..:: In the name of Allah, Most Gracious, Most Merciful :: Welcome to Jamat e Islami Kerala website ::..
 

Mediawatch

സ്വവര്‍ഗരതി നിയമവിധേയമാക്കുമ്പോള്‍
സ്വവര്‍ഗരതി നിയമവിധേയമാക്കിക്കൊണ്ടുള്ള ദല്‍ഹി ഹൈക്കോടതി വിധി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സൃഷ്ടിച്ച അലകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. രാജ്യത്തെ മിക്കവാറും എല്ലാ മതവിഭാഗങ്ങളും കോടതിവിധിയില്‍ തങ്ങള്‍ക്കുള്ള അസംതൃപ്തിയും എതിര്‍പ്പും പ്രകടിപ്പിച്ചുകഴിഞ്ഞു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് വിധി എന്നാണ് അവരുടെ വിലയിരുത്തല്‍. അതേസമയം, സ്വവര്‍ഗപ്രേമികളും അവരെ അനുകൂലിക്കുന്നവരും ചരിത്രപ്രധാനമായ നാഴികക്കല്ലായി വിധിയെ ആഘോഷിക്കുകയാണ്. കോടതിയില്‍ വിധിക്കാസ്പദമായ ഹരജി സമര്‍പ്പിച്ച നാസ് ഫൌണ്ടേഷനിലെ അഞ്ജലി ഗോപാലന്‍ 'നമ്മള്‍ ഒടുവില്‍ 21ാം നൂറ്റാണ്ടില്‍ പ്രവേശിച്ചിരിക്കുകയാണെന്നും സുപ്രധാനമായ ഈ വിധിയെ ഗവണ്‍മെന്റിന് ഇനി അവഗണിക്കാന്‍ സാധിക്കുകയില്ലെ'ന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്.

ഒരേ ലിംഗജാതിയില്‍പെട്ട പ്രായപൂര്‍ത്തിയായവര്‍ ഉഭയസമ്മതത്തോടെ സ്വകാര്യമായി നടത്തുന്ന ലൈംഗികവേഴ്ച ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പരിഗണിക്കുന്ന ഇന്ത്യന്‍ പീനല്‍കോഡിലെ 377ാം വകുപ്പ് ഭരണഘടനയിലെ 14, 15, 21 വകുപ്പുകളെ ലംഘിക്കുന്നതാണെന്നാണ് ദല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഒരാള്‍ക്ക് സ്ത്രീയുമായോ പുരുഷനുമായോ മൃഗവുമായോ ലൈംഗികാവശ്യം പൂര്‍ത്തീകരിക്കാനുള്ള സ്വാതന്ത്യ്രം അയാളുടേതു മാത്രമാണെന്ന് പറയുന്ന കോടതി വ്യക്തിസ്വാതന്ത്യ്രത്തെ വലിച്ചുനീട്ടുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഇതുപ്രകാരം പൊതുസ്ഥലത്ത് വിവസ്ത്രമാകാനും പോര്‍ണോ ചിത്രങ്ങള്‍ ആസ്വദിക്കാനും ആര്‍ക്കും സ്വാതന്ത്യ്രമുണ്ടെന്നും വാദിക്കാവുന്നതാണ്. സ്വവര്‍ഗരതിക്കെതിരെ യുക്തിപരമായ തെളിവുകള്‍ ചോദിക്കുന്ന കോടതി മാനവതയുടെ സഞ്ചിത സംസ്കാരത്തില്‍നിന്ന് ചിരപ്രതിഷ്ഠ നേടിയ മൂല്യമണ്ഡലത്തെയും സ്വയംസിദ്ധ പ്രത്യക്ഷ യാഥാര്‍ഥ്യങ്ങളെയുമാണ് നിരാകരിക്കുന്നത്. പ്രകൃതിവിരുദ്ധം എന്നതുതന്നെയാണ് അതിന്റെ യുക്തി.

കോളനി ഭരണകാലത്ത് നടപ്പാക്കിയ 149 വര്‍ഷം പഴക്കമുള്ളതാണ് പീനല്‍കോഡിലെ 377ാം വകുപ്പ്. ഇതനുസരിച്ച് പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ച നടത്തുന്നവരെ ജീവപര്യന്തമോ പത്തു വര്‍ഷമോ തടവിലിടാവുന്നതാണ്. സ്വവര്‍ഗ പ്രേമികള്‍ക്ക് ശിക്ഷയില്‍നിന്ന് നിര്‍ഭയത്വം നല്‍കുമെങ്കിലും മൈനര്‍മാര്‍ ഉള്‍പ്പെടുന്നതോ ഉഭയസമ്മതപ്രകാരമല്ലാത്തതോ ആയ സ്വവര്‍ഗ ലൈംഗിക വേഴ്ചകളെ ഈ വിധി ബാധിക്കുന്നില്ല.

ഒന്നര നൂറ്റാണ്ടായി 377ാം വകുപ്പ് നിയമപുസ്തകത്തിലുണ്ടെങ്കിലും അതിന്റെ കാര്‍ക്കശ്യത്തോടെ അത് നടപ്പാക്കുന്ന സംഭവങ്ങള്‍ വിരളമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെന്ന ബാനറില്‍ പടിഞ്ഞാറന്‍ നവലിബറല്‍ മൂല്യസംഹിതകളെ ഇറക്കുമതി ചെയ്യുന്ന ഗേ^ലെസ്ബിയന്‍ സാംസ്കാരിക വൈകൃതങ്ങളുടെ കൂട്ടായ്മകള്‍ മുളച്ചുപൊന്തിയ സമീപകാലത്തുപോലും ഇതാണവസ്ഥ. ഇത്തരം പ്രകൃതിവിരുദ്ധ പ്രവണതകളെ ചികില്‍സിച്ചുമാറ്റാവുന്ന മനോവൈകൃതമായും പൊതു അവസ്ഥയില്‍നിന്നുള്ള അപവാദമായുമാണ് സമൂഹം കണ്ടിരുന്നത്. ഒരു കുറ്റകൃത്യമെന്നതിലുപരി പാപവൃത്തി എന്ന നിലയിലായിരുന്നു പൊതുവെ അതിനോടുണ്ടായിരുന്ന സമീപനം. പടിഞ്ഞാറുപോലും പ്രാന്തീയപക്ഷമാണ് സ്വവര്‍ഗഭോഗികള്‍. രണ്ടായിരാമാണ്ടില്‍ നടന്ന സെന്‍സസ് പ്രകാരം യു.എസില്‍ ഇവരുടെ എണ്ണം 0.42 ശതമാനം മാത്രമേ വരൂ. യു.എസ്, ഫ്രാന്‍സ്, കനഡ എന്നിവിടങ്ങളില്‍ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നത് ഗേ, ലെസ്ബിയന്‍മാരെന്ന് സ്വയം സമ്മതിക്കുന്നവര്‍ 1.2 ശതമാനം മാത്രമാണെന്നാണ്. ആരോഗ്യ^കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലെ എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്കനുസരിച്ച് കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍പെട്ട വിഭാഗത്തിന്റെ എണ്ണം 2100 ആണ്. എന്നാല്‍, അപവാദങ്ങളെ അംഗീകൃത പദവിയിലേക്ക് അവരോധിക്കുന്നതിലെ അപകടം കാണാതിരുന്നുകൂടാ. മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി കീഴ്ക്കട മൂല്യങ്ങളെ വെല്ലുവിളിച്ചും പടിഞ്ഞാറിനെ അനുകരിച്ചും നമ്മുടെ രാജ്യത്തും സ്വവര്‍ഗരതിക്കാര്‍ പ്രസ്ഥാനരൂപമാര്‍ജിച്ചു വളരാന്‍ തുടങ്ങിയിട്ടുണ്ട്.

സ്വവര്‍ഗരതിയെ ശിക്ഷാവിമുക്തമാക്കുന്നതില്‍ ഒതുങ്ങുന്നതല്ല നവലൈംഗികവാദികളുടെ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും. സ്വവര്‍ഗരതിക്ക് വൈവാഹിക പദവി നല്‍കണമെന്നതും വേശ്യാവൃത്തി നിയമവിധേയമാക്കണമെന്നതുമൊക്കെ അവരുടെ ആവശ്യങ്ങളില്‍പെടുന്നു. വേശ്യാവൃത്തിക്ക് ലൈംഗികത്തൊഴില്‍ എന്നുപേരിട്ട് മാന്യത നല്‍കപ്പെടുന്നു. ഒരേ ലിംഗജാതിയില്‍പെട്ടവരുടെ സഹജീവിതത്തിന് നിയമാനുസൃത വൈവാഹിക പദവി നല്‍കപ്പെടുമ്പോള്‍ വിവാഹമെന്ന സങ്കല്‍പംതന്നെ അട്ടിമറിക്കപ്പെടുകയാണ്. അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ അവരിലൊതുങ്ങുന്നതല്ല. ഇതര ബന്ധുജനങ്ങളുമായി ബന്ധപ്പെട്ട അനന്തരാവകാശങ്ങളെയും അത് ബാധിക്കും. ലൈംഗിക അരാജകത്വത്തിന്റെ വ്യാപനത്തിലൂടെ ഭദ്രമായ സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബം ശിഥിലമാക്കപ്പെടും. ഇതൊക്കെയാണ് സദാചാരമൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരെ ഉത്കണ്ഠാകുലരാക്കുന്നത്. കോടതിവിധി കൂടുതല്‍ അപകടകരമായ നീക്കങ്ങള്‍ക്ക് ആക്കംകൂട്ടിയേക്കുമെന്നാണ് അവരുടെ ആശങ്ക. വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കത്തോലിക്ക ബിഷപ്പ് കൌണ്‍സിലിലെ ഫാ. ഡൊമിനിക് ഇമ്മാനുവലും മൌലാനാ അബൂസഫര്‍ ഹസന്‍ നദ്വി, അസ്ഗറലി എഞ്ചിനീയര്‍ തുടങ്ങിയ മുസ്ലിം പണ്ഡിതന്‍മാരും സ്വവര്‍ഗരതിയെ തങ്ങളുടെ മതം കുറ്റകൃത്യമായല്ല, പാപവൃത്തിയായാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുള്ളത് ശ്രദ്ധേയമാണ്.

സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ നിയമ കമീഷന്‍ 2000ത്തില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 172ാം റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതാണ്. 2005ല്‍ ആസൂത്രണ കമീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശകളിലും വേശ്യാവൃത്തിയും സ്വവര്‍ഗരതിയും നിയമവിധേയമാക്കണമെന്ന നിര്‍ദേശമുണ്ട്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ദല്‍ഹി ഹൈക്കോടതി വിധിയോട് മതവിഭാഗങ്ങളില്‍നിന്നുണ്ടായ പ്രതികരണം സ്വാഭാവികമാണെന്നു കാണാം. ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ വികാരം തന്നെയാണ് അതില്‍ പ്രതിഫലിക്കുന്നത്. കുടുംബ വ്യവസ്ഥയെയും സമൂഹ ജീവിതത്തെയും കോടതിവിധി എങ്ങനെ ബാധിക്കുമെന്ന് പഠിച്ചശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി ചിദംബരവും ആരോഗ്യമന്ത്രി ഗുലാംനബി ആസാദും നിയമമന്ത്രി മൊയ്ലിയും വിധിയെ സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുമ്പോള്‍ ഇതൊക്കെ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കാം. മുതലാളിത്ത ഉദാരവാദത്തിന്റെ സാംസ്കാരികോല്‍പന്നമായ ലൈംഗിക അരാജകത്വത്തിനു വാതില്‍ തുറന്നുകൊടുത്താല്‍ അത് സര്‍വനാശത്തിലേക്കായിരിക്കും നയിക്കുക.

(Editoraial_6.7.2009, Madhyamam daily)

 
 
     
     
©2009. all rights reserved for Jamaath-e-Islami Hind, Kerala.