|
|
അധ്യായം 11
|
|
അവതരണം മക്കയില്‍. 10 ഖണ്ഡിക, 123 സൂക്തം
|
|
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
1-4 അലിഫ്-ലാം-റാഅ്. യുക്തിമാനും അഭിജ്ഞനുമായവനില്‍നിന്ന് സുഭദ്രവും സുവിശദവുമായ സൂക്തങ്ങള്‍ അരുളപ്പെട്ട വിളംബരം.1 എന്തെന്നാല്‍ നിങ്ങള്‍ അല്ലാഹുവിനു മാത്രമേ അടിമപ്പെടാവൂ. ഞാന്‍ അവങ്കല്‍നിന്ന് നിങ്ങളിലേക്കുളള മുന്നറിയിപ്പുകാരനും സുവിശേഷകനുമാകുന്നു. നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍. എങ്കില്‍ ഒരു നിശ്ചിത കാലംവരെ അവന്‍ നിങ്ങള്‍ക്കു മെച്ചമായ ജീവിതവിഭവങ്ങള്‍ നല്‍കുന്നതാകുന്നു.2 ശ്രേഷ്ഠതയുളളവര്‍ക്ക് അവരുടെ ശ്രേഷ്ഠതയനുസരിച്ച് പ്രതിഫലം നല്‍കുന്നതുമാകുന്നു.3 എന്നാല്‍ പിന്തിരിയുകയാണെങ്കിലോ, ഞാന്‍ ഭീകരമായ ഒരു മഹാദിനത്തിലെ ശിക്ഷയെ ഭയപ്പെടുന്നു. നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് മടങ്ങേണടതുണട്. അവനോ, സകല സംഗതികള്‍ക്കും കഴിവുളളവനാകുന്നു. |
| |
1. സന്ദര്‍ഭത്തോടും വിവരണശൈലിയോടുമുളള ഔചിത്യം പരിഗണിച്ച് ഇവിടെ 'കിതാബ്'എന്ന പദത്തെ വിളംബരം എന്നാണ് തര്‍ജമ ചെയ്തിട്ടുളളത്. അറബിഭാഷയില്‍ 'കിതാബ്' എന്ന പദത്തിന് പുസ്തകം, ലിഖിതം എന്നു മാത്രമല്ല വിധി, രാജശാസനം എന്നിങ്ങനെയും അര്‍ഥമുണട്. ഖുര്‍ആനില്‍ പലയിടത്തും ഇതേ അര്‍ഥങ്ങളില്‍ തന്നെ ഈ പദം ഉപയോഗിച്ചിട്ടുണട്.
2. ഇഹലോകത്തില്‍ വസിക്കുവാന്‍ അനുവദിക്കപ്പെട്ട കാലയളവിലേക്ക് വേണടതൊക്കെ അവന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു എന്നര്‍ഥം. നിങ്ങള്‍ക്ക് ഈ ലോകത്ത് വസിക്കാന്‍ നിശ്ചയിക്കപ്പെട്ട കാലയളവ് മുഴുവന്‍, നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയില്ല; ഗുണകരമായിരിക്കും. അവന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു വര്‍ഷിച്ചുകൊണടിരിക്കും. നിങ്ങള്‍ക്ക് സുഖവും സുഭിക്ഷതയുമുണടാകും. ശാന്തിയും സന്തോഷവും അനുഭവിക്കാന്‍ സൌകര്യമുണടാകും. അധമരും പതിതരുമാവാതെ അന്തസ്സും അഭിമാനവുമുളളവരായി ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
3. ഒരുവന്‍ തന്റെ സ്വഭാവചര്യകളെ എത്രത്തോളം ഉല്‍കൃഷ്ടമാക്കുന്നുവോ അത്രത്തോളം അല്ലാഹു അവന്നു മഹത്വമേകുന്നു. സ്വന്തം കര്‍മങ്ങളിലൂടെ ശ്രേഷ്ഠതയര്‍ഹിക്കുന്നവന് തീര്‍ച്ചയായും അവന്റെ ശ്രേഷ്ഠത അംഗീകരിച്ചുകൊടുക്കും. |
| |
|
5-6 നോക്കുക: ഈ ജനം മുന്നറിയിപ്പുകാരനില്‍ നിന്നു മറഞ്ഞുനില്‍ക്കാന്‍വേണടി മാറുകള്‍ തിരിക്കുന്നു.4 ഇവര്‍ വസ്ത്രങ്ങള്‍കൊണട് സ്വയം മൂടുമ്പോള്‍ അവരുടെ രഹസ്യവും പരസ്യവുമെല്ലാം അല്ലാഹു അറിയുന്നുണട്. അവരുടെ മാറിടങ്ങളിലൊളിച്ചുവച്ചിട്ടുളള രഹസ്യങ്ങളും അറിയുന്നവനത്രെ അവന്‍. ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവിയുമില്ല-- അതിന്റെ ആഹാരം അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലായിട്ടല്ലാതെ. അത് എവിടെ നിലകൊളളുന്നുവെന്നും അവസാനം എവിടെ ചെന്നെത്തുന്നുവെന്നും അവന്‍ അറിയുന്നു. എല്ലാം ക്ളിപ്തമായ ഒരു പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണട്.
7-8 അവനത്രെ, ആകാശലോകത്തെയും ഭൂമിയെയും ആറു നാളുകളില്‍ സൃഷ്ടിച്ചത്;-- അതിനു മുമ്പ് അവന്റെ സിംഹാസനം ജലത്തിന്‍ മീതെയായിരുന്നു5-- നിങ്ങളിലേറ്റം സുന്ദരമായി കര്‍മം ചെയ്യുന്നവനാരെന്നു പരീക്ഷിക്കേണടതിന്ന്.6 ഇപ്പോള്‍ നീ ജനങ്ങളോട്, മരണാനന്തരം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നു പറയുമ്പോള്‍, ഉടനെ നിഷേധികള്‍ ഇതൊരു സ്പഷ്ടമായ മാരണം തന്നെ7 എന്നു പറയുന്നു. നാം ഒരു നിശ്ചിത അവധിവരെ ശിക്ഷയെ പിന്തിപ്പിച്ചാല്‍ അവര്‍ പറയും: എന്താണ് അതിനെ തടുത്തുനിര്‍ത്തിയത്? അറിയുക, ആ ശിക്ഷ ആസന്നമാകുന്ന നാളില്‍ അതവരില്‍നിന്ന് തിരിച്ചുവിടപ്പെടുന്നതല്ലതന്നെ. അവര്‍ പരിഹസിച്ചുകൊണടിരുന്ന സംഗതി വന്നുഭവിക്കുകതന്നെ ചെയ്യും. |
| |
4. നബി(സ)യെ കാണുന്നിടത്തുനിന്ന് ഒഴിഞ്ഞുപോവുക മക്കയിലെ നിഷേധികളുടെ സ്വഭാവമായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
5. ഈ ജലം കൊണടുദ്ദേശിച്ചിട്ടുളളതെന്താണെന്ന് പറയുക നമുക്ക് അസാധ്യമാണ്. ഇന്ന് ജലം എന്ന പേരില്‍ നാം അറിയുന്ന വസ്തുതന്നെയോ അത്? അതോ പദാര്‍ഥങ്ങള്‍ ഇന്നത്തെ രൂപം കൈക്കൊളളുന്നതിന് മുമ്പ് അവയ്ക്കുണടായിരുന്ന ദ്രവാവസ്ഥയെ കുറിക്കുന്നതിനുവേണടി ആലങ്കാരികമായി ഉപയോഗിച്ചതാണോ ഈ പദം? 'അര്‍ശ്' (സിംഹാസനം) അതിന്മേലായിരിക്കുക എന്നതിന്റെ ആശയവും നിര്‍ണയിക്കുക വിഷമകരമാണ്. ഇതിനര്‍ഥം, ആ അവസ്ഥയില്‍ അല്ലാഹുവിന്റെ ആധിപത്യം ജലത്തിന്മേലായിരുന്നു എന്നായിരിക്കാന്‍ സാധ്യതയുണട്.
6. ഈ ലോകത്ത് മനുഷ്യരെ ജനിപ്പിച്ച്, അവരെ പരീക്ഷിക്കുക എന്നതായിരുന്നു സൃഷ്ടിയുടെ ലക്ഷ്യമെന്നര്‍ഥം.
7. മരിച്ചവര്‍ വീണടും ജീവിക്കുക അസംഭവ്യമാണെന്നും ഇത്തരം അസംബന്ധങ്ങളില്‍ വിശ്വസിക്കാന്‍ വേണടി അയാള്‍ നമ്മുടെ ബുദ്ധിയെ മാരണംചെയ്യുകയാണെന്നും അവര്‍ പറയുന്നു എന്നര്‍ഥം.

|
| |
|
9-11 നാം ഒരിക്കല്‍ മനുഷ്യനെ നമ്മുടെ കാരുണ്യമനുഭവിപ്പിക്കുകയും പിന്നീടത് തടയുകയും ചെയ്താല്‍ അവന്‍ നിരാശനും നന്ദികെട്ടവനുമായിത്തീരുന്നു. വിപത്തിനു ശേഷം അനുഗ്രഹമാസ്വദിപ്പിച്ചാല്‍ അവന്‍ പറയുന്നു: 'എന്റെ കഷ്ടങ്ങളൊക്കെ തീര്‍ന്നു.' പിന്നെ അവന്‍ ആഹ്ളാദത്താല്‍ മതിമറക്കുകയും ഗര്‍വിഷ്ടനാവുകയും ചെയ്യുന്നു. ഈ ദോഷത്തില്‍നിന്ന് മുക്തരായി വല്ലവരുമുണെടങ്കില്‍ അത് ക്ഷമ കൈക്കൊളളുന്നവരും സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവരും മാത്രമാകുന്നു. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുളളത്.
12 ആകയാല്‍, പ്രവാചകാ, ദിവ്യബോധനം വഴി നിനക്കു ലഭിക്കുന്ന സന്ദേശങ്ങളില്‍ യാതൊന്നും (വിശദീകരിക്കാതെ) വിട്ടുകളയേണടതില്ല. 'ഇയാള്‍ക്ക് ഒരു ഖജനാവ് ഇറങ്ങിവരാത്തതെന്ത്?' എന്നോ 'ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്?' എന്നോ അവര്‍ പറയുന്നതില്‍ മനംമുട്ടേണടതുമില്ല. നീ കേവലം ഒരു മുന്നറിയിപ്പുകാരനാകുന്നു. ശേഷം കാര്യങ്ങള്‍ക്കെല്ലാം ഉത്തരവാദപ്പെട്ടവന്‍ അല്ലാഹുവത്രെ.
13-14 ഈ വേദം പ്രവാചകന്‍ സ്വയം ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ? പറയുക: 'കൊളളാം. എങ്കില്‍ ഇതുപോലെയുളള പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ രചിച്ചു കൊണടുവരുവിന്‍. അല്ലാഹുവിനെ ഒഴികെ ഏതെല്ലാം ആരാധ്യന്മാരെ സഹായത്തിനു വിളിക്കാമോ, അവരെയെല്ലാം വിളിച്ചുകൊളളുവിന്‍--(അവരെ ആരാധ്യരായി കരുതുന്നതില്‍) നിങ്ങള്‍ സത്യമുളളവരാണെങ്കില്‍. ഇനി (നിങ്ങളുടെ ആരാധ്യന്മാരാരും) നിങ്ങള്‍ക്കു സഹായമെത്തിക്കുന്നില്ലെങ്കില്‍ മനസ്സിലാക്കിക്കൊളളുക, ഇത് അല്ലാഹുവിന്റെ ജ്ഞാനപ്രകാരം ഇറക്കപ്പെട്ടതാകുന്നു. അവനല്ലാതെ സാക്ഷാല്‍ ദൈവം വേറെയില്ല. ഇനിയെങ്കിലും നിങ്ങള്‍ (ഈ സത്യം) സമ്മതിച്ചു തലകുനിക്കുമോ?' |
| |
|
15-17 ഈ ഭൌതികജീവിതവും അതിന്റെ പകിട്ടുകളും മാത്രം കാംക്ഷിക്കുന്നവര്‍ക്ക് അവരുടെ കര്‍മഫലങ്ങളത്രയും ഇവിടെവെച്ചുതന്നെ നാം നല്‍കുന്നു. അതില്‍ ഒരു കുറവും വരുത്തുകയില്ല. പക്ഷേ, പരലോകത്തില്‍ ഇത്തരമാളുകള്‍ക്ക് നരകമല്ലാതെ മറ്റൊന്നുമില്ല. (അവിടെ അവര്‍ക്ക് മനസ്സിലാകും:) ഇഹലോകത്ത് അവരുണടാക്കിയതെല്ലാം നശിച്ചുപോയിരിക്കുന്നു; അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും നിഷ്ഫലം. റബ്ബിങ്കല്‍നിന്നുളള വ്യക്തമായ തെളിവു8 ലഭിച്ച ഒരാള്‍, അനന്തരം (ആ തെളിവിനെ ദൃഢീകരിക്കുന്ന) ഒരു സാക്ഷ്യവും കൂടി രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ചു.9 സന്മാര്‍ഗദര്‍ശകവും ദൈവകാരുണ്യവുമായിക്കൊണട് നേരത്തെ മൂസാക്ക് അവതീര്‍ണമായ വേദവും ഉണടായിരുന്നു. (ഇയാളും ഭൌതിക പൂജകരെപ്പോലെ ഇതു തളളിക്കളയുമോ) ഇത്തരം ആളുകള്‍ അതില്‍ വിശ്വസിക്കുക തന്നെ ചെയ്യും-- ഏതെങ്കിലും ജനവിഭാഗം അതിനെ നിഷേധിക്കുകയാണെങ്കില്‍ അവര്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടതു നരകമാണ്. അതിനാല്‍ പ്രവാചകന്ന് ഇക്കാര്യത്തില്‍ ഒരു സംശയവും വേണട. ഇതു നിന്റെ റബ്ബിങ്കല്‍നിന്നുളള സത്യം തന്നെയാകുന്നു. പക്ഷേ, അധിക മനുഷ്യരും വിശ്വസിക്കുന്നില്ല.
18-24 അല്ലാഹുവിന്റെ പേരില്‍ കളളം കെട്ടിപ്പറയുന്നവനെക്കാള്‍ അക്രമിയായവന്‍ ആരുണട്?10 ഇത്തരമാളുകള്‍ അവരുടെ റബ്ബിന്റെ സമക്ഷത്തില്‍ ഹാജരാക്കപ്പെടുന്നതാകുന്നു. ഇക്കൂട്ടര്‍ റബ്ബിന്റെ പേരില്‍ കളളം പറഞ്ഞിരുന്നുവെന്ന് സാക്ഷികള്‍ മൊഴി നല്‍കുന്നതുമാകുന്നു. അറിയുവിന്‍, ധിക്കാരികളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണട്11-- ദൈവികമാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടയുന്നവരും അവന്റെ മാര്‍ഗത്തെ വക്രമാക്കാനാഗ്രഹിക്കുന്നവരും പരലോകത്തെ നിഷേധിക്കുന്നവരുമായ അക്രമികളുടെ മേല്‍. അവര്‍ ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരായിട്ടില്ല. അല്ലാഹുവിനെതിരില്‍ അവര്‍ക്ക് രക്ഷകരായും ആരുമുണടായിട്ടില്ല. അവര്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാകുന്നു. അവര്‍ക്ക് യാതൊന്നും കേള്‍ക്കാനേ കഴിഞ്ഞിരുന്നില്ല. സ്വയം വല്ലതും കാണുന്നവരുമായിരുന്നില്ല. അവരത്രെ സ്വയം നഷ്ടത്തിലകപ്പെടുത്തിയ ജനം. അവര്‍ കെട്ടിച്ചമച്ചതൊക്കെയും അവരില്‍നിന്ന് അകന്നുപോയിരിക്കുന്നു. പരലോകത്തില്‍ ഏറ്റം നഷ്ടം ഭവിച്ചവര്‍ അവര്‍തന്നെ ആയിരിക്കും, തീര്‍ച്ച. എന്നാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും തങ്ങളുടെ റബ്ബിനോടു വിനയമുള്ളവരാവുകയും ചെയ്തവര്‍ നിശ്ചയമായും സ്വര്‍ഗാവകാശികളാകുന്നു; സ്വര്‍ഗത്തില്‍ നിത്യവാസികളുമാകുന്നു. ഈ രണടു കക്ഷികളുടെ ഉപമ ഇപ്രകാരമാകുന്നു: അന്ധനും ബധിരനുമായ ഒരാള്‍; കാഴ്ചയും കേള്‍വിയുമുളള മറ്റൊരാളും. ഇവര്‍ രണടും തുല്യരാകുമോ? (ഈ ഉദാഹരണത്തില്‍നിന്ന്) നിങ്ങള്‍ ഒരു പാഠവും പഠിക്കുന്നില്ലേ?.
25-28 നാം നൂഹിനെ അദ്ദേഹത്തിന്റെ ജനത്തിലേക്കു നിയോഗിച്ചു. (അപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു:) 'ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായി മുന്നറിയിപ്പു നല്‍കുന്നു. എന്തെന്നാല്‍, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇബാദത്തു ചെയ്യാതിരിക്കുവിന്‍. ഇല്ലെങ്കില്‍ വേദനയേറിയ ദൈവികശിക്ഷ ഒരു നാള്‍ നിങ്ങളില്‍ പതിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.' അദ്ദേഹത്തിന്റെ സന്ദേശം വിശ്വസിക്കാന്‍ വിസമ്മതിച്ച ജനനായകന്മാര്‍ മറുപടി പറഞ്ഞു: 'ഞങ്ങളുടെ ദൃഷ്ടിയില്‍ നീ ഞങ്ങളെപ്പോലൊരു മനുഷ്യനല്ലാതെ വേറൊന്നുമല്ല. ഞങ്ങളിലെ അധമന്മാര്‍ മാത്രമാണ് വീണടുവിചാരമില്ലാതെ നിന്നെ പിന്‍പറ്റിയതായി കാണുന്നത്. ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും നിങ്ങളില്‍ കാണുന്നുമില്ല. എന്നല്ല, നിങ്ങള്‍ വ്യാജന്മാരാണെന്നത്രെ ഞങ്ങള്‍ കരുതുന്നത്.' |
| |
8. സ്വന്തം അസ്തിത്വവും ആകാശത്തിന്റെയും ഭൂമിയുടെയും ഘടനയും അതിസമര്‍ഥമായ ഈ പ്രപഞ്ചസംവിധാനവും എല്ലാം ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ഒരേയൊരു ദൈവമാണെന്നും അവന്‍ തന്നെയാണ് അതിന്റെ പരിപാലകനും ശാസനാധികാരിയും എന്നും തുറന്ന സാക്ഷ്യം വഹിച്ചുകൊണടിരിക്കുന്നു. ഈ തെളിവുകള്‍ കണെടത്തുകയും അതില്‍നിന്ന് മനുഷ്യന്റെ ഐഹികജീവിതത്തിനുശേഷം, കര്‍മങ്ങളുടെ ഗുണ-ദോഷങ്ങളനുസരിച്ച് രക്ഷാശിക്ഷകള്‍ ലഭിക്കുന്ന ഒരു പാരത്രികജീവിതം ഉണടാകേണടത് അനിവാര്യമാണെന്നും ഉറപ്പായി മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യനെയാണ് ഇവിടെ ഉദ്ദേശിച്ചിട്ടുളളത്.
9. ബുദ്ധിപരവും പ്രാപഞ്ചികവുമായ ഇതേ തെളിവുകളെ ബലപ്പെടുത്തുന്ന ഖുര്‍ആന്‍ ആണ് ഉദ്ദേശ്യം. സ്വന്തം ആത്മാക്കളിലും ദിഗന്തങ്ങളിലും ഉള്ള ദൃഷ്ടാന്തങ്ങള്‍ തന്നെയാണ് മൌലിക യാഥാര്‍ഥ്യം എന്നാണ് അവയെക്കുറിച്ച് അത് പറയുന്നത്.
10. ദിവ്യത്വത്തിലും ആരാധിക്കപ്പെടാനുളള അര്‍ഹതയിലും അല്ലാഹു അല്ലാത്തവര്‍ക്കും പങ്കുണട്, സൃഷ്ടികളുടെ സന്മാര്‍ഗത്തിലും ദുര്‍മാര്‍ഗത്തിലും ദൈവത്തിനു യാതൊരു താല്‍പര്യവുമില്ല, സൃഷ്ടികള്‍ക്കു മാര്‍ഗദര്‍ശനം ചെയ്യാനായി ദൈവം പ്രവാചകന്മാരെ നിയോഗിക്കുകയോ വേദങ്ങളിറക്കുകയോ ചെയ്തിട്ടില്ല, ദൈവം നമ്മെ ഇഷ്ടാനുസരണം ജീവിക്കാന്‍ സ്വതന്ത്രരായി വിട്ടയച്ചിരിക്കയാണ്, കേവലം ഒരു ലീലാവിലാസമായിട്ടാണ് മനുഷ്യനെ അവന്‍ സൃഷ്ടിച്ചത്, അവനു തോന്നുമ്പോള്‍ ഈ വംശത്തെ അവസാനിപ്പിക്കുകയും ചെയ്യും, മനുഷ്യന്‍ മരണാനന്തരം അവന്റെ മുമ്പില്‍ വിചാരണചെയ്യപ്പെടുകയില്ല, രക്ഷാശിക്ഷകളും ഉണടാകുന്നതല്ല എന്നു തുടങ്ങിയ വാദങ്ങളെല്ലാം ഈ കള്ളംചമച്ചു പറയലില്‍ പെടുന്നു.
11. ഈ പ്രസ്താവന, അവര്‍ പരലോകത്തു ഹാജരാക്കപ്പെടുമ്പോഴാണുണടാവുക എന്നാണ് സന്ദര്‍ഭത്തില്‍ നിന്ന് മനസ്സിലാകുന്നത്.

|
| |
|
അദ്ദേഹം പറഞ്ഞു: 'എന്റെ ജനമേ, ഒന്നു ചിന്തിക്കൂ. ഞാന്‍ എന്റെ റബ്ബിങ്കല്‍ നിന്നുളള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്മേല്‍ നിലകൊള്ളുന്നു. കൂടാതെ അവന്റെ സവിശേഷ കാരുണ്യവും എനിക്കരുളിയിട്ടുണട്. പക്ഷേ, നിങ്ങള്‍ക്കതു കാണാന്‍ കഴിയുന്നില്ല; എങ്കില്‍ പിന്നെ ഞങ്ങളെന്തു ചെയ്യാന്‍! നിങ്ങള്‍ അംഗീകരിക്കാനുദ്ദേശിക്കുന്നില്ലെന്നിരിക്കെ, ബലം പ്രയോഗിച്ച് നിങ്ങളെക്കൊണടതംഗീകരിപ്പിക്കുകയോ?'
29-30 'എന്റെ ജനമേ, ഈ ദൌത്യത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോടു ധനമൊന്നും ചോദിക്കുന്നില്ലല്ലോ. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. എന്റെ സന്ദേശം അംഗീകരിച്ചിട്ടുളളവരെ ആട്ടിപ്പായിക്കുവാന്‍ ഞാനൊരുക്കമല്ല. അവര്‍ റബ്ബിന്റെ സമക്ഷത്തിലേക്ക് സ്വയം ചെല്ലുന്നവരാകുന്നു. നിങ്ങളോ, അവിവേകം പ്രവര്‍ത്തിച്ചുകൊണടിരിക്കുന്നതായിട്ടത്രെ ഞാന്‍ കാണുന്നത്. എന്റെ ജനമേ, ഞാന്‍ അവരെ ആട്ടിയകറ്റുകയാണെങ്കില്‍, ദൈവശിക്ഷയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരാണുണടാവുക? ഈ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ?'
31 'അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ കൈവശമാണെന്നു ഞാന്‍ നിങ്ങളോടു പറയുന്നില്ല. എനിക്ക് അതിഭൌതികജ്ഞാനമുണെടന്നും പറയുന്നില്ല. ഞാന്‍ മലക്കാണെന്നും വാദമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരരായി കാണുന്നതാരെയാണോ, അവര്‍ക്ക് അല്ലാഹു യാതൊരു ഗുണവും നല്‍കിയിട്ടില്ല എന്നു പറയാനും ഞാനാളല്ല --അവരുടെ മനസ്സിലുള്ളത് ഏറ്റമറിയുന്നത് അല്ലാഹു തന്നെയാകുന്നു-- അങ്ങനെ പറയുകയാണെങ്കില്‍ ഞാന്‍ അക്രമിയായിത്തീരും.'
32-34 ഒടുവില്‍ അവര്‍ പറഞ്ഞു: 'ഹേ നൂഹ്, നീ ഞങ്ങളോടു തര്‍ക്കിച്ചു. കണടമാനം തര്‍ക്കിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണടിരിക്കുന്ന ആ ശിക്ഷ ഒന്നിങ്ങു കൊണടുവാ--നീ സത്യം പറയുന്നവനാണെങ്കില്‍.' നൂഹ് മറുപടി കൊടുത്തു: 'അത് അല്ലാഹു തന്നെ കൊണടുവരും--അവന്‍ ഇച്ഛിച്ചാല്‍. അതു തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇനി ഞാന്‍ വല്ല നന്മയും ചെയ്തുതരാന്‍ ആഗ്രഹിച്ചാല്‍ തന്നെ അല്ലാഹു നിങ്ങളെ വഴിതെറ്റിക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍ എന്റെ ആഗ്രഹം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല.12 അവനാകുന്നു നിങ്ങളുടെ നാഥന്‍. അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചുചെല്ലേണടത്.'
35 പ്രവാചകാ, ഇതെല്ലാം ഇയാള്‍ സ്വയം ചമച്ചതാണെന്ന് അവര്‍ പറയുന്നുവോ? അവരോടു പറയുക: 'ഇതു ഞാന്‍ സ്വയം ചമച്ചതാണെങ്കില്‍ എന്റെ പാപത്തിന്റെ ഉത്തരവാദിത്വം എനിക്കുണട്. നിങ്ങള്‍ ചെയ്തുകൊണടിരിക്കുന്ന പാപങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഞാന്‍ മുക്തനാകുന്നു.' |
| |
12. നിങ്ങളുടെ സത്യനിഷേധവും ധിക്കാരവും ധര്‍മവിരോധവും കണടിട്ട്, നിങ്ങള്‍ക്ക് സന്മാര്‍ഗം കൈക്കൊളളാന്‍ ഉതവി നല്‍കേണടതില്ല എന്നും നിങ്ങള്‍ സഞ്ചരിച്ചുകൊണടിരിക്കുന്ന ദുര്‍മാര്‍ഗത്തില്‍ തന്നെ നിര്‍ബാധം സഞ്ചരിച്ചുകൊളളട്ടെ എന്നും അല്ലാഹു തീരുമാനിക്കുകയാണെങ്കില്‍ നിങ്ങളെ സംസ്കരിക്കാനുളള എന്റെ ശ്രമങ്ങളൊന്നും ഒട്ടും ഫലപ്രദമാവുകയില്ല എന്നര്‍ഥം.

|
| |
|
36-37 നൂഹിന് ദിവ്യസന്ദേശം ലഭിച്ചു. എന്തെന്നാല്‍, നിന്റെ ജനത്തില്‍ ഇപ്പോള്‍ വിശ്വസിച്ചു കഴിഞ്ഞിട്ടുളളവരല്ലാതെ ഇനി ആരും വിശ്വസിക്കുകയില്ല. നീ അവരുടെ ചെയ്തികളില്‍ ദുഃഖിക്കാതിരിക്കുക. നമ്മുടെ മേല്‍നോട്ടത്തില്‍, നമ്മുടെ ബോധനമനുസരിച്ച് ഒരു കപ്പല്‍ പണിതുതുടങ്ങുക. നോക്കുക, ധിക്കാരം കൈക്കൊണടവരുണടല്ലോ, അവരുടെ കാര്യത്തില്‍ എന്നോടൊരു ശിപാര്‍ശയും ചെയ്തുപോകരുത്. അവരാസകലം മുങ്ങിയൊടുങ്ങേണടവരാകുന്നു.
38-39 നൂഹ് കപ്പല്‍നിര്‍മാണത്തിലേര്‍പ്പെട്ടു. ജനത്തിലെ പ്രമാണിമാര്‍ അതിനടുക്കലൂടെ കടന്നുപോയപ്പോഴൊക്കെ പരിഹസിച്ചുകൊണടിരുന്നു. നൂഹ് പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നുവെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും പരിഹസിച്ചുകൊണടിരിക്കുകയാണ്. ആരിലാണ് അപമാനകരമായ ആ ശിക്ഷ വന്നെത്തുകയെന്നും ആരെയാണ് തടുക്കാനാവാത്ത വിപത്തു ബാധിക്കുകയെന്നും അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണട്.'13
40-41 അങ്ങനെ നമ്മുടെ വിധി സമാഗതമായി. ആ അടുപ്പില്‍ ഉറവുപൊട്ടി.14 അപ്പോള്‍ നാം പറഞ്ഞു: 'എല്ലാ ജന്തുവര്‍ഗത്തിന്റെയും ഓരോ ജോടിയെ കപ്പലില്‍ കയറ്റിക്കൊളളുക; സ്വന്തം കുടുംബത്തെയും--നേരത്തെ വിധി പറയപ്പെട്ടവരൊഴിച്ച്.15 വിശ്വാസികളായവരെയും അതില്‍ കയറ്റുക.' നൂഹിനോടൊപ്പം വിശ്വസിച്ചവരാവട്ടെ, തുച്ഛമാളുകളേ ഉണടായിരുന്നുളളൂ. നൂഹ് പറഞ്ഞു: 'അതില്‍ കയറുവിന്‍. അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ നാമത്തിലത്രെ. എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.'
42-43 കപ്പല്‍ അവരെയുംകൊണട് സഞ്ചരിക്കുകയായിരുന്നു. തിരകള്‍ ഓരോന്നും പര്‍വതങ്ങള്‍പോലെ ഉയരുന്നുണടായിരുന്നു. നൂഹിന്റെ പുത്രന്‍ ദൂരെയായിരുന്നു. നൂഹ് അവനെ വിളിച്ചു: 'മകനേ, ഞങ്ങളുടെ കൂടെ കപ്പലില്‍ കയറുക; നിഷേധികളോടൊപ്പമാകാതിരിക്കുക.' അവന്‍ പറഞ്ഞു: 'ഞാനിതാ ഒരു മലയിലേക്കു കയറാന്‍പോകുന്നു. അതെന്നെ പ്രളയത്തില്‍നിന്നും രക്ഷിച്ചുകൊളളും.' നൂഹ് ഉപദേശിച്ചു: 'ഈ ദിനം അല്ലാഹുവിന്റെ വിധിയില്‍നിന്നു രക്ഷിക്കുന്ന യാതൊന്നുമില്ല-- അവന്‍തന്നെ വല്ലവര്‍ക്കും കാരുണ്യമരുളിയാലല്ലാതെ.' അപ്പോഴേക്കും ഒരു തിര അവര്‍ക്കിടയില്‍ മറയിട്ടു. അവന്‍ മുങ്ങിനശിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്തു. |
| |
13. ആലോചിച്ചുനോക്കിയാല്‍ ഈ ലോകത്തിന്റെ ബാഹ്യദര്‍ശനം മനുഷ്യനെ എന്തുമാത്രം കബളിപ്പിക്കുമെന്ന് കാണിക്കുന്ന വിചിത്രമായ പ്രതിഭാസമാണിത്. നൂഹ് (അ) നദിയില്‍ നിന്നു ദൂരെ കരയില്‍ ഒരു കപ്പല്‍ നിര്‍മിക്കുന്നതു കണടപ്പോള്‍ ആളുകള്‍ അതൊരു നല്ല തമാശയായി കണടിരിക്കും. അവര്‍ ചിരിച്ചുകൊണടു ചോദിച്ചിട്ടുണടാകും: 'ഹേ, ശ്രീമാന്‍, ഈ കിറുക്ക് ഇവിടെ വരെയെത്തി അല്ലേ. നിങ്ങള്‍ കരയില്‍ കപ്പലോട്ടാന്‍ പോകുന്നു!' ഏതാനും നാളുകള്‍ക്കകം ആ കപ്പല്‍ വെള്ളത്തില്‍ തന്നെ ഒഴുകാന്‍ പോവുകയാണെന്ന് അന്നാരും സ്വപ്നേപി വിചാരിച്ചിരിക്കില്ല. എങ്കിലും യാഥാര്‍ഥ്യ ജ്ഞാനമുള്ളവനും നാളെ ഇവിടെ ഒരു കപ്പല്‍ അനിവാര്യമായിത്തീരുമെന്ന് മനസ്സിലാക്കിയവനുമായ മനുഷ്യന്‍ ആളുകളുടെ ഈ അവിവേകവും മൂഢമായ ആശ്വാസവും കണടിട്ട് നേരെ തിരിച്ചും പുഞ്ചിരിതൂവുകയും ഇപ്രകാരം പറയുകയും ചെയ്തിട്ടുണടാകും: 'എന്തുമാത്രം വിഡ്ഢികളായ ആളുകള്‍. മഹാനാശം അവരുടെ തലയ്ക്കുമീതെ തൂങ്ങിനില്‍ക്കുന്നു. അത് ഉടനെ പൊട്ടിവീഴുന്നതാണെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടു കഴിഞ്ഞിട്ടുണട്. അതില്‍നിന്നു രക്ഷപ്പെടാന്‍ മാര്‍ഗമൊരുക്കിക്കൊണടിരിക്കുന്നത് കണ്‍മുമ്പില്‍ കാണുന്നുമുണട്. എന്നിട്ടും യാതൊരു കൂസലുമില്ലാതെ എന്നെ ഭ്രാന്തനായി കരുതുകയാണവര്‍!'
14. ഇതുസംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഖുര്‍ആനിലെ സ്പഷ്ടമായ പദങ്ങളില്‍നിന്നു നാം ഗ്രഹിക്കുന്നതിങ്ങനെയാണ്: പ്രളയത്തിന്റെ നാന്ദി ഒരു നിശ്ചിത അടുപ്പില്‍ നിന്നായിരുന്നു. അതില്‍നിന്നു ഉറവപൊട്ടി ജലം പ്രവഹിച്ചു തുടങ്ങി. പിന്നെ ഭയങ്കരമായ മഴയും ആരംഭിച്ചു. തുടര്‍ന്നു ഭൂമിയില്‍ മറ്റുപല സ്ഥലങ്ങളിലും ഉറവകളുണടായിക്കൊണടിരുന്നു.
15. ലൂത്ത് നബിയുടെ കുടുംബത്തിലുള്ള ആരെയെല്ലാം സംബന്ധിച്ച് അവര്‍ നിഷേധികളാണെന്നും അല്ലാഹുവിന്റെ കാരുണ്യത്തിനര്‍ഹരല്ലെന്നും നേരത്തെ വിധി പറഞ്ഞുകഴിഞ്ഞിട്ടുണേടാ അവരെ കപ്പലില്‍ കയറ്റാന്‍ പാടില്ല എന്നര്‍ഥം.

|
| |
|
44 അരുളപ്പാടുണടായി: 'ഓ ഭുവനമേ, നിന്റെ വെള്ളമൊക്കെയും വിഴുങ്ങുക; വാനമേ, നിറുത്തുക.' അങ്ങനെ വെളളം ഭൂമിയില്‍ വറ്റിപ്പോയി. തീരുമാനം നടപ്പിലാക്കപ്പെട്ടു. കപ്പല്‍ ജൂദിപര്‍വതത്തിന്മേല്‍ ചെന്നണഞ്ഞു.16 'ധിക്കാരികളായ ജനങ്ങള്‍ക്കു നാശം!' എന്നു വിളിയാളവുമുണടായി.
45-47 നൂഹ് നാഥനെ വിളിച്ചുപ്രാര്‍ഥിച്ചു: 'നാഥാ, എന്റെ പുത്രന്‍ എന്റെ കുടുംബത്തില്‍ പെട്ടവനാകുന്നു. നിന്റെ വാഗ്ദാനം സത്യവുമാണ്. നീ വിധികര്‍ത്താക്കളിലേറ്റം ഉന്നതനും ഉല്‍കൃഷ്ടനുമല്ലോ.' മറുപടിയായി അരുള്‍ചെയ്തു: 'അല്ലയോ നൂഹേ, അവന്‍ നിന്റെ കുടുംബത്തില്‍പെട്ടവനല്ല. നിശ്ചയം, അവന്‍ ഒരു ദുഷ്കര്‍മമാകുന്നു.17 യാഥാര്‍ഥ്യം എന്തെന്നറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ നീ എന്നോട് അപേക്ഷിക്കരുത്. അവിവേകികളെപ്പോലെ ആയിപ്പോകരുതെന്ന് ഞാന്‍ നിന്നെ ഉപദേശിക്കുന്നു.' ഉടന്‍തന്നെ നൂഹ് ബോധിപ്പിച്ചു: 'നാഥാ, എനിക്ക് അറിഞ്ഞുകൂടാത്ത കാര്യം നിന്നോടാവശ്യപ്പെടുന്നതില്‍നിന്നു18 ഞാന്‍ നിന്നില്‍ ശരണം തേടുന്നു. എനിക്കു പൊറുത്തുതരികയും കാരുണ്യമരുളുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നശിച്ചവനായിത്തീരും.'
48 അരുളപ്പാടുണടായി: അല്ലയോ നൂഹ്, ഇറങ്ങിക്കൊളളുക. നമ്മില്‍ നിന്നു സമാധാനവും അനുഗ്രഹങ്ങളുമുണട്; നിനക്കും നിന്നോടൊപ്പമുളള സമൂഹങ്ങള്‍ക്കും. മേലില്‍ ചില സമൂഹങ്ങള്‍ക്ക് നാം താല്‍ക്കാലികമായ ജീവിതവിഭവങ്ങള്‍ പ്രദാനംചെയ്യും. പിന്നീടവരെ നമ്മുടെ പക്കല്‍നിന്നുളള വേദനയേറിയ ശിക്ഷ ബാധിക്കുകയും ചെയ്യും.
49 പ്രവാചകാ, ഇതൊക്കെയും നാം നിനക്ക് ബോധനം നല്‍കിക്കൊണടിരിക്കുന്ന അജ്ഞാത വൃത്താന്തങ്ങളാകുന്നു. ഇതിനുമുമ്പ് നീ അതറിഞ്ഞിരുന്നില്ല; നിന്റെ ജനവും. ആകയാല്‍ ക്ഷമ കൈക്കൊളളുക. അന്തിമവിജയം ഭക്തന്മാര്‍ക്കുതന്നെയാകുന്നു.19 |
| |
16. കുര്‍ദിസ്താന്‍ മേഖലയില്‍ ഇബ്നുഉമര്‍ ദ്വീപിനു വടക്കു കിഴക്കായിട്ടാണ് ജൂദി പര്‍വതം സ്ഥിതിചെയ്യുന്നത്, ഇന്നും അത് 'ജൂദി' എന്ന പേരില്‍ തന്നെ അറിയപ്പെടുന്നു.
17. ഇത് ഏതാണടിപ്രകാരമാണ്: ഒരു മനുഷ്യന്റെ ഒരവയവം ജീര്‍ണിച്ചുപോയി. ആ അവയവം മുറിച്ചു മാറ്റുവാന്‍ ഡോക്ടര്‍ അയാളോടു ശിപാര്‍ശചെയ്യുന്നു. അപ്പോള്‍ രോഗി അയാളോടു പറയുകയാണ്: എന്റെ ശരീരത്തിന്റെ ഒരുഭാഗം മുറിച്ചുകളയുകയോ? ഡോക്ടര്‍ മറുപടി പറയുന്നു: 'ഇതു നിങ്ങളുടെ ശരീരത്തിന്റെ ഭാഗമല്ലാതായിരിക്കുന്നു; ഇതു ജീര്‍ണിച്ചു കഴിഞ്ഞു.' അതുപോലെ സാത്വികനായ ഒരു പിതാവിനോട് അദ്ദേഹത്തിന്റെ തെമ്മാടിയായ പുത്രനെക്കുറിച്ച് അവന്‍ ഒരു ദുര്‍വൃത്തിയാണ് എന്നു പറഞ്ഞാല്‍ അതിനര്‍ഥം, ഇവനെ പോറ്റിവളര്‍ത്തുന്നതിനു നിങ്ങള്‍ വ്യയംചെയ്ത പരിശ്രമങ്ങളെല്ലാം പാഴായിപ്പോയെന്നും അതൊക്കെ അസാധുവായ പ്രവര്‍ത്തനമായിത്തീര്‍ന്നു എന്നുമാകുന്നു.
18. ശരിയാണെന്ന് എനിക്കറിവില്ലാത്ത ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍നിന്ന് എന്നര്‍ഥം.
19. നൂഹിനും കൂട്ടുകാര്‍ക്കും ഒടുവില്‍ അനുഗ്രഹം സിദ്ധിച്ചതെങ്ങനെയാണോ, അതേ വിധംതന്നെ
മുഹമ്മദ്നബിക്കും കൂട്ടുകാര്‍ക്കും സംഭവിക്കും എന്നു താല്‍പര്യം. അതുകൊണട് ഇന്നു നേരിട്ടുകൊണടിരിക്കുന്ന പ്രയാസങ്ങളില്‍ മനം കെടേണടതില്ല. ക്ഷമയോടും സ്ഥൈര്യത്തോടുംകൂടി സ്വന്തം ദൌത്യം നിര്‍വഹിച്ചുകൊണടിരിക്കുക.

|
| |
|
50-52 ആദുവര്‍ഗത്തിലേക്ക്, നാം അവരുടെ സഹോദരന്‍ ഹൂദിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: 'അല്ലയോ ജനമേ, അല്ലാഹുവിന് ഇബാദത്തുചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ഇലാഹില്ല. നിങ്ങള്‍ കേവലം കള്ളം കെട്ടിപ്പറയുകയാകുന്നു. എന്റെ ജനമേ, ഈ ദൌത്യത്തിന് യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളില്‍നിന്നു കാംക്ഷിക്കുന്നില്ല. എന്റെ പ്രതിഫലമോ, എന്നെ സൃഷ്ടിച്ചവങ്കലാകുന്നു. നിങ്ങള്‍ ഒട്ടും ബുദ്ധി ഉപയോഗിക്കാത്തതെന്ത്? എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പു തേടുവിന്‍. എന്നിട്ട് അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുളള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യും. ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍.'
53-54 അവര്‍ മറുപടി കൊടുത്തു: 'ഹേ ഹൂദേ, നീ ഞങ്ങളുടെ അടുക്കല്‍ സ്പഷ്ടമായ ഒരു തെളിവും കൊണടുവന്നില്ല. നീ പറഞ്ഞതുകൊണടു മാത്രം സ്വന്തം ആരാധ്യന്മാരെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയുമില്ല. നിനക്ക് ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നു എന്നത്രെ ഞങ്ങള്‍ കരുതുന്നത്.'20
54-57 ഹൂദ് പറഞ്ഞു: 'ഞാന്‍, അല്ലാഹുവിന്റെ സാക്ഷ്യം സമര്‍പ്പിക്കുന്നു. നിങ്ങളും സാക്ഷികളാകുവിന്‍; എന്തെന്നാല്‍, അല്ലാഹുവിനെ കൂടാതെ ആരെയെല്ലാം നിങ്ങള്‍ ദിവ്യത്വത്തില്‍ പങ്കാളികളായി വരിച്ചിട്ടുണേടാ അവരില്‍നിന്നെല്ലാം ഞാന്‍ മുക്തനാകുന്നു. നിങ്ങളെല്ലാവരും ഏകോപിച്ച് എനിക്കെതിരില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തേണടതില്ല. എനിക്കു തീരെ അവസരം നല്‍കേണടതുമില്ല. ഞാനോ, എന്റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജീവിയുമില്ല; അതിന്റെ മൂര്‍ധാവില്‍ അവന്റെ പിടിത്തമില്ലാതെ. നിസ്സംശയം, എന്റെ നാഥന്‍ നേര്‍വഴിയിലാകുന്നു. നിങ്ങള്‍ പുറംതിരിയുകയാണെങ്കില്‍ തിരിഞ്ഞുകൊള്ളുക. ഏതൊരു സന്ദേശവുമായിട്ടാണോ ഞാന്‍ നിങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, അതു നിങ്ങള്‍ക്ക് എത്തിച്ചുകഴിഞ്ഞു. ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങളെക്കൊണടാവില്ല. നിശ്ചയം, എന്റെ റബ്ബ് സകല വസ്തുക്കളിലും മേല്‍നോട്ടമുളളവനാകുന്നു.' |
| |
20. നീ ഏതോ ചില ദേവീദേവന്മാരോടോ മഹാപുരുഷനോടോ ഗുരുത്തക്കേടു കാണിച്ചിരിക്കുന്നു. അതിന്റെ ഭവിഷ്യത്താണത്. അതായത് നീ ചീത്തവര്‍ത്തമാനങ്ങള്‍ തന്നെ പറഞ്ഞുകൊണടിരിക്കുന്നു. ഇന്നലെ നീ അന്തസ്സായി ജീവിച്ച അതേ നാട്ടില്‍ ഇന്നു ശകാരങ്ങളും കല്ലുകളും നിന്നെ എതിരേല്‍ക്കുകയാണ്.

|
| |
|
58 പിന്നീട്, നമ്മുടെ വിധി സമാഗതമായപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം കൈക്കൊണടവരെയും കാരുണ്യത്താല്‍ രക്ഷപ്പെടുത്തി, പരുഷമായ പീഡനത്തില്‍നിന്നു മോചിപ്പിച്ചു.
59-60 ഇതത്രെ ആദുവര്‍ഗം. അവര്‍ റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. അവന്റെ ദൂതന്മാരെ ധിക്കരിച്ചു. സകല സ്വേച്ഛാപ്രമത്തരുടെയും ധിക്കാരമൂര്‍ത്തികളുടെയും ചൊല്‍പ്പടിയില്‍ നടക്കുകയും ചെയ്തു. അങ്ങനെ, ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അഭിശപ്തരായിത്തീര്‍ന്നു. അറിയുവിന്‍! ആദുവര്‍ഗം അവരുടെ റബ്ബിനെ നിഷേധിച്ചു. അറിയുവിന്‍! ഹൂദിന്റെ ജനമായിരുന്ന ആദുവര്‍ഗം അതിദൂരം തൂത്തെറിയപ്പെട്ടു.
61 സമൂദുവര്‍ഗത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: 'എന്റെ ജനമേ, അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. അവനാകുന്നു നിങ്ങളെ ഭൂമിയില്‍നിന്നു സൃഷ്ടിച്ചതും അതില്‍ പാര്‍പ്പിച്ചതും. അതിനാല്‍ നിങ്ങള്‍ അവനോടു മാപ്പിരക്കുവിന്‍. അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. തീര്‍ച്ചയായും എന്റെ റബ്ബ് സമീപസ്ഥനാകുന്നു. അവന്‍ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു.'21
62 അവര്‍ പറഞ്ഞു: 'ഹേ സ്വാലിഹ്, ഇതിനു മുമ്പ് ഞങ്ങളില്‍ വളരെ അഭികാമ്യനായിരുന്നുവല്ലോ നീ. നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണടിരുന്ന ദൈവങ്ങളെ നാം ആരാധിക്കുന്നത് വിലക്കുകയാണോ നീയിപ്പോള്‍? നീ പ്രബോധനം ചെയ്തുകൊണടിരിക്കുന്ന സംഗതികളെപ്പറ്റി ഞങ്ങള്‍ വളരെ സങ്കീര്‍ണമായ സന്ദേഹത്തിലാകുന്നു.' |
| |
21. ഈ സംക്ഷിപ്തവാക്യത്തിലൂടെ ഹ: സ്വാലിഹ്(അ) ബഹുദൈവത്വപരമായ എല്ലാ ഇടപാടുകളുടെയും വേരറുത്തിരിക്കുന്നു. ബഹുദൈവാരാധകര്‍ മനസ്സിലാക്കിയിരുന്നതും, അതില്‍ ആവേശം കൊള്ളുന്നവര്‍ മറ്റുള്ളവര്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിച്ചിരുന്നതും ഇങ്ങനെയായിരുന്നു: സര്‍വലോകനാഥനായ പരമേശ്വരന്റെ സന്നിധാനം സാധാരണ മനുഷ്യനു പ്രാപിക്കാവുന്നതില്‍ നിന്നൊക്കെ എത്രയോ അതീതമാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രാര്‍ഥനകള്‍ നേരിട്ട് അങ്ങോട്ട് എത്തിക്കുകയും ഉത്തരംനേടുകയും ചെയ്യുക സാധ്യമേയല്ല. അതിനവര്‍ക്ക് പുണ്യാത്മാക്കളുടെ മാധ്യസ്ഥ്യം കൂടിയേതീരൂ. അല്ലെങ്കില്‍ പുരോഹിതന്മാരുടെ സേവനം ലഭിക്കണം. ഈ തെറ്റിദ്ധാരണ മൂലമാണ് സാധാരണക്കാരനും സാക്ഷാല്‍ ദൈവത്തിനുമിടയില്‍ എണ്ണമറ്റ ഉപദൈവങ്ങളും ശിപാര്‍ശകരും വന്നുചേര്‍ന്നത്. ഹ: സ്വാലിഹ് ഈ മിഥ്യാദൈവങ്ങളെയെല്ലാം കേവലം രണടു വാക്കുകള്‍ കൊണടു തകര്‍ത്തിരിക്കുന്നു. ഒന്ന്, അല്ലാഹു സമീപസ്ഥനാകുന്നു. രണട്, അവന്‍ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുന്നവനാകുന്നു. അവന്‍ നിങ്ങളില്‍നിന്നു ദൂരത്താണെന്നും നിങ്ങള്‍ നേരിട്ടു പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുകയില്ലെന്നും ഉള്ള ധാരണ തികച്ചും അബദ്ധമാകുന്നു. നിങ്ങളിലോരോരുത്തര്‍ക്കും താന്താങ്ങളുടെ സമീപത്തുതന്നെ അവനെ കണെടത്താന്‍ കഴിയും. നേരിട്ടുതന്നെ അവനോട് അപേക്ഷിക്കുകയും ചെയ്യാം. തന്റെ എല്ലാ ദാസന്മാരുടെയും പ്രാര്‍ഥനകള്‍ക്ക് അവന്‍ തന്നെയാണ് ഉത്തരംകൊടുക്കുന്നത്. പ്രപഞ്ചചക്രവര്‍ത്തിയുടെ ദര്‍ബാര്‍ എല്ലാ സൃഷ്ടികള്‍ക്കും വേണടി സദാ തുറന്നുകിടക്കുകയും, ഓരോ മനുഷ്യന്റെയും സമീപത്തുതന്നെ അവനുണടായിരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ മുന്നില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ശിപാര്‍ശകരെയും മധ്യസ്ഥന്മാരെയും അന്വേഷിച്ചു നടക്കുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്!

|
| |
|
63-65 സ്വാലിഹ് പറഞ്ഞു: 'എന്റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ? എനിക്ക് എന്റെ റബ്ബിങ്കല്‍നിന്ന് സ്പഷ്ടമായ ഒരു സാക്ഷ്യമുണടായിരിക്കുകയും കൂടാതെ അവന്‍ തന്റെ കാരുണ്യം എനിക്കരുളുകയും ചെയ്തിട്ടുണട് എന്നിരിക്കെ ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍, അവന്റെ പിടിത്തത്തില്‍നിന്ന് എന്നെ രക്ഷിക്കാനാരാണുണടാവുക? എന്നെ കൂടുതല്‍ കഷ്ടത്തിലാക്കാനല്ലാതെ മറ്റെന്താണ് നിങ്ങള്‍ക്ക് സാധിക്കുക? എന്റെ ജനമേ, നോക്കുക, അല്ലാഹുവിന്റെ ഈ ഒട്ടകം നിങ്ങള്‍ക്ക് ദൃഷ്ടാന്തമാകുന്നു. അല്ലാഹുവിന്റെ ഭൂമിയില്‍ മേയുന്നതിന് അതിനെ സ്വതന്ത്രമായി വിട്ടേക്കണം. അശേഷം ഉപദ്രവിക്കരുത്. അല്ലെങ്കില്‍ അധികം താമസിയാതെ നിങ്ങളെ ദൈവികമായ ശിക്ഷ ബാധിക്കും.' പക്ഷേ, അവര്‍ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു. അപ്പോള്‍ സ്വാലിഹ് അവര്‍ക്കു മുന്നറിയിപ്പുനല്‍കി: 'ഇനി മൂന്നു ദിവസംമാത്രം സ്വവസതികളില്‍ കഴിഞ്ഞുകൊള്ളുക. ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിര്‍ണയമാണിത്.'
66-68 ഒടുവില്‍ നമ്മുടെ വിധി ആസന്നമായപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വാസം കൈക്കൊണടവരെയും നമ്മുടെ കാരുണ്യത്താല്‍ രക്ഷപ്പെടുത്തി. ആ ദിവസത്തിലെ ഹീനതയില്‍നിന്ന് അവരെ മുക്തരാക്കുകയും ചെയ്തു. നിസ്സംശയം, നിന്റെ റബ്ബ് അതിശക്തനും അജയ്യനും തന്നെയാകുന്നു. എന്നാല്‍ ധിക്കാരം പ്രവര്‍ത്തിച്ചവരോ, ഒരു ഘോരഗര്‍ജനം അവരെ പിടികൂടി. അവര്‍ നിശ്ചലരും നിര്‍ജീവരുമായി സ്വവസതികളില്‍ വീണൊടുങ്ങി; |
| |
|
അവരവിടെ ഒരിക്കലും പാര്‍ത്തിട്ടേയില്ലാത്ത പോലെ.
68 അറിയുവിന്‍! സമൂദ് വര്‍ഗം അവരുടെ റബ്ബിനെ നിഷേധിച്ചു. അറിയുവിന്‍! സമൂദ് വര്‍ഗം ദൂരെ തൂത്തെറിയപ്പെട്ടു.
69-73 നോക്കുക: നമ്മുടെ ദൂതന്മാര്‍ സുവാര്‍ത്തയുമായി ഇബ്റാഹീമിനെ സമീപിച്ചു. അവര്‍ അഭിവാദനം ചെയ്തു. 'സലാം.' 'നിങ്ങള്‍ക്കും സലാം' അദ്ദേഹം പ്രത്യഭിവാദനം ചെയ്തു. താമസിയാതെ ഇബ്റാഹീം (അവരെ സല്‍ക്കരിക്കാന്‍) ഒരു പശുക്കിടാവിനെ പാകംചെയ്തു വിളമ്പി.22 അവരുടെ കരങ്ങള്‍ അതിലേക്കു നീളുന്നില്ലെന്നു കണടപ്പോള്‍23 അദ്ദേഹം അവരെ സംശയിച്ചു; പേടി തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു: 'ഭയപ്പെടേണട. ഞങ്ങള്‍ ലൂത്തിന്റെ ജനത്തിലേക്കു നിയോഗിക്കപ്പെട്ടവരാകുന്നു.' ഇബ്റാഹീമിന്റെ പത്നിയും അവിടെ നില്‍ക്കുന്നുണടായിരുന്നു. ഇതുകേട്ട് അവര്‍ ചിരിച്ചു. നാം അവര്‍ക്ക് ഇസ്ഹാഖിന്റെയും ഇസ്ഹാഖിനുശേഷം യഅ്ഖൂബിന്റെയും ജനന സുവാര്‍ത്തയറിയിച്ചു. അവര്‍ പറഞ്ഞു: 'ഹാ! കഷ്ടം!24 ഞാനൊരു പടുകിഴവിയായിരിക്കെ എനിക്ക് കുട്ടികളുണടാവുകയോ? എന്റെ ഭര്‍ത്താവും ഇതാ വൃദ്ധനായിക്കഴിഞ്ഞു. ഇതു വലിയൊരത്ഭുതം തന്നെ.' മലക്കുകള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ വിധിയില്‍ അത്ഭുതപ്പെടുന്നുവോ? ഇബ്റാഹീമിന്റെ വീട്ടുകാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളുമുണട്. അവന്‍ സര്‍വസ്തുതിയും അര്‍ഹിക്കുന്നവനും അത്യധികം മഹത്ത്വമുള്ളവനുമല്ലോ.'
74-76 തുടര്‍ന്ന്, സംഭ്രമമകലുകയും (സന്താനലബ്ധിയുടെ സുവാര്‍ത്തയാല്‍) സന്തുഷ്ടനാവുകയും ചെയ്തപ്പോള്‍ ഇബ്റാഹീം ലൂത്തിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോടു തര്‍ക്കിച്ചുതുടങ്ങി.25 ഇബ്റാഹീം വളരെ ക്ഷമാശീലനും ദയാലുവും സദാ പശ്ചാത്തപിച്ചു മടങ്ങുന്നവനുമായിരുന്നു. (അവസാനം നമ്മുടെ ദൂതന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു:) 'ഓ ഇബ്റാഹീം, ഇക്കാര്യം വിട്ടേക്കുക. നിന്റെ നാഥന്റെ വിധി വന്നുകഴിഞ്ഞു. ആ ജനത്തെ, ആര്‍ക്കും തടുക്കാനാവാത്ത ശിക്ഷ ബാധിക്കുകതന്നെ ചെയ്യും.' |
| |
22. മാലാഖമാര്‍ മനുഷ്യരൂപത്തിലാണ് ആഗതരായതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ആദ്യം അവര്‍ തങ്ങളെ പരിചയപ്പെടുത്തിയില്ല. അതിനാല്‍ ഇബ്റാഹീം(അ) അവര്‍ ഏതോ അപരിചിതരായ അതിഥികളാണെന്നു കരുതുകയും ഉടനെ സല്‍ക്കാരത്തിന് ഏര്‍പ്പാടു ചെയ്യുകയും ചെയ്തു.
23. ഇതുവഴി, അവര്‍ മാലാഖമാരാണെന്ന് ഇബ്റാഹീമിന്ന്(അ) മനസ്സിലായി.
24. ഈ വാര്‍ത്തയില്‍ സന്തോഷിക്കുന്നതിനു പകരം, സാറ ഇതൊരു ദൌര്‍ഭാഗ്യമായി കരുതി എന്നല്ല ഇതിന്റെ താത്പര്യം. അത്ഭുത സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ പൊതുവില്‍ പറയാറുള്ള വാക്കുകളില്‍ പെട്ടതാണിത് എന്നേയുള്ളൂ.
25. ഇവിടെ 'തര്‍ക്കിക്കുക' എന്ന പദം അല്ലാഹുവും ഹ: ഇബ്റാഹീമും(അ) തമ്മിലുള്ള അദമ്യമായ സ്നേഹത്തെയും ഉറ്റബന്ധത്തെയും സൂചിപ്പിക്കുന്നു. ഇബ്റാഹീമും നാഥനും തമ്മില്‍ ഏറെനേരം തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നുവെന്ന ഒരു വിഭാവന ഇതു സൃഷ്ടിക്കുന്നു. ലൂത്ത് ജനത്തില്‍നിന്ന് ഏതുവിധവും ശിക്ഷയെ അകറ്റണമെന്ന് അടിമ അപേക്ഷിച്ചുകൊണടിരുന്നു. ഉടമ മറുപടി കൊടുത്തു: 'ആ ജനം എല്ലാവിധ നന്മകളില്‍നിന്നും മുക്തരായിരിക്കുന്നു. യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കാത്തവിധം അവരുടെ ധിക്കാരം വളര്‍ന്നിരിക്കുന്നു.' എങ്കിലും അടിമ പിന്നെയും അപേക്ഷിക്കുന്നു: 'നാഥാ! എന്തെങ്കിലും നന്മ അവരില്‍ ശേഷിച്ചിട്ടുണെടങ്കില്‍ അവര്‍ക്ക് സ്വല്‍പവും കൂടി അവസരം നല്‍കുക. ഒരുപക്ഷേ, അവര്‍ ആ നന്മയെ വളര്‍ത്തിയേക്കാം.'

|
| |
|
77-81 നമ്മുടെ ദൂതന്മാര്‍(മലക്കുകള്‍) ലൂത്തിന്റെ അടുക്കലെത്തിയപ്പോള്‍, അദ്ദേഹം അവരുടെ വരവില്‍ വളരെ പരിഭ്രമിക്കുകയും മനസ്സുമുട്ടുകയും ചെയ്തു. 'ഇന്നൊരു ക്ളേശദിനം തന്നെ' എന്ന് അദ്ദേഹം പറഞ്ഞുപോയി.26 (ആ അതിഥികള്‍ എത്തേണട താമസം) ജനം അദ്ദേഹത്തിന്റെ ഭവനത്തിലേക്കു പാഞ്ഞടുത്തു. മുമ്പേ അവര്‍ ഇത്തരം നീചവൃത്തികള്‍ ശീലിച്ചവരായിരുന്നു. ലൂത്ത് അവരോടു പറഞ്ഞു: 'അല്ലയോ സഹോദരങ്ങളേ, എന്റെ പെണ്‍മക്കളിതാ. ഇവരാകുന്നു നിങ്ങള്‍ക്ക് ഏറെ വിശുദ്ധകളായിട്ടുള്ളവര്‍.27 അല്ലാഹുവിനെ ഭയപ്പെടുവിന്‍. അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കരുതേ! നിങ്ങളില്‍ വിവേകമുള്ള ഒരു മനുഷ്യനുമില്ലേ?' അവര്‍ മറുപടി നല്‍കി: 'നിന്റെ പെണ്‍മക്കളില്‍ ഞങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ലെന്ന് നിനക്കുതന്നെ അറിയാമല്ലോ. ഞങ്ങളെന്താണാഗ്രഹിക്കുന്നതെന്നും നിനക്കറിയാം.' ലൂത്ത് പറഞ്ഞു: 'ഹാ കഷ്ടം! നിങ്ങളെ നേരെയാക്കാന്‍ എനിക്കു കഴിവുണടായിരുന്നുവെങ്കില്‍!' അല്ലെങ്കില്‍ എനിക്കവലംബിക്കാന്‍ ബലിഷ്ഠമായ ഒരു താങ്ങുണടായിരുന്നുവെങ്കില്‍!' അപ്പോള്‍
മലക്കുകള്‍ അദ്ദേഹത്തോടു പറഞ്ഞു: 'അല്ലയോ ലൂത്ത്, നിന്റെ നാഥനാല്‍ നിയുക്തരായ ദൂതന്മാരല്ലോ ഞങ്ങള്‍. ഈ ആളുകള്‍ക്ക് നിന്നെ തെല്ലും ഉപദ്രവിക്കുവാന്‍ സാധിക്കുകയില്ല. അതുകൊണട് കുറെ രാച്ചെന്നിട്ട് കുടുംബത്തെയും ബന്ധുക്കളെയും കൂട്ടി നീ പുറപ്പെടണം. ശ്രദ്ധിക്കുക: നിങ്ങളിലാരും തിരിഞ്ഞുനോക്കരുത്. പക്ഷേ, നിന്റെ ഭാര്യ (കൂടെ വരുന്നതല്ല). എന്തുകൊണെടന്നാല്‍, ആ ജനത്തെ ബാധിക്കുന്നത് അവളെയും ബാധിക്കുന്നതാകുന്നു. ഇതാ, ഇവരെ നശിപ്പിക്കാന്‍ നിശ്ചയിച്ച സമയം പ്രഭാതമത്രെ. പ്രഭാതം എത്രയും അടുത്തുകഴിഞ്ഞില്ലേ?'
82-83 അങ്ങനെ നമ്മുടെ കല്‍പന വന്നെത്തിയപ്പോള്‍ നാം ആ നാടിനെ കീഴ്മേല്‍ മറിച്ചുകളഞ്ഞു. അതിനു മീതെ നാം ചുട്ട മണ്‍കട്ടകള്‍ വര്‍ഷിച്ചു. അവയില്‍ ഓരോ കല്ലും നിന്റെ നാഥങ്കല്‍ അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു.28 ഈ ശിക്ഷ ധിക്കാരികളില്‍നിന്ന് ഒട്ടം വിദൂരമല്ല. |
| |
26. സുന്ദരമായ കുമാരന്മാരുടെ രൂപത്തിലാണ് മലക്കുകള്‍ ലൂത്തി(അ)ന്റെ അടുക്കലെത്തിയത്. അദ്ദേഹമാവട്ടെ, അവര്‍ മലക്കുകളാണെന്നറിഞ്ഞിരുന്നില്ല. അതിനാല്‍ തന്റെ ജനം ഇവരോട് എന്തുമാത്രം ദുഷ്ടവും ജുഗുപ്സാവഹവുമായിട്ടാണ് പെരുമാറുക എന്നോര്‍ത്ത് ഈ അതിഥികളുടെ ആഗമനത്തില്‍ അദ്ദേഹം ദുഃഖിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.
27. ലൂത്ത് (അ) തന്റെ പുത്രിമാരെ വ്യഭിചരിച്ചുകൊളളാന്‍ അവരോടു പറഞ്ഞു എന്നല്ല ഇതിനര്‍ഥം. 'ഇവരാകുന്നു നിങ്ങള്‍ക്ക് ഏറെ വിശുദ്ധകളായിട്ടുളളവര്‍' എന്ന വാക്യം തെറ്റുധാരണയ്ക്ക് ഒരു പഴുതും അവശേഷിപ്പിക്കുന്നില്ല. അദ്ദേഹം വിവക്ഷിച്ചത് സ്പഷ്ടമായും ഇപ്രകാരമായിരുന്നു: ലൈംഗികവികാരം ശമിപ്പിക്കുന്നതിന് നിങ്ങള്‍ അല്ലാഹു നിശ്ചയിച്ച ഹിതകരമായ മാര്‍ഗം സ്വീകരിക്കുവിന്‍. അതിനാവട്ടെ, ഇവിടെ സ്ത്രീകളുടെ കുറവൊന്നും ഒട്ടും ഇല്ലതാനും.
28. അതായത്, അതില്‍ ഓരോ കല്ലും എന്തെല്ലാം നാശങ്ങള്‍ സൃഷ്ടിക്കണമെന്നും ഏതു കല്ല് ഏതു ധിക്കാരിയുടെ മേല്‍ പതിക്കണമെന്നും അല്ലാഹുവിങ്കല്‍നിന്ന് നിര്‍ണയിക്കപ്പെട്ടിട്ടുണടായിരുന്നു.

|
| |
|
84-86 മദ്യന്‍ വാസികളിലേക്കു നാം അരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം ഉദ്ബോധിപ്പിച്ചു: 'എന്റെ ജനമേ, അല്ലാഹുവിന് അടിമപ്പെടുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. അളവു-തൂക്കങ്ങളില്‍ വെട്ടിപ്പു നടത്താതിരിക്കുവിന്‍. ഇന്ന് ഞാന്‍ നിങ്ങളെ സുസ്ഥിതിയില്‍ കാണുന്നു. എന്നാല്‍ ഭാവിയില്‍ സകലരെയും വലയം ചെയ്യുന്ന യാതനയേറിയ ഒരുനാള്‍ നിങ്ങളില്‍ വരുമെന്ന് എനിക്ക് ഭയമുണട്. നിങ്ങള്‍ നീതിപൂര്‍വം തികച്ച് അളക്കുകയും തൂക്കുകയും ചെയ്യുവിന്‍. ആളുകളെ അവരുടെ ചരക്കുകളില്‍ പറ്റിക്കരുത്, ഭൂമിയില്‍ അധര്‍മം പരത്തി വിഹരിക്കാതിരിക്കുവിന്‍. അല്ലാഹു അവശേഷിപ്പിച്ചുതരുന്ന ലാഭമാകുന്നു ഏറ്റവും ഉത്കൃഷ്ടമായത്--നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍നോട്ടക്കാരനൊന്നുമല്ല.'
87 അവര്‍ ഉത്തരം കൊടുത്തു: 'ഹേ ശുഐബേ! നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണടിരുന്ന ദൈവങ്ങളെയൊക്കെ നമ്മള്‍ ഉപേക്ഷിക്കണമെന്ന് നിന്നെ പഠിപ്പിക്കുന്നത് നിന്റെ നമസ്കാരമാണോ? അഥവാ നമ്മുടെ ധനം നമ്മുടെ ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്യ്രമില്ലെന്ന് പഠിപ്പിക്കുന്നത്? ഓ, നീ വലിയ വിവേകശാലിയും സന്മാര്‍ഗകുതുകിയും തന്നെ!' |
| |
|
88-90 ശുഐബ് പറഞ്ഞു: 'സഹോദരന്മാരേ, നിങ്ങള്‍ സ്വയം ചിന്തിക്കുക. ഞാന്‍ എന്റെ റബ്ബിങ്കല്‍നിന്നുള്ള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്മേല്‍ അധിഷ്ഠിതനായിരിക്കുന്നു. കൂടാതെ എനിക്ക് അവങ്കല്‍നിന്ന് നല്ല ആഹാരം ലഭിക്കുന്നുമുണട്.29 (എങ്കില്‍, പിന്നെയും നിങ്ങളുടെ ദുര്‍മാര്‍ഗത്തിലും അവിഹിത ഭോഗങ്ങളിലും പങ്കാളിയാകുവാന്‍ എനിക്കെങ്ങനെ കഴിയും?) നിങ്ങളെ വിരോധിച്ചുകൊണടിരിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ഞാന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ല. കഴിയുന്നിടത്തോളം നിങ്ങളെ സംസ്കരിക്കാനത്രെ ഞാന്‍ ഉദ്ദേശിക്കുന്നത്. ഞാന്‍ എന്തെല്ലാം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ, അതിന്റെയെല്ലാം അവലംബം അല്ലാഹുവിന്റെ ഉതവി മാത്രമാകുന്നു. ഞാന്‍ അവനില്‍ മാത്രം ഭരമേല്‍പിച്ചിരിക്കുന്നു. സകല കാര്യങ്ങളിലും അവങ്കലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. എന്റെ ജനമേ, എന്നോടുള്ള ശത്രുത, ഒടുവില്‍ നൂഹിന്റെ ജനത്തെയോ ഹൂദിന്റെ ജനത്തെയോ സ്വാലിഹിന്റെ ജനത്തെയോ ബാധിച്ച മഹാവിപത്തിനിരയാകുന്നിടത്തോളം നിങ്ങളെ എത്തിക്കാതിരിക്കട്ടെ. ലൂത്തിന്റെ ജനം നിങ്ങളില്‍നിന്ന് ഏറെയൊന്നും അകലെയല്ലല്ലോ. ശ്രദ്ധിക്കുക! സ്വന്തം നാഥനോടു മാപ്പിരക്കുവിന്‍. എന്നിട്ട് അവങ്കലേക്കു മടങ്ങുവിന്‍. നിസ്സംശയം, എന്റെ നാഥന്‍ ദയാപരനാകുന്നു. തന്റെ സൃഷ്ടികളോട് ഏറെ സ്നേഹമുള്ളവനുമാകുന്നു.'
91 അവര്‍ മറുപടി പറഞ്ഞു: 'ഹേ ശുഐബേ, നീ പറയുന്നതേറെയും ഞങ്ങള്‍ക്കു മനസ്സിലാകുന്നേയില്ല. ഞങ്ങള്‍ക്കിടയിലെ ഒരു ദുര്‍ബലനായ വ്യക്തിയായിട്ടത്രെ ഞങ്ങള്‍ നിന്നെ കാണുന്നത്. നിന്റെ ബന്ധുക്കളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ എന്നോ നിന്നെ കല്ലെറിഞ്ഞു കൊന്നിട്ടുണടാകുമായിരുന്നു. നീ ഞങ്ങള്‍ക്ക് ഒട്ടും അജയ്യനല്ല.'
92-93 ശുഐബ് പറഞ്ഞു: 'ജനമേ, എന്റെ കുടുംബമാണോ അല്ലാഹുവിനെക്കാള്‍ നിങ്ങള്‍ക്ക് വലുത്? നിങ്ങള്‍(കുടുംബത്തെ ഭയപ്പെടുകയും) അല്ലാഹുവിനെ നിസ്സാരമാക്കി തള്ളുകയും ചെയ്യുകയാണോ? അറിഞ്ഞിരിക്കുവിന്‍, നിങ്ങള്‍ ചെയ്യുന്നതൊന്നും അല്ലാഹുവിന്റെ പിടിത്തത്തിനതീതമല്ല. എന്റെ ജനമേ, നിങ്ങള്‍ സ്വന്തം വഴിക്ക് പ്രവര്‍ത്തിച്ചുകൊള്ളുക. ഞാന്‍ എന്റെ വഴിക്കും പ്രവര്‍ത്തിക്കാം. ആര്‍ക്കാണ് അപമാനകരമായ ശിക്ഷ ഭവിക്കുകയെന്നും ആരാണ് കള്ളംപറയുന്നതെന്നും ഉടനെത്തന്നെ നിങ്ങള്‍ അറിയുന്നുണട്. നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നുണട്.' |
| |
29. അല്ലാഹു എനിക്ക് സത്യം ഗ്രഹിക്കാനുളള ഉള്‍ക്കാഴ്ചയും വിശുദ്ധമായ ആഹാരവും പ്രദാനം ചെയ്യുന്നു. ഈ അനുഗ്രഹങ്ങളുള്ളതോടൊപ്പം നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും നിഷിദ്ധഭോജനങ്ങളും സന്മാര്‍ഗവും സത്യവുമാണെന്നു പറഞ്ഞുകൊണട് അവനോട് നന്ദികേടു കാണിക്കുന്നത് എനിക്ക് അനുവദനീയമാകുന്നതെങ്ങനെ?

|
| |
|
94-95 ഒടുവില്‍ നമ്മുടെ വിധി വന്നെത്തിയപ്പോഴോ, ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കരുണയാല്‍ രക്ഷിച്ചു. അക്രമം പ്രവര്‍ത്തിച്ചവരോ, ചലനമറ്റവരായി സ്വഭവനങ്ങളില്‍ വീണടിഞ്ഞുപോകുംവിധം ഒരു ഘോരഗര്‍ജനം അവരെ ബാധിച്ചു. അവര്‍ ഒരിക്കലും അവിടെ പാര്‍ത്തിട്ടേയില്ലാത്തപോലെ.
95 അറിയുവിന്‍! സമൂദ്വര്‍ഗം ദൂരെ തൂത്തെറിയപ്പെട്ടതുപോലെ മദ്യന്‍വാസികളും തൂത്തെറിയപ്പെട്ടു.
96-99 മൂസായെ നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി ഫറവോനിലേക്കും അവന്റെ രാജ്യപ്രമാണിമാരിലേക്കും അയച്ചു. പക്ഷേ, അവര്‍ ഫറവോന്റെ ആജ്ഞയെയാണ് പിന്തുടര്‍ന്നത്. ഫറവോന്റെ ആജ്ഞയോ, സന്മാര്‍ഗദര്‍ശകമായിരുന്നില്ല. പുനരുത്ഥാനനാളില്‍ അവന്‍ സ്വജനത്തിന്റെ മുമ്പിലുണടായിരിക്കും. അങ്ങനെ തന്റെ നേതൃത്വത്തില്‍ അവരെ അവന്‍ നരകത്തിലേക്കു കൊണടുപോകും. പ്രാപിക്കാവുന്നതില്‍ ഏറ്റവും ദുഷിച്ച പ്രാപ്യസ്ഥാനമത്രെ അത്. ഈ ലോകത്ത് അവരില്‍ ശാപം പതിച്ചു. പുനരുത്ഥാനനാളിലും പതിക്കും. ലഭിക്കാവുന്നതില്‍വെച്ച് ഏറ്റവും നികൃഷ്ടമായ സമ്മാനമത്രെ അത്.
100-101 ഇതു കുറെ നാടുകളുടെ വാര്‍ത്തകളാണ്. നാം നിനക്കത് പറഞ്ഞുതരുന്നു. അവയില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണട്. ചിലതു നശിച്ചുപോയിരിക്കുന്നു. നാം അവരോട് അക്രമം ചെയ്തിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു. അല്ലാഹുവിന്റെ വിധി സമാഗതമായപ്പോള്‍, അല്ലാഹുവിനെ വെടിഞ്ഞു പ്രാര്‍ഥിച്ചുകൊണടിരുന്ന ദൈവങ്ങള്‍ക്കൊന്നും ഒട്ടും അവരെ തുണക്കാനായില്ല. ദുരിതവും നാശവുമല്ലാതെ അവ ഒരു പ്രയോജനവും ചെയ്തില്ല. |
| |
|
102-108 നിന്റെ നാഥന്‍, അക്രമിയായ നാടിനെ പിടികൂടുകയാണെങ്കില്‍ ഇവ്വിധം തന്നെയാകുന്നു പിടികൂടുക. വാസ്തവത്തില്‍ അവന്റെ പിടിത്തം വേദനയേറിയതും അതികഠിനവുമാകുന്നു. പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്കൊക്കെയും ഇതില്‍ നിശ്ചയമായും ദൃഷ്ടാന്തമുണട്. അത് സകല മനുഷ്യരും സമ്മേളിക്കുന്ന നാളായിരിക്കും. അന്നാളില്‍ സംഭവിക്കുന്നതൊക്കെയും എല്ലാവരുടെയും കണ്‍മുമ്പില്‍ വെച്ചായിരിക്കും. നാം അതിനെ വല്ലാതെ
പിന്തിപ്പിക്കുന്നില്ല. ചുരുങ്ങിയകാലത്തെ ഒരവധി നിശ്ചയിച്ചിട്ടുണെടന്നുമാത്രം. അത് വന്നെത്തുന്ന നാളിലോ, ആര്‍ക്കും ഒന്നും മിണടാന്‍ കഴിയുകയില്ല; അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ. അന്ന് കുറെയാളുകള്‍ നിര്‍ഭാഗ്യവാന്മാരും കുറെയാളുകള്‍ സൌഭാഗ്യവാന്മാരുമായിരിക്കും. നിര്‍ഭാഗ്യവാന്മാരായവര്‍ നരകത്തിലേക്കു പോകുന്നു. (കഠിനമായ താപത്താലും ദാഹത്താലും) അവിടെ അവര്‍ കിതച്ചുകൊണടും ചീറിക്കൊണടുമിരിക്കും. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം30 അവര്‍ ഇതേ അവസ്ഥയില്‍ കഴിയേണടിവരും-- നിന്റെ റബ്ബ് മറിച്ചു വിചാരിച്ചാലല്ലാതെ. നിശ്ചയം നിന്റെ റബ്ബ് ഇച്ഛിച്ചതു ചെയ്യുന്നതിന് പരമാധികാരമുള്ളവനാകുന്നു. എന്നാല്‍ ഭാഗ്യം സിദ്ധിച്ചവരോ, അവര്‍ പോകുന്നത് സ്വര്‍ഗത്തിലേക്കാകുന്നു. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവരതില്‍ നിത്യവാസികളാകുന്നു--നിന്റെ റബ്ബ് മറിച്ചു വിചാരിച്ചാലല്ലാതെ. അവര്‍ക്ക് ഇടതടവില്ലാതെ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണടിരിക്കും.
109 പ്രവാചകാ, ഇക്കൂട്ടര്‍ ആരാധിച്ചുകൊണടിരിക്കുന്ന ദൈവങ്ങളെക്കുറിച്ച് നീ ഒട്ടും സന്ദേഹപ്പെടേണടതില്ല. മുമ്പ് അവരുടെ മുന്‍ഗാമികള്‍ ചെയ്തിരുന്നതുപോലെ(അന്ധമായി) ആരാധിച്ചുവരികയാണിവര്‍. ഇവരുടെ വിഹിതം, ഒരു കുറവും വരുത്താതെ പിന്നീട് നാമിവര്‍ക്ക് പൂര്‍ത്തീകരിച്ചുകൊടുക്കുന്നതാകുന്നു. |
| |
30. 'എന്നെന്നേക്കും' എന്ന അര്‍ഥത്തിലുളള ഒരു ഭാഷാപ്രയോഗമാണിത്.

|
| |
|
110-115 നാം ഇതിനു മുമ്പ് മൂസാക്കും വേദം നല്‍കിയിരുന്നു. അതിലും ഭിന്നിപ്പുണടായിട്ടുണട്. (നിനക്കു നല്‍കപ്പെട്ട ഈ വേദത്തെ സംബന്ധിച്ച് ഇന്ന് അവര്‍ ഭിന്നിച്ചതുപോലെത്തന്നെ.) നിന്റെ റബ്ബിങ്കല്‍നിന്ന് മുമ്പേതന്നെ ഒരു തീരുമാനം ഉണടായിട്ടില്ലായിരുന്നുവെങ്കില്‍ ഈ ഭിന്നിച്ചവര്‍ക്കിടയില്‍ എന്നോ വിധികല്‍പിച്ചു കഴിഞ്ഞിട്ടുണടാകുമായിരുന്നു. ഇക്കൂട്ടര്‍ അതെപ്പറ്റി കെട്ടുപിണഞ്ഞ സംശയത്തിലാണ് എന്നത് വാസ്തവമത്രേ. നിന്റെ റബ്ബ് അവരുടെ കര്‍മങ്ങള്‍ക്കു പരിപൂര്‍ണമായ പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്നതും വാസ്തവമാകുന്നു. നിശ്ചയം, അവന്‍ അവരുടെ സകല ചലനങ്ങളെക്കുറിച്ചും അറിവുള്ളവനല്ലോ. നീയും (നിഷേധത്തില്‍നിന്നും ധിക്കാരത്തില്‍നിന്നും വിശ്വാസത്തിലേക്കും അനുസരണത്തിലേക്കും) പശ്ചാത്തപിച്ചു വന്നവരായ കൂട്ടുകാരും, നിങ്ങള്‍ ആജ്ഞാപിക്കപ്പെട്ടതുപോലെ സന്മാര്‍ഗത്തില്‍ തന്നെ ഉറച്ചുനില്‍ക്കുക. അടിമത്തത്തിന്റെ പരിധികള്‍ അതിലംഘിക്കരുത്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണടിരിക്കുന്നതൊക്കെയും നിങ്ങളുടെ റബ്ബ് വീക്ഷിക്കുന്നുണട്. ഈ അക്രമികളുടെ പക്ഷത്തേക്ക് ചാഞ്ഞുപോകരുത്. ചാഞ്ഞുപോയാല്‍ നരകീയ ശിക്ഷയില്‍ അകപ്പെടും. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിവുള്ള ഒരു രക്ഷകനെയും നിങ്ങള്‍ക്കു ലഭിക്കുകയില്ല. ഒരിടത്തുനിന്നും സഹായമെത്തുന്നതുമല്ല. നോക്കുക: പകലിന്റെ രണടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും31 നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കേണം. സത്യത്തില്‍, നന്മകള്‍ തിന്മകളെ ദൂരീകരിക്കുന്നു. ഇത് ദൈവവിചാരമുള്ളവര്‍ക്ക് ഒരു ഉദ്ബോധനമാകുന്നു. ക്ഷമയവലംബിക്കുക. നന്മ ചെയ്യുന്നവരുടെ പ്രതിഫലം അല്ലാഹു അശേഷം പാഴാക്കുന്നില്ല.
116-119 നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളില്‍, ഭൂമിയില്‍ അധര്‍മമാചരിക്കുന്നതു തടയുന്ന സജ്ജനങ്ങളുണടാവാതിരുന്നതെന്തുകൊണട്? അവരില്‍നിന്നും നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരേ അങ്ങനെ ഉണടായുള്ളൂ. അക്രമികളാകട്ടെ, അവര്‍ക്ക് സമൃദ്ധിയായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ പിമ്പെ നടന്നു; അവര്‍ കുറ്റവാളികളായിരുന്നു. നിവാസികള്‍ നന്മ പ്രവര്‍ത്തിച്ചുകൊണടിരിക്കുന്ന നാട്ടിനെ നിന്റെ നാഥന്‍ അന്യായമായി നശിപ്പിക്കുകയില്ലതന്നെ. നിസ്സംശയം നിന്റെ റബ്ബ് ഇച്ഛിച്ചുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെത്തെന്നെ സഞ്ചരിച്ചുകൊണടിരുന്നു. നിന്റെ നാഥന്റെ കാരുണ്യം സിദ്ധിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗങ്ങളില്‍നിന്നു രക്ഷപ്പെടൂ. ഇതിനു(ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പരീക്ഷിക്കപ്പെടാനും) വേണടിത്തന്നെയാകുന്നു അവന്‍ അവരെ സൃഷ്ടിച്ചിട്ടുള്ളത്. 'ജിന്നുവംശത്താലും മനുഷ്യവംശത്താലും ഞാന്‍
നരകത്തെ നിറക്കുന്നതാണ്' എന്ന നിന്റെ റബ്ബിന്റെ വചനം പൂര്‍ത്തിയായിരിക്കുന്നു.
120-123 പ്രവാചകാ, നാം ദൈവദൂതന്മാരുടെ ഈ കഥകളൊക്കെയും കേള്‍പ്പിക്കുന്നത് നിന്റെ മനസ്സ് ദൃഢീകരിക്കുന്നതിനുവേണടിയാകുന്നു. ഇതിലൂടെ നിനക്കു സത്യജ്ഞാനം ലഭിച്ചു. സത്യവിശ്വാസികള്‍ക്ക് സദുപദേശവും ഉദ്ബോധനവും ലഭിക്കാന്‍ ഭാഗ്യമുണടായി. സത്യവിശ്വാസം കൈക്കൊള്ളാത്ത ജനത്തോടു പറഞ്ഞുകൊള്ളുക: 'നിങ്ങള്‍ നിങ്ങളുടെ വഴിക്കു പ്രവര്‍ത്തിക്കുവിന്‍. ഞങ്ങള്‍ ഞങ്ങളുടെ വഴിക്കും പ്രവര്‍ത്തിക്കാം. അന്തിമഫലം കാത്തിരിക്കുവിന്‍. ഞങ്ങളും അതു കാത്തിരിക്കുന്നവരാകുന്നു.' ആകാശഭൂമികളില്‍ അദൃശ്യമായിരിക്കുന്നതൊക്കെയും അല്ലാഹുവിന്റെ അധികാരശക്തിയിലുള്ളതാകുന്നു. സകല സംഗതികളും അവങ്കലേക്കുതന്നെയാകുന്നു മടക്കപ്പെടുന്നത്. അതിനാല്‍ പ്രവാചകന്‍ അവന് ഇബാദത്തു ചെയ്യുക. അവനില്‍തന്നെ ഭരമേല്‍പിക്കുക. നിന്റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണടിരിക്കുന്ന യാതൊന്നിനെക്കുറിച്ചും ബോധമില്ലാത്തവനല്ലതന്നെ. |
| |
31. പകലിന്റെ രണടറ്റങ്ങള്‍ കൊണടുദ്ദേശ്യം സുബ്ഹും മഗ്രിബും. രാവ് അല്‍പം ചെല്ലുമ്പോള്‍ എന്നു പറഞ്ഞത് ഇശായുടെ സമയമാണ്. (നമസ്കാരസമയങ്ങളുടെ വിശദ വിവരത്തിന് സൂറ ബനീ ഇസ്റാഈല്‍ 78-ാം സൂക്തവും ത്വാഹാ 130-ാം സൂക്തവും റൂം 17-ാം സൂക്തവും നോക്കുക.)

|
| |
| |