മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ നെളിയത്തൊടി ബീരാനാണ് മൗലവിയുടെ പിതാവ്; മാതാവ് ഫാത്വിമയും. പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വെല്ലൂര്‍ അല്‍ബാഖിയാത്തുസ്സ്വാലിഹാത്, ഉമറാബാദ് ദാറുസ്സലാം എന്നിവിടങ്ങളില്‍നിന്ന് ഉപരിപഠനം നിര്‍വഹിച്ചു. പിന്നീട് അല്‍പകാലം പള്ളിക്കര, പള്ളുരുത്തി, കക്കോടി എന്നിവിടങ്ങളില്‍ അധ്യാപകനായും ഖത്വീബായും ജോലി ചെയ്തു. അതിനിടെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടാനിടയാവുകയും ശാന്തപുരം ഇസ്ലാമിയ്യ കോളേജില്‍ അധ്യാപകനായി ചേരുകയും ചെയ്തു. നീണ്ട പതിനെട്ടുവര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ,് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, പ്രബോധനം പത്രാധിപര്‍ ടി.കെ. ഉബൈദ്, മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ വി.എ. കബീര്‍, അല്‍ജാമിഅ അല്‍ഇസ്ലാമിയ്യ ഡയറക്ടര്‍ വി.കെ അലി, റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്ലാ ഹസന്‍, മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി സെക്രട്ടറി എ. മുഹമ്മദലി, ശാന്തപുരം കുല്ലിയ്യത്തുല്‍ ഹദീസ് പ്രിന്‍സിപ്പാള്‍ എന്‍.വി. മുഹമ്മദ് സലീം മൗലവി, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് നടത്തുന്ന നുസ്‌റത്തുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ ശാന്തപുരത്തെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
ശരീഫ് മൗലവി തന്റെ പ്രവര്‍ത്തനമേഖലയായി തിരൂര്‍ക്കാട് തെരഞ്ഞെടുത്തതോടെ ആ പ്രദേശത്ത് വമ്പിച്ച മാറ്റങ്ങള്‍ പ്രകടമായി. അവിടെ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, മദ്‌റസതു തഹ്ഫീളില്‍ ഖുര്‍ആന്‍, ഹമദ് ഐ.ടി.സി, വനിതാ കോളേജ് തുടങ്ങിയവ അദ്ദേഹത്തിന്റെ കര്‍മഫലമായി രൂപംകൊണ്ടവയാണ്. മസ്ജിദ് ഖാസിം ദര്‍വേശും ശരീഫ് മൗലവിയുടെ ശ്രമഫലമായാണ് സ്ഥാപിതമായത്. ഇലാഹിയ്യ കോളേജില്‍ അധ്യാപകനായും പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ അവിടത്തെ ശിഷ്യഗണങ്ങളില്‍ പ്രമുഖരാണ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സാഹിബും അസിസ്റ്റന്റ് അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബും.
നുസ്‌റത്തുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനായിരുന്ന ശരീഫ് മൗലവി മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി കേരളയുടെ എക്സിക്യൂട്ടീവ് അംഗവും പെരുമ്പിലാവ് അന്‍സാര്‍ ട്രസ്റ്റ് മെമ്പറുമായിരുന്നു. പാങ്ങ് ഫാറൂഖ് ഹൈസ്കൂളിന്റെ നിര്‍മാണത്തിലും വണ്ടൂര്‍ വനിതാ ഇസ്ലാമിയ്യ കോളേജിന്റെ വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
സി.ടി. സാദിഖ് മൗലവി അനുസ്മരിക്കുന്നു: "ശരീഫ് മൗലവിയുടെ ബുദ്ധിപരമായ കഴിവും ഓര്‍മശക്തിയും അത്യസാധാരണമായിരുന്നു. ഒരിക്കല്‍ അള്‍ജീരിയന്‍ സന്ദര്‍ശനവേളയില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ഇംഗ്ലീഷില്‍ പല കാര്യങ്ങളും ചോദിച്ചു. ഏറെ പേരും മറുപടി പറഞ്ഞില്ല. പറഞ്ഞവര്‍തന്നെ പുച്ഛത്തോടെയാണ് സംസാരിച്ചത്. ഫ്രഞ്ച് ഭാഷയോട് ആഭിമുഖ്യം പുലര്‍ത്തിയ അവര്‍ക്ക് ഇംഗ്ലീഷിനോടുള്ള മനോഭാവമായിരുന്നു കാരണമെന്ന് മനസ്സിലാക്കിയ ശരീഫ് മൗലവി അവിടെ കഴിച്ചുകൂട്ടിയ ഏതാനും നാളുകള്‍കൊണ്ട് ഫ്രഞ്ച് ഭാഷ സാമാന്യമായി പഠിച്ചു. മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നേരത്തേ ബന്ധപ്പെട്ടവരോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
അധ്യാപകനായിരിക്കെ ക്ലാസില്‍ കിതാബുമായി വരും. അത് മേശപ്പുറത്തുവെക്കും. അതു തുറന്നുനോക്കുകപോലും ചെയ്യാതെ ക്ലാസെടുക്കും. കിതാബിലെ ഉള്ളടക്കവുമായി ഒട്ടും വ്യത്യാസമുണ്ടാവില്ലെന്നതാണ് അതിന്റെ സവിശേഷത."
പുതിയ വിഷയങ്ങള്‍ പഠിക്കുന്നതിലും ഏറ്റവും പുതിയ പുസ്തകങ്ങള്‍ കണ്ടെത്തി വായിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. സാദിഖ് മൗലവി തന്നെ ഓര്‍ക്കുന്നു: "ഒരു ദിവസം ശരീഫ് മൗലവി രാത്രി പത്തുമണിക്ക് തിരൂരിലെ കോട്ട് ബാവ സാഹിബിന്റെ വീട്ടില്‍ വന്നു. അന്നേരം ഞാനും അവിടെയുണ്ട്. ശരീഫ് മൗലവിയുടെ വശം ആയിടെ മാത്രം പുറത്തിറങ്ങിയ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ പെരിസ്ട്രോയിക്ക ഉണ്ടായിരുന്നു. അന്നു രാത്രി ദീര്‍ഘനേരം ഉറക്കമൊഴിച്ച് അത് വായിക്കുകയായിരുന്നു അദ്ദേഹം."
ഹൈദറാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കര്‍മ ശാസ്ത്രവേദി അംഗമായിരുന്ന ശരീഫ് മൗലവി നിരവധി അന്തര്‍ദേശീയ ഇസ്ലാമിക സമ്മേളനങ്ങളില്‍ സംബന്ധിക്കുകയും ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍മുജ്തമഅ് വാരികയിലും അര്‍റായ, അല്‍ഖലീജ് പോലുള്ള അറബിപത്രങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ബഹിരാകാശയാത്രയും ഖുര്‍ആനും, ബറാഅത്ത്, അല്‍അഹാദീസു അലാഅംവാജില്‍ അസീര്‍ എന്നിവ ശരീഫ് മൗലവിയുടെ പ്രകാശിത കൃതികളാണ്. യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകാരുടെയും വിമര്‍ശനങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ മൗലവി മഹത്തായ പങ്കു വഹിച്ചു. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് ദല്‍ഹിയില്‍ സംഘടിപ്പിച്ച നഹ്ജുല്‍ ബലാഗയെ സംബന്ധിച്ച ചര്‍ച്ചയില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം നിരവധി വിദേശ റേഡിയോകളിലും ടെലിവിഷനുകളിലും അറബിയില്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്.
വിശ്വവിഖ്യാതരായ പല പണ്ഡിതന്മാരും നേതാക്കളുമായി ശരീഫ് മൗലവിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡോ. യൂസുഫുല്‍ ഖറദാവി, ഖാദി മഹ്മൂദ്, അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ഫൈസല്‍ രാജാവ്, ശൈഖ് നാദിര്‍ നൂരി, സുല്‍ത്താന്‍ മുഹമ്മദുല്‍ ഖാസിമി, ഹമദ് മാജിദുല്‍ ഖാസിമി, അബ്ദുല്ലാ തുര്‍കി, അബ്ദുല്ലാ ഉമര്‍ നസ്വീഫ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
എത്ര ഗുരുതരമായ പ്രശ്നവും അനായാസം കൈകാര്യം ചെയ്യുന്നതില്‍ അതിവിദഗ്ധനായിരുന്നു ശരീഫ് മൗലവി. ഏതു സംവാദവേദിയിലും കയറിച്ചെല്ലാനുള്ള ആത്മധൈര്യവും ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. കൂര്‍മബുദ്ധിയും സൗമ്യഭാവവും വിനയപൂര്‍വമായ പെരുമാറ്റവും ലളിത ജീവിതവും മൗലവിയുടെ ശ്രദ്ധേയമായ സവിശേഷതകളായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ഭീതമായ സമീപനം തിരൂര്‍ക്കാട് ഭാഗത്ത് പ്രസ്ഥാനം അഭിമുഖീകരിച്ച പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഏറെ സഹായകമായി.
തിരൂര്‍ക്കാട്ടെ അലവിക്കുട്ടി മൗലവിയുടെ മകള്‍ ഫത്വിമയാണ് ഭാര്യ. അന്‍വര്‍, അസ്ലം, മുജീബ്, ഡോ. ഫൈസല്‍, ഡോ. സുഹൈല്‍, യാസിര്‍, നബീല്‍ എന്നീ ഏഴു ആണ്‍മക്കളും ഹമീദ എന്ന മകളുമുണ്ട്.
2003 ഏപ്രില്‍ 16-ന് അറുപത്തൊമ്പതാം വയസ്സില്‍ ശരീഫ് മൗലവി പരലോകം പ്രാപിച്ചു. അവസാനസമയംവരെ കര്‍മനിരതനായി നിലകൊള്ളാന്‍ ഇസ്ലാമിക വിഷയങ്ങളില്‍ ആഴത്തില്‍ അറിവുനേടിയ ആ പണ്ഡിതശ്രേഷ്ഠനു ഭാഗ്യമുണ്ടായി. |