന് കിട്ടുക, അഥവാ നിങ്ങളുടെ നാഥന്റെ മുമ്പില്‍ നിങ്ങള്‍ക്കെതിരില്‍ സമര്‍പ്പിക്കുന്നതിന് മറ്റുള്ളവര്‍ക്ക് പ്രബലമായ ന്യായം ലഭിക്കുക എന്നത് അല്ലാഹുവിന്റെ സമ്പ്രദായംതന്നെയാകുന്നു.' അവരോടു പറയുക: 'ശ്രേഷ്ഠതയും മഹത്വവും അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു. അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിശാലവീക്ഷണമുള്ളവനും20 സര്‍വജ്ഞനുമാകുന്നു. താനിച്ഛിക്കുന്നവരെ തന്റെ അനുഗ്രഹത്തിനായി അവന്‍ പ്രത്യേകം തെരഞ്ഞെടുക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹമോ മഹത്തരമാകുന്നു.'
75-77 വേദവിശ്വാസികളില്‍ ചിലര്‍ ഇവ്വിധമുണട: ധനത്തിന്റെ ഒരു കൂമ്പാരം തന്നെ അവരെ വിശ്വസിച്ചേല്‍പിക്കുന്നുവെങ്കിലും അവരത് നിങ്ങള്‍ക്കു തിരിച്ചുതരും. അവരില്‍ മറ്റുചിലരുടെ അവസ്ഥയോ, ഇതത്രെ: ഒരു ദീനാര്‍പോലും വിശ്വസിച്ചേല്‍പിച്ചാല്‍ അവരത് തിരിച്ചുതരുന്നതല്ല--നിങ്ങളവരെ വിടാതെ പിടികൂടിയാലല്ലാതെ. ഈ ദുഃസ്വഭാവത്തിനാധാരം അവര്‍ ഇങ്ങനെ ജല്‍പിച്ചുകൊണ്ടിരിക്കുന്നതാകുന്നു: 'ഉമ്മികളുടെ (ജൂതരല്ലാത്തവര്‍) കാര്യത്തില്‍ നമ്മോട് ഒരു ചോദ്യവുമില്ല.' ഇത്, അവര്‍ മനഃപൂര്‍വം കളവുകള്‍ ചമച്ച് അല്ലാഹുവിന്റെ പേരില്‍ ചേര്‍ത്തിപ്പറയുകയത്രേ. (വാസ്തവമാകട്ടെ, അല്ലാഹു ഒരിക്കലും അങ്ങനെ അനുശാസിച്ചിട്ടില്ലെന്നു) അവര്‍ക്കറിയാം. അല്ല, എന്തുകൊണ്ടവര്‍ ചോദിക്കപ്പെടുകയില്ല?! പ്രതിജ്ഞകള്‍ പാലിക്കുകയും ദൈവഭക്തിയാല്‍ തിന്മകളില്‍നിന്നകന്നിരിക്കുകയും ചെയ്യുന്നവരാരോ, അത്തരം ഭക്തന്മാരെ മാത്രമാണ് അല്ലാഹു സ്നേഹിക്കുന്നത്. അല്ലാഹുവിന്റെ കരാറുകളെയും സ്വന്തം പ്രതിജ്ഞകളെയും തുച്ഛവിലയ്ക്കു വില്‍പന നടത്തുന്നവരുണ്ടല്ലോ, അവര്‍ക്കു പരലോകത്തില്‍ യാതൊരു പങ്കുമില്ല. അന്ത്യനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ അവരെ കടാക്ഷിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതുമല്ല. പ്രത്യുത, നോവുറ്റ ദണ്ഡനമത്രെ അവര്‍ക്കുള്ളത്.

 

20. 'വാസിഅ്' എന്ന പദമാണ് മൂലത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പൊതുവില്‍ മൂന്നു സന്ദര്‍ഭങ്ങളിലാണ് ഈ പദം ഉപയോഗിക്കാറുള്ളത്: ഒന്ന്, ഒരു ജനതയുടെ സങ്കുചിതത്വവും സ്വാര്‍ഥതയും പരാമര്‍ശിക്കുമ്പോള്‍, അല്ലാഹു അവരെപ്പോലെ സങ്കുചിത മനസ്കനല്ലെന്നു വ്യക്തമാക്കുന്നതിന്. രണട, ഒരു ജനതയെ ലുബ്ധ്, ദൌര്‍ബല്യം എന്നീ ദൂഷ്യങ്ങളുടെ പേരില്‍ ആക്ഷേപിക്കുമ്പോള്‍, അല്ലാഹു അവരെപ്പോലെയല്ലെന്നും മറിച്ച് ഉദാരനും വിശാലമനസ്കനും ആണെന്നും ഉദ്ബോധിപ്പിക്കുന്നതിന്. മൂന്ന്, മനുഷ്യര്‍ തങ്ങളുടെ സങ്കുചിതഭാവനകള്‍മൂലം അല്ലാഹുവില്‍ ഏതെങ്കിലും തരത്തിലുള്ള പരിമിതികള്‍ ആരോപിച്ചിട്ടുണ്ടെങ്കില്‍, അല്ലാഹു അവയ്ക്കതീതനും അപരിമേയനുമാണെന്നു വിശദീകരിക്കുന്നതിന്.

 

78 അവരില്‍ ചിലര്‍ ഇവ്വിധമുണട: വേദം പാരായണം ചെയ്യുമ്പോള്‍, തങ്ങള്‍ ഉരുവിടുന്നത് വേദവാക്യങ്ങളാണെന്നു നിങ്ങള്‍ ധരിക്കുന്നതിനുവേണ്ടി നാവിനെ വളയ്ക്കുന്നു. ഉരുവിടുന്നതോ വേദവാക്യങ്ങളല്ലതാനും. തങ്ങള്‍ വായിക്കുന്നത് ദൈവത്തിങ്കല്‍നിന്നുള്ളതാണെന്ന് പറയുന്നുമുണ്ടാകും. അതോ ദൈവത്തിങ്കല്‍നിന്നുള്ളതായിരിക്കുകയുമില്ല. അവര്‍ മനഃപൂര്‍വം അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാകുന്നു.
79-80 അല്ലാഹു ഒരാള്‍ക്കു വേദവും തത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അയാള്‍ ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനു പകരം എന്റെ അടിമകളായിരിക്കുവിന്‍ എന്നു പറയുകയും ചെയ്യുക എന്നത് ഒരു മനുഷ്യനും ഭൂഷണമല്ല. പ്രത്യുത, 'നിങ്ങള്‍ പഠിക്കുകയും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വേദപുസ്തകം അനുശാസിക്കുംപടി നിഷ്കളങ്കരായ ദൈവഭക്തരായിരിക്കുവിന്‍' എന്നത്രെ അയാള്‍ പറയുക. മലക്കുകളെയും ദൈവദൂതന്മാരെയും റബ്ബുകളായി വരിക്കുവാന്‍ അയാള്‍ ഒരിക്കലും ഉപദേശിക്കുകയില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞിരിക്കെ ഒരു പ്രവാചകന്‍ നിങ്ങളോടു സത്യനിഷേധം കല്‍പിക്കുകയോ?
81-82 ഓര്‍ക്കുവിന്‍, അല്ലാഹു പ്രവാചകന്മാരില്‍നിന്ന് ഇങ്ങനെ പ്രതിജ്ഞ വാങ്ങിയിട്ടുണ്ടായിരുന്നു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ടല്ലോ. നിങ്ങളുടെ കൂടെയുള്ളതിനെ സത്യപ്പെടുത്തിക്കൊണടനാളെ ഒരു ദൈവദൂതന്‍ ആഗതനായാല്‍ നിങ്ങള്‍ തിട്ടമായും അദ്ദേഹത്തെ വിശ്വസിക്കേണ്ടതും സഹായിക്കേണ്ടതുമാകുന്നു.21 ഇവ്വിധം അരുളിക്കൊണടഅല്ലാഹു ചോദിച്ചു: 'നിങ്ങളിതു സ്വീകരിക്കുകയും തദനുസാരം എന്നോടു ചെയ്ത പ്രതിജ്ഞയുടെ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തില്ലേ?' അവര്‍ പറഞ്ഞു: 'അതെ. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.' അവന്‍ അരുളി: 'ശരി, എങ്കില്‍ നിങ്ങള്‍ സാക്ഷികളാകുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷിയാകുന്നു. ഇനി തങ്ങളുടെ പ്രതിജ്ഞയില്‍നിന്നു പിന്തിരിയുന്നവരാരോ, അവര്‍ പാപികള്‍തന്നെയാകുന്നു.'

 

21. അതായത്, പ്രവാചകന്മാരഖിലം ഇപ്രകാരം കരാര്‍ ചെയ്തിട്ടുണട. ഇവിടെ മറ്റൊരു സംഗതികൂടി മനസ്സിലാക്കേണ്ടതുണട: മുഹമ്മദുനബി(സ)ക്കുമുമ്പ് വന്ന ഓരോ പ്രവാചകനും പ്രസ്തുത പ്രതിജ്ഞ ചെയ്തിരുന്നു. അതനുസരിച്ച് ഓരോ പ്രവാചകനും ശേഷംവരുന്ന പ്രവാചകനെക്കുറിച്ച് തന്റെ സമുദായത്തിന് മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ മുഹമ്മദ്നബി(സ)യില്‍നിന്ന് ഇത്തരം ഒരു പ്രതിജ്ഞ വാങ്ങിയതായോ, അദ്ദേഹം ഒരു ഭാവിപ്രവാചകനെക്കുറിച്ച് തന്റെ സമുദായത്തിന് മുന്നറിയിപ്പു നല്‍കിയതായോ, അദ്ദേഹത്തെ വിശ്വസിക്കാനും സഹായിക്കാനും നിര്‍ദേശിച്ചതായോ, ഖുര്‍ആനിലും ഹദീസിലും യാതൊരു സൂചനയുമില്ല. കൂടാതെ ഖുര്‍ആന്‍ അദ്ദേഹത്തെ ഖാത്തമുന്നബിയ്യീന്‍ (അന്ത്യപ്രവാചകന്‍) എന്ന് സ്പഷ്ടമായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. തനിക്കുശേഷം പ്രവാചകന്മാര്‍ ആഗതരാകുന്നതല്ലെന്നു പ്രസ്താവിക്കുന്ന നിരവധി ഹദീസുകളും തിരുമേനിയില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണട.

 

83-85 ഈ ജനം അല്ലാഹുവിനുള്ള അനുസരണത്തിന്റെ മാര്‍ഗം (അല്ലാഹുവിന്റെ ദീന്‍) വെടിഞ്ഞ് മറ്റേതെങ്കിലും മാര്‍ഗം കാംക്ഷിക്കുകയാണോ? വാന-ഭുവനങ്ങളിലുള്ളതൊക്കെയും ബോധപൂര്‍വമായും അല്ലാതെയും അവന്റെമാത്രം ആജ്ഞാനുവര്‍ത്തി(മുസ്ലിം)കളായിരിക്കെ; സകലവും അവനിലേക്കു മടങ്ങേണ്ടതുമായിരിക്കെ? പ്രവാചകന്‍ പറയുക: 'ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് അവതരിച്ച വേദത്തിലും വിശ്വസിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്സന്തതികള്‍ എന്നിവര്‍ക്കവതരിപ്പിക്കപ്പെട്ടിരുന്ന ശാസനകളിലും; മൂസാ, ഈസാ എന്നിവര്‍ക്കും ഇതര പ്രവാചകന്മാര്‍ക്കും അവരുടെ നാഥങ്കല്‍നിന്ന് അവതരിച്ചിട്ടുള്ള മാര്‍ഗദര്‍ശനങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തി (മുസ്ലിം)കളല്ലോ. ഈ അനുസരണം (ഇസ്ലാം) അല്ലാത്ത ഏതൊരു മാര്‍ഗം ആര് കൈക്കൊണ്ടാലും അത് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിലോ, അവന്‍ പരാജിതരില്‍പ്പെട്ടവനായിരിക്കും.'
86-91 സത്യവിശ്വാസം കൈക്കൊള്ളുവാനനുഗ്രഹം സിദ്ധിച്ചിട്ടും നിഷേധികളായിത്തീര്‍ന്ന ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നതെങ്ങനെ; ഈ ദൈവദൂതന്‍ സത്യവാനെന്ന് അവര്‍ സ്വയം സാക്ഷ്യം വഹിച്ചിട്ടുള്ളതും അവര്‍ക്കായി തെളിഞ്ഞ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായിരിക്കെ? അധര്‍മികളായ ജനത്തിനു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കാറില്ല. അധര്‍മത്തിനുള്ള ശരിയായ പ്രതിഫലമെന്തെന്നാല്‍, അവരില്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും സകല ജനത്തിന്റെയും ശാപം ഭവിക്കുകയത്രെ. ഈ ശപ്താവസ്ഥയില്‍ അവര്‍ ചിരകാലം വസിക്കും. അവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അവര്‍ക്ക് അവധി നല്‍കപ്പെടുന്നതുമല്ല. അതിനുശേഷം പശ്ചാത്തപിക്കുകയും കര്‍മമാര്‍ഗം സംസ്കരിക്കുകയും ചെയ്തവരൊഴിച്ച്. അവര്‍ രക്ഷപ്പെടുന്നതാകുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ. എന്നാല്‍, വിശ്വസിച്ചശേഷം നിഷേധിക്കുകയും എന്നിട്ട് ആ നിഷേധത്തില്‍തന്നെ മുന്നേറുകയും ചെയ്തവരോ,22 അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ തനിച്ച ദുര്‍മാര്‍ഗികള്‍ തന്നെയാകുന്നു. സത്യനിഷേധികളാവുകയും നിഷേധികളായിത്തന്നെ മരിച്ചുപോവുകയും ചെയ്തവരുണ്ടല്ലോ, അവരിലാരെങ്കിലും തന്നെ നരകയാതനയില്‍നിന്നു മോചിപ്പിക്കേണ്ടതിന്, ഭൂമി നിറയെ കനകം പ്രായശ്ചിത്തമായി നല്‍കിയാലും സ്വീകരിക്കപ്പെടുന്നതല്ല. അത്തരക്കാര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത് നോവുന്ന ശിക്ഷയത്രെ. അവര്‍ക്കു സഹായകനായി ആരെയും ലഭിക്കുന്നതല്ല.

 

22. കേവലം നിഷേധംകൊണ്ടു മതിയാക്കാതെ, പ്രവാചകന്റെ പ്രബോധനം വിജയിക്കാതിരിക്കുന്നതിന് വിദ്വേഷവും മര്‍ദനവും അഴിച്ചുവിടുകയും, വിശ്വാസികളെ ദൈവികമാര്‍ഗത്തില്‍നിന്നു വ്യതിചലിപ്പിക്കുന്നതിനുവേണ്ടി അടിസ്ഥാനരഹിതമായ സംശയങ്ങളും ഊഹാപോഹങ്ങളും വിമര്‍ശനങ്ങളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുകയും നീചമായ അടവുകളും ഗൂഢാലോചനകളും സംഘടിപ്പിക്കുകയുമാണെങ്കില്‍ എന്നര്‍ഥം.

 

92 നിങ്ങള്‍ക്കു പ്രിയങ്കരമായതെന്തോ, അത് (ദൈവമാര്‍ഗത്തില്‍) ചെലവഴിക്കാതെ പുണ്യമാര്‍ജിക്കാന്‍ സാധ്യമല്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും സൂക്ഷ്മമായറിയുന്നവനാകുന്നു അല്ലാഹു.
93-95 (മുഹമ്മദീയ ശരീഅത്തില്‍ ഹിതകരമായ) ഭക്ഷ്യവിഭവങ്ങളൊക്കെയും ഇസ്രായേല്‍ വംശത്തിനും ഹിതകരമായിരുന്നു.23 എന്നാല്‍ തൌറാത്ത് അവതരിച്ചുകിട്ടുന്നതിനുമുമ്പ് ഇസ്രാഈല്‍ (ഹദ്റത്ത് യഅ്ഖൂബ്) തന്റെ മേല്‍ സ്വയം നിഷിദ്ധമാക്കിയ ചില പദാര്‍ഥങ്ങളുണ്ടായിരുന്നുവെന്നുമാത്രം. അവരോടു പറയുക: 'നിങ്ങള്‍ (വിമര്‍ശനത്തില്‍) സത്യസന്ധരെങ്കില്‍ തൌറാത്ത് കൊണ്ടുവരിക, എന്നിട്ടതില്‍നിന്നേതെങ്കിലും വചനം വായിച്ചുകേള്‍പ്പിക്കുക. അതിനുശേഷവും അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവരോ, അവരാകുന്നു യഥാര്‍ഥത്തില്‍ അക്രമികള്‍.' പറയുക: 'അല്ലാഹു അരുളിയിട്ടുള്ളതു സത്യമാകുന്നു. നിങ്ങള്‍ ഇബ്റാഹീമിന്റെ മാര്‍ഗം നിഷ്കളങ്കരായി പിന്‍പറ്റേണ്ടതാകുന്നു. ഇബ്റാഹീമോ, ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നില്ല.'
96-97 നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നതുതന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശനകേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണട.24 ഇബ്റാഹീമിന്റെ ആരാധനാസ്ഥാനവുമുണട. ആര്‍ അതില്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായിരിക്കുന്നു. ആ മന്ദിരത്തിലേക്കെത്തിച്ചേരുവാന്‍ കഴിവുള്ള മനുഷ്യര്‍ക്ക്, അവിടെ തീര്‍ഥാടനം ചെയ്യുവാന്‍ അല്ലാഹുവിനോട് കടമയുണട. ഈ വിധി പാലിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ, അല്ലാഹു ലോകരുടെ ആശ്രയമാവശ്യമില്ലാത്തവനാകുന്നു.

 

23. ദീനിന്റെ മൌലികവശങ്ങളില്‍ മുഹമ്മദുനബിയുടെയും പൂര്‍വപ്രവാചകന്മാരുടെയും പ്രബോധനങ്ങള്‍ തമ്മില്‍ അല്‍പവും അന്തരമില്ലാതിരുന്നതിനാല്‍ ഇസ്ലാമിന്റെ അടിസ്ഥാനശിക്ഷണങ്ങളെ ആക്ഷേപിക്കുക ജൂതന്മാര്‍ക്ക് സാധ്യമല്ലാതെവന്നപ്പോള്‍, അവര്‍ അനുഷ്ഠാനശാസ്ത്രപരമായ വിമര്‍ശനങ്ങളിലേക്കു കടന്നു. ഈയിനത്തില്‍ അവരുടെ ഒന്നാമത്തെ ആരോപണം ഇതായിരുന്നു: 'പൂര്‍വപ്രവാചകന്മാര്‍ നിഷിദ്ധമാക്കിയ പല ഭക്ഷ്യവസ്തുക്കളും ഈ പ്രവാചകന്‍ അനുവദിച്ചിരിക്കുന്നു.' ഖുര്‍ആന്‍ അതിന് മറുപടി നല്‍കുകയാണിവിടെ. ബൈതുല്‍മഖ്ദിസില്‍നിന്നു മാറി കഅ്ബയെ ഖിബ്ലയാക്കിയത് മറ്റൊരാരോപണമായിരുന്നു. തുടര്‍ന്നുള്ള സൂക്തങ്ങള്‍ മറുപടി നല്‍കുന്നതതിനാണ്.
24. അതായത്, കഅ്ബ അല്ലാഹു തൃപ്തിപ്പെട്ടംഗീകരിച്ച ദൈവികഭവനമാണെന്നതിനുള്ള നിരവധി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അതില്‍തന്നെയുണട. ജല-ഫലശൂന്യമായ മരുഭൂമിയിലാണ് അത് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും അതിന്റെ പരിസരവാസികള്‍ക്ക് അന്നമെത്തിക്കുന്നതിന് അല്ലാഹു മഹത്തായ ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു. ജാഹിലിയ്യത്തിന്റെ 2,500 കൊല്ലത്തോളം അറേബ്യയിലാകമാനം കുഴപ്പങ്ങളും സംഘട്ടനങ്ങളും നടമാടിയപ്പോള്‍, അരാജകത്വത്തിന്റെ മധ്യത്തിലും കഅ്ബയും പരിസരവും സമാധാനത്തിന്റെയും ശാന്തിയുടെയും മരുപ്പച്ചയായിത്തന്നെ നിലകൊണ്ടു. കൂടാതെ, വര്‍ഷാന്തം നാലുമാസം നാട്ടിലാകമാനം സമാധാനാവസ്ഥ കൈവന്നതും കഅ്ബയുടെ പവിത്രതമൂലമാകുന്നു. സര്‍വോപരി, അരനൂറ്റാണ്ടുമുമ്പ് കഅ്ബയെ ആക്രമിച്ചു തകര്‍ക്കാന്‍ മക്കയിലെത്തിയ സൈന്യങ്ങള്‍ ദൈവിക ശിക്ഷക്കു വിധേയരായതും നാമാവശേഷമായതും എല്ലാവരും കണ്ടുകഴിഞ്ഞിട്ടുള്ളതാണല്ലോ. മക്കയിലെ കൊച്ചുകുട്ടികള്‍ക്കുപോലും ആ സംഭവമറിയാമായിരുന്നു. അതിന്റെ ദൃക്സാക്ഷികളില്‍ പലരും ഈ സൂക്തം അവതരിച്ച ഘട്ടത്തിലും ജീവിച്ചിരിക്കുന്നുമുണ്ടായിരുന്നു.

 

98-99 പറയുക: 'അല്ലയോ വേദക്കാരേ, അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നതെന്ത്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുണട.' പറയുക: 'വേദക്കാരേ, അല്ലാഹുവിന്റെ നിര്‍ദേശങ്ങളില്‍ വിശ്വസിച്ചവരെക്കൂടി നിങ്ങള്‍ ദൈവത്തിന്റെ വഴിയില്‍നിന്ന് തടയുകയും അവര്‍ വളഞ്ഞവഴികളില്‍ സഞ്ചരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നതെന്തിന്? വിശ്വാസികള്‍ സന്മാര്‍ഗത്തിലാണെന്നതിനു നിങ്ങള്‍തന്നെ സാക്ഷികളായിരിക്കെ? നിങ്ങളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു അശ്രദ്ധനല്ലെന്നറിഞ്ഞിരിക്കുക.
100-101 അല്ലയോ വിശ്വസിച്ചവരേ, ഈ വേദം ലഭിച്ചിട്ടുള്ളവരില്‍ ഒരു വിഭാഗത്തിന്റെ വാദങ്ങള്‍ സ്വീകരിച്ചാല്‍, അവര്‍ നിങ്ങളെ വിശ്വാസികളായശേഷം സത്യനിഷേധത്തിലേക്കുതന്നെ തള്ളിവിടുന്നതാകുന്നു. നിങ്ങളോ, അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിങ്ങളില്‍ അവന്റെ ദൂതന്റെ സാന്നിധ്യവുമുണട. എന്നിരിക്കെ ഇനിയും നിഷേധികളാവാന്‍ നിങ്ങള്‍ക്ക് എന്തു ന്യായമാണവശേഷിച്ചിട്ടുള്ളത്? ആര്‍ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുന്നുവോ, നിശ്ചയം, അവന്‍ നേരായ മാര്‍ഗത്തിലേക്കു നയിക്കപ്പെട്ടിരിക്കുന്നു.
102-103 അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടേണ്ടവണ്ണം ഭയപ്പെടുവിന്‍. മുസ്ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകാതിരിക്കട്ടെ. ഒറ്റക്കെട്ടായി ദൈവികപാശത്തെ25 മുറുകെപ്പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. ഒരഗ്നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങള്‍. അവന്‍ അതില്‍നിന്നു നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തിത്തരികയാണ്; ഈ അടയാളങ്ങളിലൂടെ നിങ്ങള്‍ മോക്ഷത്തിന്റെ ശരിയായ മാര്‍ഗം കണ്ടെത്തിയെങ്കിലോ!

 

25. 'അല്ലാഹുവിന്റെ പാശം' കൊണടവിവക്ഷിച്ചിട്ടുള്ളത്, അവന്റെ ദീനാകുന്നു. ഒരുവശത്ത് വിശ്വാസികളെ അല്ലാഹുവുമായി ബന്ധിപ്പിക്കുകയും മറുവശത്ത്, വിശ്വാസികളെ പരസ്പരം ഇണക്കി സുഭദ്രമായ ഒരു സംഘടനയാക്കിനിര്‍ത്തുന്ന ഘടകമായി വര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ദൈവികദീനിനെ 'പാശം' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.

 

104-109 നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍. നിങ്ങള്‍, സുവ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ ലഭിച്ചശേഷം ഭിന്നിച്ച് വിവിധ കക്ഷികളായവരെപ്പോലെയാകരുത്. ഈ നിലപാട് സ്വീകരിച്ചവര്‍ക്ക്, ചില മുഖങ്ങള്‍ പ്രസന്നമാവുകയും മറ്റുചില മുഖങ്ങള്‍ ഇരുണ്ടുപോവുകയും ചെയ്യുന്ന ആ ഭയങ്കരനാളില്‍ ഘോരമായ ശിക്ഷയുണട. അന്ന്, മുഖം ഇരുണ്ടവരോട് (പറയപ്പെടും), സത്യവിശ്വാസം കൈക്കൊള്ളാനുള്ള അനുഗ്രഹം സിദ്ധിച്ചശേഷവും നിങ്ങള്‍ നിഷേധത്തെ അവലംബിച്ചില്ലേ? ആ അനുഗ്രഹനിഷേധത്തിന്റെ പ്രതിഫലമായി ഇപ്പോള്‍ ശിക്ഷയനുഭവിച്ചുകൊള്ളുക. എന്നാല്‍ മുഖം പ്രസന്നമായവരോ, അവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യത്തില്‍ ഇടം ലഭിക്കുന്നു. അവര്‍ സദാ ഇതേ അവസ്ഥയിലായിരിക്കും. ഇതൊക്കെയും നിങ്ങളെ നാം യഥാവിധം കേള്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവികസൂക്തങ്ങളാകുന്നു. എന്തുകൊണ്ടെന്നാല്‍ ലോകരോട് അനീതി ചെയ്യുവാന്‍ അല്ലാഹുവിന് യാതൊരുദ്ദേശ്യവുമില്ല. ആകാശഭൂമികളിലുള്ള സകല വസ്തുക്കളുടെയും ഉടമ അല്ലാഹുവാകുന്നു. സകല സംഗതികളും അല്ലാഹുവിന്റെ സമക്ഷത്തില്‍ തന്നെ സമര്‍പ്പിക്കപ്പെടുന്നതുമാകുന്നു.

 

110-112 ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഈ വേദവാഹകരും26 വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്കു ഗുണകരമായിരുന്നു. അവരില്‍ ചിലയാളുകള്‍ വിശ്വാസികളായി ഉണട. പക്ഷേ, അധികപേരും ധിക്കാരികളാകുന്നു. നിങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്കാവില്ല-- കുറെ ശല്യപ്പെടുത്താനല്ലാതെ. നിങ്ങളോട് യുദ്ധം ചെയ്യേണ്ടിവന്നാല്‍, അവര്‍ പിന്തിരിഞ്ഞ് ഓടിക്കളയും. അങ്ങനെ എങ്ങും ആശ്രയം കിട്ടാത്ത നിസ്സഹായരായിത്തീരുന്നു. എവിടെ കാണപ്പെട്ടാലും അവരില്‍ ഹീനത മുദ്രിതമായിട്ടുണ്ടായിരിക്കും. അല്ലാഹുവില്‍നിന്നോ മനുഷ്യരില്‍നിന്നോ അവര്‍ക്ക് വല്ല അവലംബവും ലഭിച്ചിട്ടുണ്ടെങ്കില്‍ അതു സംഗതി വേറെ.27 അവര്‍ അല്ലാഹുവിന്റെ കോപത്തില്‍ വീണുപോയിരിക്കുന്നു. ദീനതയാലും ഗതികേടിനാലും അവര്‍ കീഴടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിനാലത്രെ ഇതൊക്കെയുമുണ്ടായത്. ഇത് അവരുടെ ധിക്കാരത്തിന്റെയും അക്രമത്തിന്റെയും ഫലമാകുന്നു.
113-117 എന്നാല്‍ വേദവിശ്വാസികളെല്ലാവരും ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണട. അവര്‍ നിശാവേളകളില്‍ അല്ലാഹുവിന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യുകയും അവന്റെ മുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു. ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. സുകൃതങ്ങളില്‍ ഉല്‍സുകരാവുകയും ചെയ്യുന്നു. അവര്‍ സജ്ജനങ്ങളുമാകുന്നു. അവര്‍ ചെയ്യുന്ന ഒരു നന്മയും വിലമതിക്കപ്പെടാതിരിക്കുകയില്ല. അല്ലാഹു ഭക്തജനങ്ങളെ നന്നായറിയുന്നവനല്ലോ. എന്നാല്‍ സത്യനിഷേധികളായവരോ, അവരുടെ സമ്പത്താവട്ടെ സന്താനങ്ങളാവട്ടെ, അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒരു പ്രയോജനവും ചെയ്യുന്നതല്ല. അവര്‍ നരകത്തില്‍ പോകുന്നവരാകുന്നു. അതില്‍ നിത്യവാസികളുമാകുന്നു. ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ, അതിശൈത്യമുള്ള ഒരു കാറ്റിന്റേതാകുന്നു. അത് തങ്ങളില്‍തന്നെ അക്രമം പ്രവര്‍ത്തിച്ച ജനത്തിന്റെ കൃഷിയിടത്തെ ബാധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. അല്ലാഹു അവരെ ദ്രോഹിച്ചിട്ടില്ല. പിന്നെയോ, അവര്‍ തന്നെയാണ് അവരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്.

 

26. ജൂതന്മാരാണ് ഉദ്ദേശ്യം.
27. ലോകത്ത് എവിടെയെങ്കിലും അവര്‍ക്ക് സമാധാനവും സൌഖ്യവും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ സ്വയം ആര്‍ജിച്ചതല്ല, പ്രത്യുത മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്താല്‍ കിട്ടിയതാണ് എന്നര്‍ഥം. ഒന്നുകില്‍ ഏതെങ്കിലും മുസ്ലിംരാജ്യം അല്ലാഹുവിന്റെ പേരില്‍ അവര്‍ക്കഭയം നല്‍കിയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും അമുസ്ലിം രാജ്യം സ്വന്തം നിലക്ക് അവരുടെ സംരക്ഷണമേറ്റെടുത്തിരിക്കും. ചിലപ്പോഴൊക്കെ അവര്‍ക്ക് ഈ ലോകത്ത് ശക്തിനേടാന്‍ കഴിഞ്ഞിട്ടുണട. അത് അവരുടെ കഴിവുകൊണ്ടോ പ്രതാപംകൊണ്ടോ അല്ല. സുഹൃത്തുക്കളുടെ ഔദാര്യംകൊണ്ടുമാത്രമാണ്. അമേരിക്കയുടെയും റഷ്യയുടെയും ബ്രിട്ടന്റെയും മറ്റും ഔദാര്യംകൊണടജൂതന്മാര്‍ സ്ഥാപിച്ചു നിലനിര്‍ത്തിപ്പോരുന്ന ഇസ്രയേല്‍ രാഷ്ട്രത്തിന്റെ അവസ്ഥയും ഇതുതന്നെ.

 

118-120 ഓ വിശ്വാസികളേ, നിങ്ങളില്‍പ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരവസരവും അവര്‍ പാഴാക്കുന്നതല്ല. നിങ്ങള്‍ക്ക് ഹാനികരമായതെന്തും അവര്‍ക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണട. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതെക്കാള്‍ ഭയങ്കരമത്രെ. സ്പഷ്ടമായ നിര്‍ദേശങ്ങള്‍ നാം നല്‍കിക്കഴിഞ്ഞു. നിങ്ങള്‍ ബുദ്ധിയുള്ളവരെങ്കില്‍ (അവരുമായി ബന്ധപ്പെടുന്നതില്‍ സൂക്ഷ്മത പാലിക്കുക). നിങ്ങള്‍ അക്കൂട്ടരെ സ്നേഹിക്കുന്നു. അവരോ, നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങളാവട്ടെ സകല വേദങ്ങളിലും വിശ്വസിക്കുന്നുമുണട. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയുന്നു: '(നിങ്ങളുടെ ദൈവദൂതനിലും വേദത്തിലും) ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.' പിരിഞ്ഞുപോയിക്കഴിഞ്ഞാലോ, നിങ്ങളോടുള്ള വിദ്വേഷത്താല്‍ അവര്‍ വിരലുകള്‍ കടിക്കുകയായി. അവരോടു പറയുക: നിങ്ങളുടെ ദേഷ്യത്തില്‍ സ്വയം നീറി മരിച്ചുകൊള്ളുക. ഹൃദയങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളൊക്കെ അല്ലാഹു സുവ്യക്തമായി അറിയുന്നുണട. നിങ്ങള്‍ക്കൊരു നന്മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ, സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ, ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയം ചെയ്തിരിക്കുന്നു.
121-123 (പ്രവാചകന്‍, ആ സന്ദര്‍ഭം മുസ്ലിംകളെ ഒന്ന് അനുസ്മരിപ്പിക്കുക:) നീ സ്വകുടുംബത്തില്‍നിന്ന് പുലര്‍കാലത്ത് ഇറങ്ങിത്തിരിക്കുകയും വിശ്വാസികളെ യുദ്ധത്തിനായി (ഉഹുദ് മൈതാനത്ത്) അവരവരുടെ സ്ഥാനങ്ങളില്‍ നിയോഗിക്കുകയും ചെയ്ത സംഭവം. അല്ലാഹു സകലവും കേള്‍ക്കുന്നവനും സമ്പൂര്‍ണമായ അറിവുള്ളവനുമല്ലോ. നിങ്ങളില്‍ രണ്ടുകൂട്ടര്‍ ഭീരുത്വം കാണിക്കാന്‍ തുനിഞ്ഞതോര്‍ക്കുക; അവരെ സഹായിക്കാന്‍ അല്ലാഹു തയ്യാറുണ്ടായിരിക്കെ. വിശ്വാസികള്‍ അല്ലാഹുവില്‍തന്നെ ഭരമേല്‍പിക്കേണ്ടതാകുന്നു. അതിനുമുമ്പ് ബദ്റിലും അല്ലാഹു നിങ്ങളെ തുണച്ചിട്ടുണ്ടല്ലോ. അന്നു നിങ്ങള്‍ തീരെ ദുര്‍ബലരായിരുന്നു. അതിനാല്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍. അതുവഴി നിങ്ങള്‍ നന്ദിയുള്ളവരായേക്കാം!

 

124-127 നീ വിശ്വാസികളോട് പറഞ്ഞതോര്‍ക്കുക: നാഥന്‍ മൂവായിരം മലക്കുകളെ ഇറക്കി സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാകുന്നില്ലയോ, നിസ്സംശയം, സഹനമവലംബിക്കുകയും അല്ലാഹുവിനെ സൂക്ഷിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെങ്കില്‍ ശത്രുക്കളുടെ ആക്രമണമുണ്ടാകുന്ന ക്ഷണത്തില്‍തന്നെ നിങ്ങളുടെ നാഥന്‍ ഇതാ (മൂവായിരമല്ല) അടയാളമുള്ള അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കുന്നതാകുന്നു. ഈ വാര്‍ത്ത നിങ്ങള്‍ സന്തുഷ്ടരാകാനും മനോധൈര്യം നേടാനും വേണ്ടിയാകുന്നു അറിയിച്ചത്. വിജയവും സഹായവുമെല്ലാം അജയ്യനും അഭിജ്ഞനുമായ അല്ലാഹുവിങ്കല്‍നിന്നു മാത്രമുള്ളതാകുന്നു. സത്യനിഷേധികളുടെ ചിറക് ഒടിച്ചുകളയുന്നതിനോ, ആശയറ്റവരായി പിന്തിരിയുമാറ് അവരെ ഒതുക്കുന്നതിനോ വേണ്ടിയത്രെ (അവന്‍ നിങ്ങള്‍ക്ക് ഈ സഹായം നല്‍കുന്നത്).
128-129 (പ്രവാചകാ,) തീരുമാനമെടുക്കുന്നതില്‍ നിനക്ക് ഒരു പങ്കുമില്ല. അവര്‍ക്ക് മാപ്പു നല്‍കുകയോ ശിക്ഷിക്കുകയോ ചെയ്യുക അല്ലാഹുവിന്റെ അധികാരമാകുന്നു. അവര്‍ അധര്‍മികളാണല്ലോ. വാന-ഭുവനങ്ങളിലുള്ളതിനൊക്കെയും ഉടമയായവനാകുന്നു അല്ലാഹു. ഇച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നു. ഇച്ഛിക്കുന്നവരെ ശിക്ഷിക്കുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.28

 

28. ഉഹുദ് യുദ്ധത്തില്‍ നബി(സ)ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അവിടുന്ന് കാഫിറുകള്‍ക്കെതിരില്‍ പ്രാര്‍ഥിച്ചുകൊണടഇപ്രകാരം പറഞ്ഞു: 'സ്വന്തം പ്രവാചകനെ പരിക്കേല്‍പിക്കുന്ന ഒരു ജനം എങ്ങനെ വിജയിക്കാന്‍?' ഇതിനെക്കുറിച്ചാണ് ഈ സൂക്തങ്ങള്‍ സംസാരിക്കുന്നത്.

 

130-138 അല്ലയോ വിശ്വസിച്ചവരേ, ഈ കുമിഞ്ഞുകൂടുന്ന പലിശ തിന്നുന്നത് ഉപേക്ഷിക്കുവിന്‍. അല്ലാഹുവിനെ ഭയപ്പെടുവിന്‍. നിങ്ങള്‍ വിജയം വരിച്ചേക്കാം. സത്യനിഷേധികള്‍ക്കുവേണ്ടി സജ്ജീകരിക്കപ്പെട്ട നരകത്തെ കരുതിയിരിക്കുവിന്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുവിന്‍. നിങ്ങള്‍ക്കു കരുണ ലഭിക്കുമെന്നാശിക്കാം. നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്നേഹിക്കുന്നുവല്ലോ. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണട? അവര്‍, അറിഞ്ഞുകൊണടദുഷ്ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു! നിങ്ങള്‍ക്കുമുമ്പ് ഏറെ ഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടുണട. ഭൂമിയില്‍ സഞ്ചരിച്ചുനോക്കിക്കാണുവിന്‍, (അല്ലാഹുവിന്റെ വിധിവിലക്കുകളെ) നിഷേധിച്ച ജനതകളുടെ പരിണതി എന്തായിരുന്നു? ഇത് ജനത്തോടുള്ള സുവ്യക്തമായ പ്രഖ്യാപനമാകുന്നു, ദൈവഭക്തന്മാര്‍ക്കുള്ള മാര്‍ഗദര്‍ശനവും സദുപദേശവും.

 

139-143 ദുര്‍ബലഹൃദയരാവാതിരിക്കുവിന്‍. ദുഃഖിക്കാതിരിക്കുവിന്‍. നിങ്ങള്‍ തന്നെയാണ് ജേതാക്കള്‍--നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍. ഇപ്പോള്‍ നിങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ ഇതിനുമുമ്പ് ശത്രുക്കള്‍ക്കും ഇതുപോലെ ക്ഷതമേറ്റിട്ടുണട.29 ജനത്തിനിടയില്‍ നാം താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വിജയപരാജയങ്ങളുടെ നാളുകളത്രെ അത്. നിങ്ങളില്‍ സത്യത്തില്‍ വിശ്വസിച്ചവരാരെന്ന് അല്ലാഹു കാണേണ്ടതിനും യഥാര്‍ഥ സന്മാര്‍ഗസാക്ഷികളെ തെരഞ്ഞെടുക്കേണ്ടതിനുമാകുന്നു,30 അവന്‍ ഇപ്പോള്‍ അത് നിങ്ങളില്‍ സംഭവിപ്പിച്ചിട്ടുള്ളത്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഈ പരീക്ഷണത്തിലൂടെ വിശ്വാസികളെ വേര്‍തിരിച്ചു, സത്യനിഷേധികളെ കൊമ്പുകുത്തിക്കുന്നതിന് അവന്‍ ഉദ്ദേശിച്ചിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരത്തില്‍ ജീവാര്‍പ്പണം ചെയ്യുന്നവരാരെന്നും അവനുവേണ്ടി ക്ഷമിക്കുന്നവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞിട്ടില്ലെന്നിരിക്കെ, എളുപ്പത്തില്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പോയ്ക്കളയാമെന്ന് വിചാരിക്കുകയാണോ? നിങ്ങള്‍ മരണം കൊതിച്ചിരുന്നു. അതുപക്ഷേ, അതിനെ കണ്ടുമുട്ടുമ്മുമ്പായിരുന്നു. ഇപ്പോഴിതാ അതു മുന്നില്‍ വന്നുകഴിഞ്ഞു. നിങ്ങളതു നേരിട്ടു കാണുകയും ചെയ്തു.
144 മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിനുമുമ്പും പല പ്രവാചകന്മാര്‍ കടന്നുപോയിട്ടുണട. അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ടു തിരിഞ്ഞുപോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. എങ്കിലും അല്ലാഹുവിനോട് നന്ദിയുള്ളവരാകുന്ന ദാസന്മാര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു.

 

29. ബദ്ര്‍ യുദ്ധത്തിലേക്കാണ് സൂചന. ബദ്ര്‍ യുദ്ധത്തില്‍ ക്ഷതമേറ്റതുകൊണടശത്രുക്കളുടെ മനോവീര്യം നശിച്ചിട്ടില്ലെങ്കില്‍, ഉഹുദില്‍ ക്ഷതമേറ്റതുകൊണടനിങ്ങളെന്തിനു ദുര്‍ബലരാകണം എന്നാണ് താല്‍പര്യം.
30. 'വയത്തഖിദു മിന്‍കും ശുഹദാഅ്' എന്നാണ് മൂലത്തിലെ പദങ്ങള്‍. ഇതിന്റെ ഒരര്‍ഥം; 'നിങ്ങളില്‍നിന്നു കുറേ രക്തസാക്ഷികളെ ഉണ്ടാക്കാന്‍' അതായത്, 'രക്തസാക്ഷിത്വത്തിന്റെ മഹത്തായ പദവി നല്‍കാന്‍' ഉദ്ദേശിച്ചിരുന്നു എന്നാണ്. സത്യവിശ്വാസികളും കപടവിശ്വാസികളും സമ്മിശ്രമായിക്കഴിയുന്ന ഇന്നത്തെ അവസ്ഥയില്‍, ജനത്തിനു സത്യസാക്ഷികളും ഉന്നതസ്ഥാനീയരുമായ യഥാര്‍ഥ മുസ്ലിംകളെ വേര്‍തിരിച്ചെടുക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നു എന്നാണ് രണ്ടാമത്തെ അര്‍ഥം.

 

145-148 ജീവനുള്ളതൊന്നും അല്ലാഹുവിന്റെ അനുമതിയില്ലാതെ മരിക്കുക സാധ്യമല്ല. മരണമാകട്ടെ, അവധി നിശ്ചയിച്ച് എഴുതപ്പെട്ടതുമാകുന്നു. ഇവിടെ ഭൌതികലാഭം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്നവനു നാം ഇഹത്തില്‍തന്നെ പ്രതിഫലം നല്‍കുന്നു. പാരത്രികഫലം കാംക്ഷിച്ചു പ്രവര്‍ത്തിക്കുന്നവന്നോ, പരത്തിലും പ്രതിഫലം നല്‍കുന്നു. നന്ദി കാണിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രതിഫലം നാം നല്‍കുന്നതാകുന്നു. ഇതിനുമുമ്പ് എത്രയോ പ്രവാചകന്മാര്‍ കടന്നുപോയിരിക്കുന്നു. നിരവധി ഭക്തന്മാര്‍ അവരോടൊപ്പം യുദ്ധം ചെയ്തിട്ടുണട. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളെച്ചൊല്ലി അവര്‍ മനസ്സിടിഞ്ഞവരായിട്ടില്ല. ദൌര്‍ബല്യം കാണിച്ചിട്ടുമില്ല. അസത്യത്തിനു മുമ്പില്‍ തല കുനിച്ചിട്ടുമില്ല. ഈവിധമുള്ള സഹനശീലരെ അല്ലാഹു സ്നേഹിക്കുന്നു. അവരുടെ പ്രാര്‍ഥന ഇതു മാത്രമായിരുന്നു: 'നാഥാ, ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ, നിന്റെ പരിധികള്‍ കവച്ചുകടന്നുകൊണ്ടുള്ള ഞങ്ങളുടെ കര്‍മങ്ങളെ മാപ്പാക്കേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണമേ, നിഷേധികള്‍ക്കെതിരില്‍ ഞങ്ങള്‍ക്കു നീ തുണയരുളേണമേ!' അങ്ങനെ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്‍കി. അതിനെക്കാള്‍ ഉത്തമമായ പാരത്രിക ഫലവും നല്‍കി. ഇവ്വിധം സുകൃതന്മാരെയത്രെ അല്ലാഹു സ്നേഹിക്കുന്നത്.
149-151 അല്ലയോ സത്യവിശ്വാസികളേ, സത്യനിഷേധം കൈക്കൊണ്ട ജനങ്ങള്‍ക്കു വഴിപ്പെട്ടു നടക്കുകയാണെങ്കില്‍ അവര്‍ നിങ്ങളെ പിന്നോട്ട് തിരിച്ചുകൊണ്ടുപോകുന്നതും അങ്ങനെ നിങ്ങള്‍ പരാജിതരായിത്തീരുന്നതുമാകുന്നു. (അവര്‍ പറയുന്നതബദ്ധമാകുന്നു.) അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷകനും സഹായിയും എന്നതത്രെ യാഥാര്‍ഥ്യം. സഹായകരില്‍ അത്യുത്തമനല്ലോ, അവന്‍. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ അടുത്തുതന്നെ നാം ഭയം ജനിപ്പിക്കുന്നതാകുന്നു. അല്ലാഹുവിന്റെ പങ്കാളിയാണെന്നതിന് ഒരു തെളിവുമിറങ്ങിയിട്ടില്ലാത്തതിനെ അവര്‍ അല്ലാഹുവിന്റെ പങ്കാളികളാക്കിയതുകൊണ്ടത്രെ അത്. അവരുടെ അന്തിമസങ്കേതം നരകമാകുന്നു. അതിക്രമകാരികള്‍ക്കായി വിധിക്കപ്പെടുന്ന പാര്‍പ്പിടം എന്തുമാത്രം ദുഷ്ടം!!
152 (വിജയവും സഹായവും സംബന്ധിച്ച്) അല്ലാഹു നിങ്ങള്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ അവന്റെ ആജ്ഞാനുസാരം നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുകതന്നെയായിരുന്നു. പക്ഷേ, പിന്നെ നിങ്ങള്‍ ദൌര്‍ബല്യം കാണിച്ചു. കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയും, നിങ്ങള്‍ ഏറെ മോഹിച്ചിരുന്നതിനെ (സമരാര്‍ജിത ധനം) അല്ലാഹു കാണിച്ചുതന്നതോടുകൂടി സ്വന്തം നായകനെ ധിക്കരിക്കുകയും ചെയ്തുകളഞ്ഞു--നിങ്ങളില്‍ ചിലര്‍ ഭൌതിക ലാഭങ്ങളുദ്ദേശിക്കുന്നവരും ചിലര്‍ പരലോകം കാംക്ഷിക്കുന്നവരും ആയതുകൊണ്ടത്രെ അത്--അപ്പോള്‍ അല്ലാഹു സത്യനിഷേധികള്‍ക്കെതിരില്‍ നിങ്ങളെ താഴ്ത്തിക്കെട്ടി. അത് നിങ്ങളെ പരീക്ഷിക്കുന്നതിനായിരുന്നു. എന്നിട്ടും അവന്‍ നിങ്ങള്‍ക്കു മാപ്പരുളിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അല്ലാഹു സത്യവിശ്വാസികളുടെ മേല്‍ വലുതായ അനുഗ്രഹമുടയവനാകുന്നു.
153 നിങ്ങള്‍ ഓടിപ്പൊയ്ക്കൊണ്ടിരുന്നപ്പോള്‍, ആരെയും തിരിഞ്ഞുനോക്കാനുള്ള ബോധംപോലും നിങ്ങള്‍ക്കുണ്ടായിരുന്നില്ല. ദൈവദൂതന്‍ പിന്നില്‍നിന്നു നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു.31 അപ്പോള്‍ നിങ്ങളുടെ ആ നിലപാടിന് അല്ലാഹു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലം തന്നു; കൈവിട്ടുപോയതിനെച്ചൊല്ലിയും നിങ്ങള്‍ക്കു ഭവിച്ച വിപത്തുകളെച്ചൊല്ലിയും വ്യസനിക്കേണ്ടതില്ല എന്ന പാഠം മേലില്‍ ലഭിക്കാന്‍ വേണ്ടി. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെയും അഭിജ്ഞനത്രെ അല്ലാഹു.
154 ഈ വ്യസനത്തിനുശേഷം നിങ്ങളിലൊരു വിഭാഗത്തിനു നാം നിദ്രാദായകമായ ശാന്തി പ്രദാനംചെയ്തു.32 മറ്റൊരു വിഭാഗമാവട്ടെ, അവര്‍ക്ക് തങ്ങള്‍തന്നെയായിരുന്നു സര്‍വപ്രധാനം. അവര്‍ അല്ലാഹുവിനെക്കുറിച്ചു സത്യവിരുദ്ധമായ പലതരം മൂഢധാരണകള്‍ വെച്ചുപുലര്‍ത്തി. ഇപ്പോള്‍ അവര്‍ ചോദിക്കുന്നു: 'ഈ സംരംഭം തീരുമാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടോ?' അവരോടു പറയുക: '(ആര്‍ക്കും ഒരു പങ്കുമില്ല.) അതിന്റെ സര്‍വാധികാരങ്ങളും അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' വാസ്തവത്തില്‍ അവര്‍ തങ്ങളുടെ ഹൃദയങ്ങളിലൊളിച്ചുവയ്ക്കുന്നതിനെ നിന്നോടു വെളിവാക്കുന്നില്ല. അവരുടെ മനസ്സിലിരിപ്പ് ഇതാകുന്നു: '(നേതൃത്വത്തിന്റെ) അധികാരങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഇവിടെ വധിക്കപ്പെടുമായിരുന്നില്ല.' അവരോടു പറയുക: 'നിങ്ങള്‍ സ്വവസതികളില്‍തന്നെയായിരുന്നാലും മരണം വിധിക്കപ്പെട്ടവര്‍ അവരുടെ വധസ്ഥലങ്ങളിലേക്കു സ്വയം പുറപ്പെട്ടുവരുന്നതാകുന്നു. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളത്രയും, നിങ്ങളുടെ മാറിടങ്ങളില്‍ മറഞ്ഞിരിക്കുന്നതിനെ അല്ലാഹു പരീക്ഷിക്കുവാനും ഹൃദയങ്ങളിലുള്ളതിനെ കറകളഞ്ഞെടുക്കുവാനും വേണ്ടിയാകുന്നു. അല്ലാഹു ഹൃദയങ്ങളുടെ അവസ്ഥകള്‍ നന്നായി അറിയുന്നവനല്ലോ.'

 

31. ഉഹുദ്യുദ്ധത്തില്‍ മുസ്ലിംസൈന്യത്തിനുനേരെ ശത്രുക്കള്‍ രണ്ടുഭാഗത്തുനിന്നായി പെട്ടെന്ന് ആക്രമണമഴിച്ചുവിടുകയും മുസ്ലിം അണികള്‍ ചിന്നിച്ചിതറുകയും ചെയ്തപ്പോള്‍ ചിലര്‍ മദീനയിലേക്ക് ഓടിപ്പോവുകയുണ്ടായി. മറ്റുചിലര്‍ ഉഹുദുമലയില്‍ കയറി. എന്നാല്‍ നബി(സ) സ്വസ്ഥാനത്തുനിന്ന് ഒരിഞ്ചും നീങ്ങുകയുണ്ടായില്ല. ശത്രുക്കള്‍ നാനാഭാഗത്തുനിന്നും ആക്രമിച്ചുകൊണ്ടിരുന്നു. അവിടത്തെ ചുറ്റും പത്തുപന്ത്രണ്ടു പേര്‍ മാത്രം അവശേഷിച്ചു. തിരുമേനി തന്റെ സ്ഥാനത്ത് ഉറച്ചുനിന്നുകൊണട, ഓടിപ്പോകുന്നവരെ വിളിച്ചുകൊണ്ടിരുന്നു: "ദൈവദാസന്മാരേ, എന്റെ അടുത്തേക്കു വരൂ! ദൈവദാസന്മാരേ, എന്റെ അടുത്തേക്കു വരൂ!''
32. ചില മുസ്ലിം ഭടന്മാര്‍ക്കുണ്ടായ അത്ഭുതകരമായ ഒരനുഭവമായിരുന്നു ഇത്. ഈ സമരത്തില്‍ പങ്കെടുത്ത ഹ: അബൂത്വല്‍ഹ പറയുന്നു: 'ഈ സന്ദര്‍ഭത്തില്‍ കൈയില്‍നിന്ന് ഖഡ്ഗങ്ങള്‍ വീണുപോകുമാറ് ഞങ്ങള്‍ ഉറക്കം തൂങ്ങിയിരുന്നു.'

 

155 നിങ്ങളില്‍നിന്ന് യുദ്ധനാളില്‍ പിന്തിരിഞ്ഞുപോയവരുണ്ടല്ലോ, ഈ വീഴ്ചക്കു കാരണം, അവരുടെതന്നെ ചില ദൌര്‍ബല്യങ്ങളാല്‍ പിശാച് അവരുടെ പാദങ്ങള്‍ ചഞ്ചലമാക്കിയതാകുന്നു. അല്ലാഹു അവര്‍ക്ക് മാപ്പു നല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ മാപ്പരുളുന്നവനും സഹനമുള്ളവനുമാകുന്നു.
156-158 വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെ സംസാരിക്കാതിരിക്കുക. തങ്ങളുടെ ബന്ധുമിത്രാദികള്‍ ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തില്‍ പങ്കാളികളാവുകയോ (വല്ല വിപത്തുകള്‍ക്കും വിധേയരാവുകയോ) ചെയ്താല്‍ അവര്‍ പറയുന്നു: 'ഞങ്ങളുടെ അടുക്കല്‍ തന്നെയായിരുന്നുവെങ്കില്‍ അവര്‍ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല.' ഇത്തരം കാര്യങ്ങളെ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കു ദുഃഖനിമിത്തങ്ങളാക്കി വയ്ക്കുന്നു. യഥാര്‍ഥത്തില്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവന്‍ നിങ്ങളുടെ സമസ്ത കര്‍മങ്ങളിലും സൂക്ഷ്മദൃഷ്ടിയുള്ളവനല്ലോ. ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ വധിക്കപ്പെടുകയോ മരിച്ചുപോവുകയോ ചെയ്യുന്നുവെങ്കില്‍ അതുവഴി അല്ലാഹുവിങ്കല്‍നിന്നു ലഭിക്കാനിരിക്കുന്ന പാപമോചനവും അനുഗ്രഹവും, ഇക്കൂട്ടര്‍ സംഭരിച്ചുകൊണ്ടിരിക്കുന്നതിനെക്കാളെല്ലാം എത്രയോ ഉത്കൃഷ്ടമാകുന്നു. മരണപ്പെടട്ടെ, വധിക്കപ്പെടട്ടെ, രണ്ടായാലും നിങ്ങള്‍ക്കൊക്കെ തിരിച്ചുചെല്ലാനുള്ളത് അല്ലാഹുവിങ്കലേക്കുതന്നെ.
159- 160 (പ്രവാചകാ) നീ വളരെ സൌമ്യശീലനായത് അല്ലാഹുവിങ്കല്‍നിന്നുള്ള മഹത്തായ അനുഗ്രഹമാകുന്നു. നീ കഠിന ഹൃദയനായ പരുഷസ്വഭാവിയായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ. അവരുടെ തെറ്റുകള്‍ പൊറുക്കുക. അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുക. കാര്യങ്ങളില്‍, അവരോടും കൂടിയാലോചിക്കുക. എന്നിട്ട് തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവോ അവനെ ഭരമേല്‍പിച്ചു പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അല്ലാഹു തുണയ്ക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അതിജയിക്കുന്ന ഒരു ശക്തിയുമില്ല. അവന്‍ കൈവെടിയുന്നുവെങ്കിലോ, അവനുശേഷം നിങ്ങളെ തുണയ്ക്കാനാവുന്നവരാരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികളൊക്കെയും അല്ലാഹുവില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ.

 

161-164 ഒരു പ്രവാചകനും ചതിക്കുകയെന്നതില്ലതന്നെ. ഒരുവന്‍ ചതി നടത്തിയാല്‍ ആ ചതിയുമായി അവന്‍ അന്ത്യനാളില്‍ ഹാജരാകുന്നതാകുന്നു. പിന്നീട് ഓരോ ആത്മാവിനും അതിന്റെ കര്‍മഫലം പൂര്‍ണമായി നല്‍കപ്പെടുന്നു. ആരോടും യാതൊരനീതിയുമുണ്ടായിരിക്കുന്നതല്ല. ദൈവത്തിന്റെ പ്രീതിയെ സദാ പിന്തുടരുന്നവന്‍ ദൈവകോപത്തില്‍ ആണ്ടുപോയവനെപ്പോലെയാകുമോ? അവന്റെ സങ്കേതം നരകമാകുന്നു. എന്തൊരു ദുഷിച്ച പരിണതി! ഈ രണ്ടു വിഭാഗവും തമ്മില്‍ അല്ലാഹുവിങ്കല്‍ പല പടികളുടെ വ്യത്യാസമുണട. അവര്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നു. തങ്ങളില്‍നിന്നുതന്നെ അവര്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ ഔദാര്യം ചെയ്തിരിക്കുന്നു. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതം സംസ്കരിക്കുന്നു, അവരെ വേദവും തത്വജ്ഞാനവും പഠിപ്പിക്കുന്നു. ഇതിനു മുമ്പാകട്ടെ ഇതേ ജനം സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നു.
165-168 ഇതെന്ത്? ഒരു വിപത്തു ഭവിച്ചപ്പോഴേക്കും, 'ഇതെങ്ങനെ സംഭവിച്ചു?!' എന്നു കേഴുന്നുവല്ലോ, നിങ്ങള്‍. (ബദ്ര്‍ സംഭവത്തില്‍) അതിന്റെ രണ്ടിരട്ടി നാശം നിങ്ങളുടെ കരങ്ങളാല്‍ (ശത്രുപക്ഷത്തിനും) സംഭവിച്ചില്ലേ?! അവരോടു പറയുക: 'ഈ നാശം നിങ്ങള്‍തന്നെ വരുത്തിവെച്ചതാകുന്നു. അല്ലാഹുവോ, സകല സംഗതികള്‍ക്കും കഴിവുറ്റവന്‍.' യുദ്ധനാളില്‍ നിങ്ങള്‍ക്കു നേരിട്ട നഷ്ടങ്ങളൊക്കെയും, സത്യവിശ്വാസികളാരെന്നും കപടവിശ്വാസികളാരെന്നും അല്ലാഹു വേര്‍തിരിച്ചു കാണുന്നതിനുവേണ്ടി, അവന്റെ ഹിതത്താല്‍തന്നെ സംഭവിച്ചതാകുന്നു. 'വരുവിന്‍, ദൈവികസരണിയില്‍ യുദ്ധം ചെയ്യുവിന്‍. അല്ലെങ്കില്‍ ചുരുങ്ങിയത് (സ്വന്തം പട്ടണത്തെ) പ്രതിരോധിക്കുകയെങ്കിലും ചെയ്യുവിന്‍' എന്നു പറയപ്പെട്ടപ്പോള്‍ ആ കപടവിശ്വാസികള്‍ പറഞ്ഞു: 'യുദ്ധമുണ്ടാകുമെന്നറിഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ അനുഗമിക്കുമായിരുന്നു.' ഇതു പറയുന്നേരം അവര്‍ സത്യവിശ്വാസത്തേക്കാള്‍ അടുത്തിരുന്നത് നിഷേധത്തോടായിരുന്നു. അവരുടെ മനസ്സുകളില്‍ ഇല്ലാത്തതാണ്, നാവുകള്‍ പറയുന്നത്. അവര്‍ മനസ്സുകളിലൊളിച്ചുവയ്ക്കുന്നതെല്ലാം അല്ലാഹു നന്നായി അറിയുന്നുണട. സ്വയം കുത്തിയിരിക്കുകയും, സമരത്തിനുപോയി ജീവന്‍ ത്യജിച്ച തങ്ങളുടെ സഹോദരന്മാരെക്കുറിച്ച്, 'ഇവര്‍ ഞങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍ വധിക്കപ്പെടുമായിരുന്നില്ലല്ലോ' എന്നു പറയുകയും ചെയ്യുന്നവരാണിവര്‍. പറയുക: 'നിങ്ങളിപ്പറയുന്നത് സത്യമാണെങ്കില്‍ സ്വന്തം മരണം ആസന്നമാകുമ്പോള്‍ അതിനെയൊന്നു തടുത്തുകാണിക്കുവിന്‍.'

 

169-175 ദൈവികസരണിയില്‍ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്നു വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു. തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക് വിഭവം ലഭിക്കുന്നുണട. അല്ലാഹു ഏകിയ അനുഗ്രഹങ്ങളില്‍ അവര്‍ സന്തുഷ്ടരാകുന്നു. തങ്ങള്‍ക്കു പിന്നില്‍ ഇഹലോകത്ത് അവശേഷിച്ചവരും ഇനിയും തങ്ങളോടൊപ്പം എത്തിച്ചേര്‍ന്നിട്ടില്ലാത്തവരുമായ സത്യവിശ്വാസികള്‍ ഒട്ടും ഭയപ്പെടാനോ ദുഃഖിക്കാനോ സംഗതിയാകുന്നതല്ല എന്നോര്‍ത്ത് മനഃസമാധാനമുള്ളവരുമാകുന്നു, അവര്‍. അല്ലാഹുവിങ്കല്‍നിന്നുള്ള ഔദാര്യത്തിലും അനുഗ്രഹത്തിലും അവര്‍ ആഹ്ളാദംകൊള്ളുന്നു. വിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്ന് അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞു; അതെ, പരിക്കേറ്റ ശേഷവും അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കിയവരായ (സത്യവിശ്വാസികളുടെ പ്രതിഫലം).33 അവരില്‍ സുകൃതികളും ഭക്തന്മാരുമായവര്‍ക്ക് മഹത്തായ പ്രതിഫലമുണട. അവരോട് ജനം പറഞ്ഞു: 'നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍.' അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.' ഒടുവില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഔദാര്യവും അനുഗ്രഹവുംകൊണടഅവര്‍ തിരിച്ചെത്തി. ഒരാപത്തുമണഞ്ഞില്ല. അല്ലാഹുവിന്റെ പ്രീതിയെ പിന്തുടര്‍ന്നതിനുള്ള ശ്രേഷ്ഠത ലഭിക്കുകയും ചെയ്തു. അല്ലാഹു മഹത്തായ അനുഗ്രഹമരുളുന്നവനല്ലോ.34 അതു വാസ്തവത്തില്‍ സാത്താനായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിവായി. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ഭാവിയില്‍ മനുഷ്യരെ ഭയപ്പെടാതിരിക്കുവിന്‍. വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍.

 

33. മുശ്രിക്കുകള്‍ ഉഹുദില്‍നിന്നു മടങ്ങി കുറേ താവളങ്ങള്‍ പിന്നിട്ടശേഷമാണ് അവര്‍ക്കു ബോധമുദിച്ചത്. അവര്‍ പരസ്പരം പറഞ്ഞു: നമ്മള്‍ എന്താണീ ചെയ്തത്? മുഹമ്മദിനെ നശിപ്പിക്കാനൊരു സുവര്‍ണാവസരം ലഭിച്ചിട്ട് കളഞ്ഞുകുളിച്ചല്ലോ. അങ്ങനെ അവര്‍ ഒരിടത്ത് ഒരുമിച്ചിരുന്നു മദീനയെ വീണ്ടും ആക്രമിക്കുന്നതിനെക്കുറിച്ചാലോചിച്ചു. എന്നാല്‍ അതിനു ധൈര്യം വന്നില്ല. അവര്‍ മക്കയിലേക്കുതന്നെ മടങ്ങി. മറുവശത്ത്, ശത്രുക്കള്‍ വീണ്ടും ആക്രമണം നടത്തിയേക്കുമോ എന്ന് നബി
(സ)ക്കും ആശങ്കയുണ്ടായിരുന്നു. അതിനാല്‍ യുദ്ധത്തിന്റെ പിറ്റേന്നുതന്നെ അവിടുന്ന് മുസ്ലിംകളെ വിളിച്ചുകൂട്ടി, ശത്രുക്കളെ പിന്തുടരേണ്ടതിന്റെ ആവശ്യകതയറിയിച്ചു. വളരെ സങ്കീര്‍ണമായ സാഹചര്യമായിരുന്നിട്ടും യഥാര്‍ഥ സത്യവിശ്വാസികള്‍ ത്യാഗത്തിനു സന്നദ്ധരായി. നബി(സ) അവരെയും കൂട്ടി, മദീനയില്‍നിന്ന് എട്ടുനാഴിക ദൂരെയുള്ള ഹംറാഉല്‍അസദ് വരെ പോവുകയുണ്ടായി. ഈ ആത്മത്യാഗികളാണ് പ്രകൃതസൂക്തത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.
34. ഉഹുദില്‍നിന്നു മടങ്ങുമ്പോള്‍ 'അടുത്തകൊല്ലം ബദ്റില്‍വെച്ചു വീണ്ടും കാണാം' എന്ന് അബൂസുഫ്യാന്‍ വെല്ലുവിളിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നിശ്ചിതസമയം അടുത്തപ്പോള്‍ അദ്ദേഹം അധീരനായി; രക്ഷപ്പെടുവാന്‍ ഒരു തന്ത്രം കണ്ടെത്തി. മദീനയിലേക്ക് ഒരു ചാരനെ അയച്ചു. അയാള്‍ അവിടെച്ചെന്ന്, ഈ വര്‍ഷം ഖുറൈശികള്‍ അതിഗംഭീരമായ സൈന്യം സംഘടിപ്പിച്ചിട്ടുണ്ടെന്നും അറബികളിലാര്‍ക്കും തന്നെ നേരിടാനാവാത്തവിധം സുശക്തവും സുഭദ്രവുമാണത് എന്നും മറ്റും വ്യാജപ്രചാരണം നടത്തിക്കൊണ്ടിരുന്നു. ചില മുസ്ലിംകളും ഈ പ്രചാരണത്തില്‍ കുടുങ്ങുകയുണ്ടായി. പക്ഷേ, ഒരു നിറഞ്ഞ സദസ്സില്‍വെച്ച് അല്ലാഹുവിന്റെ റസൂല്‍, 'ആരുമില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്കു പുറപ്പെടും' എന്നു പ്രഖ്യാപിച്ചപ്പോള്‍ ആത്മത്യാഗികളായ ആയിരത്തഞ്ഞൂറു പേര്‍ അദ്ദേഹത്തോടൊപ്പം പുറപ്പെടാന്‍ തയ്യാറായി. തിരുമേനി അവരെയും കൂട്ടി മദീനയില്‍നിന്നു പുറപ്പെട്ടു. എന്നാല്‍ അബൂസുഫ്യാന്‍ വരികയുണ്ടായില്ല. മുസ്ലിംകള്‍ എട്ടുനാള്‍ ബദ്റില്‍ താമസിച്ചു വ്യാപാരാദി ഇടപാടുകളിലൂടെ നല്ല സാമ്പത്തിക മെച്ചമുണ്ടാക്കി തിരിച്ചുപോരുകയാണുണ്ടായത്.

 

176-178 പ്രവാചകാ, സത്യനിഷേധ രംഗത്ത് കഠിനാധ്വാനം ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളൊന്നും നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവര്‍ക്ക് അല്ലാഹുവിനെ ഒട്ടും ദ്രോഹിക്കാന്‍ സാധിക്കുകയില്ല. പരലോകത്തില്‍ അവര്‍ക്കായി ഒരു വിഹിതവും വെച്ചേക്കരുതെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. അവസാനം ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. വിശ്വാസമുപേക്ഷിച്ച് നിഷേധം കൊണ്ടവരുണ്ടല്ലോ, അവര്‍ അല്ലാഹുവിന് ഒരു ദോഷവും ചെയ്യുന്നില്ല. നോവുന്ന ശിക്ഷയാകുന്നു അവര്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. നാം സാവകാശം നല്‍കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് സത്യനിഷേധികള്‍ കരുതേണ്ടതില്ല. അവരുടെ പാപഭാരം വര്‍ധിക്കുവാന്‍ വേണ്ടി മാത്രമാകുന്നു അവര്‍ക്ക് സാവകാശം നല്‍കിക്കൊണ്ടിരിക്കുന്നത്. അവര്‍ക്കുള്ളത് അവരെ നിന്ദിതരാക്കുന്ന ശിക്ഷയാകുന്നു.
179 തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു സത്യവിശ്വാസികളെ അശേഷം അനുവദിക്കുകയില്ല. അവന്‍ ഉത്തമന്മാരെ അധമന്മാരില്‍നിന്നു വേര്‍തിരിക്കുകതന്നെ ചെയ്യും. എന്നാല്‍ നിങ്ങള്‍ക്ക് അതിഭൌതികകാര്യങ്ങള്‍ വെളിപ്പെടുത്തിത്തരികയെന്നത് അല്ലാഹുവിന്റെ രീതിയല്ല.35 (അതിഭൌതികകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതിന്) അവന്‍ തന്റെ ദൂതന്മാരില്‍നിന്ന് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കുന്നു. അതിനാല്‍ (അതിഭൌതികകാര്യങ്ങളെ സംബന്ധിച്ചേടത്തോളം) നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുവിന്‍. വിശ്വാസത്തിന്റെയും ദൈവഭക്തിയുടെയും മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ മഹത്തായ പ്രതിഫലം ലഭിക്കുന്നതാകുന്നു.
180 അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പിശുക്കുകാണിക്കുന്നവര്‍, ആ പിശുക്ക് തങ്ങള്‍ക്കു ഗുണകരമാണെന്നു കരുതാതിരിക്കട്ടെ. അല്ല, അതവര്‍ക്കു വളരെ ദോഷകരമാകുന്നു. പിശുക്കി സമ്പാദിച്ചുവെച്ചതൊക്കെയും അന്ത്യനാളില്‍ അവര്‍ക്കു കണ്ഠവളയമായിത്തീരും. വാന-ഭുവനങ്ങളുടെ അന്തിമമായ അവകാശം അല്ലാഹുവിനു മാത്രമാകുന്നു. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചെല്ലാം അഭിജ്ഞനല്ലോ.

 

35. നിങ്ങളില്‍ ആരാണ് യഥാര്‍ഥ സത്യവിശ്വാസിയെന്നും ആരാണ് കപടവിശ്വാസിയെന്നും നിങ്ങള്‍ക്കു മനസ്സിലാക്കിത്തരുന്നതുവരെ എന്നര്‍ഥം.

 

181-182 അല്ലാഹു ദരിദ്രനും ഞങ്ങള്‍ ധനികരുമാകുന്നു, എന്നു ഘോഷിച്ചവരുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു.36 അവര്‍ പറഞ്ഞതു നാം രേഖപ്പെടുത്തുന്നുമുണട. അവര്‍ ഇതിനുമുമ്പ് അന്യായമായി പ്രവാചകന്മാരെ വധിച്ചതും രേഖയിലുണട. (അന്തിമ വിധി കല്‍പിക്കുമ്പോള്‍) നാം അവരോട് പറയും: 'ഇനി നിങ്ങള്‍, കരിച്ചുകളയുന്ന നരകശിക്ഷ ആസ്വദിക്കുവിന്‍. ഇതു നിങ്ങളുടെതന്നെ കരങ്ങള്‍ സമ്പാദിച്ചതാകുന്നു. അല്ലാഹുവോ, തന്റെ അടിമകളെ പീഡിപ്പിക്കുന്നവനല്ലതന്നെ.'
183-185 (അദൃശ്യലോകത്തുനിന്നുള്ള) അഗ്നി വന്നു വിഴുങ്ങിക്കളയുന്ന ബലി അര്‍പ്പിക്കാത്ത യാതൊരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു ഞങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നു എന്നു പറയുന്നവരുണ്ടല്ലോ, അവരോട് പറയുക: 'എനിക്കുമുമ്പ്, സുവ്യക്തമായ തെളിവുകളോടുകൂടിയും നിങ്ങള്‍ പറഞ്ഞ ദിവ്യാത്ഭുതം അവതരിപ്പിച്ചുകൊണ്ടും നിരവധി പ്രവാചകന്മാര്‍ വന്നിട്ടുണ്ടായിരുന്നുവല്ലോ. (വിശ്വസിക്കുവാന്‍ ഈ നിബന്ധനയുന്നയിക്കുന്നതില്‍) സത്യസന്ധരാണെങ്കില്‍ ആ പ്രവാചകവര്യന്മാരെ നിങ്ങള്‍ വധിച്ചുകളഞ്ഞതെന്തിന്?' അതിനാല്‍ പ്രവാചകാ, ഈ ജനം നിന്നെ നിഷേധിക്കുന്നുവെങ്കില്‍, നിനക്കുമുമ്പും നിരവധി പ്രവാചകന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുള്ളതാകുന്നു. അവരൊക്കെയും വ്യക്തമായ ദൃഷ്ടാന്തങ്ങളും ഏടുകളും വെളിച്ചം ചൊരിയുന്ന വേദങ്ങളും കൊണ്ടാണ് ആഗതരായിരുന്നത്. സമസ്ത മനുഷ്യരും മരണം രുചിക്കേണ്ടവരാകുന്നു. നിങ്ങളെല്ലാവരുടെയും കര്‍മഫലം അന്ത്യനാളില്‍ പരിപൂര്‍ണമായി നല്‍കപ്പെടും. അവിടെ നരകാഗ്നിയില്‍നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവനാരോ, അവനത്രെ യഥാര്‍ഥത്തില്‍ വിജയം നേടിയവന്‍. ഈ ഭൌതികജീവിതമാകട്ടെ, വഞ്ചനാത്മകമായ ചരക്കു മാത്രമാകുന്നു.
186-189 മുസ്ലിംകളേ, നിങ്ങള്‍ ജീവധനാദികളാല്‍ പരീക്ഷിക്കപ്പെടുകതന്നെ ചെയ്യും. വേദവിശ്വാസികളില്‍നിന്നും ബഹുദൈവാരാധകരില്‍നിന്നും അനേകം ദ്രോഹകരമായ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുകയും ചെയ്യും. ഈ അവസരങ്ങളിലെല്ലാം നിങ്ങള്‍ സഹനത്തിന്റെയും ദൈവഭക്തിയുടെയും പാതയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ നിശ്ചയം അതു മഹത്തായ സാഹസമത്രെ. ഈ വേദവാഹകരെ, അല്ലാഹു അവരില്‍നിന്നു വാങ്ങിയ പ്രതിജ്ഞ ഒന്നോര്‍മിപ്പിക്കുക: 'നിങ്ങള്‍ വേദോപദേശങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കേണ്ടതുണട. അവ ഒളിപ്പിച്ചുവയ്ക്കുവാന്‍ പാടില്ല.'

 

36. ഇത് ജൂതന്മാരുടെ ജല്‍പനമായിരുന്നു. 'അല്ലാഹുവിന് ഉത്തമമായ കടം നല്‍കാനാരുണട?' എന്ന സൂക്തത്തെ പരിഹസിച്ചുകൊണടഅവര്‍ പറഞ്ഞു: 'അല്ലാഹു പാപ്പരായിരിക്കുന്നു. അവനിപ്പോള്‍ മനുഷ്യരോട് കടംവാങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്.'

 

പക്ഷേ, അവര്‍ വേദത്തെ പുറകോട്ടു വലിച്ചെറിഞ്ഞു. തുച്ഛമായ വിലയ്ക്കുവേണ്ടി അവരതു വിറ്റുകളഞ്ഞു. എത്ര നീചമായ ഇടപാടാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്! സ്വന്തം ചെയ്തികളില്‍ നിഗളിക്കുകയും സത്യത്തില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത കാര്യങ്ങളുടെ പേരില്‍ സ്തുതിക്കപ്പെടണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവര്‍ ജയിച്ചുവെന്നു നീ ഒരിക്കലും കരുതേണ്ടതില്ല. അവര്‍ക്കായി നോവുന്ന ശിക്ഷയൊരുക്കിവെച്ചിട്ടുണട. ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാകുന്നു. അവന്റെ ശക്തി സകലത്തേയും ഉള്‍ക്കൊള്ളുന്നതുമാകുന്നു.
190-194 ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങള്‍ മാറിമാറിവരുന്നതിലും, ബുദ്ധിശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണട; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിര്‍മാണത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികള്‍ക്ക്. (അവര്‍ അനിച്ഛയാ പറഞ്ഞുപോകുന്നു:) 'ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായും വ്യര്‍ഥമായും സൃഷ്ടിച്ചതല്ലതന്നെ. നിന്റെ വിശുദ്ധി പാഴ്വേലകള്‍ക്കെല്ലാം അതീതമാകുന്നു. നീ ഞങ്ങളെ നരകശിക്ഷയില്‍നിന്നു രക്ഷിക്കേണമേ! നാഥാ, നീ ആരെയെങ്കിലും നരകത്തിലെറിയുന്നുവെങ്കില്‍, അവനെ വലിയ അപമാനഗര്‍ത്തത്തില്‍ തള്ളിക്കളഞ്ഞു. പിന്നെ, അത്തരം അധര്‍മികള്‍ക്കു തുണയേതുമുണ്ടായിരിക്കുന്നതല്ല. ഞങ്ങളുടെ നാഥാ, സത്യവിശ്വാസത്തിലേക്കു വിളിക്കുന്ന ഒരു വിളിയാളന്‍, നിങ്ങളുടെ നാഥനില്‍ വിശ്വസിപ്പിന്‍ എന്നു വിളിച്ചുകൊണ്ടിരിക്കുന്നത് കേട്ടു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. തമ്പുരാനേ, അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, ഞങ്ങളിലുള്ള തിന്മകള്‍ ദൂരീകരിക്കേണമേ, ഞങ്ങളെ നീ സജ്ജനങ്ങളോടൊപ്പം മരിപ്പിക്കേണമേ! നാഥാ, നിന്റെ ദൂതന്മാരിലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളതൊക്കെയും ഞങ്ങള്‍ക്കു നിവര്‍ത്തിച്ചു തരേണമേ, അന്ത്യനാളില്‍ ഞങ്ങളെ അപമാനത്തിലകപ്പെടുത്തരുതേ, നിശ്ചയം നീ വാഗ്ദത്തം ലംഘിക്കാത്തവനല്ലോ!'

 

195 നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്നു പുറത്താക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ. ഉല്‍കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.
196-199 പ്രവാചകാ, ലോകത്തെങ്ങുമുള്ള സത്യനിഷേധികളുടെ കൂത്താട്ടം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ. അതു ക്ഷണികജീവിതത്തിലെ തുച്ഛസുഖം മാത്രം. പിന്നീട് അവരെല്ലാം നരകത്തിലേക്കു ഗമിക്കും. എത്ര നികൃഷ്ടമായ വസതിയാണത്! എന്നാല്‍, നാഥനെ ഭയന്നു ജീവിച്ചവരോ, അവര്‍ക്കായി കീഴ്ഭാഗങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളുണട. അവരതില്‍ നിത്യവാസികളാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള ആതിഥ്യമാണത്. അല്ലാഹുവിങ്കലുള്ളതെന്തോ, അതത്രെ സജ്ജനങ്ങള്‍ക്ക് ശ്രേഷ്ഠമായിട്ടുള്ളത്. വേദവിശ്വാസികളിലും ഈവിധം ചിലരുണട: അല്ലാഹുവിലും നിങ്ങള്‍ക്കവതരിച്ച വേദത്തിലും അതിനുമുമ്പവതരിച്ച വേദത്തിലും വിശ്വസിക്കുന്നവര്‍; അല്ലാഹുവിന്റെ മുമ്പില്‍ ഭക്തിപൂര്‍വം നിലകൊള്ളുന്നവര്‍; അല്ലാഹുവിനെ ഭയപ്പെടുന്നവര്‍. അല്ലാഹുവിന്റെ സൂക്തങ്ങളെ അവര്‍ തുച്ഛവിലയ്ക്കു വില്‍ക്കുകയില്ല. നാഥങ്കല്‍ അവര്‍ക്ക് പ്രതിഫലമുണട. അല്ലാഹുവോ, അതിശീഘ്രം കണക്കുനോക്കുന്നവനാകുന്നു.
200 ഓ വിശ്വസിച്ചവരേ, ക്ഷമയോടെ പ്രവര്‍ത്തിക്കുക. അസത്യത്തിന്റെ വാഹകര്‍ക്കെതിരില്‍ സ്ഥൈര്യമുള്ളവരായിരിക്കുക. സത്യസേവനത്തിന് പൂര്‍ണസന്നദ്ധരായിരിക്കുക. അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുക--നിങ്ങള്‍ക്കു വിജയം പ്രതീക്ഷിക്കാം.

 
 
 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.