..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

Mediawatch

എല്ലാവര്‍ക്കും
പെരുന്നാള്‍ സന്തോഷങ്ങള്‍.
.

പ്രവര്‍ത്തകരോട്
ഹല്‍ഖാ അമീര്‍

സത്യവിശ്വാസികളുടെ ജീവിതത്തിലെ വസന്തകാലമായ പരിശുദ്ധ റമദാന്‍ വിടപറയുകയാണ്. അവധി നിര്‍ണയിക്കപ്പെട്ട നമ്മുടെ ആയുസ്സില്‍ ഒരിക്കല്‍കൂടി റമദാന്റെ ദിനരാത്രങ്ങള്‍ ആസ്വദിക്കാനുള്ള സൌഭാഗ്യം നമുക്കുണ്ടാവുമോ? നിശ്ചയമില്ല. അത് മനസ്സാ സമ്മതിച്ചുകൊണ്ടുള്ള അത്യധ്വാനമാണല്ലോ ഈ പുണ്യമാസത്തില്‍ നാം നടത്തിയത്. പകല്‍സമയത്ത് വിശപ്പും ദാഹവും സഹിച്ചു. പാതിരാവില്‍ നിന്നു നമസ്കരിച്ചു. വിധിനിര്‍ണയരാത്രിയുടെ വെളിച്ചം ആത്മാവില്‍ അനുഭവിച്ചു. അല്ലാഹുവിന്റെ കാരുണ്യത്താല്‍ ജീവിതത്തെ സ്ഫടിക സമാനമാക്കി. പാപങ്ങളുടെ ഭാരം പശ്ചാത്താപത്താല്‍ ലഘൂകരിച്ചു. സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുന്നേടത്തോളം 'സ്വിയാമും ഖിയാമും' നമ്മെക്കൊണ്ടെത്തിച്ചു. ഇനി നാഥന്റെ ഉതവിയാല്‍ 'റയ്യാന്‍' എന്ന കവാടത്തിലൂടെയുള്ള സ്വര്‍ഗ പ്രവേശമാണ്. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.
ഗൌരവമുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മുടെ ഹൃദയങ്ങളുമായി പങ്കുവെച്ചുകൊണ്ടാണ് റമദാന്‍ വിടവാങ്ങുന്നത്. നമ്മുടെ നഫ്സിന്റെ പരിധികളെയും പരിമിതികളെയും അടയാളപ്പെടുത്തുന്നു എന്നതാണ് അതില്‍ പ്രധാനം. പ്രപഞ്ച നാഥന്റെ ശക്തിയും പ്രതാപവും നമ്മുടെ ഹൃദയത്തില്‍ മുദ്രണം ചെയ്യുന്നു റമദാന്‍. ജീവിതം ഒരു യാത്രയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. അല്ലാഹുവിലേക്കുള്ള യാത്രയിലെ ഇടത്താവളം മാത്രമായ ഇഹലോക ജീവിതത്തെ സല്‍പ്രവൃത്തികള്‍കൊണ്ട് സമ്പന്നമാക്കണമെന്ന വസ്വിയ്യത്താണ് റമദാന്‍ പ്രദാനം ചെയ്യുന്നത്. ശിഷ്ടകാലത്തേക്കുള്ള നമ്മുടെ ജീവിതയാത്രയിലെ ഇന്ധനമാണ് റമദാന്റെ സദ്ഫലങ്ങള്‍.
റമദാന്‍ പൂര്‍ത്തിയാകുമ്പോള്‍ വിശ്വാസി 'അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്' എന്ന തക്ബീര്‍ മുഴക്കി പെരുന്നാളിന്റെ പുതുപ്രഭാതത്തിന് സ്വാഗതമരുളുന്നു. സന്മാര്‍ഗത്തിന്റെ പ്രഭ വിശ്വാസികള്‍ക്ക് ലഭിച്ചതിലുള്ള സന്തോഷമാണ് ഈദ്. 'നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം പ്രകീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്' (ഖുര്‍ആന്‍ 2:185). ത്യാഗനിര്‍ഭരമായ വ്രതകാലത്തിനുശേഷം ശരീരത്തിന്റെയും മനസ്സിന്റെയും സന്തോഷമാണ് പെരുന്നാള്‍. കര്‍ണപുടങ്ങളെ പുളകം കൊള്ളിക്കുന്ന തക്ബീര്‍ ധ്വനികള്‍, സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായ ഹസ്തദാനവും ആശ്ളേഷങ്ങളും, വിഭവ സമൃദ്ധമായ ആഹാരം, സുഗന്ധപൂരിതമായ അന്തരീക്ഷം, നയനമനോഹരമായ പുതുവസ്ത്രങ്ങള്‍ തുടങ്ങി നമ്മുടെ ശരീരത്തിന്റെ പെരുന്നാള്‍ സന്തോഷങ്ങള്‍ ഏറെ ഹൃദ്യമാണ്. മനസ്സ് അപ്പോഴും നാഥന്റെ സാമീപ്യം കൊതിച്ചുകൊണ്ടിരിക്കും. ഈദിന് മടക്കം എന്നൊരു അര്‍ഥമുണ്ട്. അല്ലാഹുവിലേക്കുള്ള യാത്രയുടെ വീണ്ടും ഒരു തുടക്കമാവുന്നു ഈദ്.
നോമ്പില്‍ നിന്നും പെരുന്നാളിലേക്കുള്ള സഞ്ചാരം വലിയൊരു സന്ദേശം തന്നെയാണ്. വ്രതകാലത്ത് നാം നിശയുടെ നിശബ്ദതയില്‍ നാഥനുമായി തനിച്ചിരുന്ന് പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നു. അവസാന സന്ദര്‍ഭങ്ങളില്‍ പള്ളികളില്‍ ഭജനമിരിക്കുന്നു. തക്ബീറും തഹ്ലീലും തഹ്മീദും കൊണ്ട് നാഥനുമായി രഹസ്യഭാഷണം നടത്തുന്നു. എന്നാല്‍ ഇതേ തക്ബീറുകള്‍ പെരുന്നാള്‍ ദിനത്തില്‍ ചക്രവാളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളാണ്. പെരുന്നാള്‍ നമസ്കാരം പാതിരാവിലല്ല, പ്രഭാതവേളയിലാണ്. അതും പള്ളികള്‍ക്ക് പുറത്ത് പ്രത്യേകം സജ്ജമാക്കിയ തുറന്ന മൈതാനികളില്‍. റമദാനില്‍ നേടിയെടുത്ത ഊര്‍ജം പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയാകണമെന്ന പാഠം പെരുന്നാള്‍ പറഞ്ഞുതരുന്നു.
റമദാനില്‍ വ്യക്തികള്‍ നേടിയെടുക്കുന്ന ആത്മീയ ശക്തിയും കരുത്തും അതുല്യമാണ്. അത് വ്യക്തികളില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യാനുള്ളതല്ല. നേടിയെടുത്ത ആത്മീയശക്തിയെ സാമൂഹിക ശക്തിയായി വികസിപ്പിക്കാന്‍ കഴിയുമ്പോഴാണ് നാം വിജയം വരിച്ചവരാകുന്നത്. റമദാന്‍ അവസാനിച്ച രാത്രിയില്‍ തന്നെ നിര്‍ബന്ധ ബാധ്യതയാവുന്ന കാര്യമാണ് ധാന്യപൊതികളുമായി വീടുകളില്‍ കയറിയിറങ്ങുകയെന്നത്. ആരാധനകളിലൂടെ വിജയം കൊയ്തു എന്ന ഭാവേന അടങ്ങിയിരിക്കാതെ അടുത്ത പ്രഭാതത്തിനു മുമ്പുതന്നെ സമൂഹത്തിലേക്ക് ഇറങ്ങണമെന്ന സന്ദേശം അടങ്ങിയിരിക്കുന്നു ഫിത്ര്‍ സകാത്തില്‍. നമസ്കാരമാവുന്ന 'മിഅ്റാജില്‍'നിന്നും നാം വിരമിക്കുന്നത് ഇടത്തും വലത്തുമുള്ള സൃഷ്ടികള്‍ക്ക് 'സലാം' സമ്മാനിച്ചുകൊണ്ടാണ്. സ്രഷ്ടാവിലേക്കുള്ള തീര്‍ഥയാത്രയായ നോമ്പും സമാപിക്കുന്നത് സമസൃഷ്ടികള്‍ക്ക് ആശ്വാസവും സമാധാനവുമായാണ്.
'ഒന്നില്‍നിന്നും വിരമിച്ചാല്‍ മറ്റൊന്നില്‍ വ്യാപൃതരാവുക' എന്ന ഖുര്‍ആന്‍ വാക്യം ഇസ്ലാമിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തന നൈര്യന്തര്യത്തിന്റെ ചൂണ്ടുപലകയാണ്. നമുക്ക് വിശ്രമിക്കാന്‍ സമയമില്ല. സമൂഹത്തിന്റെ മധ്യത്തിലായിരിക്കണം നമ്മുടെ സ്ഥാനം. അല്ലാഹുവോടുള്ള ബന്ധം സുദൃഢമാക്കുകയും ഒപ്പം ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്ത പ്രവാചകന്മാരാണ് നമ്മുടെ മാതൃക. പ്രബോധന പ്രവര്‍ത്തനങ്ങളിലും സേവന സംരംഭങ്ങളിലും അടിയുറച്ച് മുന്നേറാനും പീഡിത ജനവിഭാഗങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാനും റമദാന്‍ നമുക്ക് പ്രചോദനമാകണം.
സുപ്രധാനമായ ഒരു കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുകയാണ്. നാം നടത്താന്‍ തീരുമാനിച്ച വനിതാസമ്മേളനമാണ് അത്. ഒക്ടോബര്‍ 4 ന് തിരുവനന്തപുരത്ത് സമ്മേളന പ്രഖ്യാപനം നടക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാകണം. നമ്മുടെ മുഴുവന്‍ സംഘടനാശേഷിയും സമ്മേളന വിജയത്തിനായി വിനിയോഗിക്കണം. കേരളത്തിലെ മറ്റൊരു മഹാ സംഭവമായി വനിതാസമ്മേളനം മാറണം. ഇസ്ലാമിക പ്രസ്ഥാനം ആസൂത്രണം ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച മുഴുവന്‍ സഹോദരി സഹോദരന്മാര്‍ക്കും വേണ്ടി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഇസ്ലാമിക പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തന വിജയവും ഉള്‍പ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അല്ലാഹു അക്ബര്‍. (13.9.2009)

 
 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.