കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് സുഊദി അറേബ്യയിലെ ബുറൈദയില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം ജില്ലയിലെ കൊച്ചുകലുങ്ക് സ്വദേശി 'തനിമ'യില്‍ അസ്ലം കൊച്ചുകലുങ്കിന്റെ (ഗള്‍ഫ് മാധ്യമം ബുറൈദ ലേഖകന്‍) ഭാര്യ ഷീജയും മകള്‍ ഹസ്നയും കെ.ഐ.ജിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ഷീജ ബുറൈദയിലെ കെ.ഐ.ജി വനിതാ യൂനിറ്റ് പ്രസിഡന്റും ഹസ്ന മലര്‍വാടി ബാലസംഘം പ്രവര്‍ത്തകയുമായിരുന്നു. 2003 മുതല്‍ സുഊദിയിലുള്ള ഷീജ കുറഞ്ഞ കാലംകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനത്തെ പഠിച്ചറിഞ്ഞത്. ഏതാനും വര്‍ഷങ്ങളായി പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായിരിക്കെയാണ് അവര്‍ മകളോടൊപ്പം അല്ലാഹുവിലേക്ക് യാത്രയായത്. ഖുര്‍ആന്‍ പഠനത്തിന് എപ്പോഴും താല്‍പര്യം കാണിച്ചിരുന്ന അവര്‍ ഖുര്‍ആന്‍ ക്ളാസുകളിലും മറ്റ് പഠനവേദികളിലും പങ്കെടുത്താണ് പ്രസ്ഥാനത്തെ മനസ്സിലാക്കിയത്. ഇസ്ലാമിക കാഴ്ചപ്പാടോടെ ജീവിതം ചിട്ടപ്പെടുത്തിയ അവര്‍ എല്ലാ പ്രാസ്ഥാനിക പരിപാടികളിലും സജീവ പങ്കാളിയായി.
ഹൃദ്യമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും സ്നേഹം പകര്‍ന്ന ഷീജ ബുറൈദയിലെയും റിയാദിലെയും വിവിധ കുടുംബങ്ങളുമായി ഊഷ്മള ബന്ധമാണ് കാത്തുസൂക്ഷിച്ചത്. ബുറൈദയിലെത്തുന്ന പ്രസ്ഥാന പ്രവര്‍ത്തകരെയും നേതാക്കളെയും സല്‍ക്കരിക്കുന്നതില്‍ ഷീജയും കുടുംബവും ഏറെ താല്‍പര്യം കാണിച്ചു. അവരുടെ വീട് കേന്ദ്രീകരിച്ച് ബുറൈദയിലെ കെ.ഐ.ജിയുടെ പല പരിപാടികളും നടന്നിരുന്നു. പ്രാസ്ഥാനിക-കുടുംബ ജീവിത രംഗത്ത് സഹധര്‍മിണി സ്വീകരിച്ച മാതൃകാപരമായ ഇത്തരം സമീപനമാണ് വന്‍ദുരന്തത്തിന്റെ സമയത്തും ഭര്‍ത്താവ് അസ്ലമിന് മനക്കരുത്തും ആശ്വാസവും നല്‍കിയത്. ദുരന്തസമയത്ത് ആശ്വസിപ്പിക്കാനെത്തിയ പലരോടും അസ്ലം തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രതികരിച്ചത്. സഹധര്‍മിണിയുടെയും മകളുടെയും പരലോക ജീവിതത്തെക്കുറിച്ച ഈ ഉറപ്പ് ബന്ധുക്കള്‍ക്കെന്നപോലെ സഹപ്രവര്‍ത്തകര്‍ക്കും വല്ലാത്തൊരു താങ്ങായി. ഇളയ മകള്‍ ഹസ്നയെ ദുരന്തം തട്ടിയെടുത്തപ്പോള്‍ മൂത്ത മകള്‍ തസ്നി പിതാവിനൊപ്പം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ!