| |
 |
|
|
|
അധ്യായം 21
|
|
അവതരണം മക്കയില്‍. 7 ഖണ്ഡിക, 112 സൂക്തം
|
|
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-3- ജനത്തിന്റെ വിചാരണാസമയം അടുത്തെത്തിയിരിക്കുന്നു. അവരോ, അശ്രദ്ധയാല്‍ പുറംതിരിഞ്ഞിരിക്കുകയാകുന്നു. റബ്ബിങ്കല്‍നിന്നുള്ള ഏത് പുതിയ ഉദ്ബോധനം വന്നെത്തുമ്പോഴും അവരതു വൈമനസ്യത്തോടെ കേള്‍ക്കുക മാത്രം ചെയ്യുന്നു. സ്വന്തം വിനോദത്തില്‍ത്തന്നെ നിരതരായിക്കൊണ്ട്; അവരുടെ മനസ്സുകള്‍ (ഇതര വിചാരങ്ങളില്‍) അഭിരമിക്കുകയാകുന്നു.
-3 അക്രമികള്‍ തമ്മില്‍ മന്ത്രിക്കുന്നു: എന്തായാലും ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ തന്നെയല്ലയോ? പിന്നെ നിങ്ങളെന്താ കണ്ടുകൊണ്ട് ആഭിചാരത്തിന്റെ കെണിയില്‍ ചെന്നു പെടുകയാണോ?
4 ദൈവദൂതന്‍ പറഞ്ഞു: ആകാശത്തിലും ഭൂമിയിലും പറയപ്പെടുന്നതൊക്കെയും എന്റെ റബ്ബ് അറിയുന്നുണ്ട്. അവന്‍ എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമല്ലോ.'1
5-6 അവര്‍ പറയുന്നു: 'പക്ഷേ, ഇത് പാഴ്ക്കിനാവുകളാണ്. അല്ല, ഇത് ഇയാള്‍ സ്വയം ചമച്ചതാണ്. അല്ല, ഇയാള്‍ ഒരു കവിയാണ്. അല്ലെങ്കില്‍, ആദികാല ദൈവദൂതന്മാരോടൊപ്പം അയക്കപ്പെട്ടതുപോലുള്ള ദൃഷ്ടാന്തം കൊണ്ടുവരട്ടെ.' എന്നാല്‍, ഇവര്‍ക്കുമുമ്പ് നാം ഉന്മൂലനംചെയ്ത ഒരു നാടും വിശ്വസിച്ചിട്ടില്ല. ഇനിയിപ്പോള്‍ ഇക്കൂട്ടര്‍ വിശ്വസിക്കുമോ? |
| |
1. തനിക്കെതിരായ വ്യാജപ്രചാര വേലകള്‍ക്കും ഗൂഢാലോചനകള്‍ക്കും പ്രവാചകന്‍ നല്‍കിയ മറുപടി ഇതു മാത്രമായിരുന്നു: 'ദൈവം എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഉറക്കെപ്പറയുന്നതും പതുക്കെപ്പതുക്കെ ചെവികളില്‍ വിതച്ചുകൊണ്ടിരിക്കുന്നതുമെല്ലാം അവന്റെ ജ്ഞാനത്തിലുണ്ട്. ധിക്കാരികളായ പ്രതിയോഗികള്‍ക്ക് പ്രതിവചനം മറുപടി കൊടുക്കാന്‍ പ്രവാചകന്‍ ഒരിക്കലും തുനിഞ്ഞിരുന്നില്ല. |
| |
|
7-9 പ്രവാചകാ! നിനക്കുമുമ്പും മനുഷ്യരെത്തന്നെയാണ് നാം ദൈവദൂതന്മാരായി നിയോഗിച്ചിട്ടുള്ളത്. നാം അവര്‍ക്കു ദിവ്യബോധനം നല്‍കിയിരുന്നു. നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ വേദക്കാരോടു ചോദിച്ചുനോക്കുക. ആ ദൈവദൂതന്മാര്‍ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവര്‍ ഇവിടെ എന്നെന്നും ജീവിക്കുന്നവരുമായിരുന്നില്ല. നോക്കൂ അവരോടുള്ള വാഗ്ദത്തം നാം സാക്ഷാത്കരിച്ചു. അങ്ങനെ, അവരെയും, നാം ഉദ്ദേശിച്ച മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അതിരുകടന്നവരെ നശിപ്പിച്ചുകളയുകയും ചെയ്തു.
10 ജനങ്ങളേ, നാമിതാ നിങ്ങളിലേക്ക് ഒരു വേദം അയച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കു വേണ്ട ിയുള്ള ഉദ്ബോധനമാണുള്ളത്. നിങ്ങള്‍ മനസ്സിലാക്കുന്നില്ലയോ.2
11-15 അക്രമികളായ എത്രയെത്ര നാടുകളെയാകുന്നു നാം തകര്‍ത്തുകളഞ്ഞിട്ടുള്ളത്! അവര്‍ക്കുശേഷം വേറെ സമൂഹത്തെ വളര്‍ത്തുകയും ചെയ്തു. നമ്മുടെ ശിക്ഷ അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ അവരതാ അവിടന്നു ഓടിപ്പോകുന്നു. അവരോടു(പറയപ്പെട്ടു:) 'ഓടേണട, സ്വന്തം വസതികളിലേക്കും അനുഭവിച്ചുകൊണ്ടിരുന്ന സുഖാഡംബരങ്ങളിലേക്കും തന്നെ മടങ്ങുവിന്‍; നിങ്ങള്‍ അന്വേഷിക്കപ്പെട്ടേക്കും.'3 അവര്‍ കേണു: 'ഹാ! നമ്മുടെ ദൌര്‍ഭാഗ്യം! നിസ്സംശയം, നമ്മള്‍ കുറ്റവാളികളായിരുന്നു.' നാം അവരെ, നിര്‍ജീവമായ താളുകളാക്കുന്നതുവരെ അവര്‍ ഇങ്ങനെ വിലപിച്ചുകൊണ്ടിരുന്നു.
16-18 ഈ ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം വിനോദമായി സൃഷ്ടിച്ചിട്ടുള്ളതല്ല. ഒരു കളിക്കോപ്പുണ്ട ാക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍, അതു മാത്രമാണ് ചെയ്യാനുണ്ട ായിരുന്നതുമെങ്കില്‍ നമ്മുടെ പക്കല്‍നിന്നുതന്നെ അതു ചെയ്തുകൊള്ളുമായിരുന്നു.4 പക്ഷേ, നാം സത്യംകൊണ്ട് മിഥ്യയിന്മേല്‍ ഇടിക്കുകയാകുന്നു. അങ്ങനെ, സത്യം മിഥ്യയുടെ തലയുടക്കുന്നു. അപ്പോള്‍ കാണക്കാണെ അതു തിരോഭവിക്കുന്നു. നിങ്ങള്‍ കെട്ടിച്ചമക്കുന്ന ഈ വര്‍ത്തമാനങ്ങള്‍ നിമിത്തം നാശം മാത്രമാണ് നിങ്ങള്‍ക്കുള്ളത്. |
| |
2. അതില്‍ ഭാവനയോ സ്വപ്നമോ ഒന്നുമില്ല. നിങ്ങള്‍ക്കുവേണ്ട ിത്തന്നെയുള്ള ഉദ്ബോധനമാണുള്ളത് എന്നര്‍ഥം. നിങ്ങളുടെ ആത്മീയകാര്യങ്ങളും വ്യാവഹാരിക ജീവിതവുമാണതിലെ പ്രമേയം. നിങ്ങളുടെ പ്രകൃതിയും ഘടനയും ആദിയും അന്ത്യവും അത് ചര്‍ച്ച ചെയ്യുന്നു. നിങ്ങള്‍ക്കു ചുറ്റുമുള്ള സത്യദൃഷ്ടാന്തങ്ങള്‍ ചൂണ്ട ിക്കാണിക്കുന്നു. നിങ്ങളുടെ സ്വഭാവഗുണങ്ങളില്‍ ശ്രേഷ്ഠമേതെന്നും നികൃഷ്ടമേതെന്നും വേര്‍തിരിച്ചു കാണിക്കുന്നു. അത് ശരിയാണെന്ന് നിങ്ങളുടെ മനസ്സാക്ഷി സമ്മതിക്കും. അതില്‍ ഏത് സംഗതിയാണ് നിങ്ങളുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം സങ്കീര്‍ണവും ജടിലവുമായിട്ടുള്ളത്?
3. ഇതിന്റെ താല്‍പര്യം പല വിധത്തിലാകാം. ഉദാ: നന്നായി ശിക്ഷയനുഭവിച്ചുകൊള്ളുക. നാളെ ഇതെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ ശരിക്കും വര്‍ണിച്ചുകൊടുക്കാന്‍ കഴിയണം. നിങ്ങളുടെ ആ സുഖാഡംബരങ്ങളെല്ലാം സജ്ജീകരിച്ച് സദസ്സുകളെ ഹരംകൊള്ളിക്കുവിന്‍. ഒരുപക്ഷേ, ഇപ്പോഴും നിങ്ങളുടെ സേവകപ്പരിഷകള്‍ കൈകെട്ടിനിന്നുകൊണ്ട് 'പ്രഭോ, ആജ്ഞാപിച്ചാലും!' എന്നു പറഞ്ഞേക്കും. നിങ്ങളുടെ ആ കമ്മിറ്റികളും കൌണ്‍സിലുകളും വിളിച്ചുചേര്‍ക്കുക. നിങ്ങളുടെ പ്രഗല്‍ഭമായ ഉപദേശങ്ങളെയും സുചിന്തിതമായ അഭിപ്രായങ്ങളെയും പ്രയോജനപ്പെടുത്തുന്നതിനു വേണ്ട ി ജനം തടിച്ചുകൂടിയേക്കും.
4. നമുക്കു കളിക്കണമെന്നുണെടങ്കില്‍ കളിക്കോപ്പുണ്ടാക്കി നാം സ്വയം കളിക്കുമായിരുന്നു. ആ രൂപത്തില്‍, ഇന്ദ്രിയജ്ഞാനവും ബോധവും ഉത്തരവാദിത്വവുമുള്ള ഒരു സൃഷ്ടിയെ സൃഷ്ടിച്ചു വിടുക എന്ന അനീതി നാം ചെയ്യുമായിരുന്നില്ല. അവര്‍ക്കിടയില്‍ സത്യാസത്യങ്ങളുടെ ഈ സംഘട്ടനവും വടംവലിയും ഉണ്ടാക്കുകയുമില്ലായിരുന്നു. കേവലം തമാശക്കും വിനോദത്തിനും വേണ്ട ി നല്ലവരായ ദൈവദാസന്മാരെ നാം കാരണംകൂടാതെ ക്ളേശങ്ങളിലകപ്പെടുത്തുകയുമില്ല.
|
| |
|
19-20 ആകാശ-ഭൂമികളിലുള്ള സൃഷ്ടിയേതും അല്ലാഹുവിന്റേതാകുന്നു. അവന്റെ സന്നിധിയിലുള്ളവര്‍ (മലക്കുകള്‍) സ്വയം വലിയവരെന്നു കരുതി, അവന്ന് ഇബാദത്ത് ചെയ്യുന്നതില്‍നിന്നു മാറിനില്‍ക്കുന്നില്ല. അവര്‍ക്കു മുഷിയുന്നുമില്ല.5 അവര്‍ രാപ്പകല്‍ അവിരാമം അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
21 ഈ ജനം നിര്‍മിച്ച വ്യാജ ദൈവങ്ങള്‍ (നിര്‍ജീവമായതിനു ജീവന്‍ നല്‍കി) ഉയിര്‍ത്തെഴുന്നേല്‍പിക്കുമോ?
22-23 ആകാശലോകത്തും ഭൂമിയിലും അല്ലാഹുവിനെക്കൂടാതെ വേറെ ദൈവങ്ങളുണ്ട ായിരുന്നുവെങ്കില്‍, രണ്ടിന്റെയും സംവിധാനം താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ ജല്‍പിച്ചുകൊണ്ട ിരിക്കുന്നതില്‍ നിന്നെല്ലാം പരിശുദ്ധനത്രെ സിംഹാസനത്തിനുടയവനായ അല്ലാഹു. അവന്‍ തന്റെ കര്‍മങ്ങള്‍ക്ക്(ആരുടെ മുമ്പിലും) ഉത്തരം പറയേണ്ട വനല്ല. അവരോ, ഒക്കെയും ഉത്തരം പറയേണ്ട വരാകുന്നു.
24-25 അവനെ വെടിഞ്ഞ് അവര്‍ മറ്റു ദൈവങ്ങളെ സ്വീകരിച്ചുവോ? പ്രവാചകന്‍ അവരോടു പറയുക: 'നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരിക. ഈ വേദമുണ്ട്; അത് എന്റെ കാലഘട്ടത്തിലെ ജനങ്ങള്‍ക്കുള്ള ഉദ്ബോധനമുള്‍ക്കൊള്ളുന്നു. ആ വേദങ്ങളുമുണ്ട്; അവ എനിക്കു മുമ്പുണ്ടായിരുന്ന ജനങ്ങള്‍ക്കുള്ള ഉദ്ബോധനമുള്‍ക്കൊള്ളുന്നു.' പക്ഷേ, അവരിലധികമാളുകളും യാഥാര്‍ഥ്യമറിയാത്തവരാകുന്നു. തന്നിമിത്തം അവര്‍ തിരിഞ്ഞുകളയുന്നു. നിനക്കു മുമ്പു നാം ഏതൊരു ദൂതനെയും നിയോഗിച്ചിട്ടുള്ളത്, 'ഞാനല്ലാതെ വേറൊരു ഇലാഹില്ല, അതിനാല്‍ എനിക്കുമാത്രം ഇബാദത്തു ചെയ്യണം' എന്നു ദിവ്യബോധനം നല്‍കിക്കൊണ്ടു മാത്രമാകുന്നു.
26-29 അവര്‍ പറയുന്നു: 'കരുണാവാരിധിയായ അല്ലാഹുവിനു മക്കളുണ്ട്.' സുബ്ഹാനല്ലാഹ്! അവരോ, (മലക്കുകള്‍) ആദരണീയ ദാസന്മാരാകുന്നു. അവര്‍ അവനെ കവച്ചുവെച്ചു സംസാരിക്കുകയില്ല. പ്രത്യുത, അവന്റെ ആജ്ഞാനുസാരം പ്രവര്‍ത്തിക്കുന്നു. അവരുടെ മുന്നിലുള്ളത് അവന്‍ അറിയുന്നു. അവരില്‍നിന്നും മറഞ്ഞതും അവന്‍ അറിയുന്നു. അവര്‍ ആര്‍ക്കും ശിപാര്‍ശ ചെയ്യുകയില്ല; ആര്‍ക്കുവേണ്ടി ശിപാര്‍ശ കേള്‍ക്കാന്‍ അല്ലാഹു തൃപ്തിപ്പെടുന്നുവോ അവര്‍ക്കു വേണ്ടിയല്ലാതെ. അവര്‍ അവനോടുള്ള ഭയത്താല്‍ വിറകൊള്ളുന്നു. അവരില്‍ ആരെങ്കിലും, അല്ലാഹുവിനെക്കൂടാതെ താനും ഒരു ദൈവമാണെന്നു വാദിച്ചാല്‍, നാം അവന്നു നരകശിക്ഷ നല്‍കുന്നതാകുന്നു. അതുതന്നെയാകുന്നു നമ്മുടെയടുക്കല്‍ ധിക്കാരികള്‍ക്കുള്ള പ്രതിഫലം. |
| |
5. ദൈവത്തെ ആരാധിക്കുന്നത് അവര്‍ക്കരോചകമായിപ്പോലും തോന്നുകയില്ല. തുടര്‍ച്ചയായി ആരാധനയിലേര്‍പ്പെടുന്നതില്‍ അവര്‍ക്കു മടുപ്പുണ്ടാവുകയുമില്ല. ദൈവികാജ്ഞകള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നതില്‍ അവര്‍ക്കു തെല്ലും ക്ഷീണമേല്‍ക്കുകയുമില്ല.

|
| |
|
30-33 (പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു. (നമ്മുടെ ഈ സൃഷ്ടിവൈഭവത്തെ) അവര്‍ അംഗീകരിക്കുന്നില്ലേ? ഭൂമിയില്‍ നാം പര്‍വതങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തി; അത് അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതില്‍ വിശാലമായ വഴികളുമുണ്ടാക്കി; ജനം അവരുടെ വഴിയറിയാന്‍. ആകാശത്തെ നാം സുരക്ഷിതമായ ഒരു മേല്‍പ്പുരയാക്കി. എന്നാല്‍ അവരോ, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യ-ചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു.6
34-35 പ്രവാചകാ, ശാശ്വത ജീവിതം നിനക്കു മുമ്പ് ഒരു മനുഷ്യന്നും നല്‍കിയിട്ടില്ല. നീ മരിച്ചെന്നു വെക്കുക. എങ്കില്‍ ഇവര്‍ എന്നെന്നും ജീവിച്ചിരിക്കുമോ? എല്ലാ ജീവികളും മരണം രുചിക്കേണ്ട തുണ്ട്. നാം നിങ്ങളെ സുസ്ഥിതിയിലും ദുസ്ഥിതിയിലും അകപ്പെടുത്തി പരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു. ഒടുവില്‍ നിങ്ങള്‍ നമ്മിലേക്കു തന്നെ മടങ്ങേണ്ട തുണ്ട്.
36 ഈ സത്യനിഷേധികള്‍ നിന്നെ കണ്ടാല്‍ പരിഹാസപാത്രമാക്കുന്നു. ഇവര്‍ പറയുന്നു: 'ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കുന്നവന്‍!' ഇവരുടെ സ്വന്തം സ്ഥിതിയോ, കരുണാവാരിധിയെ സ്മരിക്കാന്‍ കൂട്ടാക്കാത്തവരാണിവര്‍. |
| |
6. എല്ലാ ഗോളങ്ങളും ഒരേ ഭ്രമണപഥത്തിലല്ല. പ്രത്യുത, ഓരോന്നും വെവ്വേറെ ഭ്രമണപഥങ്ങളിലാണ് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഭ്രമണപഥമെന്നാല്‍ താരങ്ങള്‍ ഉറപ്പിക്കപ്പെട്ടതും അവയുമായി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു വസ്തുവല്ലെന്നും മറിച്ച്, അതൊരു ദ്രവവസ്തുവോ, അല്ലെങ്കില്‍ അന്തരീക്ഷമോ, ശൂന്യതയോ പോലുള്ള എന്തോ ആണെന്നും ഉള്ളതാണ് മറ്റൊരു സംഗതി. അതിനാല്‍ നക്ഷത്രങ്ങളുടെ ചലനത്തിന് നീന്തലിനോട് സാദൃശ്യമുണ്ട്.

|
| |
|
37-41 മനുഷ്യന്‍ ധൃതിപ്പെടുന്ന പ്രകൃതത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാ ഞാന്‍ നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ കാട്ടിത്തരാന്‍ പോകുന്നു; എന്നോട് ധൃതിപ്പെടേണട. അവര്‍ ചോദിക്കുന്നു: ഈ ഭീഷണി എപ്പോള്‍ പുലരും--നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍? കഷ്ടം! തങ്ങളുടെ മുഖങ്ങളും മുതുകുകളും നരകത്തീയില്‍നിന്ന് രക്ഷിക്കാനാവാത്തതും എങ്ങുനിന്നും സഹായം ലഭിക്കാത്തതുമായ ആ അവസരത്തെക്കുറിച്ച് ഈ നിഷേധികള്‍ വല്ലതും അറിഞ്ഞിരുന്നുവെങ്കില്‍! ആ വിപത്ത് ആകസ്മികമായി അവരില്‍ വന്നു ഭവിക്കും. അപ്പോള്‍ അതവരെ തികച്ചും സ്തബ്ധരാക്കിക്കളയും. അതു പ്രതിരോധിക്കാന്‍ അവര്‍ക്കു കഴിയില്ല. ഒരു നിമിഷംപോലും അവസരം ലഭിക്കുകയുമില്ല. പരിഹാസമോ, നിനക്കു മുമ്പും ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടുകൊണ്ടിരുന്നതെന്തുകൊണ്ടാണോ, അതുതന്നെ അവരെ പരിഹസിച്ചവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
42-46 പ്രവാചകാ, അവരോടു ചോദിക്കുക: 'രാത്രി, അല്ലെങ്കില്‍ പകല്‍ കരുണാവാരിധിയായ ദൈവത്തിന്റെ പിടിത്തത്തില്‍നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നവരാരാണുള്ളത്?' എന്നാല്‍, അവര്‍ റബ്ബിന്റെ ഉദ്ബോധനങ്ങള്‍ അവഗണിച്ചുകൊണ്േട യിരിക്കുന്നുവല്ലോ. അതല്ല, നമുക്കെതിരെ അവരെ സംരക്ഷിക്കുന്ന വല്ല ദൈവങ്ങളും അവര്‍ക്കുണ്ടാ? ആ ദൈവങ്ങളാവട്ടെ, അവരെത്തന്നെ സഹായിക്കാന്‍ കഴിയാത്തവരാകുന്നു. നമ്മുടെ പിന്തുണ അവര്‍ക്കു ലഭ്യമല്ല. യഥാര്‍ഥ വസ്തുതയിതത്രെ: ഇവര്‍ക്കും ഇവരുടെ പൂര്‍വ പിതാക്കള്‍ക്കും നാം യഥേഷ്ടം ജീവിതവിഭവങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ കാലം നീണ്ട ുപോയി. എന്നാല്‍ ഭൂമിയെ നാം വിവിധ ദിക്കുകളിലൂടെ ചുരുക്കിക്കൊണ്ട യിരിക്കുന്നത് ഇവര്‍ കാണുന്നില്ലയോ?7 എന്ത്, എന്നിട്ടും ഇവര്‍ അതിജയിക്കുമെന്നോ? അവര്‍ക്കു പറഞ്ഞുകൊടുക്കുക: 'ഞാന്‍ ദിവ്യബോധനത്തെ ആസ്പദമാക്കിയാണ് നിങ്ങളെ താക്കീതുചെയ്തുകൊണ്ടിരിക്കുന്നത്.' പക്ഷേ, ബധിരന്മാര്‍ ആഹ്വാനം കേള്‍ക്കുന്നില്ല; അവര്‍ താക്കീതു ചെയ്യപ്പെടുമ്പോള്‍. നിന്റെ റബ്ബിന്റെ ശിക്ഷ അല്‍പമെങ്കിലും അവരെ ബാധിച്ചാലോ, ഉടനെ വിലപിക്കുകയായി: 'ഹാ, ഞങ്ങളുടെ ദൌര്‍ഭാഗ്യം! സംശയമില്ല, ഞങ്ങള്‍ കുറ്റവാളികളായിരുന്നു!' |
| |
7. ഭൂമിയില്‍ നമ്മുടെ അജയ്യമായ പ്രവര്‍ത്തനത്തിന്റെ അടയാളങ്ങള്‍ വ്യക്തമായി കാണുന്നു എന്നര്‍ഥം. ചിലപ്പോള്‍ ക്ഷാമത്തിന്റെ രൂപത്തില്‍, മഹാവ്യാധികളുടെ രൂപത്തില്‍, പ്രളയത്തിന്റെയും വരള്‍ച്ചയുടെയും രൂപത്തില്‍, ഭൂകമ്പങ്ങളുടെ രൂപത്തില്‍, അത്യുഷ്ണത്തിന്റെയും അതിശൈത്യത്തിന്റെയും രൂപത്തില്‍, വിളനാശത്തിന്റെയും വ്യാപാര നഷ്ടത്തിന്റെയും രൂപത്തില്‍-- ഇങ്ങനെയൊക്കെയാണ് ചുരുക്കത്തില്‍ അവ പ്രകടമാകുന്നത്. അങ്ങനെ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് മനുഷ്യന്റെ ജീവിതോപാധികള്‍ക്ക് ഹാനി സംഭവിച്ചുകൊണ്ട ിരിക്കുന്നു. മനുഷ്യന്റെ സര്‍വശക്തികളും ഉപയോഗിച്ചിട്ടും ഈ നാശങ്ങളെ തടുക്കാന്‍ കഴിയുന്നില്ല.

|
| |
|
47 ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം, കൃത്യമായി തൂക്കുന്ന ത്രാസുകള്‍ സ്ഥാപിക്കുന്നു. പിന്നെ ആരുടെ നേരെയും അണുത്തൂക്കം അനീതിയുണ്ടാകുന്നതല്ല. ഒരുവന്റെ കര്‍മം കടുകുമണിത്തൂക്കമാണെങ്കില്‍പോലും നാമതു ഹാജരാക്കുന്നതാകുന്നു. കണക്കു നോക്കുവാന്‍ നാം തികച്ചും മതി.
48-50 നേരത്തെ, മൂസാക്കും ഹാറൂനിന്നും നാം സത്യാസത്യവിവേചകവും വെളിച്ചവും ഉദ്ബോധനവും അരുളിയിട്ടുണ്ടായിരുന്നു. അതു ഭക്തജനത്തിന്റെ ഗുണത്തിനു വേണ്ടിയത്രെ. അവരോ, തങ്ങളുടെ റബ്ബിനെ കാണാതെത്തന്നെ പേടിക്കുന്നവരും (വിചാരണാ)വേളയെക്കുറിച്ച് ഭയമുള്ളവരുമാകുന്നു. ഇപ്പോള്‍ അനുഗൃഹീതമായ ഈ ഉദ്ബോധനം നാം (നിനക്ക്) അവതരിപ്പിച്ചിരിക്കുന്നു. ഇതു സ്വീകരിക്കാന്‍ നിങ്ങള്‍ വിസമ്മതിക്കുകയാണോ?
51-73 അതിനും മുമ്പ് നാം ഇബ്റാഹീമിന് തന്റെ വിവേകമരുളിയിട്ടുണ്ടായിരുന്നു. നമുക്കദ്ദേഹത്തെ നന്നായറിയാമായിരുന്നു. ഓര്‍ക്കുക: അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: 'നിങ്ങള്‍ പൂജിക്കുന്ന ഈ വിഗ്രഹങ്ങള്‍ എന്താകുന്നു?' അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പൂര്‍വികര്‍ അവയെ ആരാധിച്ചുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട ല്ലോ.' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വഴിതെറ്റിയവരാകുന്നു. നിങ്ങളുടെ പൂര്‍വികരും വ്യക്തമായ വഴികേടിലായിരുന്നു.' അവര്‍ ചോദിച്ചു: 'നീ കാര്യമായിട്ടാണോ ഞങ്ങളോട് സംസാരിക്കുന്നത്? അതോ, തമാശ പറയുകയോ?' അദ്ദേഹം മറുപടി കൊടുത്തു: 'അല്ല, വാസ്തവത്തില്‍ നിങ്ങളുടെ റബ്ബ് ആകാശ-ഭൂമികളുടെ റബ്ബാകുന്നു. അവയെ പടച്ചുണ്ട ാക്കിയവന്‍. അതിന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവാണ! നിങ്ങളില്ലാത്ത നേരത്ത് തീര്‍ച്ചയായും ഈ വിഗ്രഹങ്ങളെ ഞാനൊന്ന് കൈകാര്യം ചെയ്യുന്നുണ്ട്.' അങ്ങനെ അദ്ദേഹം അവയെ തുണ്ട ംതുണ്ട മാക്കിയിട്ടു. അവയിലേറ്റം പെരിയതിനെ മാത്രം ഒഴിവാക്കി. ഒരുപക്ഷേ, അവര്‍ അതിലേക്കു തിരിഞ്ഞെങ്കിലോ. (അവര്‍ വന്ന് വിഗ്രഹങ്ങളുടെ സ്ഥിതി കണ്ട പ്പോള്‍) പറഞ്ഞു: 'നമ്മുടെ ദൈവങ്ങളോടിതു ചെയ്തവനാര്? അവന്‍ മഹാ അക്രമിതന്നെ.' (ചിലയാളുകള്‍) പറഞ്ഞു: 'ഒരു ചെറുപ്പക്കാരന്‍ ഇവയെ വിമര്‍ശിക്കുന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട ്. അവന്റെ പേര് ഇബ്റാഹീം എന്നാകുന്നു.' അവര്‍ പറഞ്ഞു: 'എങ്കില്‍ അവനെ ജനത്തിന്റെ മുമ്പിലേക്ക് പിടിച്ചുകൊണ്ട ുവരുവിന്‍. എല്ലാവരും കാണട്ടെ; (അവനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്.)' (ഇബ്റാഹീം ഹാജരാക്കപ്പെട്ടപ്പോള്‍) അവര്‍ ചോദിച്ചു: 'അല്ലയോ, ഇബ്റാഹീം! നീയാണോ ഞങ്ങളുടെ ദൈവങ്ങളെ ഈ വിധം ചെയ്തത്?' അദ്ദേഹം പറഞ്ഞു: 'അല്ല, ഇതൊക്കെയും ചെയ്തത് ഇവരുടെ ഈ പെരിയവനാകുന്നു. ഇവരോടു തന്നെ ചോദിച്ചുനോക്കൂ--ഇവര്‍ സംസാരിക്കുന്നവരാണെങ്കില്‍.'8 ഇതുകേട്ട് അവര്‍ സ്വന്തം മനസ്സാക്ഷിയിലേക്ക് തിരിഞ്ഞു. എന്നിട്ട് (സ്വമനസ്സില്‍)പറഞ്ഞു: 'വാസ്തവത്തില്‍ നിങ്ങള്‍ തന്നെയാണ് അക്രമികള്‍.' പക്ഷേ, പിന്നീട് അവരുടെ വിചാരം തലകുത്തി മറിഞ്ഞു. അവര്‍ പറഞ്ഞു: 'ഇവ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.' ഇബ്റാഹീം ചോദിച്ചു: 'അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ വിട്ട് ആരാധിച്ചുകൊണ്ട ിരിക്കുന്നത് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയാണെന്നോ? ലജ്ജാവഹം! നിങ്ങള്‍ക്കും അല്ലാഹുവിനെ വിട്ട് നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവക്കും! നിങ്ങള്‍ക്ക് തീരെ ബുദ്ധിയില്ലേ?' അവര്‍ ആര്‍ത്തുവിളിച്ചു: 'ചുട്ടുകളയിന്‍ അവനെ. സഹായിക്കിന്‍ നിങ്ങളുടെ ദൈവങ്ങളെ--നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണെടങ്കില്‍.' നാം പറഞ്ഞു: 'ഓ, അഗ്നീ! നീ തണുക്കുക. സുരക്ഷയുമാവുക ഇബ്റാഹീമിന്.'9 അവരാഗ്രഹിച്ചത് ഇബ്റാഹീമിനെ അപായപ്പെടുത്താനായിരുന്നു. നാമോ, അവരെത്തന്നെ തികഞ്ഞ പരാജിതരാക്കി. ഇബ്റാഹീമിനെയും ലൂത്തിനെയും നാം രക്ഷപ്പെടുത്തി, ലോകര്‍ക്ക് അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള നാട്ടിലേക്കു കൊണ്ട ുപോയി. ഇബ്റാഹീമിനു നാം ഇസ്ഹാഖിനെ പ്രദാനംചെയ്തു; കൂടുതലായി യഅ്ഖൂബിനെയും.10 എല്ലാവരെയും സജ്ജനങ്ങളാക്കുകയും ചെയ്തു. നാം അവരെ നമ്മുടെ ആജ്ഞാനുസാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളുമാക്കി. അവര്‍ക്കു നാം ദിവ്യബോധനം വഴി സല്‍ക്കര്‍മങ്ങള്‍ ചെയ്യാനും നമസ്കാരം നിലനിര്‍ത്താനും സകാത്തു കൊടുക്കാനും നിര്‍ദേശം നല്‍കി. അവര്‍ നമുക്ക് മാത്രം ഇബാദത്ത് ചെയ്യുന്നവരായിരുന്നു. |
| |
8. ഹ: ഇബ്റാഹീം(അ) ഇങ്ങനെ പറഞ്ഞത്, ഇതിന്റെ മറുപടിയില്‍ ഈ ആരാധ്യരെല്ലാം തീരെ അശക്തരാണെന്നും അവരില്‍നിന്ന് യാതൊരു പ്രവൃത്തിയും പ്രതീക്ഷിക്കാനേ സാധ്യമല്ലെന്നും അവര്‍ സ്വയം സമ്മതിക്കുന്നതിനു വേണ്ടിയാണെന്ന് ഈ പദങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിവു സ്ഥാപിക്കുന്നതിനുവേണ്ടി യാഥാര്‍ഥ്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന വ്യക്തി കള്ളനായി ഗണിക്കപ്പെടാവതല്ല. കാരണം, അയാള്‍ കളവ് ഉദ്ദേശിച്ചല്ല അതു പറയുന്നത്. അയാളുടെ അഭിസംബോധിതരും അയാളെ അങ്ങനെ മനസ്സിലാക്കുകയില്ല. വക്താവ് തന്റെ ന്യായം സ്ഥാപിക്കുന്നതിനുവേണ്ടിയാണത് പറയുന്നത്. ആ അര്‍ഥത്തില്‍തന്നെയാണ് ശ്രോതാക്കള്‍ അതു കേള്‍ക്കുന്നതും.
9. പദങ്ങളും സന്ദര്‍ഭവും ശൈലിയുമെല്ലാം ബലപ്പെടുത്തുന്ന ആശയം ഇതാണ്: അവര്‍ തങ്ങളുടെ ആ തീരുമാനമനുസരിച്ചുതന്നെ പ്രവര്‍ത്തിച്ചു. തീകുണ്ഡം തയാറായപ്പോള്‍ ഇബ്റാഹീമിനെ അതില്‍ എറിഞ്ഞു. അപ്പോള്‍, അല്ലാഹു അഗ്നിയോട് ഇബ്റാഹീ(അ)മിന് കുളിരായിരിക്കുവാനും വിഷമരഹിതമായിരിക്കുവാനും കല്‍പിച്ചു. അതിനാല്‍, സ്പഷ്ടമായും ഇതും ഖുര്‍ആന്‍ വിവരിച്ച അദ്ദേഹത്തിന്റെ ദിവ്യാത്ഭുതങ്ങളിലൊന്നാകുന്നു.
10. പുത്രനുശേഷം അതുപോലെ പ്രവാചകത്വംകൊണ്ട് ആദരിക്കപ്പെട്ട പൌത്രനുമുണ്ടായി എന്നര്‍ഥം.

|
| |
|
74-75 ലൂത്തിനും നാം യുക്തിവൈഭവവും അറിവും നല്‍കി. നാം അദ്ദേഹത്തെ ദുര്‍വൃത്തികള്‍ നടമാടിയിരുന്ന പട്ടണത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു--വാസ്തവത്തില്‍ അവര്‍ ഏറ്റം ദുഷിച്ച തെമ്മാടികളായ ജനം തന്നെയായിരുന്നു--ലൂത്തിനെ നമ്മുടെ കാരുണ്യത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സച്ചരിതരില്‍ പെട്ടവനായിരുന്നു.
76-77 ഇതേ അനുഗ്രഹം തന്നെയാണ് നാം നൂഹിനും നല്‍കിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം മുമ്പ് അദ്ദേഹം നമ്മെ വിളിച്ചതോര്‍ക്കുക: നാം അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും മഹാദുരിതത്തില്‍നിന്നു മോചിപ്പിച്ചു. നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിനെതിരില്‍ നാം അദ്ദേഹത്തെ തുണച്ചു. അവര്‍ വളരെ ദുഷിച്ച ജനമായിരുന്നു. അതിനാല്‍ നാം അവരെ ഒന്നടങ്കം മുക്കിയൊടുക്കി.
78-79 ഇതേ അനുഗ്രഹം ദാവൂദിനും സുലൈമാനും നാം അരുളിയിട്ടുണ്ടായിരുന്നു. അവര്‍ ഒരു വയലിന്റെ തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ഓര്‍ക്കുക: ആ വയലില്‍ രാത്രികാലത്ത് മറ്റാളുകളുടെ ആടുകള്‍ കടന്നു മേഞ്ഞിട്ടുണ്ടായിരുന്നു. അവരുടെ
നീതിനിര്‍വഹണത്തിന് നാം തന്നെ ദൃക്സാക്ഷിയായിരുന്നു. അന്നേരം സുലൈമാന് നാം ശരിയായ വിധി മനസ്സിലാക്കിക്കൊടുത്തു. വിധിവിജ്ഞാനവും അറിവുമാകട്ടെ, നാം ഇരുവര്‍ക്കും അരുളിയിട്ടുണ്ടായിരുന്നു. |
| |
|
79-82 ദാവൂദിന്റെ കൂടെ സങ്കീര്‍ത്തനം ചെയ്യുന്ന പര്‍വതങ്ങളെയും പറവകളെയും കീഴ്പ്പെടുത്തിക്കൊടുത്തു. ഇതൊക്കെ ചെയ്തത് നാം തന്നെയായിരുന്നു. നിങ്ങളുടെ ഗുണത്തിനുവേണ്ടി നാം അദ്ദേഹത്തെ പടയങ്കി നിര്‍മാണം പഠിപ്പിച്ചു--യുദ്ധത്താലുണ്ട ാകുന്ന അപായങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താന്‍. നിങ്ങള്‍ നന്ദിയുള്ളവരാകുമോ? സുലൈമാന് നാം ശക്തിയുള്ള കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ ആജ്ഞാനുസാരം അത്, നാം അനുഗ്രഹങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള നാട്ടിലേക്ക് അടിച്ചുവീശിയിരുന്നു. നാം സകല സംഗതികളെക്കുറിച്ചും ജ്ഞാനമുള്ളവനാകുന്നു. ചെകുത്താന്മാരിലും വളരെയെണ്ണത്തെ നാം അദ്ദേഹത്തിനു കീഴ്പ്പെടുത്തിക്കൊടുത്തു. അവര്‍ അദ്ദേഹത്തിനുവേണ്ടി സമുദ്രത്തില്‍ മുങ്ങാറുണ്ടായിരുന്നു. കൂടാതെ മറ്റു ജോലികളും ചെയ്യാറുണ്ടായിരുന്നു. അവരുടെയെല്ലാം മേല്‍നോട്ടക്കാരന്‍ നാം തന്നെയായിരുന്നു.
83-84 ഇതു തന്നെ (യുക്തിവൈഭവം, അറിവ് എന്നീ അനുഗ്രഹങ്ങള്‍) നാം അയ്യൂബിനും നല്‍കിയിട്ടുണ്ട ായിരുന്നു. അദ്ദേഹം തന്റെ റബ്ബിനോട് പ്രാര്‍ഥിച്ചതോര്‍ക്കുക: 'ഞാന്‍ രോഗാതുരനായിരിക്കുന്നു. നീയോ, കരുണയുള്ളവരിലേറ്റം കരുണയുള്ളവനല്ലോ.' നാം ആ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ബാധിച്ച ദുരിതം ദൂരീകരിച്ചു കൊടുത്തു. അദ്ദേഹത്തിനു സ്വന്തം കുടുംബത്തെ നല്‍കി, കൂടാതെ അവരോടൊപ്പം അത്രയുംകൂടി നല്‍കി-നമ്മുടെ സവിശേഷ അനുഗ്രഹമായിക്കൊണ്ട്; ഇബാദത്തു ചെയ്യുന്നവര്‍ക്ക് ഒരു പാഠമായിക്കൊണ്ടും.
85-86 ഇസ്മാഈലിനും ഇദ്രീസിനും ദുല്‍കിഫ്ലിനും ഇതേ അനുഗ്രഹമരുളിയിട്ടുണ്ട്. അവരൊക്കെയും ക്ഷമയുള്ളവരായിരുന്നു. അവരെ നമ്മുടെ കാരുണ്യത്തില്‍ പ്രവേശിപ്പിച്ചു. തീര്‍ച്ചയായും അവര്‍ സച്ചരിതരില്‍ പെട്ടവരായിരുന്നു.
87-88 മത്സ്യക്കാരനെയും11 നാം അനുഗ്രഹിച്ചിട്ടുണ്ട്; അദ്ദേഹം പിണങ്ങിപ്പോയപ്പോള്‍.12 നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. ഒടുവില്‍ അന്ധകാരങ്ങളില്‍വെച്ച്13 യൂനുസ് കേണു: 'നീയല്ലാതെ ദൈവമില്ല. നീ അത്യന്തം പരിശുദ്ധനല്ലോ. ഞാനോ, നിസ്സംശയം തെറ്റു ചെയ്തുപോയി.' അങ്ങനെ, നാം അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തെ ആധിയില്‍നിന്നു മുക്തനാക്കുകയും ചെയ്തു. വിശ്വാസികളെ നാം ഇങ്ങനെ രക്ഷപ്പെടുത്തുന്നു. |
| |
11. ഹ: യൂനുസ്(അ) ആണുദ്ദേശ്യം. ചില സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ പേര്‍ പറഞ്ഞിട്ടുണ്ട്. ചിലേടങ്ങളില്‍ 'ദുന്നൂന്‍', 'സ്വാഹിബുല്‍ ഹൂത്ത്' എന്നിങ്ങനെയാണ് പരാമര്‍ശിച്ചിട്ടുള്ളത്. 'മത്സ്യക്കാരന്‍', 'മത്സ്യത്തിന്റെ ആള്‍' എന്നൊക്കെ സ്ഥാനപ്പേരു നല്‍കപ്പെട്ടവന്‍ എന്നാണ് താല്‍പര്യം. അദ്ദേഹം മത്സ്യം പിടിക്കുകയോ വില്‍ക്കുകയോ ചെയ്തതുകൊണ്ട ല്ല ഈ പേര്‍ സിദ്ധിച്ചത്; സൂറ അസ്സ്വാഫ്ഫാത്ത് 142-ാം സൂക്തത്തില്‍ വിവരിച്ചതുപോലെ അദ്ദേഹത്തെ ഒരു മത്സ്യം വിഴുങ്ങിയതുകൊണ്ട ാണ്.
12. അദ്ദേഹം സ്വജനത്തെ വെറുത്തു, അല്ലാഹുവിന്റെ കല്‍പന ലഭിക്കുംമുമ്പ് പലായനം ചെയ്തുവെന്നര്‍ഥം. തന്റെ ഡ്യൂട്ടിസ്ഥലം വിട്ടുപോവുക അദ്ദേഹത്തിന് അനുവദനീയമായിരുന്നില്ല.
13. മത്സ്യോദരത്തിലെ അന്ധകാരവും അതിനു പുറമേ സമുദ്രത്തിലെ അന്ധകാരങ്ങളുമാണുദ്ദേശ്യം.

|
| |
|
89-90 സകരിയ്യയെയും; അദ്ദേഹം തന്റെ നാഥനോട് പ്രാര്‍ഥിച്ചത് ഓര്‍ക്കുക: 'നാഥാ! എന്നെ നീ മുരടറ്റവനായി ഉപേക്ഷിക്കരുതേ, നീ തന്നെയാണല്ലോ അത്യുത്തമനായ അനന്തരാവകാശി.' നാം പ്രാര്‍ഥന സ്വീകരിച്ചു. അദ്ദേഹത്തിനു യഹ്യായെ സമ്മാനിച്ചു. അദ്ദേഹത്തിന്റെ പത്നിയെ അതിനു യോഗ്യയാക്കി. ഇവരൊക്കെയും സല്‍കാര്യങ്ങളില്‍ ഉത്സാഹമുള്ളവരായിരുന്നു. പ്രത്യാശയോടും ഭയത്തോടും കൂടി നമ്മോട് പ്രാര്‍ഥിക്കുന്നവരും നമ്മുടെ മുന്നില്‍ കുനിഞ്ഞവരുമായിരുന്നു.
91 ചാരിത്യ്രം സൂക്ഷിച്ച ആ വനിതയുണ്ട ല്ലോ,14 അവളില്‍ നമ്മുടെ ആത്മാവില്‍നിന്നും നാം ഊതി. അവളെയും അവളുടെ പുത്രനെയും ലോകര്‍ക്കാകമാനം ദൃഷ്ടാന്തമാക്കുകയും ചെയ്തു.
92-103 നിങ്ങളുടെ ഈ സമുദായം യഥാര്‍ഥത്തില്‍ ഒരൊറ്റ സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍, എനിക്ക് ഇബാദത്തു ചെയ്യുവിന്‍. പക്ഷേ, ദീനിനെ തങ്ങള്‍ക്കിടയില്‍ ഖണ്ഡംഖണ്ഡമാക്കിക്കളഞ്ഞു(എന്നത് ജനങ്ങള്‍ ചെയ്ത അബദ്ധമാകുന്നു)--എല്ലാവരും നമ്മിലേക്കു മടങ്ങേണ്ട വരാകുന്നു. ആര്‍ വിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, അവന്റെ പരിശ്രമം വിലകെട്ടതാവുകയില്ല. നാമത് രേഖപ്പെടുത്തുന്നുണ്ട്. നാം നശിപ്പിച്ച ഒരു നാട് പിന്നെ തിരിച്ചുവരുക സാധ്യമല്ല--യഅ്ജൂജ് മഅ്ജൂജ് തുറന്നുവിടപ്പെടുകയും സകല പീഠസ്ഥലങ്ങളില്‍നിന്നും അവര്‍ ഉതിര്‍ന്നുവരുകയും സത്യവാഗ്ദാനത്തിന്റെ പൂര്‍ത്തീകരണവേള15 ആസന്നമാവുകയും ചെയ്യുന്നതുവരെ. അപ്പോളതാ സത്യത്തെ നിഷേധിച്ചവരുടെ കണ്ണുകള്‍ തുറിച്ചുപോകുന്നു. അവര്‍ വിലപിക്കുന്നു: 'ഹാ! ഞങ്ങളുടെ ദൌര്‍ഭാഗ്യമേ! ഞങ്ങള്‍ ഈ സംഗതിയെക്കുറിച്ച് ശ്രദ്ധയില്ലാത്തവരായിരുന്നു. അല്ല, ഞങ്ങള്‍ അധര്‍മികളായിരുന്നു.' നിങ്ങളും, അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ ഇബാദത്തു ചെയ്തിരുന്ന ആരാധ്യരും നരകത്തിന്റെ വിറകാകുന്നു. അങ്ങോട്ടുതന്നെ പോകേണ്ട വരാണ് നിങ്ങള്‍.16 ഇവര്‍ യഥാര്‍ഥത്തില്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ അങ്ങോട്ട് പോകുമായിരുന്നില്ലല്ലോ. സകലരും അതില്‍തന്നെ നിത്യവാസം ചെയ്യേണ്ട വരാകുന്നു. |
| |
14. ഹ: മര്‍യം(അ) ആണ് ഉദ്ദേശ്യം.
15. പുനരുത്ഥാന വേളയാണുദ്ദേശ്യം.
16. ഈ സൂക്തത്തെ പ്രമുഖ ബഹുദൈവ വിശ്വാസികളിലൊരാള്‍ ഇങ്ങനെ വിമര്‍ശിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: 'ഈ നിലക്ക് നമ്മുടെ ആരാധ്യര്‍ മാത്രമല്ല, മസീഹും ഉസൈറും മാലാഖമാരും കൂടി നരകത്തില്‍ പോകും. അവരും ഈ ലോകത്ത് ആരാധിക്കപ്പെടുന്നുണ്ട ല്ലോ.' ഇതെസ്സംബന്ധിച്ച് നബി(സ) പ്രസ്താവിച്ചു: 'അതെ, അല്ലാഹുവിനു പകരം താന്‍ ആരാധിക്കപ്പെടുന്നത് ഇഷ്ടപ്പെട്ടവരാരോ, അവരൊക്കെയും തങ്ങളെ ആരാധിച്ച ജനങ്ങളോടൊപ്പം തന്നെയായിരിക്കും.'

|
| |
|
അവര്‍ അതില്‍ ചീറിക്കൊണ്ടിരിക്കും. അതിബഹളത്താല്‍ അവര്‍ക്കതില്‍ ഒന്നും കേള്‍ക്കാനാവില്ല. എന്നാല്‍ നമ്മില്‍നിന്നു നേരത്തേ തന്നെ നന്മയുടെ തീര്‍പ്പു ലഭിച്ചവര്‍ നിശ്ചയമായും അതില്‍നിന്ന് അകറ്റപ്പെടുന്നതാകുന്നു. അതിന്റെ നേരിയ മര്‍മരം പോലും അവര്‍ കേള്‍ക്കുകയില്ല. അവരോ, എന്നെന്നും തങ്ങളിഷ്ടപ്പെടുന്നവയില്‍ വസിക്കുന്നവരാകുന്നു. ആ മഹാസംഭ്രമത്തിന്റെ ഘട്ടം അവരെ അശേഷം വ്യാകുലപ്പെടുത്തുകയില്ല. മലക്കുകള്‍ അവരെ എതിരേറ്റു കൊണ്ടുവരും. 'നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസമാണിത്' എന്നു സ്വാഗതമോതിക്കൊണ്ട്.
104-106 നാം ആകാശത്തെ പുസ്തകങ്ങളുടെ താള്‍ചുരുളുകള്‍ പോലെ ചുരുട്ടിവെക്കുന്ന ആ നാളില്‍, സൃഷ്ടി ആരംഭിച്ചത് എപ്രകാരമാണോ, അതേപ്രകാരം അതിനെ മടക്കുന്നതാണ്. ഇത് നമ്മുടെ ഉത്തരവാദിത്വത്തിലുള്ള വാഗ്ദത്തമാകുന്നു. ഈ കാര്യം നാം നിവര്‍ത്തിക്കുക തന്നെ ചെയ്യും. സബൂറില്‍ ഉദ്ബോധനത്തിനു ശേഷം നാം രേഖപ്പെടുത്തിയിട്ടുണ്ട്; എന്തെന്നാല്‍, ഭൂമിയുടെ അവകാശികള്‍ നമ്മുടെ സജ്ജനങ്ങളായ ദാസന്മാരായിരിക്കും.17 ഇബാദത്തു ചെയ്യുന്നവര്‍ക്ക് ഇതിലൊരു മഹത്തായ സന്ദേശമുണ്ട്.
107-111 പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. അവരോട് പറയുക: 'എനിക്ക് ദിവ്യബോധനം ലഭിച്ചിട്ടുള്ളതെന്തെന്നാല്‍, നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധരാണോ?' അവര്‍ പിന്തിരിയുകയാണെങ്കില്‍ പറഞ്ഞുകൊള്ളുക: 'ഞാന്‍ പരസ്യമായി നിങ്ങളെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സംഗതി ആസന്നമോ വിദൂരമോ എന്നു ഞാന്‍ അറിയുന്നില്ല. ഉച്ചത്തില്‍ പറയുന്നതും രഹസ്യമായി പറയുന്നതുമായ വര്‍ത്തമാനങ്ങളൊക്കെയും അല്ലാഹു അറിയുന്നുണ്ട്. ഞാന്‍ മനസ്സിലാക്കുന്നതെന്തെന്നാല്‍, ഒരുപക്ഷേ, (ഈ അവസരം) നിങ്ങള്‍ക്ക് ഒരു പരീക്ഷണമായിരിക്കാം. ഒരു നിശ്ചിത അവധിവരെ ആനന്ദിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കിയതുമായിരിക്കാം.' |
| |
17. ഈ സൂക്തം കൂടുതല്‍ വ്യക്തമായി ഗ്രഹിക്കുന്നതിന് സൂറ അസ്സുമറിലെ 73-74 സൂക്തങ്ങള്‍ നോക്കുക. |
| |
|
112 ഒടുവില്‍ പ്രവാചകന്‍ പറഞ്ഞു: 'എന്റെ നാഥാ! നീ സത്യപ്രകാരം വിധിച്ചുകൊള്ളുക. ജനങ്ങളേ! നിങ്ങളുടെ ജല്‍പനങ്ങള്‍ക്കെതിരെ ഞങ്ങള്‍ക്ക് സഹായത്തിനവലംബമായിട്ടുള്ളത് കരുണാവാരിധിയായ റബ്ബാകുന്നു.'

|
| |
| |
|
|
|