ഞാന്‍ ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ പഠിക്കുന്ന കാലം. ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടുവരുന്നേയുള്ളൂ. അതിനു വഴിയൊരുക്കിയത് അരീക്കോട് സ്വദേശിയും ഫാറൂഖ് കോളേജ് വിദ്യാര്‍ഥിയുമായിരുന്ന പൂവഞ്ചേരി മുഹമ്മദ് സാഹിബാണ്. അദ്ദേഹമാണ് കൊടിയത്തൂരില്‍ നടക്കുന്ന വിദ്യാര്‍ഥി യുവജന സമ്മേളനത്തെക്കുറിച്ചറിയിച്ചത്. കൂട്ടുകാരോടൊന്നിച്ച് കൊടിയത്തൂരിലേക്ക് പുറപ്പെട്ടു. ടി.കെ. അബ്ദുല്ല സാഹിബ്, ടി.പി. മുഹമ്മദലി മാസ്റ്റര്‍, ഇപ്പോള്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി പോലുള്ള പ്രഗല്‍ഭ വ്യക്തികള്‍ പങ്കെടുത്ത പരിപാടി സമാപിച്ചത് രാത്രി വൈകിയാണ്. അതിനാല്‍ കോളേജില്‍ തിരിച്ചെത്തുക പ്രായോഗികമായിരുന്നില്ല. സംഘാടകര്‍ ഞങ്ങളെ കൊടിയത്തൂരില്‍നിന്ന് ഇരുവഴിഞ്ഞിപ്പുഴയുടെ മറുകരയിലെ 'തേക്കും പാലി'യിലേക്കാണ് നയിച്ചത്. അന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ കെ.സി. അബ്ദുല്ല മൗലവി വീട്ടിലുണ്ടായിരുന്നില്ല. എന്നിട്ടും ആതിഥ്യത്തിന്റെ അത്യസാധാരണമായ മാധുര്യം അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചു. പിന്നീട് എണ്ണിത്തിട്ടപ്പെടുത്താനാവാത്തവിധം അനേകം തവണ കെ.സി. സാഹിബിന്റെ സല്‍ക്കാരത്തിന്റെ സ്വാദും കുളിര്‍മയും ആസ്വദിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചു. അദ്ദേഹത്തിന്റെ അത്യസാധാരണവും ഉദാരനിര്‍ഭരവുമായ ആതിഥ്യമര്യാദയും ഹൃദ്യമായ സ്വീകരണവും വാക്കുകളില്‍ വിവരിക്കാനാവില്ല.
അതിഥികളെ സ്വീകരിക്കുന്നതിലെ കെ.സി. സാഹിബിന്റെ തിടുക്കം മകന്‍ മൊയ്തീന്‍ കോയ അനുസ്മരിക്കുന്നു: "വീട്ടില്‍ വല്ല അതിഥികളും വരുന്നുണ്ടെങ്കില്‍ അവര്‍ വന്ന് പോകുന്നതുവരെയും ബാപ്പ അസ്വസ്ഥനായിരിക്കും. വിഭവങ്ങള്‍ തീരുമാനിക്കുന്നിടത്ത്, അടുക്കളയില്‍ പാകം ചെയ്യുന്നിടത്ത്, കൈകഴുകുന്നിടത്ത് ബാപ്പയുടെ ശ്രദ്ധയുണ്ടാകും. വിളമ്പുന്ന പാത്രവും വിരിക്കുന്ന സുപ്രയും കൈകഴുകാനുള്ള സോപ്പും തുടക്കാനുള്ള മുണ്ടും വരെ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തും. അതിഥികള്‍ എത്തുന്നതിന് മുമ്പുതന്നെ റൂമും പരിസരവും ബാപ്പ തന്നെ എയര്‍ ഫ്രഷ്ണര്‍ അടിച്ചു വൃത്തിയാക്കിവെക്കും. ബാത്ത്‌റൂമില്‍ ടോയ്‌ലറ്റ് പെര്‍ഫ്യൂമും. അതിഥികള്‍ പോയിക്കഴിഞ്ഞാല്‍ അടുക്കളയില്‍വന്ന് വിഭവങ്ങള്‍ തികഞ്ഞിരുന്നോ, എല്ലാവര്‍ക്കും കിട്ടിയോ, വല്ല പിഴവും സംഭവിച്ചിരുന്നോ എന്നെല്ലാം അന്വേഷിക്കും."
അതിഥിസല്‍ക്കാരത്തെ മനോഹരമായ ഒരു കലയാക്കി മാറ്റിയ കേരളത്തിലെ അപൂര്‍വം വ്യക്തികളില്‍ ഏറെ ശ്രദ്ധേയനാണ് കെ.സി. അബ്ദുല്ല മൗലവി. സഹപ്രവര്‍ത്തകരില്‍ അതിന്റെ മധുരിമ അനുഭവിച്ചറിയാത്തവര്‍ വളരെ വിരളമായിരിക്കും. നാട്ടിലെ സാധാരണക്കാര്‍തൊട്ട് ശൈഖ് അബ്ദുല്ലാ അന്‍സാരി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ പോലുള്ള അന്താരാഷ്ട്ര വ്യക്തിത്വങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ നേതാക്കളുമെല്ലാം തേക്കുംപാലി ഹൗസില്‍ അതിഥികളായി എത്തിയിട്ടുണ്ട്. സ്നേഹോഷ്മളമായ സ്വീകരണത്തിന്റെയും ഹൃദയ സ്പര്‍ശിയായ പരിചരണത്തിന്റേയും ഉദാരമായ സല്‍ക്കാരത്തിന്റെയും മറക്കാനാവാത്ത ഓര്‍മകളുമായേ ആരും അവിടെനിന്ന് മടങ്ങിയിട്ടുണ്ടാവുകയുള്ളൂ. അതിഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിലും വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്നതിലും അദ്ദേഹം പ്രത്യേകം നിഷ്കര്‍ഷ പുലര്‍ത്തി. ഇതിലൊക്കെയും സ്നേഹസമ്പന്നയായ സഹധര്‍മിണി പൂര്‍ണമായും സഹകരിച്ചു.
ബാല്യവും വിദ്യാഭ്യാസവും
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലാണ് കെ.സി. ജനിച്ചത്; 1920 ഫെബ്രുവരി 22-ന്. പിതാവ് കുന്നത്തുചാലില്‍ ഹുസൈന്‍ മുസ്ലിയാര്‍ അറിയപ്പെടുന്ന മതപണ്ഡിതനും മരക്കച്ചവടക്കാരനുമായിരുന്നു. മാതാവ് അത്വിയ്യ. അവരുടെ ആറുമക്കളില്‍ നാലാമനായിരുന്നു അബ്ദുല്ല.
കൊടിയത്തൂര്‍ സ്കൂളിലാണ് അഞ്ചാംതരം വരെ പഠിച്ചത്. പ്രാഥമിക മതപഠനം പ്രദേശത്തെ പള്ളിദര്‍സിലും. എം.സി.സി. ഹസ്സന്‍ മൗലവിയായിരുന്നു അവിടത്തെ അധ്യാപകന്‍. ദര്‍സിനു നേതൃത്വം നല്‍കിയിരുന്നത് കുട്ടിഹസ്സന്‍ അധികാരിയും. ഇരുവരും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായിരുന്നു. അതോടൊപ്പം ധീരന്‍മാരും സമൂഹത്തില്‍ ഏറെ സ്വാധീനമുള്ളവരും. ഇത് ചെറുപ്രായത്തില്‍ത്തന്നെ കെ.സിയില്‍ പുരോഗമനചിന്തയും വിപ്ലവബോധവും വളര്‍ന്നുവരാന്‍ കാരണമായി.
ഉപരിപഠനം പൂനൂരിലും പെരിങ്ങാടിയിലുമായിരുന്നു. തുടര്‍ന്ന് 1939-ല്‍ വെല്ലൂര്‍ അല്‍ബാഖിയാത്തുസ്സ്വാലിഹാതില്‍ ചേര്‍ന്നു. പ്രഗല്‍ഭ പണ്ഡിതന്മാരായ ശൈഖ് ആദം ഹദ്‌റത്ത്, അബ്ദുര്‍റഹീം ഹദ്‌റത്ത്, കൊടിയത്തൂര്‍ ഖാദിയായിരുന്ന സഹോദരീ ഭര്‍ത്താവ് എം.എ. അബ്ദുല്‍ അസീസ് മൗലവി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ അധ്യാപകര്‍. നാലകത്ത് മുഹമ്മദ് കോയ, ഡോ. മുഹ്‌യിദ്ദീന്‍ ആലുവായി തുടങ്ങിയവര്‍ സഹപാഠികളും.
1943, 44 കാലത്ത് അല്‍ബാഖിയാതുസ്സ്വാലിഹാത്തില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് വി.പി. മുഹമ്മദലി എന്ന ഹാജി സാഹിബുമായി കെ.സി. വ്യക്തി ബന്ധം സ്ഥാപിച്ചത്. ഹാജി സാഹിബ് അവിടം സന്ദര്‍ശിക്കാറുണ്ടായിരുന്നു. 1943-ല്‍ എം.എഫ്.ബി ബിരുദം നേടിയ കെ.സി. 1945-ലാണ് ബാഖിയാത്തിനോട് വിടപറഞ്ഞത്.
നാട്ടില്‍ തിരിച്ചെത്തിയ അബ്ദുല്ല മൗലവിയെ അറിയപ്പെടുന്ന സമുദായ പരിഷ്കര്‍ത്താവും കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവുമായ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകനായി നിയമിച്ചു. എം.സി.സിയായിരുന്നു ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പാള്‍. 1908-ല്‍ സ്ഥാപിതമായ ദാറുല്‍ ഉലൂം മലയാള ഭാഷാപഠനം തെറ്റല്ലെന്ന് പ്രഖ്യാപിക്കുകയും അറബിമലയാള ഭാഷാലിപി പരിഷ്കരണത്തിനു നേതൃത്വം നല്‍കുകയും നമസ്കാര സമയം നിര്‍ണയിക്കുകയും ചെയ്തതിലൂടെ മഹത്തായ വിപ്ലവം സൃഷ്ടിച്ച വിദ്യാസ്ഥാപനമാണ്. കെ. മൊയ്തുമൗലവി, കെ.എന്‍. ഇബ്‌റാഹീം മൗലവി, എ.കെ. അബ്ദുല്‍ ഖാദിര്‍ മൗലവി, ടി.കെ. അബ്ദുല്ല സാഹിബ്, എന്‍.കെ. അഹ്മദ് മൗലവി പോലുള്ള പ്രമുഖ പണ്ഡിതന്മാര്‍ ദാറുല്‍ ഉലൂമിലെ കെ.സി.സാഹിബിന്റെ ശിഷ്യന്മാരാണ്. എം.സി.സി. ഹസ്സന്‍ മൗലവി, ശൈഖ് മുഹമ്മദ് മൗലവി, അബുസ്സ്വലാഹ് മൗലവി,
എം. ആലിക്കുട്ടി മൗലവി, കെ.സി. അലവി മൗലവി എന്നിവര്‍ സഹപ്രവര്‍ത്തകരും.
അക്കാലത്ത് അദ്ദേഹം മുസ്ലിംലീഗുകാരനും കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകനുമായിരുന്നു. അരീക്കോട്ടെ എന്‍.വി. അബ്ദുസ്സലാം മൗലവിയോടൊന്നിച്ച് ലീഗ് യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകാറുണ്ടായിരുന്നു. ദാറുല്‍ ഉലൂമില്‍ അധ്യാപകനായിരിക്കെ എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവിയും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടതനുസരിച്ചാണ് കെ.സി. അബ്ദുല്ല മൗലവി, മസ്‌ഊദ് ആലം നദ്‌വിയുടെ ഇസ്ലാമും സോഷ്യലിസവും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. കേരള ജംഇയ്യത്തുല്‍ ഉലമായാണ് അത് പ്രസിദ്ധീകരിച്ചത്. മുസ്ലിം യുവാക്കള്‍ കമ്യൂണിസത്തിലേക്കാകര്‍ഷിക്കപ്പെടുന്നതിന് തടയിടാന്‍ ഈ പുസ്തകം ഏറക്കുറെ ഉപകരിച്ചു.
അല്‍മദ്‌റസതുല്‍ ആലിയയില്‍
1946-ല്‍ ദാറുല്‍ ഉലൂം അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് സ്ഥാപനം
തിരൂരങ്ങാടിയിലെ തറമ്മല്‍ പള്ളിയിലേക്ക് മാറ്റി. കെ.എം. മൗലവി, എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി, എം.സി.സി. ഹസ്സന്‍ മൗലവി തുടങ്ങിയ പണ്ഡിതന്മാരും അവരുടെ ശിഷ്യന്മാരും ചിതറിപ്പോവാതിരിക്കാന്‍ സ്വീകരിച്ച എളുപ്പമാര്‍ഗമായിരുന്നു ഈ പറിച്ചുനടല്‍. കെ.സി. സാഹിബും അവരോടൊന്നിച്ച് തിരൂരങ്ങാടിയിലേക്ക് മാറി.
അദ്ദേഹം അവിടെ അധ്യാപകനായിരിക്കെ വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി തിരൂരങ്ങാടിയില്‍ വന്ന് പ്രസംഗിച്ചു. അക്കാലത്ത് കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റായിരുന്നു ഇസ്സുദ്ദീന്‍ മൗലവി. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച കെ.സി. സാഹിബ് 1946-ല്‍ കാസര്‍കോട് അല്‍ മദ്‌റസത്തുല്‍ ആലിയയിലേക്ക് പോയി. 1924-ല്‍ ഉത്തര കേരളത്തില്‍ നിലവില്‍വന്ന ഇസ്ലാമിക വിദ്യാസ്ഥാപനമാണത്. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക വിദ്യാലയമായിരുന്നു അത്. ആദ്യകാലത്തുതന്നെ അവിടെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും അധ്യാപകര്‍ക്ക് ശമ്പള വ്യവസ്ഥയും ഉണ്ടായിരുന്നു. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലായിരുന്നു പ്രസ്തുത സ്ഥാപനം. എങ്കിലും ഇസ്സുദ്ദീന്‍ മൗലവിയായിരുന്നു ആലിയായുടെ സര്‍വസ്വം. അക്കാലത്തെ ആലിയയുടെ അവസ്ഥ കെ.സി. സാഹിബ് വിവരിക്കുന്നു:
"അന്ന് വെറുമൊരു മുറി മാത്രമായിരുന്നു ആലിയക്ക് ആകെ ഉണ്ടായിരുന്നത്. അതില്‍ ക്ലാസ് നടത്തണം. ഭക്ഷണം പാകം ചെയ്യണം. മണ്‍പാത്രങ്ങളിലാണ് ഭക്ഷണം കഴിച്ചിരുന്നത്. മാസങ്ങളോളം ഞങ്ങള്‍ക്ക് ശമ്പളം കിട്ടിയിരുന്നില്ല. പിരിവ് നടത്താന്‍ ഇസ്സുദ്ദീന്‍ മൗലവി എവിടെയെങ്കിലും പോകും. എന്തെങ്കിലും കിട്ടാന്‍ അദ്ദേഹം വരുന്നതുവരെ കാത്തുനില്‍ക്കണം. ചിലപ്പോള്‍ അതിനിടയില്‍ ലീവ് കാലം വരും. നാട്ടില്‍ പോകണമെങ്കില്‍ യാത്രാചെലവിനുള്ള കാശെങ്കിലും വേണമല്ലോ. വിഷമം ഊഹിക്കാവുന്നതേയുള്ളൂ. ചിലപ്പോള്‍ മാസങ്ങള്‍ക്കുശേഷമായിരിക്കും അദ്ദേഹം വരിക. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളോട് അദ്ദേഹം പറയും. 'മക്കളേ ഞാന്‍ പലേടത്തും പോയി. എല്ലായിടങ്ങളിലും തിരഞ്ഞു. പക്ഷേ, അല്ലാഹുവിന്റെ ഖജനാവിന്റെ താക്കോല്‍ കിട്ടിയില്ല.' ഇത് കേള്‍ക്കുന്നതോടെ ഞങ്ങള്‍ എല്ലാ വിഷമങ്ങളും മറക്കും."
കെ.സി. തുടര്‍ന്നു: "പി.സി. മുഹമ്മദ് ഹാജിയായിരുന്നു ഇസ്സുദ്ദീന്‍ മൗലവിയെ കഴിച്ചാല്‍ ആലിയക്കുവേണ്ടി കൂടുതല്‍ ത്യാഗം സഹിച്ച ആള്‍. അക്കാലത്തൊരിക്കല്‍ പി.സി. ആലിയയിലെത്തി. കുറെ മാസം ശമ്പളം കിട്ടാതിരുന്നതിനാല്‍ ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു. ഇതറിഞ്ഞ അദ്ദേഹം നൂറ് രൂപ ശമ്പളം വക തന്നു. അപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു."
വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകനായിരിക്കെ അവിടെ ഇടക്കിടെ സന്ദര്‍ശിച്ചിരുന്ന ഹാജി സാഹിബ് അധ്യാപകരുമായി സംസാരിക്കാറുണ്ടായിരുന്നു. കെ.സി. സാഹിബ് അതില്‍ സജീവമായി പങ്കെടുത്തിരുന്നുവെങ്കിലും അത് പ്രാസ്ഥാനികമായി വളര്‍ന്നതും വികസിച്ചതും അല്‍മദ്‌റസത്തുല്‍ ആലിയായില്‍വെച്ചാണ്. അവിടെ അധ്യാപകനായിരിക്കെ 'ലജ്നത്തുല്‍ ജിഹാദ്' എന്ന സംഘടനയുടെ രൂപവത്കരണത്തില്‍ പങ്കാളിയായി. ഇസ്സുദ്ദീന്‍ മൗലവിയാണ് അതിന് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ച് എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവിയും പി.വി. മുഹമ്മദ് മൗലവിയും അതില്‍ പങ്കാളികളായി. കെ.സി. സാഹിബ് ലജ്നത്തുല്‍ ജിഹാദിനുവേണ്ടി ചില ലഘുലേഖകള്‍ തയ്യാറാക്കി. നഈം സിദ്ദീഖിയുടെ തിറാഹ എന്ന കൃതി പരിഭാഷപ്പെടുത്തിയത് അക്കാലത്താണ്. കെ.സിയുടെ രണ്ടാമത്തെ വിവര്‍ത്തന കൃതിയാണത്.
അബ്ദുല്ലാ ശര്‍ഖി, മുഹമ്മദ് ത്വാഈ മൗലവി, സിറാജുല്‍ ഇസ്ലാം, എ.കെ. ശറുല്‍ സാഹിബ് തുടങ്ങിയവരെ അദ്ദേഹത്തിന് തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടിനുകിട്ടി. ടി. മുഹമ്മദ് സാഹിബ് ആലിയയില്‍ അധ്യാപകനായെത്തിയതും അക്കാലത്തുതന്നെ.
പ്രാസ്ഥാനിക രംഗത്ത്
1949-ല്‍ ആലിയായിലെ അധ്യാപകജോലിയില്‍നിന്ന് വിരമിച്ച കെ.സി. സാഹിബ് പിതാവിന്റെ പാത പിന്തുടര്‍ന്ന് മരക്കച്ചവടത്തിലേര്‍പ്പെട്ടു. കോഴിക്കോട് ജില്ലയിലെ മൂരിയാട്ടായിരുന്നു അതിന്റെ ആസ്ഥാനം. ഇസ്ലാമിക പ്രവര്‍ത്തനങ്ങളോടൊപ്പം വ്യാപാരവും നടത്തിയിരുന്ന അദ്ദേഹത്തെ കോഴിക്കോട്ടെ വര്‍ത്തകപ്രമാണിയും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന പി.ഐ. കുഞ്ഞഹമ്മദ്കുട്ടി സാഹിബ് കാലിക്കറ്റ് നേഴ്സിംഗ് ഹോമിലെ ഡോക്ടര്‍ എം.കെ. മുഹമ്മദ് കോയക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇങ്ങനെയാണ്: "ഇത് ഒരു സാധാരണ മൗലവിയല്ല; കേട്ടോ, മരക്കച്ചവടക്കാരന്‍ കൂടിയാണ്."
ഇതിനകം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ച കെ.സി. സാഹിബ് പങ്കെടുത്ത ആദ്യത്തെ ശ്രദ്ധേയമായ പ്രസ്ഥാനപരിപാടി വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തി സി.എം. മൊയ്തീന്‍കുട്ടിയുടെ വീട്ടുമുറ്റത്ത് ചേര്‍ന്ന സമ്മേളനമാണ്. എ.കെ. അബ്ദുല്‍ഖാദിര്‍ മൗലവി, ടി. മുഹമ്മദ് സാഹിബ്, ടി. ഇഷാഖലി മൗലവി പോലുള്ള വ്യക്തികളെല്ലാം അതില്‍ സംബന്ധിച്ചിരുന്നു. അന്ന് മദ്രാസിലെ മൗലാനാ ശൈഖ് അബ്ദുല്ലയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ഹാജി സാഹിബും മൗലാനാ അഹ്മദ് അമീന്‍ സാഹിബിന്റെ പ്രഭാഷണം മൊഴിമാറ്റം നടത്തിയത് കെ.സി. അബ്ദുല്ല മൗലവിയുമാണ്. പിന്നീട് മൗലാനാ അബുല്ലൈസ് ഇസ്ലാഹി നദ്‌വി, മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ്, മൗലാനാ ഹാമിദലി സാഹിബ്, അഹ്മദ് ഹുസൈന്‍ സാഹിബ്, മൗലാനാ അബ്ദുല്‍ അസീസ് സാഹിബ് പോലുള്ള പ്രഗല്‍ഭരുടെ പല പ്രഭാഷണങ്ങളും കെ.സി. സാഹിബ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ശൈഖ് അബ്ദുല്ല സാഹിബിന്റെ കുറ്റ്യാടിയിലെ ചരിത്ര പ്രധാനമായ പ്രഭാഷണവും അതില്‍ ഉള്‍പ്പെടുന്നു. പിന്നീട് ടി.കെ. അബ്ദുല്ല സാഹിബ് ഈ രംഗത്ത് അത്യസാധാരണമായ മികവ് പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹം പിന്മാറിയത്.
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി വഅള് പരമ്പര നടത്തിയത് വാണിമേലിലാണ്. പി.വി. കുഞ്ഞഹമ്മദ് ഹാജിയാണ് അതിന് നേതൃത്വം നല്‍കിയത്. മുഖ്യ പ്രഭാഷകന്‍ ഹാജി സാഹിബ്തന്നെ. രണ്ടു ദിവസം കെ.സി. സാഹിബും പ്രസംഗിച്ചു. അത് രണ്ടും ഏറെ ശ്രദ്ധേയങ്ങളും ശ്രോതാക്കളെ നന്നായി സ്വാധീനിച്ചവയുമായിരുന്നു. പിന്നീടുണ്ടായ ജമാഅത്തെ ഇസ്ലാമിയുടെ വേദികളെ അലംകൃതവും ധന്യവും പ്രൗഢവും ഭക്തിസാന്ദ്രവും പണ്ഡിതോചിതവുമാക്കിയ നൂറുകണക്കിന് പ്രസംഗങ്ങളുടെ തുടക്കമായിരുന്നു അത്.
നേതൃസ്ഥാനത്ത്
1948 ജനുവരി 15-ന് ജമാഅത്തെ ഇസ്ലാമിയില്‍ ഔദ്യോഗികമായി അംഗമായ കെ.സി. അബ്ദുല്ലമൗലവി അതേ വര്‍ഷം ആഗസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ പന്ത്രണ്ടംഗ കൂടിയാലോചനാ സമിതി (മജ്ലിസ് ശൂറ)യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം 1960 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയിലും പ്രതിനിധി സഭ(മജ്ലിസെ നുമാഇന്ദഗാന്‍)യിലും അംഗമായി. മരണം വരെ പ്രസ്തുത പദവികളില്‍ തുടര്‍ന്ന അദ്ദേഹം അഖിലേന്ത്യാ ജമാഅത്തിന്റെ നയരൂപവത്കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
1958 വരെ ജമാഅത്തെ ഇസ്ലാമി കേരളയുടെ ഉത്തരമേഖലാ നാസിമായി സേവനമനുഷ്ഠിച്ചു. 1959 ഒക്ടോബര്‍ രണ്ടിന് ഹാജി സാഹിബ് പരലോകം പ്രാപിച്ചതോടെ കേരളാ ഘടകത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1990 വരെ ഏതാനും വര്‍ഷത്തെ ഇടവേള ഒഴിച്ച് 22 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. നേതൃസ്ഥാനത്തുനിന്ന് മാറിനിന്ന ഇടവേളകളില്‍ പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും അധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഹാജി സാഹിബിന്റെ അപ്രതീക്ഷിതമായ അന്ത്യം സൃഷ്ടിച്ച വിടവ് ഒട്ടൊക്കെ നികത്താനായത് കെ.സി. സാഹിബിന്റെ നേതൃരംഗത്തെ സാന്നിധ്യമാണ്. 1965-ലെ ഇന്ത്യാ-പാക് യുദ്ധവേളയിലും 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ട കെ.സി. സാഹിബ് ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്.
പ്രസ്ഥാനനേതൃത്വം ഏറ്റെടുത്തതോടെ മരമില്ലും കച്ചവടവും ശ്രദ്ധിക്കാന്‍ സാധിക്കാതായി. അത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. ഇടക്കൊക്കെ ദാരിദ്ര്യത്തിനടിപ്പെട്ടു. എന്നിട്ടും അമീറായിരിക്കെ ശമ്പളം സ്വീകരിക്കാന്‍ സന്നദ്ധനായില്ല.
ഇതേക്കുറിച്ച് എ.കെ. അബ്ദുല്‍ഖാദിര്‍ മൗലവി എഴുതുന്നു: "കെ.സിയുടെ കുടുംബപരവും സാമ്പത്തികവുമായ രംഗങ്ങളില്‍ എന്തുമാത്രം പ്രതിസന്ധികളാണ് ഇതുമൂലം സംജാതമായതെന്ന് അടുത്തു ബന്ധപ്പെട്ടിരുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. കച്ചവടത്തിന്റെ ഗതി കീഴോട്ടായി, കാണക്കാണെ കച്ചവടം പേറ്റ് തകര്‍ന്നു. പക്ഷേ, ധൈര്യവും ആത്മനിയന്ത്രണവും കൈവിടാതെ തന്നില്‍ അര്‍പ്പിതമായ ചുമതല ഭംഗിയായി നിര്‍വഹിച്ചുകൊണ്ട് മുന്നോട്ടു പോവാന്‍തന്നെ കെ.സി. തീരുമാനിച്ചു. തകര്‍ന്നുപോയ കച്ചവടത്തിന്റെ നൂലാമാലകള്‍ കെ.സിയെ തുടര്‍ന്നും ഏതാനും വര്‍ഷങ്ങള്‍ അലട്ടിയിരുന്നു. ഒരു വലിയ കടബാധ്യതയായിരുന്നു അതില്‍ പ്രധാനം. അതില്‍ നിന്നെല്ലാം അവസാനം എങ്ങനെ മോചിതനായി എന്ന കാര്യം ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയുകയുള്ളൂ."
വ്യക്തിപരമോ പ്രാസ്ഥാനികമോ ആയ ഒരു പ്രയാസവും പ്രതിസന്ധിയും അദ്ദേഹത്തിന്റെ മനക്കരുത്തിന് ഒട്ടും കോട്ടം വരുത്തിയില്ല. ആത്മവീര്യത്തെ തീരെ കെടുത്തിയില്ല. തികഞ്ഞ ആത്മവിശ്വാസത്തോടും ശുഭപ്രതീക്ഷയോടും കൂടി എല്ലാറ്റിനെയും അഭിമുഖീകരിച്ചു. കെ.സി. സാഹിബിന്റെ വിജയത്തിന്റെ രഹസ്യവും ഈ ഇച്ഛാശക്തിയും മനക്കരുത്തും തന്നെ.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
അധ്യാപന ജോലിയിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന കെ.സി. അബ്ദുല്ല മൗലവി ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം ആ മേഖലയില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. തേക്കുംപാലിയില്‍ മദ്‌റസ നടത്തിക്കൊണ്ടാണ് അദ്ദേഹം നാട്ടിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ആദ്യമായി വനിതാ ഇസ്ലാമിക വിദ്യാലയം സ്ഥാപിച്ചതും ആര്‍ട്സ് ആന്റ് ഇസ്ലാമിക് കോഴ്സിനു തുടക്കംകുറിച്ചതും അദ്ദേഹമാണ്. കേരളത്തില്‍ ആദ്യമായി ദഅ്‌വാ കോളേജ് ആരംഭിച്ചതും ഇസ്ലാമിക് യൂനിവേഴ്സിറ്റി എന്ന ആശയം മുന്നോട്ടുവെച്ചതും കെ.സി. സാഹിബ് തന്നെ. 1952-ല്‍ ചേണ്ടമംഗല്ലൂരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ്യയാണ് മതവിദ്യാഭ്യാസരംഗത്ത് ഒന്നാം ക്ലാസ് മുതല്‍ അറബി ഭാഷാ പഠനത്തിന് തുടക്കംകുറിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് ഖുര്‍ആന്‍ ആദ്യവസാനം അര്‍ഥസഹിതം പഠിപ്പിക്കുന്ന സ്ഥാപനമെന്ന സവിശേഷതകൂടി അതിനുണ്ട്. 1960-ല്‍ കെ.സി. തന്നെ മുന്‍കൈയെടുത്താണ് ഇസ്ലാമിയ്യ കോളേജ് സ്ഥാപിച്ചത്. ടി. ഇഷാഖലി മൗലവി, പി.വി. കുഞ്ഞുമൊയ്തീന്‍ മൗലവി, യു.കെ. ഇബ്‌റാഹീം മൗലവി, എന്‍.കെ. അബ്ദുല്‍ഖാദിര്‍ മൗലവി, കെ. മൊയ്തു മൗലവി, അബൂ ഇഷാഖ് ഇസ്മാഈല്‍ മൗലവി പോലുള്ള പ്രഗല്‍ഭ പണ്ഡിതന്‍മാരെല്ലാം ഇവിടെ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1960-ല്‍തന്നെ കെ.സി. സാഹിബിന്റെ നേതൃത്വത്തില്‍ ചേണ്ടമംഗല്ലൂരില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ മദ്‌റസത്തുല്‍ ബനാത്ത് സ്ഥാപിച്ചു. ചേണ്ടമംഗല്ലൂര്‍ അങ്ങാടിയിലെ അടക്കാപുരയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ആരംഭിക്കാന്‍ ധൈര്യം കാണിച്ച അസാമാന്യ സാഹസികനാണ് കെ.സി. സാഹിബ്.
1964-ല്‍ ചേണ്ടമംഗല്ലൂരില്‍ ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും ആ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍തന്നെ. അന്നത്തെ മുഖ്യമന്ത്രി
ആര്‍. ശങ്കര്‍ പ്രത്യേക താല്‍പര്യമെടുത്താണ് സ്കൂളിന് അനുമതി നല്‍കിയത്. 1967-ല്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിയ്യ കോളേജ് ഇസ്ലാഹിയ്യ കോളേജാക്കി മാറ്റി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് ഇസ്ലാഹിയ്യ അസോസിയേഷന്‍ രൂപവത്കരിക്കുകയും ചെയ്തു. അതുമുതല്‍ മരണം വരെ കെ.സി. സാഹിബ് തന്നെയായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ്.
1971-ല്‍ ചേണ്ടമംഗല്ലൂരില്‍ ഇസ്ലാഹിയ്യ കോളേജില്‍ ആര്‍ട്സ് ആന്റ് ഇസ്ലാമിക് കോഴ്സ് ആരംഭിച്ചപ്പോള്‍ കെ.സി. സാഹിബായിരുന്നു സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍. കെ.പി. കമാലുദ്ദീന്‍, പ്രൊഫ. പി. കോയ, ഡോക്ടര്‍ എ.ഐ. റഹ്മത്തുല്ല, ജമാല്‍ മലപ്പുറം പോലുള്ള പ്രഗല്‍ഭമതികള്‍ അധ്യാപകരും. 1989-ല്‍ കൊടിയത്തൂരിലെ വാദിര്‍റഹ്മയില്‍ അനാഥാലയം സ്ഥാപിച്ചതും കെ.സി. സാഹിബ്തന്നെയായിരുന്നു. കുട്ടികള്‍ അനാഥത്വം അനുഭവിക്കാന്‍ പാടില്ലെന്ന നിര്‍ബന്ധമുണ്ടായിരുന്ന കെ.സി. ഈ സ്ഥാപനത്തെ മറ്റ് അനാഥാലയങ്ങള്‍ക്ക് മാതൃകയാക്കുന്നതില്‍ വിജയിച്ചുവെന്ന് മനസ്സിലാക്കാം. 1993-ല്‍ കെ.സിയുടെ ജീവിതകാലത്തുതന്നെ വനിതകള്‍ക്ക് സൗകര്യപ്രദമായ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ ഇസ്ലാഹിയ്യ അസോസിയേഷന് സാധിച്ചു.
ഇസ്ലാമിക പ്രബോധനത്തില്‍ വൈദഗ്ധ്യവും പ്രായോഗിക പരിചയവുമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചേണ്ടമംഗല്ലൂരില്‍ ദഅ്‌വാ കോളേജ് സ്ഥാപിതമായി. പിന്നീട് അത് വെള്ളിമാട്കുന്നിലേക്ക് മാറ്റി. ഇപ്പോള്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ്യയില്‍ നടന്നുവരുന്ന ദഅ്‌വാ കോളേജ് അതിന്റെ തുടര്‍ച്ചയാണ്. പ്രസ്തുത സ്ഥാപനം വെള്ളിമാട്കുന്നിലായിരുന്നപ്പോഴും വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതില്‍ അദ്ദേഹം അതീവ ജാഗ്രതയും നിഷ്കര്‍ഷയും പുലര്‍ത്തി. കോളേജില്‍ വരാന്‍ ആരോഗ്യം അനുവദിക്കാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ തേക്കുംപാലിയിലേക്ക് പോയാണ് ക്ലാസില്‍ പങ്കെടുത്തിരുന്നത്.
ചേണ്ടമംഗല്ലൂരില്‍ ഒരു ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിക്കാന്‍
കെ.സി. സാഹിബ് മുന്നോട്ടു വന്നുവെങ്കിലും പ്രസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമംഗീകരിച്ച് അത് നിര്‍ത്തിവെക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ശാന്തപുരത്തെ അല്‍ജാമിഅ അല്‍ഇസ്ലാമിയ്യയുടെ യഥാര്‍ഥ പിതൃത്വം അദ്ദേഹത്തിനാണ്.
ജമാഅത്ത് പ്രവര്‍ത്തകരാല്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരളയുടെ രൂപവത്കരണത്തിലും അതില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായിരുന്ന കെ.എന്‍. ഇബ്‌റാഹീം മൗലവി, മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രൊഫസറായിരുന്ന ശൈഖ് അബ്ദുസ്സ്വമദുല്‍ കാതിബ്, പ്രശസ്ത അറബിഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോക്ടര്‍ മുഹ്‌യിദ്ദീന്‍ ആലുവായി, ശാന്തപുരം ഇസ്ലാ
മിയ്യ കോളേജ് പ്രിന്‍സിപ്പാളായിരുന്ന എ.കെ. അബ്ദുല്‍ഖാദിര്‍ മൗലവി, പ്രശ്സത അറബികവി എന്‍.കെ. അഹ്മദ് മൗലവി, ടി.കെ. അബ്ദുല്ല സാഹിബ്, കെ. മൊയ്തു മൗലവി, ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബ്, വി.എ. കബീര്‍, അബ്ദുല്ലാമന്‍ഹാം, ഗഫൂര്‍ ചേണ്ടര, പ്രൊഫ. കെ.ടി. ഹംസ പോലുള്ള പ്രഗല്‍ഭരും പ്രശസ്തരുമായ നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ അത്യാകര്‍ഷകവും പുതുമ നിറഞ്ഞതുമായ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും അവിസ്മരണീയമായ അനുഭവമായിരുന്നു. ക്ലാസെടുക്കുകയെന്നത് കെ.സി. സാഹിബിന് അത്യന്തം ആനന്ദദായകവുമായിരുന്നു. അദ്ദേഹം അധ്യാപനത്തിനും പ്രതിഫലം വാങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ ഐഹിക ജീവിതത്തില്‍ ഭൗതിക നേട്ടമൊട്ടും സ്വീകരിക്കാതെ ഒരായുസ്സ് മുഴുവനും ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
പത്രപ്രവര്‍ത്തനരംഗത്ത്
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുവഹിക്കാനാരംഭിച്ചതോടെത്തന്നെ കെ.സി. സാഹിബ് പ്രസ്ഥാനം ഏറ്റെടുത്ത എല്ലാ പദ്ധതികളുടെയും പരിപാടികളുടെയും വിജയത്തിന് സ്വന്തത്തെ സമര്‍പ്പിച്ചു. 1949-ല്‍ പ്രബോധനം പ്രതിപക്ഷപത്രം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതിന്റെ സഹപത്രാധിപരായി ചുമതലയേറ്റു. ഉള്ളടക്കം തയ്യാറാക്കുന്നതുതൊട്ട് അച്ചടിച്ച് റാപ്പറൊട്ടിച്ച് തപാലാപ്പീസുകളിലെത്തിക്കുന്നതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. അതിനാല്‍ സഹപത്രാധിപരായതോടൊപ്പം മാനേജറായും ശിപായിയായും സേവനമനുഷ്ഠിക്കേണ്ടിവന്നു.
അതേക്കുറിച്ച് എ.കെ. അബ്ദുല്‍ഖാദിര്‍ മൗലവി കുറിക്കുന്നു: "എന്തുമാത്രം ദുരിതവും കഷ്ടപ്പാടും സഹിച്ചുകൊണ്ടാണ് അവര്‍ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നത് എന്ന് ആ രംഗം നേരില്‍ കണ്ടവര്‍ക്കു മാത്രമേ മനസ്സിലാവൂ. എടയൂര്‍ ഗ്രാമത്തിലെ ജീര്‍ണിച്ചതും ചോര്‍ന്നൊലിക്കുന്നതുമായ ഒരു ചെറിയ നമസ്കാരപ്പള്ളിയുടെ തട്ടുമ്പുറം. മൂന്ന് വ്യക്തികള്‍ക്ക് കഷ്ടിച്ച് പടിഞ്ഞിരിക്കാന്‍ മാത്രം വിസ്തീര്‍ണം. കസേരയോ മേശയോ ഡസ്കോ ഇല്ല. ഇതായിരുന്നു പത്രമാഫീസിന്റെ സ്ഥിതി. ഇതിലിരുന്നുകൊണ്ട് തയ്യാറാക്കുന്ന മാറ്ററുകള്‍, എടയൂരില്‍നിന്ന് കാല്‍നടയായി കുറ്റിപ്പുറംവരെ നടന്ന് ട്രയിന്‍കയറി തിരൂര്‍ ഇറങ്ങി ജമാലിയാ പ്രസ്സില്‍ എത്തിക്കണം. പിന്നെ അച്ചടി തീരുന്നതുവരെ ഇടയ്ക്കിടെ പ്രൂഫ് റീഡിംഗിനുവേണ്ടി മേല്‍പറഞ്ഞ പ്രകാരം തിരൂരിലേക്ക് യാത്ര ചെയ്യണം. അച്ചടിപൂര്‍ത്തിയായാല്‍ പത്രം പ്രസ്സില്‍നിന്ന് വാങ്ങി കുറ്റിപ്പുറം വരെ ട്രയിനില്‍ കൊണ്ടുവന്ന് തലച്ചുമടായി വളാഞ്ചേരിയില്‍ ജമാഅത്താഫീസില്‍ എത്തിച്ച് വായനക്കാര്‍ക്ക് വിതരണം ചെയ്യണം. ഈ ജോലികളെല്ലാം മേല്‍പറഞ്ഞ മൂന്നുപേരും ഏതാനും ജമാഅത്തനുഭാവികളും കൂടി ആവേശപൂര്‍വം നിര്‍വഹിക്കുകയായിരുന്നു."
കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് ഇതുമായി ബന്ധപ്പെട്ട ഒരനുഭവം അനുസ്മരിക്കുന്നു: "ഒരിക്കല്‍ കെ.സിയുമൊന്നിച്ച് യാത്ര ചെയ്യുകയാണ്. കുറ്റിപ്പുറം റെയില്‍വേ ഗേറ്റ് മുറിച്ചുകടന്നപ്പോള്‍ റോഡരികില്‍ ഒരു ചെറിയ നമസ്കാരപ്പള്ളി ചൂണ്ടിക്കാണിച്ചു അദ്ദേഹം പറഞ്ഞു: 'ആ പള്ളി കണ്ടോ? ഞങ്ങള്‍ അതില്‍ ഒരുപാട് രാത്രികള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. വെളിച്ചവും വൃത്തിയും തീരെ കുറവ്. കൊതുകുകളുടെ താവളം. അവിടെ കഴിച്ചുകൂട്ടിയ രാത്രികള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്.' ഞാന്‍ അന്വേഷിച്ചു: 'എങ്ങനെയാണ് അതിനവസരമുണ്ടായത്?' കെ.സി. പറഞ്ഞു: 'ദൂരസ്ഥലങ്ങളിലേക്ക് അയക്കാനുള്ള പ്രബോധനം പ്രതിപക്ഷ പത്രം കാലത്തെ വണ്ടിക്ക് കുറ്റിപ്പുറം സ്റ്റേഷനില്‍നിന്ന് അയക്കണം. അതിനുവേണ്ടി രാത്രിയില്‍ വന്ന് കാത്തിരിക്കാറുള്ളത് അവിടെയായിരുന്നു. എടയൂരില്‍നിന്ന് ബസ് ഇല്ലാതെ വരുമ്പോള്‍ കുറ്റിപ്പുറത്തേക്ക് പത്രക്കെട്ടുകളുമായി നടന്നു വരാറുമുണ്ട്.'
ഉയര്‍ന്ന ഔപചാരിക വിദ്യാഭ്യാസമോ മലയാള ഭാഷാശാസ്ത്രത്തില്‍ പ്രാവീണ്യമോ ഇല്ലാതിരുന്ന ഹാജി സാഹിബും കെ.സി. സാഹിബും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രസ്ഥാനത്തിന്റെ മുഖപത്രം നടത്തുകയെന്ന സാഹസകൃത്യം ഏറ്റെടുക്കുകയായിരുന്നു. അന്നവര്‍ കാണിച്ച അത്യസാധാരണ ധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും സദ്ഫലം ഏറെക്കഴിയും മുമ്പെ സമൂഹത്തിനു ലഭ്യമായി. മലയാള പ്രസിദ്ധീകരണരംഗത്ത് മുസ്ലിം സമുദായം കൈവരിച്ച വമ്പിച്ച മുന്നേറ്റത്തിന് വഴിയൊരുക്കിയത് അവരിരുവരും തുടക്കംകുറിച്ച മഹദ് സംരംഭമാണല്ലോ.
പ്രബോധനം വാരികയുടെ പുരോഗതിക്കും വളര്‍ച്ചക്കും മഹത്തായ സംഭാവനകളര്‍പ്പിച്ച കെ.സി. സാഹിബ് മലര്‍വാടി ബാലമാസികയുടെയും ആരാമം വനിതാ മാസികയുടെയും പിറവിക്കു പിന്നിലും നേതൃപരമായ പങ്കുവഹിച്ചു. മുസ്ലിംകളില്‍ ശാസ്ത്രബോധം വളര്‍ത്താനും ഇസ്ലാമിന്റെ ശാസ്ത്ര സംഭാവനകള്‍ അനാവരണം ചെയ്യാനുമായി 1980-കളില്‍ വെളിച്ചം കണ്ട ശാസ്ത്ര വിചാരം മാസിക പുറത്തിറക്കുന്നതിലും കെ.സി. ഉത്സാഹം കാണിച്ചു. പിന്നീട് ബോധനം ത്രൈമാസിക പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതിന്റെ പ്രധാന പത്രാധിപര്‍ അദ്ദേഹമായിരുന്നു.
മാധ്യമം ദിനപത്രത്തിന്റെ മുഖ്യ ശില്‍പി കെ.സി. അബ്ദുല്ല മൗലവിയാണ്. 1985-ല്‍ പത്രം തുടങ്ങുന്നതു സംബന്ധിച്ച ചര്‍ച്ച, പ്രയാസങ്ങളും പ്രതിബന്ധങ്ങളുമോര്‍ത്ത് വഴിമുട്ടിയപ്പോള്‍ ധീരമായി തീരുമാനമെടുത്ത് രംഗത്തിറങ്ങിയത് അദ്ദേഹമാണ്. നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളായ പ്രസ്ഥാന പ്രവര്‍ത്തകരുടെ ഒരു മാസത്തെ വരുമാനം അതിനായി സ്വരൂപിക്കുകയെന്ന തീരുമാനമെടുക്കുന്നതിലും അത് പ്രയോഗവത്കരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചത് കെ.സി. സാഹിബാണ്. വി.കെ. ഹംസ സാഹിബിനോടൊത്ത് വിദേശമലയാളികളെ കണ്ട് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ പ്രതികരണം പ്രതീക്ഷാനിര്‍ഭരമായിരുന്നു: "നമ്മുടെ പ്രവര്‍ത്തകര്‍ ഈ പത്രം സ്ഥാപിക്കും. ഒന്നല്ല; ആവശ്യമെന്നുകണ്ടാല്‍ ഇതുപോലെ പത്ത് പത്രം സ്ഥാപിച്ച് നടത്താനും അവര്‍ മുന്നോട്ടുവരും. ധൈര്യത്തോടെ മുന്നോട്ട് പോവുക."
1987 ജൂണില്‍ പ്രസിദ്ധീകരണമാരംഭിച്ച മാധ്യമം രണ്ടര വര്‍ഷത്തിനുശേഷം കടബാധ്യതകളില്‍ കുടുങ്ങിയും സാമ്പത്തിക പ്രയാസങ്ങളിലകപ്പെട്ടും നിര്‍ത്തുന്നതിനെക്കുറിച്ച ആലോചന ഉണ്ടായപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തതും ധീരമായി മുന്നോട്ടുപോകാന്‍ കരുത്തേകിയതും അദ്ദേഹമാണ്. അങ്ങനെയാണ് അരമാസത്തെ വരുമാനം കൂടി ആവശ്യപ്പെട്ട് പ്രവര്‍ത്തകരെ സമീപിക്കാന്‍ തീരുമാനിച്ചതും അടച്ചുപൂട്ടല്‍ ഭീഷണിയെ അതിജീവിച്ചതും. അതുകൊണ്ടുതന്നെ നിസ്സംശയം പറയാം; മാധ്യമം കെ.സിയുടെ ഇച്ഛാശക്തിയുടെ നിത്യസ്മാരകമാണ്.
ഖുര്‍ആന്റെ തണലില്‍
കെ.സി. അബ്ദുല്ല മൗലവിയെപ്പോലെ ഖുര്‍ആനിനെ സ്നേഹിച്ചവരും അതുമായി അഗാധമായ ഹൃദയബന്ധം സ്ഥാപിച്ചവരും കേരളക്കരയില്‍ വിരളമത്രെ. ഖുര്‍ആന്‍ പാരായണത്തിലും പഠനത്തിലും ഗവേഷണത്തിലും അദ്ദേഹം നിതാന്തജാഗ്രത പുലര്‍ത്തി. അദ്ദേഹത്തിന്റെ സംസാരവും ചര്‍ച്ചയും പഠനക്ലാസുകളും പ്രസംഗങ്ങളുമെല്ലാം ഖുര്‍ആന്‍ കേന്ദ്രീകൃതമായിരുന്നു. ഏതു വിഷയത്തെയും വിലയിരുത്തിയിരുന്നത് അതിന്റെ വെളിച്ചത്തിലാണ്. പ്രഭാഷണങ്ങളില്‍ വിഷയം അവതരിപ്പിച്ചശേഷം ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തം ഉദ്ധരിക്കുകയായിരുന്നു പതിവ്. അതിനാല്‍ അര്‍ഥം പറയാതെ തന്നെ ശ്രോതാവിന് അതിവേഗം അതിന്റെ ഉള്ളടക്കം മനസ്സിലാകുമായിരുന്നു.
ഖുര്‍ആന്‍ പാരായണത്തില്‍ തെറ്റ് വരുത്തുന്നത് കെ.സി. സാഹിബിനെ അത്യധികം അസ്വസ്ഥപ്പെടുത്തി. കൈവിരലുകള്‍ തലമുടിയിലൂടെയും താടിരോമങ്ങളിലൂടെയും ചലിപ്പിക്കുന്നതിലൂടെയാണ് അത് പ്രകടമായിരുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അഗാധമായ അവഗാഹം നേടിയ ആ പണ്ഡിത ശ്രേഷ്ഠന്‍ ഖുര്‍ആന്‍ വിഷയാധിഷ്ഠിതമായി പഠിക്കാനുള്ള ഒരു സംരംഭം ചേണ്ടമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍ ആരംഭിച്ചിരുന്നു.
മരിക്കുന്നതിന്റെ തലേന്നാള്‍ അനുജന്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയെ വിളിച്ചുവരുത്തി ഉപദേശിച്ചതും ഖുര്‍ആന്‍ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും ശ്രദ്ധയൂന്നാനാണ്. ആസന്നമരണനായിരിക്കെ കെ.സി. സാഹിബ് മക്കളെയും പേരമക്കളെയും അടുത്തിരുത്തി ഓരോരുത്തരെക്കൊണ്ടും ഖുര്‍ആന്‍ ഓതിപ്പിച്ചു. അവരുടെ പാരായണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. അബദ്ധങ്ങള്‍ തിരുത്തി. അവസാനം അവരെ ഇങ്ങനെ ഉപദേശിച്ചു: "മക്കളേ, നിങ്ങള്‍ക്ക് ഖുര്‍ആന്‍ ഓതാനറിയാം. നിങ്ങളോര്‍ക്കണം, നാം ഖുര്‍ആന്‍ സംരക്ഷിക്കേണ്ടവരാണ്. നിങ്ങളതിനു തയ്യാറാവണം."
പിതാവിന്റെ ഈ വസ്വിയ്യത്തിന്റെ സാക്ഷാത്കാരമാണ് മക്കള്‍ ചേണ്ടമംഗല്ലൂരില്‍ സ്ഥാപിച്ച 'ഖുര്‍ആന്‍ റിസര്‍ച്ച് ആന്റ് സ്റ്റഡി ടെര്‍മിനല്‍' (ക്യൂ.ആര്‍.എസ്.ടി). കെ.സിയുടെ കുടുംബാംഗങ്ങളും പ്രദേശത്തെ പ്രസ്ഥാന പ്രതിനിധികളും ഉള്‍പ്പെട്ട കെ.സി. അബ്ദുല്ല മൗലവി ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് അത് സ്ഥാപിച്ചുനടത്തുന്നത്. സ്ഥാപന നടത്തിപ്പിനായി 12 ഏക്കര്‍ കാപ്പിത്തോട്ടം കെ.സി. സാഹിബിന്റെ കുടുംബം വഖ്ഫ് ചെയ്തിട്ടുണ്ട്.
ഖുര്‍ആന്‍ പഠിക്കാനും പുതിയ വിജ്ഞാനങ്ങളുടെ സഹായത്തോടെ ഗവേഷണം നടത്തി വ്യാഖ്യാനിക്കാനും അതിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിക്കാനുമായി ഒരായുസ്സു മുഴുവനും ഖുര്‍ആനിലൂടെ ഖുര്‍ആനിനുവേണ്ടി ജീവിച്ച ആ പണ്ഡിതശ്രേഷ്ഠനോട് നീതിപുലര്‍ത്തുന്ന അനശ്വര സ്മാരകമായി പ്രസ്തുത പഠന ഗവേഷണ കേന്ദ്രം വളര്‍ന്ന് വികസിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇസ്ലാമിക പ്രബോധനം
ഇസ്ലാമിക പ്രബോധനത്തെ സംബന്ധിച്ച് കേരളത്തില്‍ പരമ്പരാഗതമായി നിലനിന്നുപോന്ന ധാരണ തിരുത്തുന്നതില്‍ കെ.സി. അബ്ദുല്ല മൗലവി വഹിച്ച പങ്ക് അനല്‍പമാണ്. സഹോദര സമുദായങ്ങള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി അതിന്റെ സന്ദേശമെത്തിക്കലാണ് യഥാര്‍ഥ ഇസ്ലാമിക പ്രബോധനമെന്ന യാഥാര്‍ഥ്യം ഇവിടത്തെ മതസംഘടനകളൊന്നും അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി ഒഴിച്ചുള്ള സംഘടനകളെല്ലാം മുസ്ലിം സമുദായത്തിനകത്ത് മാത്രമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ദഅ്‌വത്തും (പ്രബോധനം) ഇസ്വ്ലാഹും (സംസ്കരണം) രണ്ടാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. അമുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കലാണ് ദഅ്‌വത്ത്. മുസ്ലിംകള്‍ക്കിടയില്‍ നടത്തുന്ന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഇസ്വ്ലാഹും. ഇക്കാര്യം മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താനായി അദ്ദേഹം പഠനാര്‍ഹങ്ങളായ കൃതികള്‍ രചിച്ചു. പ്രബോധനത്തിന്റെ പ്രാധാന്യം, പ്രബോധനം ഒരു മുഖവുര, പ്രബോധനം ഖുര്‍ആനില്‍ എന്നിവയാണവ. ഈ മൂന്ന് പുസ്തകങ്ങളും ഗ്രന്ഥകാരന്‍തന്നെ സ്വന്തം ചെലവില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ മതപണ്ഡിതന്മാര്‍ക്കും സംഘടനാ നേതാക്കള്‍ക്കും അയച്ചുകൊടുത്തു. അതുവഴി ഇന്ത്യയില്‍ ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാധാന്യം സമുദായത്തെ ബോധ്യപ്പെടുത്താന്‍ ഒട്ടൊക്കെ അദ്ദേഹത്തിനു സാധിച്ചു. കേരളത്തിലെ മതസംഘടനകള്‍ തങ്ങളുടെ അജണ്ടയില്‍ ദഅ്‌വത്ത് ഉള്‍പ്പെടുത്തിയതിന് ഏതര്‍ഥത്തിലും കടപ്പെട്ടിരിക്കുന്നത് കെ.സി. സാഹിബിനോടാണ്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നയപരിപാടികളില്‍ ദഅ്‌വത്തിന് മുഖ്യ ഊന്നല്‍ ലഭിച്ചതിലും കെ.സി. വഹിച്ച പങ്ക് വളരെ വലുതാണ്. അവസാന കാലത്ത് അദ്ദേഹത്തിന്റെ മുഖ്യ ശ്രദ്ധയും ശ്രമവും ദഅ്‌വത്തിലായിരുന്നു. പ്രസ്ഥാനം നടത്തുന്ന ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച താല്‍പര്യം അവിസ്മരണീയമത്രെ. എസ്.ഐ.ഒ തൃശൂരില്‍ സംഘടിപ്പിച്ച ഡയലോഗിന്റെ വിശദാംശങ്ങള്‍ വരെ അന്വേഷിച്ചറിഞ്ഞ അദ്ദേഹം അതീവ സംതൃപ്തി രേഖപ്പെടുത്തുകയും ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കേരള ഇസ്ലാമിക് മിഷന്റെ (ഗകങ്ങ) പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പ്രേരണയും പ്രോത്സാഹനവുമാണ് കെ.സി. സാഹിബ് നല്‍കിക്കൊണ്ടിരുന്നത്.
ജീവിത സായാഹ്നത്തില്‍, തന്നെ സന്ദര്‍ശിക്കുന്നവരോടെല്ലാം ദഅ്‌വത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചാണ് അദ്ദേഹം സംസാരിച്ചത്. രോഗശയ്യയിലായിരിക്കെ എഴുതിയ ലേഖനങ്ങളും അതുമായി ബന്ധപ്പെട്ടവയായിരുന്നു. ബോധം നഷ്ടപ്പെട്ടശേഷം തിരിച്ചുകിട്ടിയ ഇടവേളയില്‍പ്പോലും പറഞ്ഞത് ഇസ്ലാമിക പ്രബോധനത്തെപ്പറ്റിയായിരുന്നു. ദഅ്‌വത്തുമായുള്ള കെ.സി. സാഹിബിന്റെ വൈകാരികബന്ധം എത്രമാത്രം ശക്തവും തീവ്രവുമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
പരന്ന വായന
വെല്ലൂര്‍ അല്‍ബാഖിയാതുസ്സ്വാലിഹാതില്‍ വിദ്യാര്‍ഥിയായിരിക്കെ കമ്യൂണിസ്റ്റ് സാഹിത്യങ്ങള്‍ വായിക്കുകയും അവയുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്ത മതപണ്ഡിതനാണ് കെ.സി. കെ. ദാമോദരന്റെ ഉറുപ്പികയും മനുഷ്യനും, ജി. അധികാരിയുടെ ലഘുലേഖകള്‍ എന്നിവയെല്ലാം അദ്ദേഹം വായിച്ചു പഠിച്ചു. അദ്ദേഹത്തിന് പരന്ന വായനശീലം അല്‍ബാഖിയാതില്‍ വെച്ച് പകര്‍ന്നുകിട്ടിയത് കോഴിക്കോട്ടെ ചെറിയ ഖാദി നാലകത്ത് മുഹമ്മദ് കോയയില്‍നിന്നായിരുന്നുവെന്നത് ഇന്ന് വിസ്മയകരമായി തോന്നിയേക്കാം.
കമ്യൂണിസം, സോഷ്യലിസം, സെക്യുലരിസം പോലുള്ള ഭൗതിക ദര്‍ശനങ്ങളിലെന്നപോലെത്തന്നെ കെ.സി. സാഹിബ് ശാസ്ത്ര വിഷയങ്ങളിലും അവഗാഹം നേടി. അല്ലാഹു ഖുര്‍ആനില്‍ എന്ന കൃതിയിലൂടെ കടന്നുപോകുന്ന ഏവര്‍ക്കും ശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധജ്ഞാനവും അതിരറ്റ താല്‍പര്യവും ബോധ്യമാകും. പ്രായമേറെ ചെന്ന ശേഷമാണ് അദ്ദേഹം ശാസ്ത്ര പഠനത്തില്‍ വ്യാപൃതനായത്.
മലയാള സാഹിത്യകൃതികള്‍ താല്‍പര്യപൂര്‍വം വായിച്ചിരുന്ന കെ.സി. സാഹിബിന് ആനുകാലിക പ്രസിദ്ധീകരണങ്ങളും അന്യമായിരുന്നില്ല. ഈ വായനപ്രകൃതമാണ് യൗവനം പിന്നിട്ടശേഷം ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ അദ്ദേഹത്തിന് സഹായകമായത്. അതിനായി അല്ലാമാ യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ ഹോളി ഖുര്‍ആനും ദ ഹിന്ദു പത്രവുമാണ് കെ.സി.സാഹിബ് ഉപയോഗപ്പെടുത്തിയിരുന്നത്.
ഇസ്ലാമികമായ അറിവെന്നപോലെ ഭൗതികജ്ഞാനവും നേടാന്‍ അദ്ദേഹം സമൂഹത്തെ സദാ പ്രേരിപ്പിക്കുമായിരുന്നു. "ശാസ്ത്ര വിജ്ഞാനമില്ലെങ്കില്‍ ഈ കൂറ്റന്‍ പട്ടണങ്ങളൊന്നും ഉയര്‍ന്നുവരുമായിരുന്നില്ല. പ്രഭാ പൂരിതമായ ഈ എടുപ്പുകള്‍ ഉണ്ടാകുമായിരുന്നില്ല" എന്നര്‍ഥം വരുന്ന ഈജിപ്ഷ്യന്‍ കവിയുടെ വരികള്‍ അദ്ദേഹം ഇടക്കിടെ ഉദ്ധരിക്കുക പതിവായിരുന്നു.
രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുമ്പോള്‍ സന്ദര്‍ശിക്കാന്‍ ചെന്നപ്പോഴെല്ലാം കണ്ട കാഴ്ച ഒന്നുതന്നെയായിരുന്നു. കട്ടിലില്‍ മലര്‍ന്നു കിടന്നു പുസ്തകം നിവര്‍ത്തിപ്പിടിച്ച് വായിക്കുകയും ശ്രദ്ധേയമായ ഭാഗങ്ങള്‍ കടലാസില്‍ കുറിച്ചുവെക്കുകയും ചെയ്യുകയായിരിക്കും അദ്ദേഹം.
പരന്ന വായനയോടൊപ്പം അഗാധമായ ചിന്തയും കെ.സിയുടെ എടുത്തുപറയാവുന്ന പ്രത്യേകതയാണ്. അന്വേഷിച്ച് വസ്തുത ബോധ്യമായ ശേഷമേ അദ്ദേഹം എന്തും അംഗീകരിക്കുമായിരുന്നുള്ളൂ. അതിനാല്‍ എല്ലാവരോടും പറയുമായിരുന്നു: "സംശയിക്കുക. കൂടുതല്‍ സംശയിക്കുക. എല്ലാറ്റിലും സംശയിക്കുക. സംശയം അറിവിന്റെ പേറ്റുനോവാണ്. വിജ്ഞാനത്തിന്റെ വാതായനവും."
വിശാലമായ സൗഹൃദം
അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍വെച്ചാണ് കെ.സി. സാഹിബ് നക്സല്‍ നേതാവ് കുന്നിക്കല്‍ നാരായണനും കുടുംബവുമായി പരിചയപ്പെട്ടതും അടുത്തിടപഴകിയതും. ആദര്‍ശപരമായി ഭിന്ന ധ്രുവങ്ങളിലുള്ളവരായിരുന്നിട്ടും കുന്നിക്കലും കെ.സിയും ഉറ്റമിത്രങ്ങളായി മാറി. കുന്നിക്കല്‍ ചേണ്ടമംഗല്ലൂരിലെ തേക്കുംപാലിയിലെത്തി കെ.സിയുമായുള്ള
സൗഹൃദം പുതുക്കുക പതിവായിരുന്നു. കെ.സി. സാഹിബ് അദ്ദേഹത്തെ ഹൃദയപൂര്‍വം സല്‍ക്കരിക്കുകയും ഖുര്‍ആന്‍ പരിഭാഷകളും പുസ്തകങ്ങളും സമ്മാനിക്കുകയും ചെയ്യുമായിരുന്നു.
കോഴിക്കോട്ടെ നാടക കലാ പ്രവര്‍ത്തകനും വക്കീല്‍ ഗുമസ്തനുമായ രാമന്‍ നായരുമായുള്ള കെ.സിയുടെ ബന്ധം സുദൃഢവും കരുത്തുറ്റതുമായിരുന്നു. ഒട്ടും ഔപചാരികതകളില്ലാത്ത സമീപനം പരിചയപ്പെടുന്ന ഏവരെയും അദ്ദേഹത്തിലേക്കടുപ്പിച്ചു. കെ.സി. സാഹിബിന്റെ സൗഹൃദ വലയത്തിന് ചെറുപ്പ-വലുപ്പ, ദരിദ്ര-ധനിക ഭേദമുണ്ടായിരുന്നില്ല. നാട്ടിലെ ബുദ്ധിസ്ഥിരതയില്ലാത്തവരുടെ വര്‍ത്തമാനങ്ങള്‍ക്കുപോലും ചെവികൊടുക്കുകയും അവരെ പരിഗണിക്കുകയും ചെയ്തു. അവരുടെ തമാശകള്‍ ആസ്വദിച്ചു. കെ.സിയുടെ ഈ സഹൃദയത്വം സാധാരണ മതപണ്ഡിതന്മാര്‍ക്ക് അന്യമത്രെ.
അനിതരസാധാരണമായ ഉദാരതയും സല്‍ക്കാര പ്രകൃതവും സാധാരണക്കാരെ അദ്ദേഹത്തിലേക്കടുപ്പിച്ചു. ഹോട്ടലില്‍ കയറിയാല്‍ അദ്ദേഹത്തിന് ചായ കിട്ടണമെങ്കില്‍ നാലഞ്ചെണ്ണമെങ്കിലും ഓര്‍ഡര്‍ ചെയ്യേണ്ടിവരുമെന്നത് ചേണ്ടമംഗല്ലൂരിലെ പതിവ് പ്രയോഗമാണ്. എപ്പോഴും കൂടെ സുഹൃദ്‌വലയമുണ്ടാകും. അവരെ കുടിപ്പിക്കാതെ അദ്ദേഹമൊന്നും കഴിക്കുകയില്ല. ദരിദ്രരെ വളരെ സ്വകാര്യമായി സഹായിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റ സാന്നിധ്യം അവര്‍ക്കൊക്കെയും ആശയും ആശ്വാസവുമായിരുന്നു.
സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തു ത്യാഗം സഹിക്കാനും കെ.സി. സാഹിബ് സന്നദ്ധനായിരുന്നു. ഒരിക്കല്‍ കാലിക്കറ്റ് നഴ്സിംഗ് ഹോമില്‍ ചികിത്സയിലായിരുന്നു. തന്റെ ഉറ്റമിത്രവും കാന്തപുരം എ.പി. വിഭാഗം നേതാവും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ഫസല്‍ പൂക്കോയ തങ്ങള്‍ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയിലുണ്ടെന്ന് ഡോക്ടര്‍മാരിലൂടെ അറിയാനിടയായി. അതോടെ, തന്റെ രോഗവും വേദനയും അവഗണിച്ച് അദ്ദേഹത്തെ കാണാന്‍ മുകളിലെ നിലയിലേക്കുള്ള കോണി കയറാന്‍ തുടങ്ങി. മുകളിലെത്തുംമുമ്പെ ഹൃദയാഘാതം മൂലം തളര്‍ന്നു വീണു.
കെ.സി. സാഹിബിന്റെ സൗഹൃദത്തിന്റെ ഹൃദ്യത എത്രമാത്രം ശക്തമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ എം.കെ. മുഹമ്മദ് കോയയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു: "ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ഔപചാരിക ബന്ധമായിരുന്നില്ല ഞങ്ങളുടേത്. എല്ലാം അന്യോന്യം ചര്‍ച്ച ചെയ്യുകയും ഹൃദയംതുറന്നു പെരുമാറുകയും ചെയ്ത ഉറ്റ സ്നേഹിതന്മാരായി ഞങ്ങള്‍. സന്ദിഗ്ധ ഘട്ടങ്ങളില്‍ സഹായങ്ങളേകിയ ഒരു ജ്യേഷ്ഠ സഹോദരനെയാണ് ഞാന്‍ കെ.സിയില്‍ കണ്ടത്.
പല വിഷയങ്ങളിലും ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടുകയും സംശയനിവൃത്തി വരുത്തുകയും ചെയ്തിട്ടുണ്ട്. സംശയങ്ങള്‍ക്ക് ഉറച്ച സ്വരത്തിലായിരുന്നു മറുപടി. ഒരിക്കലും തന്റെ അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുകയില്ല. തെറ്റുകള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാല്‍ അതംഗീകരിക്കാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല. മറ്റുള്ളവരെക്കുറിച്ച് സദ്‌വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെയും ആക്ഷേപിക്കുന്ന പതിവില്ല. ആരെയും ആശ്രയിക്കാതെ, ആരോടും പരാതിയും പരിഭവവുമില്ലാതെ, എപ്പോഴും പ്രതീക്ഷാനിര്‍ഭരമായ മനസ്സുമായാണ് അദ്ദേഹം കഴിഞ്ഞത്. അതേസമയം മറ്റുള്ളവരുടെ സുഖ ദുഃഖങ്ങളില്‍ അനുഭാവപൂര്‍വം പങ്കുകൊള്ളാനും അദ്ദേഹം സന്നദ്ധനായിരുന്നു. വിഷമസന്ധികളില്‍ പലപ്പോഴും അദ്ദേഹത്തിന്റെ സാന്ത്വനം ആശ്വാസവും സന്തോഷവും പകര്‍ന്നിട്ടുണ്ട്. എന്തെങ്കിലും പരിഭവം പറഞ്ഞാല്‍ ഉടന്‍ മറുപടി വരും: 'നിങ്ങള്‍ ധൈര്യമായിരിക്കൂ. വേണ്ടതെല്ലാം ചെയ്യുക. ഞാന്‍ പ്രാര്‍ഥിക്കാം.' ഒരിക്കല്‍ രോഗബാധിതനായി ഇംഗ്ലണ്ടില്‍ ബൈപാസ് സര്‍ജറിക്ക് പോകുമ്പോള്‍ മൗലവിയുടെ സാന്ത്വനം തെല്ലൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്. അദ്ദേഹത്തിന്റെ ഈദൃശ ഗുണങ്ങള്‍ കണ്ട് മൗലവി ഒരു വിഭാഗം ആളുകളുടേയല്ല, മുഴുവന്‍ സമുദായത്തിന്റെയും നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നെങ്കില്‍ എന്ന് പലപ്പോഴും ആശിച്ചുപോയിട്ടുണ്ട്."
സമുദായ ഐക്യത്തിന്റെ ശക്തനായ വക്താവ്
മുസ്ലിം സമുദായ ഐക്യം അതിയായി ആഗ്രഹിച്ച നേതാവായിരുന്നു കെ.സി. അബ്ദുല്ല മൗലവി. വിവിധ സംഘടനകള്‍ക്കിടയില്‍ ഐക്യവും യോജിപ്പും വളര്‍ത്തിയെടുക്കാന്‍ പരമാവധി ശ്രമിച്ചു. കേരളത്തിലെ ഇസ്വ്ലാഹി ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.എം. മൗലവി, ഇ.കെ. മൗലവി, എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി, ഹസ്സന്‍ മൗലവി എന്നിവരോടൊപ്പം കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് ജമാഅത്തെ ഇസ്ലാമി നേതാവായ ശേഷവും അവരോട് പല കാര്യങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിച്ചു. കാസര്‍കോട് ആലിയായില്‍ അധ്യാപകനായിരിക്കെ ഐക്യശ്രമങ്ങളുടെ ഭാഗമായി കെ.എം. മൗലവിയുമായും എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവിയുമായും ചര്‍ച്ചകള്‍
നടത്തി. 1970-ല്‍ മുസ്ലിംലീഗും എം.ഇ.എസ്സും ഭിന്നിച്ചപ്പോഴും പിന്നീട് മുസ്ലിംലീഗ് പിളര്‍ന്നപ്പോഴും ഐക്യം പുനഃസ്ഥാപിക്കുന്നതിന് ഇതര
ജമാഅത്ത് നേതാക്കളോടൊപ്പം കെ.സിയും ഏറെ ശ്രമിക്കുകയുണ്ടായി. മുസ്ലിം ഐക്യം ലക്ഷ്യംവെച്ച് നടന്ന എല്ലാ ചര്‍ച്ചകളിലും സംഘടിപ്പിക്കപ്പെട്ട വേദികളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. 1985 ജനുവരി 8-ന് മറ്റു സമുദായ നേതാക്കളോടൊപ്പം മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്റെ കേരള ഘടകം രൂപവത്കരിക്കാനുള്ള ശ്രമത്തിലും മുസ്ലിം സംഘടനാ ഏകോപന സമിതി രൂപവത്കരണത്തിലും കെ.സി. സാഹിബ് നേതൃപരമായ പങ്കുവഹിച്ചു.
മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.കെ. അബ്ദുല്ലത്വീഫ് മൗലവി, അബുസ്സ്വലാഹ് മൗലവി, നന്മണ്ട അബൂബക്കര്‍ മൗലവി പോലുള്ള ജമാഅത്തുകാരല്ലാത്ത പണ്ഡിതന്മാരെ ചേണ്ടമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍ അധ്യാപകരായി നിയമിക്കാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല. അവര്‍ക്കെല്ലാം അദ്ദേഹത്തോട് അതിരറ്റ ആദരവായിരുന്നു.
"ചെറു പ്രായത്തില്‍തന്നെ വലിയ യോഗ്യത നേടിയ മഹാപണ്ഡിതന്‍" എന്നാണ് അബുസ്സ്വബാഹ് മൗലവി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അവര്‍ക്കിടയിലെ സുഹൃദ്ബന്ധം ഗാഢമായിരുന്നു. അബുസ്സ്വബാഹ് മൗലവി റൗദത്തുല്‍ ഉലൂമിനുവേണ്ടി ഒരു ലോഡ് മരം ആവശ്യപ്പെട്ടപ്പോള്‍ കെ.സി. സാഹിബ് അത് സന്തോഷപൂര്‍വം അയച്ചുകൊടുത്തു. പിന്നീട് മൗലവി അബുസ്സ്വബാഹ് അഹ്മദലി സാഹിബ് മരണമടഞ്ഞപ്പോള്‍ ജനാസ മറവുചെയ്തശേഷം ഫാറൂഖ് കോളേജിലെ അല്‍അഷര്‍ പള്ളിയില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാന്‍ കെ.സി. സാഹിബിനെ തെരഞ്ഞെടുത്തത് വിവിധ വിഭാഗം ജനങ്ങള്‍ അദ്ദേഹത്തോട് പുലര്‍ത്തിയ ആദരവിനു തെളിവാണ്.
മുജാഹിദ് സംഘടനയുടെയും മുസ്ലിംലീഗിന്റെയും നേതാവായ
ടി.എം. സാവാന്‍ കുട്ടി സാഹിബ് അദ്ദേഹത്തെ സംബന്ധിച്ചെഴുതിയ വാചകങ്ങള്‍ ശ്രദ്ധേയങ്ങളാണ്: "1984-ല്‍ ജിദ്ദ ആസ്ഥാനമായുള്ള ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ ഉപദേശക സമിതിയില്‍ കെ.സിയും ഞാനും അംഗങ്ങളായതോടെ ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമായി. നിരവധി ദിവസങ്ങള്‍ യാത്രയിലും താമസസ്ഥലത്തും ഒന്നിച്ചു ചെലവഴിക്കാനിടയായി. പരസ്പരം അറിയാനും അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവരീതികള്‍ നേരിട്ട് മനസ്സിലാക്കാനും ഈ കാലയളവില്‍ എനിക്കവസരം ലഭിച്ചു.
"അറിയപ്പെടുന്ന മതപണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, കഴിവുറ്റ സംഘാടകന്‍, സര്‍വോപരി പ്രസ്ഥാനനായകന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു അദ്ദേഹം. സ്നേഹസമ്പന്നനായ വ്യക്തി, പരിചയപ്പെട്ടവര്‍ക്കെല്ലാം നല്ലൊരു സുഹൃത്ത്, ജ്യേഷ്ഠ സഹോദരന്‍, മാര്‍ഗദര്‍ശി, തത്ത്വോപദേശകന്‍ എല്ലാമായിരുന്നു കെ.സി. സ്നേഹബന്ധത്തിനും പെരുമാറ്റ രീതിക്കും പ്രായവ്യത്യാസം ഒരിക്കലും തടസ്സമായിരുന്നില്ല.
"ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി വിയോജിപ്പുള്ള ആളാണ് ഞാന്‍. മാത്രമല്ല, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനോട് അനുഭാവമുള്ളവനുമാണ്. ഇത് കെ.സിക്കും അറിയാം. തന്റെ ആദര്‍ശങ്ങളോട് യോജിപ്പില്ലാത്തവരോട് സ്നേഹബഹുമാനങ്ങള്‍ പങ്കിടുന്നതിന് ഒരിക്കലും കക്ഷിബന്ധം അദ്ദേഹത്തിനു തടസ്സമായിട്ടില്ല എന്നാണ് എന്റെ അനുഭവം. പല വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. തികഞ്ഞ സഹിഷ്ണുതയോടും പ്രതിപക്ഷ ബഹുമാനത്തോടും കൂടിയേ അദ്ദേഹം സംസാരിക്കാറുള്ളൂ. എടുത്തുചാട്ടം ഒരിക്കലും അദ്ദേഹത്തില്‍ ദര്‍ശിച്ചിട്ടില്ല. അമിതാവേശവും കാണിക്കാറില്ല. എന്നാല്‍ സ്വന്തം അഭിപ്രായം അടിയറവെക്കാന്‍ ഒരിക്കലും അദ്ദേഹം തയ്യാറാകാറില്ല."
എം.ഇ.എസ് നേതാവ് ഡോ. എം.എം. അബ്ദുല്ലയുടെ വാക്കുകള്‍:
"1957 മുതല്‍ കെ.സിയെ എനിക്കറിയാം. മൂരിയാട്ടെ മര്യാദക്കാരനായ മരക്കച്ചവടക്കാരന്‍ എന്ന നിലക്കായിരുന്ന ആദ്യപരിചയം. അതിനുശേഷം കാണുമ്പോഴൊക്കെ സൗമ്യത നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. പരുക്കനായി കാര്യങ്ങള്‍ തുറന്നുപറയാന്‍ അമീര്‍ എന്ന നിലയില്‍ കെ.സിക്ക് സാധിക്കുമോ എന്നു ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. മതരംഗത്തെ അദ്ദേഹത്തിന്റെ ലളിതമായ പ്രബോധനരീതിയും എന്നെ വളരെയധികം ആകര്‍ഷിക്കുകയുണ്ടായി. ചുരുക്കത്തില്‍, ഒരു പ്രസ്ഥാനത്തിന്റെ, അതും വിയോജിപ്പുകള്‍ പലതുമുള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാവായിരുന്നിട്ടും എല്ലാ നല്ലവരുടെയും സ്നേഹബഹുമാനങ്ങള്‍ പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുള്ള ചുരുക്കം ചില വ്യക്തികളില്‍ അഗ്രഗണ്യനായിരുന്നു കെ.സി. അബ്ദുല്ല മൗലവി."
കോഴിക്കോട് ഖാദിയായ നാലകത്ത് മുഹമ്മദ് കോയ കെ.സിയുമായുള്ള ബന്ധം വിശദീകരിക്കുന്നു: "1942 ഒക്ടോബറില്‍ ഞാനും മുഹ്‌യിദ്ദീന്‍ ആലുവായിയും മറ്റും വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത് അറബിക് കോളേജില്‍ ചേരുമ്പോള്‍ കെ.സി. അബ്ദുല്ല മൗലവി അവിടെ വിദ്യാര്‍ഥിയായിരുന്നു. എന്റെ സീനിയറായിരുന്നുവെങ്കിലും ഞങ്ങള്‍ താമസിച്ചിരുന്നത് ഒരുമിച്ച് ഒരു റൂമിലാണ്. നാട്ടില്‍നിന്ന് കാര്യമായ മതപഠനമൊന്നും നേടാതിരുന്നതുകാരണം രണ്ടാം ക്ലാസില്‍ ചേര്‍ന്ന എനിക്ക് പ്രാഥമിക മതവിദ്യാഭ്യാസത്തില്‍ കെ.സിയുടെ സഹായം വളരെയധികം ലഭിച്ചിട്ടുണ്ട്. അന്നു തുടങ്ങിയ ഞങ്ങളുടെ സ്നേഹബന്ധം മരണംവരെ യാതൊരു ഉടവുമില്ലാതെ തുടര്‍ന്നു.... ഞങ്ങള്‍ വളര്‍ന്ന് ആശയ ഭിന്നതയുള്ള ജോലികള്‍ സ്വീകരിച്ച് ജീവിതം തുടങ്ങുമ്പോഴും ഈ സ്നേഹപാശത്തിന്റെ പിരിയുടയുവാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല."
സമസ്ത കേരള എ.പി വിഭാഗം നേതാവും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കെ.സിയുമായുണ്ടായിരുന്ന സൗഹൃദം സ്മരിക്കുന്നു: "ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാലത്ത് തുടങ്ങിയ സൗഹൃദം കെ.സി. മരിക്കുവോളം തുടര്‍ന്നു. പലതവണ അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ എന്നെയും വെല്ലൂരിലെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ചെറിയ ഖാദി നാലകത്ത് മുഹമ്മദ് കോയയെയും ചേണ്ടമംഗല്ലൂരിലെ വീട്ടിലേക്ക് ക്ഷണിച്ചു സല്‍ക്കരിച്ചു. 1986-ലെ ശരീഅത്ത് വിവാദകാലത്ത് മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് നേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയപ്പോള്‍ അതില്‍ കെ.സിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അന്ന് സ്വാഗതസംഘം കണ്‍വീനറുടെ ചുമതല എനിക്കായിരുന്നു."
ഭക്തിയുടെ നിറവില്‍
ദൃഢവിശ്വാസത്തിന്റെ കാണപ്പെടുന്ന രൂപമായിരുന്നു കെ.സി. സാഹിബ്. എപ്പോഴും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവന്റെ സഹായം പ്രതീക്ഷിച്ച് മുന്നോട്ടുപോവുകയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ മുന്നോട്ടുവെച്ച കാല്‍ ഒരിക്കലും പിറകോട്ടുവെച്ചില്ല.
ഭക്തിയുടെ നിറവുറ്റ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആരാധനകളിലെ നിഷ്ഠയും ജീവിതത്തിലുടനീളം പുലര്‍ത്തിപ്പോന്ന സൂക്ഷ്മതയും ഏവര്‍ക്കും അനുകരണീയമത്രെ. എത്ര വൈകിയുറങ്ങിയാലും രാത്രി എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുക പതിവായിരുന്നു. വിത്‌റിന്റെ ഖുനൂതില്‍ ദീര്‍ഘമായി പ്രാര്‍ഥിച്ചിരുന്നു. കെ.സി. വാക്കുകള്‍ പ്രയോഗിച്ചിരുന്നത് ഏറെ ശ്രദ്ധയോടെയാണ്.
സര്‍വതും സ്രഷ്ടാവിലര്‍പ്പിച്ചതുകാരണം രോഗം അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. മരണത്തെ തീരെ ഭയപ്പെട്ടതുമില്ല. അതോടൊപ്പം ജീവിതത്തിലെ പ്രയാസങ്ങളോട് ഒരുതരം നിസ്സംഗഭാവമായിരുന്നു. രോഗത്തെ സംബന്ധിച്ചോ ക്ഷീണത്തെക്കുറിച്ചോ ചോദിച്ചാല്‍ ഒരു ചെറുചിരിയോടെ പറയും: "ഇനിയെന്തു രോഗം? ഇനി ഞാന്‍ എന്തിനു ഭയപ്പെടണം? ഇനിയുള്ള കാലം പരമാവധി ദീനിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കണം."
കെ.സി. സാഹിബിനെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ എം.കെ. മുഹമ്മദ് കോയ എഴുതുന്നു: "രോഗത്തിനൊന്നും അദ്ദേഹത്തെ തെല്ലും അലട്ടാനായില്ല. അവസാനം പക്ഷാഘാതം വന്ന് തളര്‍ന്നപ്പോള്‍ പോലും നിരാശ അദ്ദേഹത്തെ ബാധിച്ചില്ല. തികഞ്ഞ ശുഭാപ്തി വിശ്വാസിയായിരുന്നു മൗലവി. 'ഡോക്ടര്‍ മരുന്നു കുറിച്ചോളൂ, ബാക്കിയൊക്കെ പടച്ചവന്‍ തീരുമാനിച്ചുകൊള്ളും.' ഇതായിരുന്നു സമീപന രീതി."
കെ.സിയുടെ ജീവിത വിശുദ്ധിയെക്കുറിച്ച് പബ്ലിക് സര്‍വീസ് കമീഷന്‍ ചെയര്‍മാനായിരുന്ന ടി.എം. സാവാന്‍ കുട്ടി പറയുന്നു: "താന്‍ ജീവിച്ച കാലഘട്ടത്തില്‍ തന്റെ ചുറ്റുമുള്ള സമൂഹത്തെ താന്‍ സ്വീകരിച്ചുപോന്ന മാര്‍ഗത്തില്‍ സ്വാധീനിക്കുകയും ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണ് കെ.സിയെ ഉത്കൃഷ്ടനാക്കുന്നത്. ഖുര്‍ആനും നബിചര്യയുമനുസരിച്ചുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പാണ്ഡിത്യമുള്ളതുകൊണ്ടുമാത്രം ഒരാളുടെ ജീവിതരീതി പൂര്‍ണമായും ഇസ്ലാമികമാകണമെന്നില്ല. ഇക്കാലത്ത് വിശേഷിച്ചും. ഇസ്ലാമികരീതി ഏതു ഘട്ടത്തിലും ഉപേക്ഷിക്കാന്‍ സ്ഥിരസത്തയുള്ളവര്‍ തയ്യാറാവുകയില്ല. അത്തരക്കാരെപ്പറ്റി പഴഞ്ചനെന്നോ മതമൗലികവാദിയെന്നോ വിശേഷിപ്പിച്ചുകേള്‍ക്കാറുണ്ട്. അതൊന്നും കാര്യമായെടുക്കാത്ത ചുരുക്കം ചിലരില്‍ കെ.സിയെയും കാണാം. തങ്ങളുടെ വ്യക്തിത്വത്തെ പണയം വെക്കാന്‍ ആദര്‍ശവാദികളെ കിട്ടുകയില്ല."
പ്രൊഫ. ടി. അബ്ദുല്ല സാഹിബ് എഴുതുന്നു: "1960-ലാണ് ഞങ്ങള്‍ ബന്ധപ്പെട്ടുതുടങ്ങിയതെന്നാണ് ഓര്‍മ. പല യോഗങ്ങളിലും ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. ആ അവസരങ്ങളിലെല്ലാം ഒന്നിച്ച് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ പാതിരാത്രി കഴിഞ്ഞ് ഞങ്ങള്‍ ഫറോക്കിലെ എന്റെ വീട്ടിലെത്തി കിടന്നുറങ്ങിയിട്ടുണ്ട്. എത്ര വൈകി ഉറങ്ങാന്‍ കിടന്നാലും തഹജ്ജുദ് നമസ്കാരം അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. അവ്വല്‍ വഖ്തിനു തന്നെ സുഭ് നമസ്കരിച്ചായിരുന്നു ആ സന്ദര്‍ഭങ്ങളിലെല്ലാം എന്നോട് യാത്രപറഞ്ഞ് പിരിഞ്ഞിരുന്നത്."
പ്രഗല്‍ഭ പണ്ഡിതന്‍ അബുല്‍ ജലാല്‍ മൗലവി എഴുതുന്നു: "കെ.സി. താമസിക്കുന്നതിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് ഞാനും സൂപ്പി മാസ്റ്ററും താമസിച്ചിരുന്നത്. നാലു മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുക കെ.സിയുടെ പതിവായിരുന്നു. അതില്‍ ദീര്‍ഘനേരം ഖുര്‍ആന്‍ ഓതും. ചിലപ്പോള്‍ ഖുനൂത്ത് നീളുകയും ശബ്ദം ഉയരുകയും ചെയ്യുമായിരുന്നു. പിന്നെ സുഭ് നമസ്കാരം വരെയും അതിനുശേഷവും ഖുര്‍ആന്‍ പാരായണം ചെയ്യും. ഓതുക മാത്രമല്ല, അറബിയിലും ഉര്‍ദുവിലുമുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഉറക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിക്കുകയും ചെയ്യും. ഇങ്ങനെ ഖുര്‍ആനുമായി നിത്യവും കുറെ സമയം ബന്ധപ്പെടുകയെന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു."
കര്‍മനിരതമായ ജീവിതം
കെ.സി. സാഹിബ് കനപ്പെട്ട കൃതികളെല്ലാം രചിച്ചത് ജീവിതത്തിന്റെ അവസാന കാലത്താണ്. ഐ.പി.എച്ചിന്റെ ചുമതലക്കാരനെന്ന നിലയില്‍ അതുമായി ബന്ധപ്പെട്ട് നിരന്തരം ഇടപഴകേണ്ടിവന്നു. ചെന്നു കാണുമ്പോഴെല്ലാം അദ്ദേഹം വായനയിലോ എഴുത്തിലോ പഠനത്തിലോ ആയിരിക്കും. രോഗമോ ക്ഷീണമോ അതിനൊട്ടും തടസ്സമായില്ല. വെറുതെ സമയം പാഴാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ഹാജി സാഹിബിന്റെ വിയോഗത്തോടെ ജമാഅത്തെ ഇസ്ലാമി ഓഫീസും പ്രബോധനവും ഐ.പി.എച്ചുമെല്ലാം വെള്ളിമാടുകുന്നിലേക്കു മാറ്റാന്‍ തീരുമാനമായി. 1959-'60 കാലത്തായിരുന്നു അത്. അവിടെ ജമാഅത്തിന്റെ ആസ്ഥാനം പണിയാനുള്ള ശ്രമത്തോടെ ആരംഭിച്ചതാണ് കെ.സി. സാഹിബിന്റെ പ്രസ്ഥാനത്തിനുവേണ്ടിയുള്ള തീവ്രയത്നം. മരണംവരെ അത് അവിരാമം തുടര്‍ന്നു. ദീനിനും പ്രസ്ഥാനത്തിനും വേണ്ടി എന്തും ത്യജിക്കാന്‍ സന്നദ്ധനായി. നല്ലനിലയില്‍ നടന്നുവന്നിരുന്ന മരമില്ലും കച്ചവടവും വലിച്ചെറിഞ്ഞാണ് അറുപതുകളുടെ ആരംഭത്തില്‍ ജമാഅത്ത് നേതൃത്വം ഏറ്റെടുത്തതും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതും. ഹൃദ്രോഗം ബാധിച്ച ശേഷവും ഇരുപതു വര്‍ഷത്തിലേറെ കര്‍മനിരതമായ ജീവിതം നയിച്ച കെ.സി. സാഹിബിന്റെ നിശ്ചയദാര്‍ഢ്യം ഏവര്‍ക്കും അനുകരണീയ മാതൃകയത്രെ. അദ്ദേഹത്തിന്റെ ഈ മനക്കരുത്ത് പ്രൊഫ.
ടി. അബ്ദുല്ല സാഹിബിന്റെ വാക്കുകളില്‍ തെളിഞ്ഞു കാണാം:
"മൗലവി സാഹിബിന്റെ പ്രവര്‍ത്തനോത്സുകതയും ഊര്‍ജസ്വലതയും ഏവര്‍ക്കും മാതൃകയാണ്. അനാരോഗ്യം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാന്‍ ഒരിക്കലും അദ്ദേഹം അനുവദിച്ചിരുന്നില്ല. മലപ്പുറത്തിനടുത്ത കാച്ചിനിക്കാട്ട് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. പക്ഷേ, സമ്മേളനത്തില്‍ പങ്കുചേരണമെന്നും പ്രസംഗിക്കണമെന്നും അദ്ദേഹം നിര്‍ബന്ധംപിടിച്ചു. പ്രവര്‍ത്തകര്‍ വഴങ്ങുകയും അദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയില്‍നിന്ന് കാച്ചിനിക്കാട്ടെ സമ്മേളന സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹം ആവേശകരമായ ഒരു പ്രസംഗവും ചെയ്തു. അവസാന നാളുകളില്‍പോലും മരണശയ്യയില്‍ കിടന്നുകൊണ്ട്, ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും കുറിച്ച് പണ്ഡിത സുഹൃത്തുക്കളുമായി അദ്ദേഹം ചര്‍ച്ച ചെയ്യുമായിരുന്നു.
"എന്നെപ്പോലുള്ളവര്‍ക്കെല്ലാം അദ്ദേഹം ഒരാവേശമായിരുന്നു. ഞാന്‍ ഹാര്‍ട്ട് അറ്റാക്കായി കിടന്നപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: 'ഞാനും ഒരു വലിയ ഹൃദയാഘാതത്തില്‍ പെട്ടിരുന്നു. എങ്കിലും ഇപ്പോഴും കുന്നും മലയും കയറി നടക്കുകയും എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്യുന്നു. താങ്കളും ഭയപ്പെടാതെ കര്‍മരംഗത്തിറങ്ങണം."
കെ.സി. സാഹിബിന്റെ കര്‍മാവേശത്തെ ടി.എം. സാവാന്‍കുട്ടി സാഹിബ് അനുസ്മരിക്കുന്നു: "ഒഴിവുസമയങ്ങളിലെല്ലാംതന്നെ അദ്ദേഹം പഠിക്കുകയും എഴുതുകയും ചെയ്യുക പതിവായിരുന്നു. രോഗങ്ങളും ക്ഷീണവുമൊന്നും അതിനു തടസ്സമാകാറില്ല. തികഞ്ഞ മനസ്സാന്നിധ്യത്തോടെയാണ് അദ്ദേഹം ഇത്തരം കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വാര്‍ധക്യത്തിലും ഒരു വിദ്യാര്‍ഥിയുടെയോ യുവാവിന്റെയോ താല്‍പര്യം അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു.
കെ.സി. സാഹിബിനോടൊന്നിച്ച് പല പരിപാടികളിലും പങ്കെടുക്കാനവസരം ലഭിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുമുമ്പുതന്നെ സ്ഥലത്തെത്താന്‍ അദ്ദേഹം പുലര്‍ത്തുന്ന നിഷ്കര്‍ഷ മറക്കാനാവില്ല. ലേഖനങ്ങളും പുസ്തകങ്ങളും തയ്യാറാക്കിത്തരുന്നതിലും ഈ കൃത്യനിഷ്ഠ ജാഗ്രതയോടെ പാലിച്ചു. മറ്റു പലരുടെയും പിന്നാലെ നിരവധി തവണ നടക്കേണ്ടിവന്നപ്പോഴും അദ്ദേഹത്തെ ഒരിക്കലും ഓര്‍മിപ്പിക്കേണ്ടിപോലും വരാറില്ല.
കൈകള്‍ ഇരുവശങ്ങളിലേക്കും ആഞ്ഞുവീശി, തലയുയര്‍ത്തി മുന്നോട്ടു മാത്രം നോക്കി, നെഞ്ചുവിരിച്ച്, ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവത്തോടെ നടന്നുനീങ്ങിയിരുന്ന കെ.സി. സാഹിബ് അക്കാലത്തെ മതപണ്ഡിതന്‍മാര്‍ക്ക് അന്യമായ പലതും സ്വായത്തമാക്കിയിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ ഡ്രൈവിംഗും തോണി തുഴയലും മോട്ടോര്‍ സൈക്കിള്‍ ഓടിക്കലും പരിശീലിച്ചു. സ്വന്തം മക്കളെയും വിദ്യാര്‍ഥികളെയും ഇതൊക്കെ പരിശീലിപ്പിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഒരിക്കല്‍ മോട്ടോര്‍ സൈക്കിളില്‍നിന്ന് വീണ് കാലിന്റെ തുടയില്‍ പൊള്ളലേറ്റ് ആശുപത്രിയിലായി. അപ്പോള്‍ അവിടെ സന്ദര്‍ശിക്കാനെത്തിയ മുജാഹിദ് നേതാവ് ശൈഖ് മുഹമ്മദ് മൗലവി കളിയാക്കി: "ഈ കുട്ടിക്കളിയൊക്കെ ഇനിയും നിര്‍ത്താറായില്ലേ?!"
പിതാവിന്റെ ജീവിതരീതിയെ സംബന്ധിച്ച് മകന്‍ കെ.സി. മൊയ്തീന്‍ കോയ അനുസ്മരിക്കുന്നു: "കൃത്യനിഷ്ഠ എല്ലാ കാര്യത്തിലും കണിശമായി പാലിച്ചിരുന്നു. നമസ്കാരത്തിനു സമയത്തിനുമുമ്പുതന്നെ ഒരുങ്ങി കാത്തിരിക്കും. പങ്കെടുക്കാന്‍ കഴിയുന്ന പരിപാടികള്‍ മാത്രമേ ഏല്‍ക്കാറുണ്ടായിരുന്നുള്ളൂ. ഏറ്റെടുത്തവയില്‍ നിര്‍ബന്ധമായും സമയത്തിനുമുമ്പുതന്നെ എത്തുകയും ചെയ്യും. ബാപ്പ ഒരു പണിയും ഇല്ലാതെ ഒഴിഞ്ഞിരിക്കുന്നത് കണ്ട ഓര്‍മയില്ല. ഒന്നുകില്‍ എഴുത്ത്, അല്ലെങ്കില്‍ വായന. രാത്രി കറന്റ് പോയാല്‍ മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ കത്തിച്ചു പണി തുടരും. ആശുപത്രിക്കിടക്കയില്‍ പോലും ഇതുതന്നെയായിരുന്നു പതിവ്. ആശുപത്രിയില്‍ പോകുമ്പോള്‍ ബാഗ് നിറയെ വായിക്കാനുള്ള പുസ്തകങ്ങളും എഴുതാനുള്ള കടലാസുമായിരിക്കും. അവസാനമായി ആശുപത്രിയില്‍ പോകുമ്പോള്‍ എസ്.ഐ.ഒ കേരളാ ഘടകത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തെ പോളിസി പ്രോഗ്രാം തയ്യാറാക്കാന്‍ ഉപദേശനിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള കത്ത്, പ്രബോധനം സംബന്ധിച്ച ബാപ്പയുടെ നിര്‍ദേശവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നജാത്തുല്ല സിദ്ദീഖി അയച്ച കത്ത്, പ്രബോധനം ഒരു മുഖവുര എന്ന പുസ്തകം, പ്രബോധനം സംബന്ധിച്ച് അഖിലേന്ത്യാശൂറയില്‍ ബാപ്പ അവതരിപ്പിച്ച് ശൂറയുടെ അംഗീകാരം കിട്ടിയ പ്രമേയത്തിന്റെ കോപ്പി, മര്‍കസി മക്തബയുടെ ഒരു ഡയറി- ഇവയെല്ലാം ബാഗില്‍ കരുതിയിരുന്നു."
ഇക്കാരണങ്ങളാല്‍ത്തന്നെയായിരിക്കാം ഡോ. എം.കെ. മുഹമ്മദ് കോയയെപ്പോലെ ഒരാള്‍ക്ക് ധൈര്യപൂര്‍വം പറയാന്‍ സാധിച്ചത്: "ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളില്‍ ഒന്നും ബാക്കിവെക്കാതെ കെ.സി. അബ്ദുല്ല മൗലവി യാത്രയായി. ജന്മം സാര്‍ഥകമാക്കിയ പൂര്‍ണ മനുഷ്യനായിരുന്നു അദ്ദേഹം."
ഖത്വീബ്, പ്രഭാഷകന്‍
ജുമുഅ ഖുത്വ്ബകളെ സമുദായ സംസ്കരണത്തിനും സമുദ്ധാരണത്തിനുമുള്ള ഉത്തമ ഉപാധിയായി കണ്ടിരുന്ന അബ്ദുല്ല മൗലവി ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും തന്റെ ഖുത്വ്ബകള്‍ ഉപയോഗപ്പെടുത്തി. ജുമുഅ പ്രസംഗങ്ങളില്‍ ഏത് വിഷയം കൈകാര്യം ചെയ്യുമ്പോഴും ഖുര്‍ആനും ഹദീസും ഇസ്ലാമിക ചരിത്രവും ഇടകലര്‍ത്തിയാണ് സമര്‍ഥിച്ചിരുന്നത്. കെ.സി. സാഹിബിന്റെ ഖുത്വ്ബകള്‍ അവയുടെ അര്‍ഥ ഗാംഭീര്യംകൊണ്ടും സരളമായ ശൈലികൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഹൃദയം ഹൃദയത്തോട്, ആത്മാവ് ആത്മാവിനോട് നടത്തുന്ന ഭാഷണങ്ങള്‍. ഏത് സാധാരണക്കാരനും മനസ്സിലാകുന്നവയും കേള്‍വിക്കാരുടെ അകത്തളങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നവയുമായിരുന്നു അവ. കോഴിക്കോട് കടപ്പുറം പള്ളിയില്‍ നടത്തിയ ജുമുഅ ഖുത്വ്ബകളുടെ വികസിതവും ലിഖിതവുമായ രൂപമാണ് പരലോകം ഖുര്‍ആനില്‍ എന്ന വിഖ്യാത കൃതി. കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളിയിലും മസ്ജിദ് ലുഅ്ലുഇലും അദ്ദേഹം ഖുത്വ്ബ നിര്‍വഹിച്ചിരുന്നു.
കെ.സിയുടെ സാന്നിധ്യത്തില്‍ ആദ്യമായി ഖുത്വ്ബ നിര്‍വഹിക്കേണ്ടി വന്നത് വളാഞ്ചേരിയില്‍വെച്ചാണ്. പൊന്നാനി സി.വി. ഉമര്‍ സാഹിബിന്റെ മരണവിവരം അറിഞ്ഞ് ജനാസയില്‍ പങ്കെടുക്കാന്‍ പോകവെ ഞങ്ങള്‍
ഒരുമിച്ച് പള്ളിയില്‍ എത്തിയതായിരുന്നു. പ്രദേശത്തെ പ്രവര്‍ത്തകര്‍ കെ.സി. സാഹിബിനെയും അദ്ദേഹം എന്നെയും നിര്‍ബന്ധിച്ചു. ജീവിതത്തില്‍ ആദ്യ ഖുത്വ്ബ നിര്‍വഹിച്ചപ്പോള്‍ പോലും അന്നത്തേതുപോലെ അസ്വസ്ഥത അനുഭവിച്ചിട്ടില്ല. കെ.സി. എന്ന അസമാനനായ ഖത്വീബിന്റെ സാന്നിധ്യമായിരുന്നു കാരണം.
കെ.സിയുടെ പ്രഭാഷണങ്ങള്‍ പൊതുവെ പഠനക്ലാസുകള്‍ പോലെയായിരുന്നു. അദ്ദേഹത്തില്‍ ഏറ്റവും കൂടുതല്‍ മികച്ചുനിന്ന ഭാവം അധ്യാപ
കന്റേതായിരുന്നുവല്ലോ. പ്രസംഗത്തിനിടയില്‍ സദസ്യരോട് ചോദ്യങ്ങള്‍ ചോദിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സദസ്സില്‍ ആരും ഉറങ്ങാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഖുത്വ്ബകള്‍പോലെത്തന്നെ പ്രഭാഷണങ്ങളും സംസ്കരണപരങ്ങളും ഭക്തി വര്‍ധിപ്പിക്കുന്നവയുമായിരുന്നു. ഒപ്പം ഏറെ വൈജ്ഞാനികങ്ങളും. അല്ലാഹു, പരലോകം, ഖുര്‍ആന്‍, മുഹമ്മദ് നബി, ഇസ്ലാമിക സംസ്കാരം, സ്വഭാവമര്യാദകള്‍ പോലുള്ളവ കേന്ദ്രീകരിച്ചായിരുന്നു മിക്ക പ്രസംഗങ്ങളും.
പാണ്ഡിത്യത്തിന്റെ അടയാളമായ വിനയം പ്രഭാഷണങ്ങളില്‍ പ്രകടമായിരുന്നു. 'ഞാന്‍ പറയുന്നത് പൊട്ടത്തരമാണെന്ന് കരുതിക്കോളൂ. തെറ്റാണെങ്കില്‍ പിന്‍വലിക്കാം' എന്ന മുഖവുരയോടെയാണ് മിക്ക പ്രഭാഷണങ്ങളും നിര്‍വഹിച്ചിരുന്നത്. എന്നാല്‍ എല്ലാം കേട്ടുകഴിഞ്ഞാല്‍ തിരുത്തേണ്ടതായി ഒന്നും ഉണ്ടാകുമായിരുന്നില്ല. അത്രയേറെ പ്രമാണയുക്തമായിരുന്നു അവ.
മികച്ച ഖത്വീബായിരുന്ന കെ.സി. സാഹിബ്, സ്വന്തമായി ഖത്വീബ് കോഴ്സുകള്‍ സംഘടിപ്പിച്ച് ആ രംഗത്ത് കഴിവുറ്റ വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസ്തുത സംരംഭത്തിലൂടെ പ്രഗല്‍ഭരായ ഖത്വീബുമാരായിത്തീര്‍ന്ന നിരവധി പേര്‍ നാടിന്റെ നാനാഭാഗങ്ങളില്‍ ജുമുഅക്ക് നേതൃത്വം നല്‍കിവരുന്നു.
നാടിനെ മാറ്റിയ പരിഷ്കര്‍ത്താവ്
ആരാലും അറിയപ്പെടാതിരുന്ന ചേണ്ടമംഗല്ലൂരിനെ പ്രശസ്തമാക്കിയത് 1950-കളില്‍ അവിടെ താമസമാക്കിയ കെ.സി. അബ്ദുല്ല മൗലവിയാണ്. കാസര്‍കോട് അല്‍മദ്‌റസത്തുല്‍ ആലിയയില്‍ അധ്യാപകനായിരിക്കെ അദ്ദേഹം രചിച്ചതും അവിടെ രൂപവത്കൃതമായ 'ലജ്നത്തുല്‍ ജിഹാദ്' എന്ന സംഘടന പ്രസിദ്ധീകരിച്ചതുമായ ആരാണ് മുസ്ലിം? എന്ന ലഘുലേഖ ചേണ്ടമംഗല്ലൂരില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. അതാണ് ആ പ്രദേശത്തിന്റെ മാറ്റത്തിന് നിമിത്തമായത്.
അക്കാലത്ത് 'അന്‍സാറുസ്സുന്ന' എന്ന മുജാഹിദ് കമ്മിറ്റിയാണ് പ്രദേശത്തെ പള്ളി ഭരണം നടത്തിക്കൊണ്ടിരുന്നത്. ജമാഅത്തെ ഇസ്ലാമിയില്‍ ആകൃഷ്ടരായ എതാനും പേര്‍ അവിടെ ഒരു മദ്‌റസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ യോഗം ചേര്‍ന്നു. പ്രദേശത്തെ ഖാദി ബശീര്‍ മൗലവിയെയും അതിലേക്ക് ക്ഷണിച്ചു. അതില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ 'അന്‍സാറുസ്സുന്ന' അദ്ദേഹത്തെ പുറത്താക്കി. അതോടൊപ്പം മുജാഹിദ് സുഹൃത്തുക്കള്‍ ജമാഅത്തിനെതിരെ പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. കെ.സി. അബ്ദുല്ല മൗലവി അതിന് പണ്ഡിതോചിതമായി മറുപടി പറഞ്ഞു. അത് മുജാഹിദ്-ജമാഅത്ത് വാദപ്രതിവാദത്തിന്റെ വക്കോളമെത്തി. അന്നത്തെ അമീര്‍ ഹാജി സാഹിബ് അനുവാദം നല്‍കാതിരുന്നതിനാല്‍ ഖണ്ഡന പ്രസംഗത്തിലൊതുങ്ങി.
ഈ സംഭവം കെ. മൊയ്തുമൗലവി വിശദീകരിക്കുന്നു: "ചേണ്ടമംഗല്ലൂരില്‍ ജമാഅത്ത് വളരാന്‍ തുടങ്ങി. അവഗണിച്ചാല്‍ കൂടുതല്‍ വളരും; ചിന്താരംഗത്ത്, ആദര്‍ശപരമായി പരാജയപ്പെടുത്തലേ ഇനി നിവൃത്തിയുള്ളൂ എന്ന പുതിയ തീരുമാനത്തിന്റെ ഫലമായിരുന്നു ചേണ്ടമംഗല്ലൂരില്‍ നടന്ന ഖണ്ഡനപ്രസംഗം. മതരംഗത്ത് മുജാഹിദുകളും സുന്നികളും ഖണ്ഡന മണ്ഡനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു. നാദാപുരം, കടവത്തൂര്‍, കൊടിയത്തൂര്‍, പൂനൂര്‍ വാദപ്രതിവാദങ്ങളും മറ്റും പ്രസിദ്ധമാണ്. ഇത് നിഷ്ഫലമാണെന്നും സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിച്ഛായ മോശമാക്കുമെന്നുമായിരുന്നു ജമാഅത്തിന്റെ നിലപാട്. സമൂഹത്തില്‍ വാദപ്രതിവാദത്തിന്റെയും ഖണ്ഡനമണ്ഡനങ്ങളുടെയും പ്രസക്തി കുറക്കാന്‍ ഈ നിലപാടിന് കഴിഞ്ഞുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ചിലപ്പോഴെല്ലാം ജമാഅത്ത് പ്രവര്‍ത്തകരും അടിപതറിപ്പോയിട്ടുണ്ട്.
ചേണ്ടമംഗല്ലൂരില്‍ ഒരു ഖണ്ഡന പ്രസംഗം തീരുമാനിക്കപ്പെട്ടു. എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവിയും കെ.സി. അബ്ദുല്ല മൗലവിയുമായിരുന്നു തീരുമാനത്തില്‍ ഒപ്പുവെച്ചത്. രണ്ട് കൂട്ടര്‍ക്കും പറയാനുള്ളത് തുറന്ന സ്റ്റേജില്‍ ബഹുജനസമക്ഷം സമര്‍പ്പിക്കുക, ജനം സത്യം മനസ്സിലാക്കട്ടെ എന്ന വളരെ ലളിതമായ നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് സംരംഭം ആരംഭിച്ചത്. എം.സി.സിയോടൊപ്പം എന്‍.വി. അബ്ദുസ്സലാം മൗലവിയുമുണ്ട്. കെ.സിയുടെ കൂടെ വി.പി. മുഹമ്മദലി ഹാജിയും ഉണ്ടായിരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഹാജി സാഹിബ് അതിനെ അനുകൂലിച്ചില്ലെന്നു മാത്രമല്ല, ജമാഅത്തിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ ഖണ്ഡന പ്രസംഗമാണത്, അതില്‍ താങ്കള്‍ സംബന്ധിക്കരുതെന്ന് കെ.സിയെ വിലക്കുകയും ചെയ്തു.
കെ.സി. വാക്കു കൊടുത്ത് കുടുങ്ങിയെന്ന് മനസ്സിലാക്കിയ മറുപക്ഷം ഹാജി സാഹിബിനെയും കെ.സിയെയും ഭിന്നിപ്പിക്കാന്‍ ഇത് നല്ലൊരു അവസരമാണെന്ന് മനസ്സിലാക്കി. കെ.സിയുടെ നേരെ ശക്തിയായി സമ്മര്‍ദം ചെലുത്തിത്തുടങ്ങി, പറഞ്ഞവാക്ക് പാലിച്ചേ തീരൂ എന്ന് വാശിപിടിച്ചു. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും വലിയൊരു വിഭാഗം മാനം കാക്കണമെന്ന് കെ.സിയെ നിര്‍ബന്ധിച്ചു തുടങ്ങി. ഹാജി സാഹിബാണെങ്കില്‍ തന്റെ കൂട്ടുകാരനായ കെ.സി. നഷ്ടപ്പെട്ടാലും ജമാഅത്തിന്റെ പ്രഖ്യാപിത നയം കാത്തുസൂക്ഷിക്കുമെന്നതില്‍ ഉറച്ചുനിന്നു. ഒന്നുകില്‍ ജമാഅത്തില്‍ തുടരുക, അല്ലെങ്കില്‍ ഖണ്ഡന പ്രസംഗത്തില്‍ പങ്കുകൊണ്ട് അഭിമാനം കാത്തുസൂക്ഷിക്കുക. രണ്ടിലൊന്ന് ചെയ്യാന്‍ കെ.സി. നിര്‍ബന്ധിതനായി.
അന്നത്തെ പരിതഃസ്ഥിതിയില്‍ ഇതൊരു വമ്പിച്ച പരീക്ഷണമായിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ഥനയാലാകാം അല്ലാഹു അദ്ദേഹത്തെ സഹായിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തിനുവേണ്ടി സര്‍വ സമ്മര്‍ദങ്ങളെയും ചെറുത്തു തോല്‍പിക്കാനും അതിന്റെ നയം കാത്തു സൂക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചു. 'നിങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകൊള്ളുക. എനിക്ക് പറയാനുള്ളത് അവസരം കിട്ടിയാല്‍ പിന്നീട് പറഞ്ഞുകൊള്ളാം' എന്ന് മറുകക്ഷിയെ അദ്ദേഹം അറിയിച്ചു.
ജ. മുഹമ്മദ് സഗീര്‍ മൗലവി എന്നോട് പറഞ്ഞു: 'അന്നാണ് ഞാന്‍ കെ.സിയെ മനസ്സിലാക്കിയത്. കൊള്ളുന്നവനാണ്. ഒരുവിധം ആളുകള്‍ക്കെല്ലാം ആ സന്ദര്‍ഭത്തില്‍ പൊട്ടിപ്പോകും. ഇത്ര വലിയ പരീക്ഷണം ജീവിതത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടില്ല.'
എതിര്‍കക്ഷി പ്രസംഗം തുടങ്ങി. ചേണ്ടമംഗല്ലൂര്‍ ജനസമുദ്രമായി മാറി. 'ജമാഅത്തിന്റെ വാദം പൊള്ളയാണ്. അതുകൊണ്ടാണവര്‍ സ്റ്റേജില്‍ വരാത്തത്. വാദപ്രതിവാദവും ഖണ്ഡനപ്രസംഗവുമൊന്നും പാടില്ലെന്ന് ഇസ്ലാമിലില്ല. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ കേട്ടോളണം, നിങ്ങളുടെ സംശയങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയുകയില്ല എന്ന വാദം മൗഢ്യമാണ്, ജനവഞ്ചനയാണ്, കാപട്യമാണ്' എന്നു തുടങ്ങി അവര്‍ക്ക് തോന്നിയതെല്ലാം പറഞ്ഞു. മതപണ്ഡിതന്മാരും വാഗ്മികളും പറയുന്ന ഓരോ വാക്കും ബഹുജനം ആര്‍ത്തിയോടെ വിഴുങ്ങുകയായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ വിരലിലെണ്ണാന്‍ മാത്രമുള്ള അവിടത്തെ ജമാഅത്ത് അനുയായികള്‍ക്ക് ഒരു സൂത്രം തോന്നി. ഓരോ ദിവസവും പ്രസംഗത്തില്‍ സമര്‍ഥിക്കുന്ന പ്രധാന ആരോപണങ്ങള്‍ നോട്ട് ചെയ്യുക. പുലരുംമുമ്പ് വളരെ ചുരുക്കത്തില്‍ അതിന്റെ ഖണ്ഡനം എഴുതിയുണ്ടാക്കുക. പകല്‍ സമയത്ത് അച്ചടിപ്പിക്കുക. പൈറ്റ് ദിവസത്തെ സദസ്സില്‍ അത് വിതരണം ചെയ്യുക. പരമ്പര അവസാനിക്കുന്നതുവരെ ഈ പരിപാടി വിജയകരമായി നടക്കുകയുണ്ടായി.
പരമ്പരയുടെ അവസാന ദിവസം, ഇന്ന ദിവസം ഇന്ന തീയതി ഇന്ന സമയത്ത് കെ.സി. അബ്ദുല്ല മൗലവി ചേണ്ടമംഗല്ലൂരില്‍ പ്രസംഗിക്കുന്നതാണെന്ന് ഒരു നോട്ടീസും പ്രസിദ്ധപ്പെടുത്തി. പ്രസംഗ പരമ്പരയില്‍ സംബന്ധിച്ചവരും അല്ലാത്തവരുമായ ജനക്കൂട്ടം കെ.സിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി. ആ പ്രസംഗം വന്‍ വിജയമായിരുന്നു. ആ നാടിനെയും പരിസരത്തെയും ജമാഅത്തിന്റെ സ്വാധീനവലയത്തില്‍ കൊണ്ടുവന്നത് ആ പ്രസംഗമാണ്.
അതോടെ നാട്ടുകാരില്‍ മഹാഭൂരിപക്ഷവും ജമാഅത്ത് അനുഭാവികളായിമാറി. 1952-ല്‍ അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയ സ്ഥാപിതമായി. തുടര്‍ന്ന് കോളേജും ഇതര വിദ്യാസ്ഥാപനങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നിലവില്‍വന്നു. അങ്ങനെ ക്രമപ്രവൃദ്ധമായി ചേണ്ടമംഗല്ലൂരിന്റെ മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചു. പ്രദേശത്തെ പള്ളിയില്‍ കെ.സി. സാഹിബ് നടത്തിയ ഖുത്വ്ബകളും ക്ലാസുകളും പ്രഭാഷണ പരിപാടികളും ഈ മാറ്റത്തെ ത്വരിതപ്പെടുത്തി.
റമദാനില്‍ കെ.സി. നടത്തിക്കൊണ്ടിരുന്ന പ്രഭാഷണങ്ങളും അവസാനത്തെ പത്തില്‍ ഇഅ്തികാഫ് വേളകളില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചകളും ചേണ്ടമംഗല്ലൂരിനെ പൂര്‍ണമായും പരിവര്‍ത്തിപ്പിച്ചു. വെള്ളത്തുണിയും ഫുള്‍കൈ ഷര്‍ട്ടും ധരിച്ച് തലയില്‍ മുണ്ടും കെട്ടി മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ നാലര പതിറ്റാണ്ടോളം കാലം ചേണ്ടമംഗല്ലൂര്‍ അങ്ങാടിയിലൂടെ നടന്നു നീങ്ങിയ കെ.സി. സാഹിബിന്റെ സാന്നിധ്യം ആ പ്രദേശത്തിന്റെ പരിവര്‍ത്തനത്തിന്റെ ഓരോ സ്പന്ദനത്തിലും ദര്‍ശിക്കാം.
ഗള്‍ഫ് നാടുകളില്‍
സുഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ , കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ നാടുകളില്‍ നിരവധി തവണ സന്ദര്‍ശിച്ച കെ.സി. സാഹിബിന് അവിടങ്ങളിലെ പ്രമുഖ പണ്ഡിതന്മാരും നേതാക്കളുമായി ഉറ്റ സൗഹൃദമാണുണ്ടായിരുന്നത്. സുഊദി അറേബ്യയിലെ ശൈഖ് അബ്ദുല്‍ അസീസി ബ്നുബാസ്, ഖത്തറിലെ ശൈഖ് അബ്ദുല്ലാ ഇബ്‌റാഹീമുല്‍ അന്‍സ്വാരി,
ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അഹ്മദുല്‍ ഖത്ത്വാന്‍, ശൈഖ് അബ്ദുല്ലാ ദബ്ബാഗ്, ഡോ. അലി സുമൈഅ്, ശൈഖ് നാദിര്‍ നൂരി, അബ്ദുല്ലാ അലിയ്യുല്‍ മുത്വവ്വഅ്, ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്‍ ഗഫൂര്‍, അബ്ദുല്ലാ സുലൈമാനുല്‍ അത്വീഖി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. അവരെല്ലാം അദ്ദേഹത്തെ അത്യധികം ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ വില കല്‍പിക്കുകയും ചെയ്തിരുന്നു.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യയില്‍നിന്നുള്ള സെന്‍ട്രല്‍ പാനല്‍ അംഗമായി 1984-ല്‍ തെരഞ്ഞെടുക്കപ്പെട്ട കെ.സി. സാഹിബ് മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
ബഹുമുഖ വ്യക്തിത്വം
ജമാഅത്തെ ഇസ്ലാമി ദേശീയ കൂടിയാലോചനാ സമിതിയംഗം, കേരള സംസ്ഥാന അമീര്‍, സംസ്ഥാന കൂടിയാലോചനാ സമിതിയംഗം, മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരളയുടെ ചെയര്‍മാന്‍, 'ശാസ്ത്ര വിചാരം' ട്രസ്റ്റ് ചെയര്‍മാന്‍, അല്‍മദീന ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കോഴിക്കോട്ടെ ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, ഇബ്നുസീനാ മെഡിക്കല്‍ കീയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ചേണ്ടമംഗല്ലൂര്‍ ഇസ്ലാഹിയ്യ അസോസിയേഷന്‍ പ്രസിഡന്റ്, പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷ്യന്‍ ട്രസ്റ്റ് അംഗം, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് അംഗം, ദഅ്‌വാ കോളേജ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച കെ.സി. അബ്ദുല്ല മൗലവി നല്ലൊരു പ്രബോധകനും സംഘാടകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനുമെല്ലാമായിരുന്നു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് അനുസ്മരിക്കുന്നു: "കെ.സി. സാഹിബിന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. അതിന്റെ ഓരോ ഇതളും തിളക്കമാര്‍ന്നതും സഹപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകായോഗ്യവുമാണ്. പ്രഗല്‍ഭനായ ചിന്തകനും പ്രാമാണികനായ മതപണ്ഡിതനുമായിരുന്നു അദ്ദേഹം. ഓജസ്സുറ്റ മസ്തിഷ്കവും അനുകമ്പയുള്ള ഹൃദയവുംകൊണ്ട് അനുഗൃഹീതനായിരുന്നു അദ്ദേഹം. ദൈവിക സന്മാര്‍ഗം ദൈവദാസന്‍മാര്‍ക്കെത്തിച്ചുകൊടുക്കാന്‍ ആ മനസ്സ് സദാ വെമ്പല്‍കൊണ്ടു. സഹജീവികളെ പരലോക വിജയത്തിന് അര്‍ഹരാക്കാന്‍ അദ്ദേഹം എപ്പോഴും വ്യഗ്രതപൂണ്ടു."
കെ.സി. സാഹിബ് ആത്മാഭിമാനത്തിന് മുഖ്യസ്ഥാനം കല്‍പിച്ചിരുന്നു; തന്റെ മാത്രമല്ല, മറ്റുള്ളവരുടെയും. ദക്ഷിണ മേഖലയില്‍ മദ്‌റസാധ്യാപനത്തിനും ജമാഅത്ത് പ്രവര്‍ത്തനത്തിനും നിയോഗിക്കപ്പെട്ട വ്യക്തി ശമ്പള വര്‍ധന ആവശ്യപ്പെട്ട് കമ്മിറ്റിക്ക് കത്ത് നല്‍കി. കമ്മിറ്റിക്കാര്‍ അത് പരിഗണിച്ചതേയില്ല. പിന്നെയും ആ അധ്യാപകന്‍ അങ്ങോട്ട് തന്നെ ജോലിക്ക് പോകാനൊരുങ്ങിയപ്പോള്‍ കെ.സി. സാഹിബ് ചോദിച്ചു: "നിങ്ങള്‍ അവര്‍ക്ക് കത്ത് കൊടുത്തിരുന്നില്ലേ?"
"കൊടുത്തിരുന്നു."
"എന്നിട്ട് അവര്‍ ശമ്പളം വര്‍ധിപ്പിച്ചോ?"
"ഇല്ല."
"എന്നാല്‍ ഇനി അവിടേക്ക് പോകേണ്ട. അന്തസ്സോടെ നില്‍ക്കണം. ആരുടെ മുമ്പിലും ആത്മാഭിമാനം പണയംവെക്കരുത്." കെ.സിയുടെ ദൃഢമായ ശബ്ദം അദ്ദേഹത്തിന് തെല്ലൊന്നുമല്ല കരുത്ത് പകര്‍ന്നത്.
വീറും വാശിയുമായിരുന്നു കെ.സി. സാഹിബിന്റെ ശക്തിയും ദൗര്‍ബല്യവും. തന്റെ മുന്നിലെത്തുന്ന ഏതു പ്രശ്നത്തിന്റെയും വിവിധ വശങ്ങള്‍ പഠിച്ച ശേഷമേ അദ്ദേഹം തീരുമാനമെടുക്കുമായിരുന്നുള്ളൂ. എന്നാല്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കുക എളുപ്പമായിരുന്നില്ല. ജീവിതത്തിന്റെ വിവിധ തലങ്ങളിലനുഭവിച്ച ഗുരുതരമായ പ്രതിസന്ധികളെ
അതിജീവിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ കരുത്തുതന്നെ.
പ്രഗല്‍ഭ പണ്ഡിതന്‍, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നായകന്‍- സൂക്ഷ്മശാലിയായ ഗവേഷകന്‍, പക്വമതിയായ പ്രഭാഷകന്‍, കഴിവുറ്റ എഴുത്തുകാരന്‍, ത്യാഗസന്നദ്ധനായ സമുദായ സ്നേഹി, സമര്‍ഥനായ അധ്യാപകന്‍, സത്യസന്ധനായ വ്യാപാരി, ഉദാരമതിയായ മനുഷ്യസ്നേഹി, ആലസ്യമെന്തെന്നറിയാത്ത കര്‍മയോഗി എന്നീ നിലകളിലെല്ലാം ഏറെ മികവുറ്റതാണ് കെ.സി. സാഹിബിന്റെ വ്യക്തിത്വം.
മുഖഭാവം നേതൃത്വത്തിന് അനുയോജ്യമാംവിധം ഗൗരവം സ്ഫുരിക്കുന്നതായിരുന്നുവെങ്കിലും സദാ അവിടെ നിറഞ്ഞുനിന്ന പുഞ്ചിരി ഏറെ ഹൃദയഹാരിയായിരുന്നു. പാണ്ഡിത്യത്തിന്റെ തുളുമ്പാത്ത നിറകുടമാണ് താനെന്ന് പക്വമായ പെരുമാറ്റത്തിലൂടെ തെളിയിക്കുന്നതായിരുന്നു ആ മഹജ്ജീവിതം. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അമീറായിരുന്നപ്പോഴും അല്ലാത്തപ്പോഴും ആദരണീയനായ പിതാവും സര്‍വാംഗീകൃതനായ കാരണവരുമായിരുന്നു. അവരെല്ലാം അദ്ദേഹത്തെ സ്നേഹാദരവുകളോടെ നോക്കിക്കണ്ടു. അതിരറ്റ് സ്നേഹിച്ചു. അതിന്റെ പ്രകടമായ തെളിവായിരുന്നു ജനാസ സംസ്കരണത്തിന് ഒത്തുകൂടിയ ചേണ്ടമംഗല്ലൂരിനെ വീര്‍പ്പുമുട്ടിച്ച ജനക്കൂട്ടം.
യുവാക്കള്‍ക്ക് പ്രത്യേക പ്രാധാന്യവും പരിഗണനയും നല്‍കിയിരുന്ന കെ.സി. സാഹിബ് അവരുടെ വീഴ്ചകളുടെ നേരെ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെയും യുവജനങ്ങളെയും സംഘടിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് അനായാസം സാധിച്ചു. കേരളത്തില്‍ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ(എസ്.ഐ.ഒ) സുശക്തമായ ശാഖ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും പങ്കാളിത്തവും ഏറെ സഹായകമായിട്ടുണ്ട്. കേരളത്തില്‍ ആദ്യമായുണ്ടായ ഇസ്ലാമിക വിദ്യാര്‍ഥി യുവജന സംഘടനയായ ഐഡിയല്‍ സ്റ്റുഡന്റ്സ് ലീഗിന്റെ രൂപവത്കരണത്തിലും വളര്‍ച്ചയിലും കെ.സി. സാഹിബിന്റെ നേതൃത്വവും സഹായ സഹകരണങ്ങളും നിര്‍ണായക പങ്കുവഹിച്ചു. എസ്.ഐ.ഒ യുടെ മാതൃകയില്‍ വിദ്യാര്‍ഥിനികള്‍ക്കായി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) രൂപവത്കരിക്കുക വഴി ആദ്യമായി സ്ത്രീകള്‍ക്കിടയില്‍ സംഘടിത ഇസ്ലാമിക പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
കുടുംബജീവിതം
കോഴിക്കോട് മൂര്യാട്ടെ മരവ്യവസായിയും പൗരപ്രമുഖനുമായിരുന്ന
പി.പി. മൊയ്തീന്‍ ഹാജിയുടെ മകള്‍ പി.പി ഉമ്മയ്യയാണ് കെ.സി. സാഹിബിന്റെ സഹധര്‍മിണി. മൊയ്തീന്‍ കോയ, ഹുസൈന്‍, അബ്ദുര്‍റഹ്മാന്‍, അബ്ദുല്ലത്ത്വീഫ്, മുഹമ്മദലി, അത്വിയ്യ, സുഹ്‌റ, മിഹര്‍ബാന്‍, മിന്നത്ത് എന്നിവര്‍ മക്കളും.
വിദ്യാഭ്യാസാവശ്യാര്‍ഥം ബാല്യം മുഴുക്കെ കെ.സി. സാഹിബിന്റെ തേക്കുംപാലിയില്‍ കഴിച്ചുകൂട്ടിയ പ്രമുഖ എഴുത്തുകാരനും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ വി.എ. കബീറിന്റെ സാമാന്യം ദീര്‍ഘമായ കുറിപ്പ് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിന്റെ മാധുര്യവും മനോഹാരിതയും അനാവരണം ചെയ്യുന്നു:
"എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവരുടെ ജീവിതം രണ്ടു ജീവിതമായി കാണാനാവില്ല. അത്രമേല്‍ സ്നേഹപാശത്താല്‍ ബന്ധിതമായി അദ്വൈതസുന്ദരമായ ഒരു ജീവിതമായിരുന്നു അത്. അവരുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചിത്രം വരച്ചാല്‍ അത് അപൂര്‍ണമായേ കലാശിക്കൂ. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പല ആദര്‍ശ നായകന്മാരുടെയും കുടുംബജീവിതത്തിന്റെ വിഷാദപര്‍വം നാം വായിച്ചിട്ടുള്ളതാണ്. സ്വന്തം ആദര്‍ശശാഠ്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച് താറുമാറായിപ്പോയ ദുരന്തഫലിതങ്ങളാണ് അവരില്‍ പലരുടെയും കുടുംബജീവിതം. ഗാന്ധിജി പോലും ഇതിനപവാദമായിരുന്നില്ലല്ലോ. എന്നാല്‍ ഇവിടെയിതാ എവിടെയും ശ്രുതിഭംഗമില്ലാത്ത കുടുംബജീവിതത്തിന്റെ മധുരസംഗീതം നമ്മുടെ
കാതുകളെ വിരുന്നൂട്ടുന്നു. ഒരു മനുഷ്യന്റെ അനശ്വരസമ്പത്തുക്കളായി പ്രവാചകന്‍ എണ്ണിയ കൂട്ടത്തിലൊന്ന് പിതാവിനുവേണ്ടി പ്രാര്‍ഥിക്കുന്ന മക്കളാണ്. ആ പുണ്യമനുഭവിക്കാന്‍ ഭാഗ്യമുണ്ടായ മഹാനുഭാവനാണദ്ദേഹം. തന്റെ പ്രിയതമന് അങ്ങനെയൊരു ഭാഗ്യമൊരുക്കിക്കൊടുക്കുന്നതില്‍ വാമാര്‍ധത്തിന്റെ പങ്ക് ഒട്ടും നിസ്സാരമായിരുന്നില്ല. ആ സാധ്വിയെയുംകൂടി ചേര്‍ത്തുവെച്ച് അദ്ദേഹത്തെ വായിക്കുമ്പോള്‍ മാത്രമേ ആ വ്യക്തിത്വത്തിന്റെ മിഴിവ് ദൃശ്യമാകൂ.
പറയുമ്പോള്‍ തികഞ്ഞ യാഥാസ്ഥിതിക പശ്ചാത്തലത്തില്‍നിന്ന് വന്ന ഒരു ധനികപുത്രിയായിരുന്നു അവര്‍. സാമാന്യം എഴുതാനും വായിക്കാനുമറിയാമെന്നതിനപ്പുറം ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും എല്ലാ അസമാനതകളും മറികടന്ന് അസാധാരണവും അനുപമവുമായൊരു ദാമ്പത്യത്തിന്റെ സാക്ഷാത്കാരമായി അവരുടെ ജീവിതം.
ഭിന്നമായ പശ്ചാത്തലത്തില്‍നിന്ന് വന്നതായിട്ടും അവരെ ഉത്തമ കുടുംബിനി മാത്രമല്ല, ആദര്‍ശ ബന്ധുകൂടിയാക്കിമാറ്റാന്‍ എളുപ്പം അദ്ദേഹത്തിന് സാധിച്ചു. ഭാര്യാപിതാവും കുടുംബവുമായുള്ള ബന്ധമാകട്ടെ വ്യത്യസ്തമായ ആശയഗതിക്കാരായിരുന്നിട്ടും ഏറ്റവും ഊഷ്മളമായി തുടര്‍ന്നു എന്നതാണ് എടുത്തുപറയത്തക്ക മറ്റൊരു പ്രത്യേകത.... പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ മതപുരോഹിതന്മാരുടെ കുഫ്ര് ഫത്‌വകള്‍ ഇറങ്ങുന്ന കാലത്താണ് ഇതെന്നോര്‍ക്കണം. സ്നേഹമസൃണവും വിവേകപൂര്‍വവുമായ പെരുമാറ്റത്തിലൂടെയാണ് അദ്ദേഹം ഇതൊക്കെ സാധിച്ചെടുത്തത്.
ഒരിക്കലും അദ്ദേഹം അവരെ വഴക്ക് പറയുന്നതോ മുഖം കറുപ്പിച്ച് സംസാരിക്കുന്നതോ കാണാന്‍ കഴിഞ്ഞില്ല. എത്ര രസകരമായിട്ടായിരുന്നു അദ്ദേഹം അവരെ വിദ്യാഭ്യാസം ചെയ്യിച്ചിരുന്നത്! മാറിനിന്ന് ഊറിച്ചിരിച്ചുപോയ രംഗങ്ങള്‍. ഒരിക്കല്‍ വീട്ടിലേക്ക് ഒരു സാധനം വാങ്ങിക്കേണ്ടതിന്റെ ആവശ്യം ഉണര്‍ത്തിക്കുകയായിരുന്നു അവര്‍. ഇംഗ്ലീഷില്‍ അറിയപ്പെട്ടിരുന്ന അതിന്റെ പേര് പറഞ്ഞപ്പോള്‍ അവരുടെ മൊഴിയില്‍ സാധാരണ നാടന്‍ സ്ത്രീകളുടെ ഉച്ചാരണവൈകല്യം സംഭവിച്ചു. അപ്പോള്‍ അത് ശ്രദ്ധിക്കാത്തമട്ടില്‍, അകത്തു പോയി പേനയെടുത്തുവരാന്‍ അവരോടാവശ്യപ്പെട്ടു. അത്യാവശ്യമായി എന്തോ എഴുതുവാനായിരിക്കുമെന്ന ധാരണയോടെയാണ് അവര്‍ പേനയുമായി വന്നത്. ഒരു തുണ്ട് കടലാസില്‍ ആ ഉപകരണത്തിന്റെ പേര്‍ മലയാളത്തില്‍ എഴുതി അവരുടെ നേരെ നീട്ടി അത് വായിക്കാന്‍ പറഞ്ഞു. വായിച്ചു കഴിഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'അങ്ങനെ വേണം ഇനി പറയുക കേട്ടോ.'
മാത്രമോ, ചിലപ്പോള്‍ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചയിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നതു കാണാം. പ്രദേശത്ത് പൊടിയന്ത്രം വന്ന കാലം. കൊയ്ത നെല്ല് കുത്തിവെളുപ്പിക്കുന്നതിനു പകരം മില്ലില്‍ കൊടുത്താല്‍ പ്രയാസം കുറയുമല്ലോ എന്നായി അവരുടെ ആലോചന. അത് അദ്ദേഹത്തിന്റെ മുമ്പാകെ വെച്ചപ്പോള്‍ മറുപടി: 'വേണോ? അത് ആ പാവങ്ങളെ ബുദ്ധിമുട്ടിക്കലാകില്ലേ?' പതിവായി വീട്ടില്‍ കൂലിക്ക് നെല്ലു കുത്താന്‍ വന്നിരുന്ന പാവപ്പെട്ട സ്ത്രീകളായിരുന്നു ഉദ്ദേശ്യം. കാഴ്ചപ്പാടിലെ ഈ സൂക്ഷ്മതതന്നെയല്ലേ അദ്ദേഹത്തിന്റെ നേതൃപ്രതിഭയില്‍ ഉടനീളം മികച്ചു നിന്നിരുന്നത്!"
ഡോ. എം.കെ. മുഹമ്മദ് കോയ എഴുതുന്നു: "ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹബന്ധം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതു ഘട്ടത്തിലും അവരുടെ സാന്നിധ്യം അദ്ദേഹത്തിന് അനിവാര്യമായിരുന്നു. ജീവിത സായാഹ്നത്തിലും അവരുടെ സ്നേഹബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞുനിന്നു. പ്രായാധിക്യത്തില്‍ ഇങ്ങനെയുണ്ടാവുക അത്യപൂര്‍വമാണ്."
മകന്‍ കെ.സി. മൊയ്തീന്‍ കോയ അനുസ്മരിക്കുന്നതിങ്ങനെ:
"ബാപ്പയും ഉമ്മയും ഒരിക്കല്‍പോലും പിണങ്ങിയത് ഞങ്ങള്‍ കണ്ടിട്ടില്ല. രണ്ടു കട്ടിലിലോ വ്യത്യസ്ത റൂമുകളിലോ കിടന്നിട്ടില്ല. കൊടും തണുപ്പിലായാലും ഏതു പാതിരാവിലായാലും ബാപ്പയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുന്നതില്‍ ഉമ്മ നിര്‍വൃതികൊണ്ടിരിന്നു. വരുന്നതറിഞ്ഞാല്‍ വാതില്‍ക്കല്‍ ചെന്ന് കാത്തിരിക്കും. പോവുമ്പോള്‍ വാതില്‍വരെ പിന്തുടര്‍ന്ന് യാത്രയയക്കും. ഷര്‍ട്ട്, തുണി, മുണ്ടുകളുടെ മാച്ചിംഗ് തീരുമാനിക്കുന്നതും അത്തറും സ്പ്രേയും പൂശുന്നതും ബട്ടണുകള്‍ ഇട്ടുകൊടുക്കുന്നതും ഉമ്മതന്നെ. ചെരിപ്പ് തുടച്ച് കോലായില്‍ കൊണ്ടുവെച്ചിരിക്കും. യാത്രയുടെ ഹ്രസ്വ-ദൈര്‍ഘ്യങ്ങളും കാലാവസ്ഥയും പരിഗണിച്ച് ആവശ്യമായതെല്ലാം ബാഗില്‍ ക്രമപ്പെടുത്തിയിട്ടുണ്ടാവും. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഉമ്മയും കൂടെ കഴിക്കും. അല്ലെങ്കില്‍ കഴിയുന്നതുവരെ അടുത്തിരിക്കും. ഉമ്മയുടെ ആത്മസംയമനവും പ്രോത്സാഹനവും ധൈര്യവും പല പ്രതിസന്ധിഘട്ടങ്ങളിലും മനക്കരുത്ത് നല്‍കിയതായി ബാപ്പ പലപ്പോഴും ഓര്‍ത്തിരുന്നു. ഉമ്മയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുന്നതില്‍ ബാപ്പയും ഔത്സുക്യം കാണിച്ചു.
മരണത്തിന്റെ ഒരാഴ്ചമുമ്പ് ഫീഡിംഗ് പൈപ്പ് ബാപ്പ തന്നെ വലിച്ചൂരി. വായിലൂടെ വല്ലതും കഴിക്കാന്‍ വിസമ്മതിച്ചു. പലവഴി നോക്കിയിട്ടും കഴിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. കഞ്ഞിയുമായി വന്ന ഉമ്മ, ബാപ്പക്കിഷ്ടപ്പെട്ട വെളുത്തുള്ളി അച്ചാര്‍ നാവില്‍ തൊടുവിച്ചു. താല്‍പര്യത്തോടെ ആ കഞ്ഞി മുഴുവന്‍ ബാപ്പ കുടിച്ചു. രാത്രി ഞാന്‍ വന്ന് കഞ്ഞി കുടിപ്പിക്കുമ്പോള്‍ ഉച്ചക്ക് ഉമ്മ പ്രയോഗിച്ച തന്ത്രം ബാപ്പ തന്നെ എന്നോട് പറഞ്ഞു. 'പെണ്ണുങ്ങളുടെ തന്ത്രത്തെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിച്ചതാണല്ലോ -ഇന്ന കൈദകുന്ന അളീം' എന്നു ഞാന്‍ പറഞ്ഞതോടെ ബാപ്പയുടെ മുഖം വിവര്‍ണമായി. 'ഖുര്‍ആനില്‍ ആരെക്കുറിച്ച്, എവിടെയാണ് അത് പറഞ്ഞതെന്ന് നിനക്കറിയാമല്ലോ. ഉമ്മയെപ്പറ്റി അത് പറയാന്‍ പാടുണ്ടോ? ഉമ്മയുടെ സ്ഥാനവും ഉമ്മയോടുള്ള ആദരവും....' പൂര്‍ത്തിയാവുന്നതിനുമുമ്പ് ബാപ്പ വിങ്ങിപ്പൊട്ടി. അതായിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം."
രണ്ടു ഗൃഹയോഗങ്ങള്‍
കെ.സി. സാഹിബ് മരണത്തിന്റെ തൊട്ടുമുമ്പ് നടത്തിയ ഗൃഹയോഗത്തെ സംബന്ധിച്ച് മകന്‍ കെ.സി. അബ്ദുല്ലത്തീഫ് വിശദീകരിക്കുന്നു: "പരിപാടി തീരുമാനിച്ചപ്പോള്‍തന്നെ ബാപ്പ എന്നെ വിളിച്ചു പറഞ്ഞു: 'ഇത്തവണ ഞാന്‍ അഞ്ചുമിനിറ്റേ പറയൂ. ക്ലാസ് നീയെടുക്കണം. ഒരു മണിക്കൂര്‍ സംസാരിക്കണം.' ജ്യേഷ്ഠന്റെ മകന്‍ തന്‍വീറിന്റെ ഖിറാഅത്തിനുശേഷം എന്റെ ക്ലാസ് നടന്നു. ശേഷം ഉമ്മ ഉള്‍പ്പെടെ എല്ലാവരോടും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാന്‍ ബാപ്പ ആവശ്യപ്പെട്ടു. ആരെയും ഒഴിവാക്കിയില്ല. ആണ്‍മക്കളെയും പെണ്‍മക്കളെയും ഞങ്ങളുടെ ഭാര്യമാരെയും. അളിയനെയും കിന്റര്‍ ഗാര്‍ഡനില്‍ പഠിക്കുന്നവരുള്‍പ്പെടെയുള്ള ഞങ്ങളുടെ കുട്ടികളെയും എല്ലാവരെയും പ്രത്യേകം വിളിച്ചു. എല്ലാവരും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ചിലര്‍ പ്രസംഗിച്ചു. ചിലര്‍ പാട്ടു പാടി. മറ്റു ചിലര്‍ കവിത വായിച്ചു. കഥ പറഞ്ഞു. ജ്യേഷ്ഠന്റെ മകന്‍ യാസിര്‍ നല്ലൊരു ക്ലാസുമെടുത്തു. എല്ലാറ്റിലും സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഉമ്മയും സംസാരിച്ചു. ഓരോ പരിപാടിയും ബാപ്പ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുന്നൊരുക്കമില്ലാതെ അവതരിപ്പിക്കപ്പെട്ട പരിപാടികളുടെ തമാശയിലും ഹരത്തിലും മറ്റുള്ളവരോടൊപ്പം പങ്കുചേര്‍ന്ന ബാപ്പ ഇടക്കിടെ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സദസ്സിന് പലപ്പോഴും ഗൗരവം പകര്‍ന്നു. തന്‍വീറിന്റെ ഖിറാഅത്തിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു: 'അറബി അക്ഷരങ്ങളെ അറബി ശൈലിയില്‍ യഥാര്‍ഥ മഖാരിജില്‍നിന്ന് എടുത്ത് ഓതാന്‍കഴിയുന്ന ചുരുക്കം ആളുകളിലൊരുവനാണ് തന്‍വീര്‍.' അനുജന്‍ മുഹമ്മദലി യു.കെ. ഇബ്‌റാഹീം മൗലവിയുടെ 'മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ...' എന്ന പാട്ടവതരിപ്പിച്ചു. അതിനെപ്പറ്റി ബാപ്പ പറഞ്ഞു: 'ഏറ്റവും നല്ല പാട്ടുകളിലൊന്നാണിത്. ഈ പാട്ട് ആദ്യമവതരിപ്പിച്ച പരിപാടിയില്‍ പി.പി. ഉമ്മര്‍കോയ സാഹിബുമുണ്ടായിരുന്നു. പാട്ടു കേട്ട് അദ്ദേഹം തരിച്ചിരുന്നുപോയി. അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ ഈ പാട്ടിന്റെ ആശയമായിരുന്നു.'
എല്ലാവരും പരിപാടികളവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ബാപ്പ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: 'ഓ സമയം വല്ലാതെയായല്ലോ!?' സത്യത്തില്‍ തന്നെ ബാപ്പയുടെ 'സമയം' അപ്പോള്‍ വല്ലാതെ ആയിക്കഴിഞ്ഞിരുന്നുവല്ലോ. അതുകൊണ്ടായിരിക്കാം ബാപ്പ വളരെവേഗം ഞങ്ങള്‍ക്കുള്ള അവസാന വസ്വിയ്യത്തിലേക്ക് കടന്നു. ബിസ്മിയും ഹംദും സ്വലാത്തും തശഹ് ഹുദും ചൊല്ലിയ ശേഷം പറഞ്ഞു: 'ഇവിടെ നടന്ന പരിപാടികളില്‍നിന്ന് മനസ്സിലായ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. ഒന്ന്: നമ്മുടെ കുടുംബത്തെക്കുറിച്ചൊരു ധാരണ ഏതായാലും നിലവിലുണ്ട്. അല്ലാഹുവിന്റെ ദീനിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഒരു കുടുംബം. മുന്നോട്ടു നോക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ഒരസ്വസ്ഥത ഉണ്ടായിരുന്നു. പക്ഷേ അതിന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഭയപ്പെടേണ്ട ഒന്നല്ല.
നമ്മുടെ കുടുംബത്തിന്, പഴയ കാലത്തേക്കു നോക്കിയാല്‍ ഒരു വലിയ പാരമ്പര്യമുണ്ട്. അവശരെയും ദരിദ്രരെയും ഉള്ളഴിഞ്ഞു സഹായിക്കുന്ന ഒരു വലിയ പാരമ്പര്യം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആ പാരമ്പര്യം ഒരുപക്ഷേ, കൂടുതല്‍ ഭംഗിയായി നിലനിര്‍ത്താന്‍ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.
പിന്നെ, പലവിധത്തിലുള്ള കഴിവുള്ളവര്‍ ഈ കുടുംബത്തിലുണ്ട്. മുഹമ്മദലി, സല്‍വ തുടങ്ങിയവര്‍. ഇതെല്ലാം ഇസ്ലാമിനനുയോജ്യമാം വിധത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
നിങ്ങളുടെ വീടുകളിലെ നമസ്കാരം ജമാഅത്തായിട്ടായിരിക്കണം. ജമാഅത്ത് നമസ്കാരത്തിന് വലിയ പുണ്യവും കൂലിയുമുണ്ട്. ജീവിതത്തിന് വലിയ ചിട്ടകിട്ടാന്‍ അതുതകും. പല ഉഴലിച്ചകളും സമയം കളയലുകളും അതിലൂടെ ഒഴിവായിക്കിട്ടും. ഇത് ഒരു നിര്‍ബന്ധകര്‍ത്തവ്യമായി നിര്‍വഹിക്കണമെന്നാണ് ഒരു വസ്വിയ്യത്തെന്ന നിലയില്‍ എനിക്കു പറയാനുള്ളത്.
മറ്റൊന്ന് ഈ വീടുകളിലെല്ലാം സകാത്ത് നിര്‍ബന്ധമായും ശ്രദ്ധാപൂര്‍വം നിര്‍വഹിക്കാന്‍ ശ്രമിക്കണം, 'നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക' എന്ന ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറഞ്ഞ ഇസ്ലാമിന്റെ ഈ അടിത്തറകള്‍ നേരെനിന്നാല്‍ അവ മറ്റുള്ളതിനെയെല്ലാം നേരെയാക്കും. ഇത് രണ്ടും ശരിയായില്ലെങ്കില്‍ മറ്റുള്ളവയെല്ലാം താറുമാറാകും. ഇതും ഒരു വസ്വിയ്യത്ത് എന്ന നിലക്ക് എല്ലാവരോടും പറയുകയാണ്. കൂട്ടത്തില്‍ മറ്റു ദാനധര്‍മങ്ങളും നിര്‍വഹിക്കുക. മറ്റുള്ളവര്‍ക്ക് സേവനവും ഉപകാരവും ചെയ്യാന്‍ തയ്യാറായാല്‍ നമ്മുടെ കുടുംബം വളരും. വികസിക്കും. മാതൃകയാവും.
പിന്നെ മറ്റുള്ളവരെക്കുറിച്ച് നല്ലതല്ലാതെ പറയില്ല എന്ന് പ്രതിജ്ഞയെടുക്കാന്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കഴിഞ്ഞാല്‍ ഒരുപാട് പ്രയാസങ്ങള്‍ ഒഴിവാക്കാനാവും. ഇതും ഒരു വസ്വിയ്യത്താണ്.
നാട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ വെളിച്ചം കിട്ടുന്ന ഏറ്റവും നല്ല ഒരു മാതൃകാ കുടുംബമായി അല്ലാഹു ഈ കുടുംബത്തെ വളര്‍ത്തിത്തരട്ടെ."
മറ്റൊരു ഗൃഹയോഗത്തില്‍ കെ.സി. സാഹിബ് നല്‍കിയ മൂന്ന് നിര്‍ദേശങ്ങള്‍ അബ്ദുല്ലത്വീഫ് അനുസ്മരിക്കുന്നു: "എത്രതന്നെ പ്രയാസങ്ങളനുഭവിക്കേണ്ടി വന്നാലും ഓരോരുത്തരും ഇസ്ലാമികമായ ജീവിതം മുറുകെപ്പിടിക്കണം. അനിസ്ലാമികമായ എല്ലാറ്റില്‍നിന്നും അകന്നു നില്‍ക്കണം. മാത്രമല്ല; ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും വേണം.
പണം സമ്പാദിക്കുന്നതിലും ചെലവഴിക്കുന്നതിലും ഇസ്ലാമിക പരിധികള്‍ പാലിക്കുന്ന കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തരുത്. അനിസ്ലാമിക മാര്‍ഗത്തിലൂടെ ഉണ്ടാവുന്ന ഒരു പൈസയും നമുക്ക് വേണ്ട. അതു നമ്മെ നശിപ്പിക്കും.
വലിയവരെ ആദരിച്ചും ചെറിയവരോട് വാത്സല്യം കാണിച്ചും ഒരുമയോടെ മുന്നോട്ട് പോകണം. കുടുംബബന്ധങ്ങള്‍ ഒരുവിധ പോറലുമേല്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ മറ്റു ബന്ധങ്ങളൊന്നും തടസ്സമാകരുത്."
അന്ത്യം
1995 ആഗസ്റ്റ് 13-ന് പുലര്‍ച്ചെ കെ.സി. അബ്ദുല്ല മൗലവി അന്ത്യശ്വാസം വലിച്ചത് കാലിക്കറ്റ് നേഴ്സിംഗ് ഹോമില്‍വെച്ചാണ്. ആശുപത്രി ഉടമകൂടിയായ ഡോക്ടര്‍ എം.കെ. മുഹമ്മദ് കോയ കുറിക്കുന്നു: "ഹെര്‍ണിയ ഓപ്പറേഷനുവേണ്ടിയാണ് മൗലവി അവസാനമായി നേഴ്സിംഗ് ഹോമിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആദ്യം തിരിച്ചയക്കുകയായിരുന്നു. രണ്ടാമത് തയ്യാറെടുത്തുവന്നപ്പോഴാണ് ഹാര്‍ട്ട് അറ്റാക്കുണ്ടായത്. അവസാന നാളുകളില്‍ അദ്ദേഹം ഖുര്‍ആനിലായിരുന്നു. സ്വയം ഓതിയും മക്കളെക്കൊണ്ട് പാരായണം ചെയ്യിച്ചും കഴിച്ചുകൂട്ടി. അവസാനം മക്കള്‍ക്കു നല്‍കിയ ഉപദേശവും ഖുര്‍ആന്‍ മുറുകെപ്പിടിക്കാനാണ്."
മരണത്തിനു രണ്ടു ദിവസം മുമ്പ് ചെന്നുകണ്ടപ്പോള്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചാണ് അന്വേഷിച്ചത്. അക്കാര്യത്തില്‍ ശ്രദ്ധയൂന്നണമെന്ന് ഉപദേശിക്കുകയും ചെയ്തു.
മകന്‍ മൊയ്തീന്‍കോയ ഓര്‍ക്കുന്നു: "ഐ.സി.യുവില്‍ കിടക്കുന്ന ബാപ്പയെ കാണാന്‍ ഞാനും ഉമ്മയും ചെന്നു. കോയ ഡോക്ടറും ഉണ്ടവിടെ. ഉമ്മയെ കെട്ടിപ്പിടിച്ച് അടുത്തുനിര്‍ത്തി ബാപ്പ പറഞ്ഞു. 'ദുന്‍യാവിന്റെ സ്ഥിതി ഇങ്ങനെയൊക്കെയാണ്. ഇനി നമുക്ക് സ്വര്‍ഗത്തില്‍ കാണാം.' ഐ.സി.യു. വിട്ട് റൂമിലെത്തിയ രണ്ടാം ദിവസം ബാപ്പ ആഇശ തൈമൂരിയായുടെ വിഖ്യാതമായ കവിത ആലപിച്ചു തുടങ്ങി. പക്ഷേ, പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പൂര്‍ണരൂപം കണ്ടുപിടിച്ച് ഉമ്മക്ക് പറഞ്ഞുകൊടുക്കാന്‍ എന്നെ ഏല്‍പിച്ചു. മൊയ്തു മൗലവി വന്നപ്പോള്‍ അദ്ദേഹത്തോട് വിവരം പറഞ്ഞു. അദ്ദേഹം അത് ഓര്‍മയില്‍നിന്ന് പാടിത്തന്നു. മകള്‍ തൗഹീദ മരണത്തില്‍ നിന്ന് രക്ഷപ്പെടുകയില്ലെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ അറിയിച്ചപ്പോള്‍ മകള്‍ പറഞ്ഞതായി തൈമൂരിയ ആവിഷ്കരിക്കുന്നതാണ് പ്രസ്തുത കവിത. 'ഉമ്മാ, നാളെ ഒരു പുതു മണവാളനെപ്പോലെ എന്റെ മയ്യിത്ത് ജനങ്ങള്‍ ചുമന്ന് കൊണ്ടുപോകുന്നത് നിങ്ങള്‍ക്ക് കാണാനാകും' എന്നര്‍ഥം വരുന്ന വരികളോടെയാണ് അതിന്റെ തുടക്കം. വേര്‍പാടിന്റെ വേദന സന്തോഷമാക്കി മാറ്റാന്‍ ഉമ്മക്കുള്ള നിര്‍ദേശമായിരുന്നോ അത്?"
കെ.സി. സാഹിബിന്റെ അന്ത്യനിമിഷങ്ങള്‍ മകന്‍ മൊയ്തീന്‍ കോയയുടെ വാക്കുകളില്‍: "ഖുര്‍ആനാണ് ബാപ്പക്ക് ഏറ്റവും ആനന്ദം പകര്‍ന്നിരുന്നത്. അര്‍ധബോധാവസ്ഥയില്‍പോലും ഖുര്‍ആന്‍ കേള്‍ക്കാന്‍ കൊതിപൂണ്ടു ആ ഹൃദയം. ആഗസറ്റ് 12-ന് ശനിയാഴ്ച രാവിലെ മുതല്‍ 13-ന് പുലര്‍ച്ചെ 2.35 വരെ ഞങ്ങള്‍ മാറി മാറി ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയുണ്ടായി. ശനിയാഴ്ച വൈകുന്നേരം മകള്‍ സുമയ്യ 'സൂറത്തുല്‍ ഇന്‍ശിഖാഖി'ലെ 'വഇദാ ഖുരിഅല്‍ ഖുര്‍ആനു....' എന്നിടത്തെത്തിയപ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്ന ബാപ്പ അസ്വാസ്ഥ്യത്തോടെ കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. ഞങ്ങള്‍ക്ക് പിടികിട്ടിയില്ല. കണ്ടുനിന്ന കോയ ഡോക്ടര്‍ പറഞ്ഞു: 'ഓത്തിന്റെ സുജൂദ് വിട്ടുപോയതുകൊണ്ടാണ്. സുജൂദ് ചെയ്ത് ഓത്ത് തുടരുക.' ബാപ്പ അത് തലയാട്ടി സമ്മതിച്ചു.
23 കൊല്ലം മുമ്പ് ഇഅ്തികാഫിലായിരിക്കെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായപ്പോള്‍ ചേണ്ടമംഗല്ലൂര്‍ പള്ളിയില്‍ വെച്ച് ഞാന്‍ ബാപ്പക്ക് ശഹാദത്ത് കലിമചൊല്ലിക്കൊടുത്തിരുന്നു. ജൂലൈ 5-ന് അറ്റാക്ക് വന്ന് ശരീരം തളര്‍ന്ന് കണ്ണ് മറിഞ്ഞപ്പോഴും ഞാന്‍ കലിമ ചൊല്ലിക്കൊടുക്കുകയുണ്ടായി. അവസാനം മരണം സംഭവിച്ചപ്പോള്‍ കലിമ ചൊല്ലിക്കൊടുത്തതും ഞാന്‍തന്നെ."
അങ്ങനെ നാലര പതിറ്റാണ്ടുകാലം ജീവിതം മുഴുവന്‍ ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും സമര്‍പ്പിച്ച ആ കര്‍മയോഗി പിന്മുറക്കാര്‍ക്ക് പകര്‍ത്താന്‍ ഒട്ടേറെ മഹിത മാതൃകകള്‍ വിട്ടേച്ചുകൊണ്ട് ദൈവസന്നിധിയിലേക്ക് യാത്രയായി.
കനപ്പെട്ട രചനകള്‍
മലയാളം കൂട്ടിവായിക്കാന്‍ കഴിയുന്ന ഏവര്‍ക്കും കെ.സി. അബ്ദുല്ല മൗലവിയുടെ കൃതികള്‍ വായിച്ച് ആശയം മനസ്സിലാക്കാന്‍ സാധിക്കും. അവ അത്രയേറെ ലളിതമാണ്. ഭാഷ ഏറെ ആകര്‍ഷകമാണ്. ശൈലി വശ്യവും. പദങ്ങള്‍ വളരെ ബോധപൂര്‍വം തെരഞ്ഞെടുത്താണ് അദ്ദേഹം പ്രയോഗിച്ചിരുന്നത്. ആശയം അനുവാചകനെ അതിവേഗം ആകര്‍ഷിക്കും വിധം സവിശേഷമായൊരു ഘടനയും കെ.സി. കൃതികള്‍ക്കുണ്ട്.
കെ.സി. സാഹിബിന്റെ ഏറ്റവും പ്രചാരമുള്ള പുസ്തകം പരലോകം ഖുര്‍ആനില്‍ ആണ്. അല്ലാഹു ഖുര്‍ആനില്‍ എന്ന ശാസ്ത്ര കൃതിയും പ്രബോധനം ഖുര്‍ആനില്‍ എന്ന പ്രബോധന സംബന്ധിയായ കൃതിയും ഗഹന രചനകളാണ്.
'പരലോകം ഖുര്‍ആനില്‍'
മുസ്ലിം സമുദായത്തിലെ സാധാരണക്കാരെ ഉദ്ദേശിച്ച് എഴുതപ്പെട്ട ഗ്രന്ഥമാണിത്. സമകാലിക സമൂഹത്തില്‍ പരലോകവിശ്വാസവും ബോധവും വളര്‍ത്തുന്നതില്‍ ഇത്രയേറെ പങ്കുവഹിച്ച മറ്റൊരു പുസ്തകവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. കക്ഷിവ്യത്യാസമന്യേ സമുദായത്തിലെ എല്ലാ വിഭാഗവും ഇതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയുണ്ടായി. ഇതിനകം നിരവധി പതിപ്പുകളിലായി അനേകായിരം കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടുവെന്നതുതന്നെ ഇതിന്റെ സ്വീകാര്യതക്കുള്ള മതിയായ തെളിവാണ്.
ഭൗതിക വിദ്യ തന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതിലുകള്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം; സവിശേഷമായ മാനദണ്ഡങ്ങളും. ശരീരശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമനുസരിച്ച് ഗണിതശാസ്ത്രം പഠിക്കാനാവില്ല. ഗണിത ശാസ്ത്രത്തിലെത്തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങളാവശ്യമാണ്. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം പോലുള്ളവക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്.
ഭൗതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ ആധ്യാത്മികജ്ഞാനം നേടാന്‍ തീര്‍ത്തും വ്യത്യസ്തമായ മാര്‍ഗം കൂടിയേ തീരൂ. അല്ലാഹു, സ്വര്‍ഗം, നരകം, മലക്ക്, പിശാച്, ജിന്ന് പോലുള്ളവയെപ്പറ്റി പഠിക്കാന്‍ മനുഷ്യന്റെ വശം ഒരു മാനദണ്ഡവുമില്ല; ദൈവദൂതന്മാരിലൂടെ അവതീര്‍ണമായ ദിവ്യബോധനങ്ങളല്ലാതെ. അതിനാല്‍ അല്ലാഹു, പരലോകം പോലുള്ളവയെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആനും സുന്നത്തുമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അവയില്‍ വിവരിക്കാത്ത കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയുകയില്ല. അതിനാല്‍ സ്വര്‍ഗത്തില്‍ എത്ര നദികളുണ്ടെന്നോ നരകത്തില്‍ എത്ര ഡിഗ്രിയാണ് ചൂടെന്നോ പറയാനാര്‍ക്കും സാധ്യമല്ല.
ഭൂമിയിലെ അവസ്ഥയുടെയും അനുഭവങ്ങളുടെയും അടിസ്ഥാനങ്ങളില്‍ മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുന്നവിധം സ്വര്‍ഗനരകങ്ങളെ പരിചയപ്പെടുത്തുകയാണ് ഖുര്‍ആന്‍. അതത്രയും അതിമനോഹരമായി അടുക്കിവെച്ച കെ.സി. സാഹിബിന്റെ കൃതിയെക്കാള്‍ പരലോകത്തെപ്പറ്റി പഠിക്കാന്‍ പറ്റുന്ന പുസ്തകം മലയാളത്തില്‍ വേറെയില്ലെന്ന് പറയാനുള്ള കാരണവും അതുതന്നെ.
ഏഴ് അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ആദ്യ അധ്യായത്തില്‍ മനുഷ്യ ജീവിതത്തിന്റെ ഘട്ടങ്ങളും ജീവിതത്തിന് നേരെ ഉണ്ടാവേണ്ട സമീപനവും വിവരിക്കുന്നു. തുടര്‍ന്ന് പ്രവാചകന്മാരുടെ നിയോഗലക്ഷ്യങ്ങളില്‍ പ്രധാനം പരലോകം പരിചയപ്പെടുത്തലാണെന്ന് സമര്‍ഥിക്കുന്നു. മരണം പരലോകത്തേക്കുള്ള കവാടമാണെന്ന് ഖുര്‍ആന്‍ വാക്യങ്ങളുടെ പിന്‍ബലത്തോടെ തെളിയിച്ചശേഷം നല്ല മനുഷ്യന്റെയും ചീത്തയാളുടെയും മരണത്തിലെ വ്യത്യാസം വ്യക്തമാക്കുന്നു.
രണ്ടാം അധ്യായത്തില്‍ ബര്‍സഖ് ജീവിതത്തെയും മൂന്നാം അധ്യായത്തില്‍ പുനരുത്ഥാനത്തെയും സംബന്ധിച്ച് വിശദീകരിക്കുന്നു. തുടര്‍ന്ന് മഹ്ശറിനെയും നീതിയുടെ തുലാസിനെയും നരകത്തെയും സ്വര്‍ഗത്തെയും പരിചയപ്പെടുത്തുന്നു. ഇവയിലൂടെ കടന്നുപോകുന്ന വായനക്കാരന് വിവരിക്കപ്പെട്ട സംഭവങ്ങളൊക്കെയും മുന്നില്‍ കാണുന്നവിധം അനുഭവവേദ്യമായിത്തീരുന്നുവെന്നതാണ് ഈ കൃതിയിലെ പ്രതിപാദന രീതിയുടെ എടുത്തുപറയേണ്ട പ്രത്യേകത.
'അല്ലാഹു ഖുര്‍ആനില്‍'
മനുഷ്യന്റെ മുമ്പില്‍ രണ്ടു ദൈവിക ഗ്രന്ഥങ്ങളുണ്ട്. ഒന്ന് ലിഖിതവും മറ്റൊന്ന് അലിഖിതവും. വിശുദ്ധ ഖുര്‍ആനും പ്രപഞ്ചമാകുന്ന പുസ്തകവുമാണവ. ഖുര്‍ആന്‍ വാക്യങ്ങള്‍ക്കെന്ന പോലെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ക്കും 'ആയത്/ആയാത്' എന്നാണ് അല്ലാഹു നല്‍കിയ വിശേഷണം. രണ്ടു ഗ്രന്ഥങ്ങളും പരസ്പര ബന്ധിതങ്ങളും അനുപൂരകങ്ങളുമാണ്. പ്രാപഞ്ചിക ആയതുകളുടെ വെളിച്ചത്തില്‍ ഖുര്‍ആനിലെ ആയതുകളും ഖുര്‍ആന്‍ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാപഞ്ചിക ആയതുകളും പഠിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. ഇത്തരമൊരു പഠനമാണ് കെ.സി. സാഹിബിന്റെ അല്ലാഹു ഖുര്‍ആനില്‍.
ഔപചാരികമായ ഭൗതിക വിദ്യാഭ്യാസത്തില്‍ എടുത്തുപറയാവുന്ന ബിരുദങ്ങളൊന്നുമില്ലാത്ത മതപണ്ഡിതനായ കെ.സി. സാഹിബ് ശാസ്ത്രലോകത്തിലെ ഏറ്റവും പുതിയ അറിവുകളും നിഗമനങ്ങളും സ്വായത്തമാക്കി അവയുടെ വെളിച്ചത്തിലാണ് ഈ ഗ്രന്ഥം രചിച്ചത്. ഒരു പണ്ഡിതന്റെ അസാധാരണമായ അന്വേഷണ തൃഷ്ണയുടെയും തപസ്സമാനമായ അധ്വാനത്തിന്റെയും സാക്ഷ്യപത്രം കൂടിയാണിത്.
ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. എങ്കിലും മനുഷ്യതൃഷ്ണയെ തട്ടിയുണര്‍ത്താനായി പ്രപഞ്ചത്തിലെ നിരവധി ശാസ്ത്ര രഹസ്യങ്ങളും വസ്തുതകളും അത് അനാവരണം ചെയ്യുന്നുണ്ട്. പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ എടുത്തുകാണിച്ച ശാസ്ത്രവസ്തുതകളിലൊന്നുപോലും നിഷേധിക്കാന്‍ ഇന്നോളമാര്‍ക്കും സാധിച്ചിട്ടില്ല. എന്നല്ല, പുതിയ കണ്ടെത്തലുകള്‍ ഖുര്‍ആനിക പ്രഖ്യാപനങ്ങളെയും പ്രവചനങ്ങളെയും സത്യപ്പെടുത്തുകയും തെളിയിക്കുകയുമാണ് ചെയ്യുന്നത്. ഈ വസ്തുത കെ.സി. സാഹിബ് ആധികാരികമായി സമര്‍ഥിക്കുന്നു ഈ ബൃഹദ്ഗ്രന്ഥത്തില്‍. സാധാരണ അര്‍ഥത്തിലുള്ള ഒരു മതപണ്ഡിതന്റെ എല്ലാ പരിധികളും ലംഘിച്ച് ആധുനിക വിജ്ഞാനീയങ്ങളുടെ ചക്രവാള സീമകളിലേക്ക് കടന്നുചെല്ലാന്‍ ശ്രമിച്ച ഒരന്വേഷണ കുതുകിയുടെ തീവ്ര ശ്രമങ്ങളുടെ സദ്ഫലങ്ങള്‍ ഇതിലുടനീളം കാണാവുന്നതാണ്.
ഈ ഗ്രന്ഥം അഞ്ച് ഭാഗങ്ങളാണ്. ആദ്യ ഭാഗം ഖുര്‍ആനെ സമഗ്രമായും സംക്ഷിപ്തമായും പരിചയപ്പെടുത്തുന്നു. അതിന്റെ അമാനുഷികതയും അതിശയിപ്പിക്കുന്ന ആശയഗാംഭീര്യവും അനുവാചകനെ ബോധ്യപ്പെടുത്തുന്നു. വിശ്വാസികളില്‍ ഖുര്‍ആന്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന അന്വേഷണ വാഞ്ഛയെക്കുറിച്ച് തന്റെതായ ശൈലിയില്‍ വായനക്കാരോട് സംസാരിക്കുന്ന രണ്ടാംഭാഗം പ്രപഞ്ചത്തെപ്പറ്റിയാണ്. അതിനെ സംബന്ധിച്ച ഭൗതിക വീക്ഷണവും ദൈവിക വീക്ഷണവും സമര്‍പ്പിച്ച ശേഷം സയന്‍സും തത്ത്വചിന്തയും നേടിയ വളര്‍ച്ചയുടെ ചരിത്രം ഹ്രസ്വമായി വിവരിക്കുന്നു. ശാസ്ത്രനിഗമനങ്ങളെ അന്ധമായി അംഗീകരിച്ച് അവയുടെ അടിസ്ഥാനത്തില്‍ തത്ത്വചിന്തകള്‍ക്ക് രൂപംനല്‍കിയപ്പോള്‍ വന്നുഭവിച്ച അബദ്ധങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥകാരന്‍ ശാസ്ത്രവസ്തുതകളുടെ വെളിച്ചത്തില്‍ ഇന്ദ്രിയങ്ങളുടെ പരിമിതി ഏവര്‍ക്കും ബോധ്യമാവും വിധം വ്യക്തമാക്കുന്നു. ദിവ്യ വെളിപാടുകളുടെ അഭാവത്തില്‍ പ്രപഞ്ചത്തെപ്പറ്റി പഠിച്ച് എത്തിച്ചേരുന്ന അബദ്ധങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നു.
മൂന്നാംഭാഗം അല്ലാഹുവും പ്രപഞ്ചവുമായുള്ള ബന്ധം, പ്രപഞ്ചം അല്ലാഹുവിനോടെങ്ങനെ വര്‍ത്തിക്കുന്നു? പ്രപഞ്ചത്തിന്റെ പരിണാമം, വിദ്യ, കാരുണ്യം, പ്രപഞ്ച സംരക്ഷണം, ചരിത്രത്തിന്റെ ധാര്‍മിക വ്യാഖ്യാനം എന്നിവ ഖുര്‍ആനിക വീക്ഷണത്തില്‍ വിശദീകരിക്കുന്നു.
നാലാംഭാഗം ബൃഹത്പ്രപഞ്ചത്തെയും അഞ്ചാംഭാഗം സൂക്ഷ്മ പ്രപഞ്ചത്തെയും സംബന്ധിച്ചാണ്. ഖുര്‍ആനിന്റെയും ശാസ്ത്രവിജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ പ്രപഞ്ചത്തെ സംബന്ധിച്ച സൂക്ഷ്മവും ഗഹനവുമായ പഠനമാണിത്. ആറ്റത്തെയും ജീവകോശത്തെയും ഭ്രൂണത്തെയും വിശദമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇവ്വിഷയകമായി ഇങ്ങനെയൊരു പഠനം മലയാളത്തില്‍ വേറെയില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
'പ്രബോധനം ഖുര്‍ആനില്‍'
അമുസ്ലിംകളുള്ള സമൂഹത്തില്‍ നിയോഗിതരായ പ്രവാചകന്മാരെല്ലാം പ്രഥമമായും പ്രധാനമായും നിര്‍വഹിച്ച ദൗത്യം അവരിലുള്ള ഇസ്ലാമിക പ്രബോധനമത്രെ. മുഹമ്മദ് നബി തിരുമേനിക്കുശേഷം ഈ ബാധ്യത ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടത് മുസ്ലിംകളാണ്. അവിശ്വാസികളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടുക അവരാണ്. സത്യസാക്ഷ്യം നിര്‍വഹിച്ചോ ഇല്ലേയെന്ന് വിചാരണാ വേളയില്‍ വിലയിരുത്തപ്പെടും.
ഭൂമിയില്‍ മനുഷ്യന് നിര്‍വഹിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സുകൃതവും സത്യപ്രബോധനംതന്നെ. വിശന്നുവലഞ്ഞവന് ആഹാരം നല്‍കാത്ത പണക്കാരനെക്കാള്‍ പാപിയും പതിതനുമാണ് സന്മാര്‍ഗമറിയാത്തതിനാല്‍ ദുര്‍മാര്‍ഗത്തിലൂടെ ചരിക്കുന്നവന് ദൈവിക വെളിച്ചമെത്തിക്കാത്ത മുസ്ലിം. കര്‍മങ്ങളിലേറ്റവും പുണ്യം ദിവ്യവെളിച്ചം ദൈവദാസന്മാര്‍ക്ക് എത്തിച്ചുകൊടുക്കലാണ്.
മുസ്ലിംകളിന്ന് ഇസ്ലാമിക പ്രബോധനത്തെ സംബന്ധിച്ച് തീര്‍ത്തും അശ്രദ്ധരാണ്. അതിനാലവരുടെ പ്രവര്‍ത്തനങ്ങളൊക്കെയും നടക്കുന്നത് മുസ്ലിം സമുദായത്തെ കേന്ദ്രീകരിച്ചാണ്. ഇസ്ലാമിക പ്രബോധനം തങ്ങളുടെ ഉത്തരവാദിത്വമാണെന്ന വസ്തുതപോലും അവര്‍ വിസ്മരിച്ചിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ അമുസ്ലിംകള്‍ക്കിടയിലെ സത്യപ്രബോധനത്തെ സംബന്ധിച്ച് മുസ്ലിംകളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച മൂന്ന് മഹദ് ഗ്രന്ഥങ്ങളാണ് പ്രബോധനത്തിന്റെ പ്രാധാന്യം, പ്രബോധനം ഒരു മുഖവുര, പ്രബോധനം ഖുര്‍ആനില്‍ എന്നിവ. രോഗശയ്യയില്‍ വെച്ചാണ് കെ.സി. സാഹിബ് ഈ കൃതികള്‍ രചിച്ചത്. അവസാനകാലത്ത് ഗ്രന്ഥകാരനെ അലട്ടിയിരുന്ന ചിന്തകളാണ് ഇവയില്‍ അനാവൃതമാവുന്നത്.
ആദ്യത്തേത് പേരു സൂചിപ്പിക്കുന്ന പോലെ ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാധാന്യം പ്രമാണയുക്തമായി വ്യക്തമാക്കുന്നു. എങ്ങനെയാണ് പ്രബോധനം നിര്‍വഹിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് 'പ്രബോധനം ഒരു മുഖവുര' എന്ന കൃതിയില്‍. ഗാഢമായ സൗഹൃദം സ്ഥാപിച്ച് യുക്തിപൂര്‍വം ശാസ്ത്രീയമായി നിര്‍വഹിക്കേണ്ട കാര്യമാണതെന്ന് കെ.സി. സാഹിബ് നിരവധി ഉദാഹരണങ്ങളിലൂടെ തെളിയിക്കുന്നു. ഗുണകാംക്ഷാവികാരമായിരിക്കണം സത്യപ്രബോധനത്തിന്റെ പ്രചോദനമെന്നും വിവേകത്തോടെ നിഷ്കാമമായി നടത്തേണ്ട മഹല്‍ കൃത്യമാണതെന്നും ഊന്നിപ്പറയുന്നുണ്ട്. തുടര്‍ന്ന് ഇസ്ലാം മനുഷ്യരാശിയുടെ പൊതുസ്വത്താണെന്ന വസ്തുത ഉറക്കെ പ്രഖ്യാപിക്കുന്ന കെ.സി. സാഹിബ് നീതി പുലരുന്ന ലോകം സ്ഥാപിക്കാനായി പണിയെടുക്കുന്ന പ്രബോധകന്‍ തന്റെ പ്രവര്‍ത്തനം ആരില്‍നിന്ന് തുടങ്ങണമെന്ന് വിശദീകരിക്കുന്നു.
സത്യവാഹകരുടെ വിജയവും നാശകാരികളുടെ പതനവും ദൈവിക വാഗ്ദാനമാണെന്ന് ഊന്നിപ്പറയുന്ന ഗ്രന്ഥകാരന്‍ മുസ്ലിംകളനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള യഥാര്‍ഥ പരിഹാരം പ്രബോധന ദൗത്യം നിര്‍വഹിക്കലാണെന്ന് സമര്‍ഥിക്കുന്നു.
പ്രവാചകന്മാരുടെ പ്രബോധന ശൈലി, അവരനുഭവിച്ച എതിര്‍പ്പുകള്‍, അവയെ നേരിട്ട രീതി, ശത്രുക്കളുടെ ഗൂഢാലോചനകള്‍, പ്രവാചകന്മാര്‍ ദൈവിക സഹായത്താല്‍ വിജയം വരിച്ച കഥകള്‍, എല്ലാം പ്രബോധനം ഖുര്‍ആനില്‍ എന്ന കനപ്പെട്ട കൃതിയില്‍ ഖുര്‍ആന്‍ വാക്യങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. പ്രബോധിതരെ നേരിട്ട് സത്യപാതയിലേക്ക് ക്ഷണിക്കുകയാണ് പ്രവാചകന്മാരവലംബിച്ച സമീപനമെന്ന് സമര്‍ഥിക്കാനാണതില്‍ ശ്രമിച്ചിരിക്കുന്നത്.
സമുദായത്തെ സത്യപ്രബോധനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരെ അതിന് സജ്ജമാക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട ഈ കൃതികള്‍ കേരള മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പോന്നവയാണ്. അതുകൊണ്ടുതന്നെ അവ അമൂല്യങ്ങളുമാണ്. ഇതര കൃതികളെപ്പോലെത്തന്നെ ഇവയും വായനക്കാരോട് നേരിട്ട് സംസാരിക്കുന്നു. അതിനാല്‍ അനുവാചകരില്‍ അതിവേഗം അനുരണനങ്ങളുണ്ടാക്കാന്‍ ശക്തമാണവ.
'ഇബാദത്ത്: ഒരു സമഗ്ര പഠനം'
കേരളാ നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ജനാബ് കെ.പി. മുഹമ്മദ് മൗലവിയുടെ ഇബാദത്തും ഇത്വാഅത്തും എന്ന പുസ്തകത്തിന്റെ ഗഹനവും ആധികാരികവും പണ്ഡിതോചിതവുമായ വിമര്‍ശന പഠനമാണ് കെ.സി. സാഹിബിന്റെ ഇബാദത്ത് ഒരു സമഗ്ര പഠനം. ഇതിന്റെ പ്രഥമ പതിപ്പ് പ്രസിദ്ധീകരിച്ചത് 1985-ലാണ്. അതിന് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ഇബാദത്ത്: വീക്ഷണങ്ങളുടെ താരതമ്യം എന്ന പേരില്‍ വിമര്‍ശന കൃതി പ്രസിദ്ധീകരിച്ചു. അതിനുള്ള മറുപടി കൂടി ഉള്‍പ്പെടുത്തിയാണ് രണ്ടാം പതിപ്പ് തയ്യാറാക്കിയത്. ഇബാദത്തിന്റെ സാക്ഷാല്‍ വിവക്ഷ വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും പൂര്‍വികരായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ വ്യക്തമായി വിശദീകരിക്കുന്ന ഈ ഗ്രന്ഥം വിമര്‍ശകരുടെ ആരോപണങ്ങളുടെ അര്‍ഥശൂന്യത അനാവരണം ചെയ്യുന്നു. വിഷയത്തിന്റെ സവിശേഷത കാരണം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ അല്‍പം പ്രയാസം അനുഭവപ്പെടുമെങ്കിലും പണ്ഡിതന്മാര്‍ക്കും ഇസ്ലാമിക വിഷയകമായി പരിചയമുള്ളവര്‍ക്കും ഇബദത്തിനെക്കുറിച്ച് യഥാവിധി ഗ്രഹിക്കാന്‍ ഏറെ സഹായകമായ കനപ്പെട്ട ഗ്രന്ഥമാണിത്.
ആരാധനകളുടെ ചൈതന്യം
ആരാധനാ കര്‍മങ്ങള്‍കൊണ്ട് ഉദ്ദേശിക്കപ്പെട്ട മഹദ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ അവയുടെ ചൈതന്യം അറിയുകയും ഉള്‍ക്കൊള്ളുകയും വേണം. എന്നാല്‍, ആരാധനകളുടെ ചൈതന്യം വിശദീകരിക്കുന്ന കൃതികള്‍ മലയാളത്തില്‍ ലഭ്യമല്ല. അലി ശരീഅത്തിയുടെ ഹജജ് മാത്രമാണ് അപവാദം. ഈ പശ്ചാത്തലത്തിലാണ് കെ.സി. സാഹിബ് നമസ്കാരത്തിന്റെ ചൈതന്യം, നോമ്പിന്റെ ചൈതന്യം എന്നീ കൃതികള്‍ രചിച്ചത്. നമസ്കാരത്തിന്റെയും നോമ്പിന്റെയും ആത്മാവ് കണ്ടെത്താനും കൂടുതല്‍ ഭക്തിയോടെ അവ നിര്‍വഹിക്കാനും ഈ കൃതികള്‍ വായനക്കാരെ വളരെയേറെ സഹായിക്കും. ഏവര്‍ക്കും ഗ്രഹിക്കാന്‍ കഴിയുമാറ് ലളിതമാണ് രണ്ടിന്റെയും ഭാഷ; ശൈലി അത്യധികം ആകര്‍ഷകവും.
അല്ലാഹുവിന്റെ സവിശേഷ സൃഷ്ടികളായ ജിന്നുകളെയും മലക്കുകളെയും പരിചയപ്പെടുത്തുന്ന ഒരു ലഘുകൃതിയും ഖാദിയാനിസത്തിന്റെ അടിവേരുകള്‍ തേടുന്ന മറ്റൊരു പുസ്തകവും കെ.സി. സാഹിബിന്റെതായുണ്ട്. ഈ രണ്ട് കൊച്ചുകൃതികളൊഴിച്ചുള്ള ഗ്രന്ഥങ്ങളുടെയെല്ലാം പരിശോധനക്കും പ്രസിദ്ധീകരണത്തിനും മേല്‍നോട്ടം വഹിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചത് ഈ ലേഖകനാണ്. പ്രായത്തിലും പാണ്ഡിത്യത്തിലും പരിചയത്തിലും പേരക്കുട്ടിയുടെ സ്ഥാനത്തായിരുന്നിട്ടും പുസ്തകങ്ങളുടെ കാര്യത്തിലുന്നയിച്ച പരിഷ്കരണ നിര്‍ദേശങ്ങളെല്ലാം സന്തോഷപൂര്‍വം അംഗീകരിക്കുകയും ആവശ്യമായ മാറ്റത്തിരുത്തുകള്‍ വരുത്താന്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. ഇബാദത്ത്: ഒരു സമഗ്രപഠനത്തിലെ ആദ്യ പതിപ്പിലെ ഒരു പ്രയോഗം വിമര്‍ശകരെ വേദനിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞ കെ.സി. സാഹിബ് അടുത്തപതിപ്പില്‍ അതൊഴിവാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തി.
മലയാളത്തിലെ ഇസ്ലാമിക ഗ്രന്ഥശേഖരങ്ങളില്‍ മര്‍ഹൂം കെ.സി. സാഹിബിന്റെ കൃതികളോളം വായനക്കാരുമായി നേരിട്ട് സംവദിക്കുന്നവ വേറെ കണ്ടെത്തുക പ്രയാസകരമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ സവിശേഷതയും അതുതന്നെ.
|